Thursday, December 30, 2010

കര്‍ഷക ആത്മഹത്യ: കോണ്‍ഗ്രസിന്റെ നിസ്സംഗഭാവം

താങ്ങാനാവാത്ത കടബാധ്യതയും കഷ്ടപ്പാടും കാരണം ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതരായ കര്‍ഷകരുടെ എണ്ണം നാള്‍തോറും പെരുകിവരികയാണ്. 1995 മുതല്‍ 2010 വരെ ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം 256949 എന്നാണ് പി സായിനാഥ് വെളിപ്പെടുത്തുന്നത്. ആഗോളവല്‍ക്കരണനയം നടപ്പാക്കിയതിനുശേഷമുള്ള ഒന്നര പതിറ്റാണ്ടുകാലത്തെ കണക്കാണിതെന്നോര്‍ക്കണം. കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയില്‍ 2009ല്‍ 17368 കര്‍ഷകരാണ് ആത്മഹത്യചെയ്തത്.

കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയുടെ ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുന്ന കലാവതിയെപ്പറ്റി ഞങ്ങളുടെ ഡല്‍ഹി ലേഖകന്‍ പരമേശ്വരന്‍ രണ്ടുദിവസം മുമ്പ് കുറിപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ചത് വായനക്കാര്‍ ഓര്‍ക്കുമെന്ന് കരുതുന്നു. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ യവത്മല്‍ ജില്ലയിലെ കൊതോഡഗ്രാമത്തിലെ സഞ്ജയ് കലാസ്കര്‍ എന്ന ഇരുപത്തഞ്ചുകാരന്‍ ആത്മഹത്യചെയ്ത വിഷയമാണ് പ്രസ്തുതകുറിപ്പില്‍ പരാമര്‍ശിച്ചിരുന്നത്. കലാവതി ബന്തൂര്‍ക്കര്‍ എന്ന ഒരാളെപ്പറ്റി രാഹുല്‍ ലോക്സഭയില്‍ പറയുകയുണ്ടായി. കലാവതിയുടെ മരുമകനാണ് സഞ്ജയ്. കലാവതിയുടെ ചെറ്റക്കുടിലില്‍ വൈദ്യുതി എത്താത്തതില്‍ രാഹുല്‍ഗാന്ധി എന്തെന്നില്ലാത്ത വേദന അനുഭവിച്ചു. വൈദ്യുതി എത്താത്തതിന്റെ കാരണം വൈദ്യുതി ഉല്‍പ്പാദനത്തിലെ കമ്മിമൂലമാണെന്നും അത് പരിഹരിക്കാനാണ് ഇന്ത്യ-അമേരിക്ക ആണവകരാര്‍ ഒപ്പിട്ടതെന്നുമായിരുന്നു രാഹുല്‍ഗാന്ധിയുടെ വിശദീകരണം. കോണ്‍ഗ്രസുകാര്‍ കലാവതിയുടെ വീട്ടില്‍ പോയി നിരവധി വാഗ്ദാനങ്ങള്‍ നിരത്തി. എന്നാല്‍, കലാവതിയുടെ കഷ്ടപ്പാടിന് ഒരു പരിഹാരവും ഉണ്ടായില്ല. അവര്‍ക്ക് വാഗ്ദാനംചെയ്ത വീടും വൈദ്യുതിയും ലഭിച്ചില്ല. കലാവതിക്ക് മരുമകനെയും നഷ്ടപ്പെട്ടു. സഞ്ജയ് ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനായി.

ഇത് ഒരു കുടുംബത്തിന്റെമാത്രം അനുഭവമല്ല. വിദര്‍ഭയില്‍ മാസംതോറും 45 കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 4427 പേര്‍ ആത്മഹത്യചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ വക 3000 കോടി രൂപയുടെ പ്രത്യേക പാക്കേജും സംസ്ഥാന സര്‍ക്കാരിന്റെ വക 1000 കോടി രൂപയുടെ മറ്റൊരു സഹായവും പ്രഖ്യാപിച്ചു. എന്നിട്ടും കര്‍ഷകരുടെ കഷ്ടപ്പാടിന് പരിഹാരമുണ്ടായില്ല എന്നാണ് മനസിലാക്കേണ്ടത്. മഹാരാഷ്ട്ര, കര്‍ണാടകം, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ വലിയ അഞ്ച് സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ്, ബിജെപി ഭരണത്തിലാണെന്ന വസ്തുത മറന്നുകൂടാ. ഈ അഞ്ച് സംസ്ഥാനങ്ങളില്‍മാത്രം 2009ല്‍ 10765 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. അതായത് ഇന്ത്യയിലെ മൊത്തം കര്‍ഷക ആത്മഹത്യയില്‍ 62 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്.

ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച ഒമ്പത് ശതമാനമാണെന്ന് മേനി നടിക്കുന്നവര്‍ കര്‍ഷക ആത്മഹത്യക്ക് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. ഇത് കണ്ടില്ലെന്നു നടിച്ച് നിസ്സംഗതയോടെ ഭരണത്തില്‍ തുടരാന്‍ അനുവദിച്ചുകൂടാ. ഇന്ത്യയിലെ കര്‍ഷക ആത്മഹത്യയെക്കുറിച്ച് തുറന്ന ചര്‍ച്ച നടത്താന്‍ യുപിഎ സര്‍ക്കാര്‍ എന്തുകൊണ്ട് സമയം കണ്ടെത്തുന്നില്ല എന്ന പ്രസക്തമായ ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. ഇന്ത്യ ഒരു കാര്‍ഷികരാജ്യമാണ്. 70 ശതമാനം ജനങ്ങള്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് ഇന്ത്യയില്‍. എന്നിട്ടും എന്തുകൊണ്ടാണ് കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസ് ഭരണാധികാരികള്‍ വൈമനസ്യം കാണിക്കുന്നത്.

തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവും മുതലാളിത്തവ്യവസ്ഥയുടെ ഭാഗമാണ്. ഇതിന് ശാശ്വത പരിഹാരം കാണാന്‍ മുതലാളിത്ത സമ്പദ്വ്യവസ്ഥയെ നയിക്കുന്നവര്‍ക്ക് അശേഷം താല്‍പ്പര്യമില്ല. ചുരുങ്ങിയ കൂലിക്ക് ജോലിചെയ്യാന്‍ തൊഴിലാളികളെ ലഭിക്കണമെങ്കില്‍ തൊഴിലില്ലായ്മയും പട്ടിണിയും നിലനില്‍ക്കണമെന്നാണ് മുതലാളിത്തത്തിന്റെ തത്വശാസ്ത്രം. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും തൊഴില്‍, വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നത് അവരുടെ ലക്ഷ്യമല്ല. അതുകൊണ്ടുതന്നെയാണ് മാനവരാശിയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുതലാളിത്ത വ്യവസ്ഥയ്ക്ക് പ്രാപ്തിയില്ല എന്ന് പറയാന്‍ കാരണം. ബദല്‍ സോഷ്യലിസം മാത്രമാണ് താനും. ഇതിന്റെതന്നെ മറ്റൊരു വശമാണ് കേരളവും പശ്ചിമബംഗാളും. ഇടതുപക്ഷം ഭരിക്കുന്ന ഈ സംസ്ഥാനങ്ങളില്‍ ആഗോളവല്‍ക്കരണനയത്തിന് ബദലായ നയമാണ് നടപ്പിലാക്കുന്നത്. 1957ല്‍ കേരളത്തിലാണ് ഭൂപരിഷ്കരണ നടപടിക്ക് തുടക്കം കുറിച്ചത്. അതാണ് കേരളത്തിലെ ജാതിമത പിന്തിരിപ്പന്‍ ശക്തികളെയും കേന്ദ്ര കോണ്‍ഗ്രസ് ഭരണാധികാരികളെയും അലോസരപ്പെടുത്തിയത്. ഈ അറുപിന്തിരിപ്പന്‍ ചിന്താഗതിയുടെ സന്തതിയാണ് വിമോചനസമരമെന്ന് വിളിക്കുന്ന സമരാഭാസം. പശ്ചിമബംഗാളില്‍ പങ്കുപാട്ടക്കാര്‍ക്ക് സ്ഥിരാവകാശം നല്‍കി. ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് അത് ആശ്വാസം നല്‍കി. കേരളത്തിലാണെങ്കില്‍ 2006ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവമെന്റ് നെല്ലുല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചു. നെല്ലുല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് സബ്സിഡി അനുവദിച്ചു. വളം സൌജന്യമായി നല്‍കി. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നെല്ലിന് ഒരു കിലോയ്ക്ക് 12 രൂപ നല്‍കി. ഇപ്പോള്‍ ഒരു കിലോ നെല്ലിന് 14 രൂപ നല്‍കുമെന്ന് ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്രം നല്‍കുന്നത് 9 രൂപ മാത്രമാണ്. കര്‍ഷകര്‍ക്ക് 300 രൂപ പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചതും ഈ സര്‍ക്കാരാണ്. ഇതിനകം 22000 കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു. തരിശായിക്കിടക്കുന്ന ഭൂമി താല്‍ക്കാലികമായി ഏറ്റെടുത്ത് കുടുംബശ്രീ മുഖേനയോ മറ്റ് ഏജന്‍സികള്‍ മുഖേനയോ കൃഷിയോഗ്യമാക്കുന്നു. ആയിരക്കണക്കിന് ഏക്കര്‍ തരിശു ഭൂമിയില്‍ കൃഷി ഇറക്കി വിളവെടുത്തുകഴിഞ്ഞു. ജനപ്രതിനിധികള്‍വരെ പ്രതീകാത്മകമായിട്ടെങ്കിലും നെല്ലുല്‍പ്പാദനപ്രക്രിയയില്‍ പങ്കാളികളായി.

കാര്‍ഷിക മേഖലയില്‍ വരുത്തേണ്ടുന്ന അടിസ്ഥാനപരമായ പരിഷ്കാരം സമഗ്രമായ ഭൂപരിഷ്കരണമാണ്. ദേശീയ വിമോചനസമരകാലത്ത് ഗാന്ധിജി കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യമുയര്‍ത്തി. കറാച്ചി പ്രമേയം, ഫെയ്സ്പുരി പ്രമേയം എന്നിവയൊക്കെ കോണ്‍ഗ്രസിന്റെ 125-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലെങ്കിലും കോണ്‍ഗ്രസുകാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍, കര്‍ഷകര്‍ക്ക് ഭൂമി ലഭിക്കാന്‍ നിയമം പാസാക്കിയ കേരളത്തിലെ ഇ എം എസ് സര്‍ക്കാരിനെ ജനാധിപത്യ വിരുദ്ധമായി അട്ടിമറിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. അതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് കേരളത്തിലെ അനുഭവം. അതുകൊണ്ടുതന്നെ കേരളത്തിലെ കര്‍ഷകരുടെ പിന്തുണ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ലഭിക്കുമെന്നതില്‍ സംശയം വേണ്ട.

ദേശാഭിമാനി മുഖപ്രസംഗം 301210

1 comment:

  1. താങ്ങാനാവാത്ത കടബാധ്യതയും കഷ്ടപ്പാടും കാരണം ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതരായ കര്‍ഷകരുടെ എണ്ണം നാള്‍തോറും പെരുകിവരികയാണ്. 1995 മുതല്‍ 2010 വരെ ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം 256949 എന്നാണ് പി സായിനാഥ് വെളിപ്പെടുത്തുന്നത്. ആഗോളവല്‍ക്കരണനയം നടപ്പാക്കിയതിനുശേഷമുള്ള ഒന്നര പതിറ്റാണ്ടുകാലത്തെ കണക്കാണിതെന്നോര്‍ക്കണം. കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയില്‍ 2009ല്‍ 17368 കര്‍ഷകരാണ് ആത്മഹത്യചെയ്തത്.

    ReplyDelete