Sunday, June 26, 2011

മുന്‍ യുഡിഎഫ് ഭരണസമിതി ചട്ടം ലംഘിച്ച് 300 കോടി വായ്പ നല്‍കി

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സംസ്ഥാന സഹകരണ ബാങ്കില്‍നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ അനുവദിച്ചത് 300 കോടിയോളം രൂപയുടെ വായ്പ. രേഖകളില്‍ തിരിമറി നടത്തിഈടില്ലാതെ നല്‍കിയ വായ്പ തിരികെ പിടിക്കാന്‍ ശ്രമിച്ചതാണ് പിന്നീട് ബാങ്ക് പ്രസിഡന്റായ കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എയ്ക്കെതിരെ വിജിലന്‍സിന്റെ അന്വേഷണം നടത്താനുള്ള പ്രകോപനം. കെ ആര്‍ അരവിന്ദാക്ഷന്‍ പ്രസിഡന്റും എം കെ രാഘവന്‍ എംപി വൈസ് പ്രസിഡന്റുമായ യുഡിഎഫ് ഭരണസമിതിയാണ് ക്രമരഹിതമായി കോടികള്‍ വായ്പ നല്‍കി ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ ബാങ്ക് 22.07 കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടത്തിലായി.

2001ല്‍ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി നാല് ശതമാനമായിരുന്നത് 2006ല്‍ യുഡിഎഫ് ഭരണസമിതി അധികാരമൊഴിയുമ്പോള്‍ 26 ശതമാനമായി ഉയര്‍ന്നു. നിഷ്ക്രിയ ആസ്തി 585 കോടി രൂപയില്‍നിന്ന് 337 കോടി രൂപയാക്കി കുറയ്ക്കാന്‍ പിന്നീട് അധികാരമേറ്റ കോലിയക്കോട് പ്രസിഡന്റായ ഭരണസമിതിക്കായി. കണ്ണൂരിലെ അഗ്രീന്‍കോ എന്ന സ്വന്തം സ്ഥാപനത്തിനുവേണ്ടി എം കെ രാഘവന്‍ ഈടുപോലുമില്ലാതെ അഞ്ചു കോടി രൂപ വായ്പയെടുത്തു. ഇപ്പോഴിത് പലിശയടക്കം 11 കോടി രൂപ കുടിശ്ശികയാണ്. അഗ്രീന്‍കോയ്ക്കെതിരെ വിജിലന്‍സ്, ആര്‍ബിട്രേഷന്‍ നടപടി തുടരുന്നു. സ്വകാര്യസ്ഥാപനങ്ങള്‍ക്ക് നല്‍കിയ പതിനാറോളം വ്യക്തിഗത വായ്പ പരിശോധിച്ച നബാര്‍ഡ് സര്‍ക്കാരിനോട് നടപടി ആവശ്യപ്പെട്ടു. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് കൃഷിഭൂമി വാങ്ങുന്നതിനായുള്ള പുനര്‍വായ്പാപദ്ധതി സംബന്ധിച്ചും പരാതി ഉയര്‍ന്നു. മുന്‍ ഭരണസമിതി അംഗങ്ങളായ ശൂരനാട് രാജശേഖരന്‍ , എ ഷംസുദ്ദീന്‍ എന്നിവര്‍ ബന്ധുക്കള്‍ക്കും മറ്റുമായി 3.50 കോടി രൂപയുടെ വായ്പ തരപ്പെടുത്തിയെന്ന പരാതി ഉയര്‍ന്നു. ക്രമക്കേടുമൂലം പദ്ധതി നബാര്‍ഡ് നിര്‍ത്തി.

ഇത്തരം വായ്പാക്രമക്കേടുകളില്‍ കോലിയക്കോടിന്റെ നേതൃതത്തിലുള്ള ഭരണസമിതി കര്‍ശന നടപടി സ്വീകരിച്ചു. യുഡിഎഫ് കാലത്ത് സ്കൈബ്ലൂ എന്റര്‍പ്രൈസസ് എന്ന സ്ഥാപനം രൂപീകരിച്ച് നേഴ്സിങ് വിദ്യാഭ്യാസ വായ്പ തട്ടിയ സെബാസ്റ്റ്യന്‍ പി ജോണ്‍ എന്നയാള്‍ ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലാണ്. സ്കൈബ്ലൂ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് ഉമ്മന്‍ചാണ്ടിയാണ്. ഈ സ്ഥാപനം ഇപ്പോള്‍ ബാങ്കിന് 80 കോടി രൂപ നല്‍കാനുണ്ട്. വയനാട്ടില്‍ 110 ഏക്കര്‍ ഭൂമി ഉണ്ടെന്ന വ്യാജരേഖ കാണിച്ച് ഒമ്പതു കോടി രൂപ വായ്പ എടുത്തയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ഈ കേസിലും വിജിലന്‍സ് അന്വേഷണം നടക്കുന്നു. രണ്ട് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് വായ്പ അനുവദിക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ടാണ് കോലിയക്കോടിനും മറ്റുമെതിരെ വിജിലന്‍സ് കേസെടുത്തത്. റിസര്‍വ് ബാങ്ക് മാനദണ്ഡപ്രകാരം നിബന്ധനകള്‍ക്കു വിധേയമായി വായ്പ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ , പിന്നീട് ഉയര്‍ന്ന ആക്ഷേപത്തെതുടര്‍ന്ന് വായ്പ നല്‍കുന്നത് നിര്‍ത്തി. ഇക്കാര്യത്തില്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കോലിയക്കോട് കൃഷ്ണന്‍നായര്‍ പറഞ്ഞു.
(സുമേഷ് കെ ബാലന്‍)

deshabhimani 260611

1 comment:

  1. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സംസ്ഥാന സഹകരണ ബാങ്കില്‍നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ അനുവദിച്ചത് 300 കോടിയോളം രൂപയുടെ വായ്പ. രേഖകളില്‍ തിരിമറി നടത്തിഈടില്ലാതെ നല്‍കിയ വായ്പ തിരികെ പിടിക്കാന്‍ ശ്രമിച്ചതാണ് പിന്നീട് ബാങ്ക് പ്രസിഡന്റായ കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എയ്ക്കെതിരെ വിജിലന്‍സിന്റെ അന്വേഷണം നടത്താനുള്ള പ്രകോപനം. കെ ആര്‍ അരവിന്ദാക്ഷന്‍ പ്രസിഡന്റും എം കെ രാഘവന്‍ എംപി വൈസ് പ്രസിഡന്റുമായ യുഡിഎഫ് ഭരണസമിതിയാണ് ക്രമരഹിതമായി കോടികള്‍ വായ്പ നല്‍കി ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ ബാങ്ക് 22.07 കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടത്തിലായി.

    ReplyDelete