Saturday, December 25, 2010

കേന്ദ്രനയങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിനിറങ്ങുക

ന്യൂഡല്‍ഹി: ഉള്ളിയും തക്കാളിയും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ ദേശവ്യാപക പ്രക്ഷോഭത്തിന് സിപിഐ എം പൊളിറ്റ്ബ്യൂറോ ജനങ്ങളെ ആഹ്വാനംചെയ്തു. കേന്ദ്രനയത്തിന്റെ ഫലമായാണ് ഈ വിലക്കയറ്റമെന്നും ജീവിതഭാരം വര്‍ധിപ്പിക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്താന്‍ ശക്തമായ പ്രക്ഷോഭം ആവശ്യമാണെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തികനയം മറയാക്കിയാണ് പൂഴ്ത്തിവയ്പും കരിഞ്ചന്തയും വ്യാപകമായത്. വിലക്കയറ്റത്തിന്റെ ഫലമായി സാധാരണ ജനങ്ങളുടെ കീശ കൊള്ളയടിക്കുന്ന വന്‍കിടവ്യാപാരികളും പൂഴ്ത്തിവയ്പുകാരും വന്‍ ലാഭം കൊയ്യുകയാണ്. വിലക്കയറ്റം തടയുന്നതില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ പൂര്‍ണപരാജയമാണ്. ഉള്ളിവില നിയന്ത്രിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് വിവിധ മന്ത്രാലയങ്ങളില്‍നിന്നുണ്ടാകുന്നത്. സര്‍ക്കാര്‍ എജന്‍സികള്‍ ഉള്ളി ഇറക്കുമതിചെയ്യണമോ വേണ്ടയോ തുടങ്ങിയ തര്‍ക്കങ്ങള്‍ ഉദാഹരണം. ഈ ആശയക്കുഴപ്പം വന്‍കിട വ്യാപാരികളെയാണ് സഹായിക്കുക. ആദ്യം പഞ്ചസാരക്കയറ്റുമതിക്കാര്‍ക്കും പിന്നീട് ഇറക്കുമതിക്കാര്‍ക്കും സബ്സിഡി നല്‍കിയത് ഉള്ളിയുടെ കാര്യത്തിലും ആവര്‍ത്തിക്കുകയാണ്. ഉള്ളി കയറ്റുമതിചെയ്യുന്ന വന്‍കിട സ്വകാര്യക്കമ്പനികള്‍ക്ക് സെപ്തംബര്‍മുതല്‍ സബ്സിഡി നല്‍കി കയറ്റുമതി പ്രോത്സാഹിപ്പിച്ചതാണ് ഇപ്പോഴത്തെ ക്ഷാമത്തിനു കാരണം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉള്ളികയറ്റുമതി 26 ശതമാനം വര്‍ധിച്ചത് ഉള്ളിയുടെ ക്ഷാമത്തിനു കാരണമായി. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ബോധപൂര്‍വം സൃഷ്ടിച്ച ക്ഷാമമാണിത്. ഇപ്പോള്‍ ഇറക്കുമതിചെയ്യാനും ഇതേ സ്വകാര്യക്കമ്പനികള്‍ക്ക് ചുങ്കങ്ങള്‍ ഒഴിവാക്കി വീണ്ടും സബ്സിഡി നല്‍കുകയാണ് സര്‍ക്കാര്‍.

പെട്രോളിന്റെ വിലനിയന്ത്രണം ജൂണില്‍ ഒഴിവാക്കിയതോടെ വില അടിക്കടി വര്‍ധിച്ചതും അവശ്യസാധനങ്ങളുടെ വിലകൂടാന്‍ കാരണമായി. ഭക്ഷ്യപണപ്പെരുപ്പവും വര്‍ധിച്ചു. വര്‍ധിച്ച തോതിലുള്ള അവധി വ്യാപാരം വിലക്കയറ്റത്തിന് കാരണമായിട്ടും അതുനിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നീ അവശ്യവസ്തുകളുടെപോലും അവധി വ്യാപാരം നിര്‍ബാധം നടക്കുകയാണ്. നേരത്തെ നിരോധിച്ച പഞ്ചസാരയുടെ അവധി വ്യാപാരം പുനഃസ്ഥാപിക്കാനാണ് നീക്കം- പി ബി പറഞ്ഞു.

വില മുകളിലേക്ക് തന്നെ; തക്കാളിക്ക് 50


ന്യൂഡല്‍ഹി: പച്ചക്കറി വില രാജ്യമൊട്ടുക്ക് റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുന്നു. സവാളവിലയില്‍ വെള്ളിയാഴ്ച നേരിയ ഇടിവ് പ്രകടമായെങ്കിലും തക്കാളി, വെളുത്തുള്ളി വിലകള്‍ മുന്നോട്ടുതന്നെയാണ്. വെളുത്തുള്ളിവില കിലോയ്ക്ക് 320 രൂപ വരെയെത്തി. തക്കാളിവില ഡല്‍ഹിയില്‍ അമ്പത് രൂപയിലെത്തിയപ്പോള്‍ മുംബൈയില്‍ അറുപതാണ് വില. എണ്‍പത് രൂപ വരെയെത്തിയ സവാളവിലയില്‍ വെള്ളിയാഴ്ച 5-10 രൂപയുടെ ഇടിവ് വന്നു. ഉത്തരേന്ത്യയില്‍ പച്ചക്കറി വിലകള്‍ക്കൊപ്പം പാല്‍വിലയും കുതിക്കുകയാണ്. ഡല്‍ഹിയിലെ പ്രധാന പാല്‍വിതരണക്കമ്പനിയായ മദര്‍ഡെയ്‌റി പാല്‍വില ലിറ്ററിന് ഒരു രൂപ കൂട്ടി. പഴങ്ങളുടെ വിലയും കൂടി.

പച്ചക്കറിവില ഉയരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വെള്ളിയാഴ്ച കൃഷിമന്ത്രാലയത്തിന്റെ വിശദീകരണം തേടി. കൃഷിമന്ത്രി ശരദ്പവാറുമായി മന്‍മോഹന്‍സിങ് ചര്‍ച്ച നടത്തി. മഹാരാഷ്ട്രയ്ക്ക് പ്രത്യേക കാര്‍ഷികപാക്കേജ് ആവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള സര്‍വകക്ഷി സംഘം കണ്ടപ്പോഴാണ് സംഘത്തോടൊപ്പമുണ്ടായിരുന്ന പവാറുമായി പ്രധാനമന്ത്രി കാര്യങ്ങള്‍ ചര്‍ച്ചചെയ്തത്. മഹാരാഷ്ട്രയ്ക്ക് നാനൂറ് കോടിയുടെ സാമ്പത്തികസഹായം കേന്ദ്രം പ്രഖ്യാപിച്ചു.

പാകിസ്ഥാനില്‍നിന്ന് വെള്ളിയാഴ്ച സവാള കയറ്റിയ അമ്പതോളം ട്രക്ക് അതിര്‍ത്തി കടന്നെത്തി. ആയിരത്തിലേറെ ടണ്‍ പാകിസ്ഥാനില്‍നിന്ന് എത്തിയിട്ടും ഉത്തരേന്ത്യയില്‍ സവാളവിലയില്‍ വലിയ മാറ്റമില്ല. സ്വകാര്യവ്യക്തികള്‍ വഴിയുള്ള ഇറക്കുമതിയാണ് കാരണം. ക്വിന്റലിന് 300 രൂപ നിരക്കില്‍ പാകിസ്ഥാനില്‍നിന്ന് സവാള വാങ്ങുന്ന സ്വകാര്യഇറക്കുമതിക്കാര്‍ ആഭ്യന്തരവിപണിയില്‍ ഉയര്‍ന്ന വിലയ്ക്ക് ഇത് മറിച്ചുവിറ്റ് ലാഭം കൊയ്യുകയാണ്.

റബര്‍ ഇറക്കുമതിത്തീരുവ വെട്ടിക്കുറച്ചു


ന്യൂഡല്‍ഹി: സ്വാഭാവികറബറിന്റെ ഇറക്കുമതിത്തീരുവ 20 ശതമാനത്തില്‍നിന്ന് ഏഴരയായി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 40,000 ടവരെയുള്ള ഇറക്കുമതിക്കാണ് 2011 മാര്‍ച്ച് 31 വരെ തീരുവ ഏഴര ശതമാനമായി നിശ്ചയിച്ചത്. ടയര്‍കമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങി ഇറക്കുമതിത്തീരുവ കുറച്ചതിനുപിന്നാലെ ടയര്‍കമ്പനികളുടെ ഓഹരിവില വര്‍ധിച്ചു. വെള്ളിയാഴ്ച വിപണിയില്‍ ഇടിവുണ്ടായെങ്കിലും എംആര്‍എഫ്, അപ്പോളോ, സിയറ്റ് എന്നിവയുടെ ഓഹരിവില രണ്ടുമുതല്‍ നാല് ശതമാനംവരെ വര്‍ധിച്ചു. മാര്‍ച്ച് 31നുശേഷം വിലയുടെ 20 ശതമാനം അതല്ലെങ്കില്‍ കിലോയ്ക്ക് 20 രൂപ, ഏതാണോ കുറവ് അത് തീരുവയായി കണക്കാക്കും. ഇത് ടയര്‍കമ്പനികള്‍ക്ക് ദീര്‍ഘകാലനേട്ടമുണ്ടാക്കും. ഇപ്പോഴത്തെ നിരക്കില്‍ 20 ശതമാനം തീരുവ എന്നത് കിലോയ്ക്ക് ഏകദേശം 44 രൂപയുണ്ടാകും. നിലവില്‍ അന്താരാഷ്ട്രവില ആഭ്യന്തരവിലയേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ കുറഞ്ഞ തീരുവയില്‍ പെട്ടെന്ന് ഇറക്കുമതിയുണ്ടാകില്ല.
(എം പ്രശാന്ത്)

ദേശാഭിമാനി 251210

1 comment:

  1. പച്ചക്കറി വില രാജ്യമൊട്ടുക്ക് റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുന്നു. സവാളവിലയില്‍ വെള്ളിയാഴ്ച നേരിയ ഇടിവ് പ്രകടമായെങ്കിലും തക്കാളി, വെളുത്തുള്ളി വിലകള്‍ മുന്നോട്ടുതന്നെയാണ്. വെളുത്തുള്ളിവില കിലോയ്ക്ക് 320 രൂപ വരെയെത്തി. തക്കാളിവില ഡല്‍ഹിയില്‍ അമ്പത് രൂപയിലെത്തിയപ്പോള്‍ മുംബൈയില്‍ അറുപതാണ് വില. എണ്‍പത് രൂപ വരെയെത്തിയ സവാളവിലയില്‍ വെള്ളിയാഴ്ച 5-10 രൂപയുടെ ഇടിവ് വന്നു. ഉത്തരേന്ത്യയില്‍ പച്ചക്കറി വിലകള്‍ക്കൊപ്പം പാല്‍വിലയും കുതിക്കുകയാണ്. ഡല്‍ഹിയിലെ പ്രധാന പാല്‍വിതരണക്കമ്പനിയായ മദര്‍ഡെയ്‌റി പാല്‍വില ലിറ്ററിന് ഒരു രൂപ കൂട്ടി. പഴങ്ങളുടെ വിലയും കൂടി.

    ReplyDelete