Thursday, June 30, 2011

വയനാട്ടിലെ കോളറ മരണം എത്രയെന്ന് മന്ത്രിക്ക് അറിയില്ല

വയനാട്ടില്‍ ഒരു കോളറ മരണം കൂടി

വയനാട്: വയനാട് ജില്ലയില്‍ വീണ്ടും കോളറ മരണം. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പുല്‍പ്പള്ളി കരിമം കോളനിയിലെ വെള്ളന്‍(70)ആണ് മരിച്ചത്. ഇതേ കോളനിയിലെ കോമി ഗുരുതരാവസ്ഥയിലാണ്. എഴുപതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്്.

വയനാട്ടിലെ കോളറ മരണം എത്രയെന്ന് മന്ത്രിക്ക് അറിയില്ല

വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ച കോളറ തടയാന്‍ സര്‍ക്കാര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. കോളറ ബാധിച്ച് വയനാട്ടില്‍ എത്രപേര്‍ മരിച്ചുവെന്ന കൃത്യമായ കണക്കുപോലും പറയാനാകാതെ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ ഉരുണ്ടുകളിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വയനാട്ടിലെ യുഡിഎഫ് എംഎല്‍എമാരും മന്ത്രിയെ ന്യായീകരിക്കാന്‍ രംഗത്തിറങ്ങിയത് സഭയില്‍ ബഹളത്തിനിടയാക്കി.

ആദിവാസികള്‍ക്കിടയില്‍ കോളറ പടര്‍ന്നുപിടിക്കുന്ന അതീവഗൗരവമായ സാഹചര്യം അവതരിപ്പിച്ച് എ പ്രദീപ്കുമാറാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. കോളറ ബാധിച്ച് അഞ്ച് ആദിവാസികള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിക്കുകയും 56 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടും സര്‍ക്കാര്‍ സംവിധാനം അനങ്ങിയിട്ടില്ലെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രി പി കെ ശ്രീമതി ജില്ലതോറും സന്ദര്‍ശിച്ച് ഓരോ വര്‍ഷവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. വാര്‍ഡുകള്‍ തോറും 10,000 രൂപ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിരുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം അത് നല്‍കിയില്ല. ആശുപത്രികള്‍ക്ക് അനുവദിച്ച തുകയും ഇല്ലാതാക്കി. ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും അഭാവം വയനാട്ടില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കിയെന്നും പ്രദീപ്കുമാര്‍ പറഞ്ഞു.

എന്നാല്‍ , വയനാട്ടിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് അവകാശപ്പെട്ടു. നാലുപേര്‍ മരിച്ചു. അവരുടെ കുടുംബങ്ങള്‍ക്ക് 30,000 രൂപ നല്‍കിയിട്ടുണ്ട്. നാലല്ല അഞ്ചുപേര്‍ മരിച്ചല്ലോ എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ അതെ. അഞ്ചുപേര്‍ എന്നായി മന്ത്രി. അതല്ല, ആറു പേര്‍ മരിച്ചുവെന്ന് പ്രതിപക്ഷം വീണ്ടും തിരുത്തിയപ്പോള്‍ അങ്ങനെയെങ്കില്‍ ആറെന്ന് മന്ത്രിയും. മന്ത്രിയുടെ മറുപടി കഴിഞ്ഞ ഉടനെ വയനാട്ടുകാരായ രണ്ട് എംഎല്‍എമാര്‍ക്കും സംസാരിക്കാന്‍ സ്പീക്കര്‍ അവസരം നല്‍കിയത് സഭയില്‍ ഒച്ചപ്പാടിനിടയാക്കി. മന്ത്രിയുടെ മറുപടിയില്‍ അവരും തൃപ്തരായിരുന്നില്ല. എങ്കിലും മന്ത്രിയെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. പിന്നീട് മുഖ്യമന്ത്രിതന്നെ നേരിട്ട് മറുപടിയുമായി രംഗത്തെത്തി. പ്രതിപക്ഷം ഉന്നയിച്ചത് വളരെ ഗൗരവമുള്ള വിഷയമാണെന്നും ആ ഗൗരവം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.

വയനാട്ടിലെ പ്രശ്നത്തെ സര്‍ക്കാര്‍ വളരെ ലാഘവബുദ്ധിയോടെ കാണുന്നുവെന്നതിന്റെ തെളിവാണ് ആരോഗ്യമന്ത്രി ഇതുവരെ സ്ഥലം സന്ദര്‍ശിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വയനാട്ടുകാരിയായ മന്ത്രി അവിടെ യോഗം വിളിച്ചെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ പങ്കെടുത്തില്ല. മരിച്ചവരുടെ കുടുംബങ്ങളെ അവഹേളിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ടു. പ്രതിപക്ഷത്തിന്റെ വിമര്‍ശങ്ങള്‍കൂടി ഉള്‍ക്കൊണ്ട് നടപടി എടുത്തു. എന്നാല്‍ , ഈ സര്‍ക്കാര്‍ തികച്ചും നിഷേധ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇറങ്ങിപ്പോകുന്നതിനു മുമ്പ് വി എസ് പറഞ്ഞു.

കോളറ: സര്‍ക്കാര്‍സംവിധാനം പാളി

കല്‍പ്പറ്റ: നിര്‍മാര്‍ജനം ചെയ്തുവെന്ന് കരുതിയ കോളറയെന്ന വിപത്ത് വയനാട്ടില്‍ വീണ്ടും എത്തിയപ്പോള്‍ സര്‍ക്കാറിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍ . ദുരിതം വിളയുന്ന കോളനികളില്‍ ശുചീകരണപ്രവര്‍ത്തനം ഇല്ലാതായതും ശുദ്ധജലം ലഭിക്കാതിരുന്നതും ദുരന്തത്തിന്റെ ആഴം കൂട്ടി. എല്ലാം നിയന്ത്രണാധീനം എന്ന് സര്‍ക്കാര്‍ പറയുമ്പോഴും കോളനികളില്‍ ദയനീയ സാഹചര്യം തുടരുകയാണ്. മൂന്ന് കോളനിയിലാണ് കോളറ പടരുന്നതെങ്കിലും ഇതര കോളനികളിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. അഞ്ചുപേരാണ് ഒരാഴ്ചയ്ക്കകം വയനാട്ടില്‍ മരിച്ചത്. 56 പേര്‍ ആശുപത്രിയിലാണ്. കര്‍ണാടകയില്‍ ഇഞ്ചിപ്പണിക്കുപോയി തിരിച്ചെത്തിയവരാണ് രോഗം വയനാട്ടിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കോളനികളിലെ ശുചിത്വമില്ലായ്മയും കുടിവെള്ളപ്രശ്നവും രോഗം പടരാന്‍ ഇടയാക്കി. മഴക്കാല പൂര്‍വ ശുചീകരണത്തില്‍ പഞ്ചായത്തുകള്‍ കാട്ടിയ അലംഭാവവും കാരണമായി. ജില്ലാപഞ്ചായത്തും ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ല.

459 വാര്‍ഡുകളുള്ള വയനാട് ജില്ലയില്‍ ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റിക്കള്‍ക്കായി 24.03 കോടി രുപയാണ് ദേശീയ ഗ്രാമീണാരോഗ്യ മിഷന്‍ ചെലവഴിച്ചത്. എന്നിട്ടും പകര്‍ച്ചവ്യാധി തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയിലെ നാല് ആശുപത്രകിളില്‍ സ്പെഷ്യാലിറ്റി അഡ്മിനിസ്ട്രേഷന്‍ കേഡര്‍ സംവിധാനം നടപ്പാക്കിയിരുന്നുവെങ്കിലും അതും ഇപ്പോള്‍ അവതാളത്തിലാണ്. നിര്‍ബന്ധിത ഗ്രാമീണ സേവനത്തിന് മുപ്പത്തഞ്ചോളം ഡോക്ടര്‍മാര്‍ എത്തിയെങ്കിലും ഉപരിപഠനമെന്ന പേരില്‍ അവര്‍ സ്ഥലംവിട്ടു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് എല്ലാ കോളനികളിലും നടപ്പാക്കുന്ന ഉറവിട നശീകരണ പദ്ധതികളും പാളി. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 31 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുടെ തസ്തികയില്‍ ജൂണ്‍ അഞ്ചിനുശേഷം ആളില്ല.

പുല്‍പ്പള്ളി കരുമം പണിയ കോളനി ടൗണിലെ മാലിന്യം അടിഞ്ഞുകൂടുന്ന ഇടമാണ്. പുല്‍പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തിനു പിറകിലെ ഈ പണിയകോളനിയിലാണ് മഴക്കാലത്ത് മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത്. കോളനിയുടെ തൊട്ടടുത്ത് കബനി കുടിവെള്ള പദ്ധതിയുടെ ടാപ്പ് ഉണ്ടെങ്കിലും കോളനിക്കാര്‍ക്ക് വെള്ളം ലഭിക്കുന്നില്ല. മാലിന്യം വന്നടിയുന്ന കിണറ്റിലെ വെള്ളമാണ് ഏക ആശ്രയം. പഞ്ചായത്ത്, ട്രൈബല്‍ , ആരോഗ്യവകുപ്പ് അധികൃതര്‍ ഈ മഴക്കാലത്ത് ഇവിടുത്തെ സൗകര്യങ്ങള്‍ നോക്കാന്‍ എത്തിയില്ല എന്നാണ് ആക്ഷേപം. വൃത്തിഹീനമായ കോളനികളുടെ ദുരവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടാതെ കോളറ നിയന്ത്രണാധീനമാകില്ല എന്നാണ്് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ബുധനാഴ്ച ജില്ലയിലെത്തിയ മെഡിക്കല്‍ സംഘവും ഇക്കാര്യം തന്നെയാണ് പറഞ്ഞത്. മന്ത്രി പി കെ ജയലക്ഷ്മി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കലക്ടര്‍ പങ്കെടുക്കാതിരുന്നതാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ കലക്ടര്‍ വി രതീശന്‍ 13 മുതല്‍ അവധിക്ക് അപേക്ഷിച്ചിരുന്നു. അവധിയപേക്ഷ അനുവദിച്ചത് മുഖ്യമന്ത്രിയാണ്. 23 മുതലാണ് അദ്ദേഹം അവധിയെടുത്തത്.
(ഒ വി സുരേഷ്)

deshabhimani 300611

2 comments:

  1. വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ച കോളറ തടയാന്‍ സര്‍ക്കാര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. കോളറ ബാധിച്ച് വയനാട്ടില്‍ എത്രപേര്‍ മരിച്ചുവെന്ന കൃത്യമായ കണക്കുപോലും പറയാനാകാതെ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ ഉരുണ്ടുകളിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വയനാട്ടിലെ യുഡിഎഫ് എംഎല്‍എമാരും മന്ത്രിയെ ന്യായീകരിക്കാന്‍ രംഗത്തിറങ്ങിയത് സഭയില്‍ ബഹളത്തിനിടയാക്കി.

    ReplyDelete
  2. കോളറ പടര്‍ന്നു പിടിച്ച വയനാട്ടിലെ ആദിവാസി കോളനികളിലെ സ്ഥിതി മോശമെന്ന് സ്ഥം സന്ദര്‍ശിച്ച വിദഗ്ധസംഘം. കോളറയ്ക്കു പിന്നാലെ മഞ്ഞപ്പിത്തവും ടൈഫോയ്ഡും ഉള്‍പ്പെടെയുള്ളവ വരാതിരിക്കാന്‍ കനത്ത ജാഗ്രതയും വേണം. കുടകിലേക്കും മറ്റും ഇഞ്ചികൃഷിക്കായി പോയ തൊഴിലാളികള്‍ വഴിയാണ് കോളറ വയനാട്ടിലെത്തിയതെന്നാണ് സംഘത്തിന്റെ നിഗമനം. കൃഷിയിടങ്ങളിലെ വൃത്തിഹീനമായ ജീവിതപരിസരം വഴിയാകാം രോഗബാധയുണ്ടായത്. നാട്ടില്‍ തിരിച്ചെത്തിയ രോഗികളില്‍ നിന്ന് മറ്റുള്ളവരിലേക്കും രോഗം പടര്‍ന്നു. കര്‍ണാടകയുടെയും തമിഴ്നാടിന്റെയും വിവിധഭാഗങ്ങളില്‍ പണിക്കുപോയി വരുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തണം. കോളനികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതി ആവിഷ്കരിക്കണം. രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ആവശ്യമായ സംവിധാനം സര്‍ക്കാര്‍തന്നെ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ക്ക് പണം തിരിച്ചുനല്‍കാനും സൗകര്യം ഏര്‍പ്പെടുത്തണം. സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ് ഡോ. കെ സുകുമാരന്‍ , ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ രാഘവന്‍ എന്നിവരാണ് കോളനികള്‍ സന്ദര്‍ശിച്ചത്. സംഘം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രോഗ്രാം ഓഫീസര്‍മാരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പുല്‍പ്പള്ളി കരിമംകോളനി, ബത്തേരി മാനിക്കുനി കോളനി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളെയും സന്ദര്‍ശിച്ചു.

    ReplyDelete