Saturday, June 25, 2011

പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം ലേലത്തിന്

മധുര:

"പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം 20ലക്ഷം രൂപയ്ക്ക് ലേലംകൊണ്ടിരിക്കുന്നു. ആര്‍ക്കെങ്കിലും കൂടുതല്‍ തുകയ്ക്ക് വിളിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മുന്നോട്ടുവരാം. ആരുമില്ലെന്നു കരുതുന്നു... ഒരുതരം..., രണ്ടുതരം..., മൂന്നുതരം... ലേലം ഉറപ്പിച്ചിരിക്കുന്നു."

ഇത് തമിഴ്സിനിമയിലെ രംഗമല്ല. തമിഴ്നാട്ടിലെ മധുര ജില്ലയിലെ ഉശിലംപട്ടി താലൂക്ക് അയ്യനാര്‍കുളം പഞ്ചായത്തില്‍ നടക്കുന്ന സംഭവം. വൈസ് പ്രസിഡന്റാകാന്‍ പത്തുലക്ഷവും പഞ്ചായത്തംഗങ്ങളാകാന്‍ അഞ്ചുലക്ഷവുമാണ് റേറ്റ്. തുക നല്‍കുന്നത് ഗ്രാമത്തലവന്മാരുടെ നേതൃത്വത്തിലുള്ള ക്ഷേത്രക്കമ്മിറ്റി ഫണ്ടിലേക്ക്. സെപ്തംബര്‍ , ഒക്ടോബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുമുന്നോടിയായാണ് പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, പഞ്ചായത്തംഗങ്ങളുടെ സ്ഥാനങ്ങള്‍ ലേലം നടത്തുന്നത്. ലേലം സിപിഐ എം ഇടപെട്ട് തടഞ്ഞതോടെയാണിത് പുറംലോകമറിഞ്ഞത്. സിപിഐ എം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 22ന് മധുര കലക്ടര്‍ സ്ഥലത്തെത്തിലേലം തടയുകയായിരുന്നു.

ഉശിലംപട്ടി താലൂക്കിലെ കുഗ്രാമമാണ് അയ്യനാര്‍കുളം. വികസനം എത്തിനോക്കാത്ത നിരവധി തമിഴ്ഗ്രാമങ്ങളില്‍ ഒന്ന്. സവര്‍ണ-ദളിത് വിവേചനം രൂക്ഷമാണിവിടെ. 600 കുടുംബങ്ങളിലായി 3,000ത്തില്‍ കുറഞ്ഞ ജനസംഖ്യ മാത്രം. 2001 മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് പദവിയടക്കമുള്ള സ്ഥാനങ്ങള്‍ സവര്‍ണ പ്രമാണിമാര്‍ ലേലംചെയ്ത് വില്‍ക്കുകയാണ് പതിവ്. ക്ഷേത്രത്തോടനുബന്ധിച്ചുള്ള ആല്‍മരത്തണലിലിരുന്നാണ് തേവര്‍(കള്ളര്‍)വിഭാഗം ലേലം നടത്തുന്നത്. ഇവിടെ ദളിതുകള്‍ക്ക് സംസാരിക്കാന്‍ അവകാശമില്ല. പഞ്ചായത്ത് പ്രസിഡന്റാകാന്‍ ആഗ്രഹമുള്ളവരും ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളും പഞ്ചായത്തിലെത്തില്‍(കട്ടപ്പഞ്ചായത്ത്) നടക്കുന്ന ലേലത്തിനെത്തും. ലേലം കൊണ്ടവര്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. മറ്റാര്‍ക്കും പിന്നെ അവകാശമുണ്ടാകില്ല. മത്സരിച്ചാല്‍ കൊല്ലപ്പെടും.

2001ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്സ്ഥാനം ലേലത്തിലെടുത്തത് കന്തതേവര്‍ബോസ് എന്നയാളായിരുന്നു. 4,40,000 രൂപയ്ക്കായിരുന്നു ലേലം ഉറപ്പിച്ചത്. 2006ല്‍ ഇയാള്‍ പത്തു ലക്ഷം രൂപക്കാണ് ഉറപ്പിച്ചത്. എന്നാല്‍ , സിപിഐ എം ഇടപെടലിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടന്നെങ്കിലും 280 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇയാള്‍ത്തന്നെ വിജയിച്ചു. സിപിഐ എം സ്ഥാനാര്‍ഥിയായിരുന്ന കെ ഭാഗ്യമായിരുന്നു എതിര്‍സ്ഥാനാര്‍ഥി. ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി 20 ലക്ഷമാണ് മാറ്റിവെച്ചത്. കഴിഞ്ഞ തവണ കൊട്ടികുളം, കൊട്ടില്‍പട്ടി ഗ്രാമപഞ്ചായത്തുകളിലും ലേലം നടന്നു. കൊട്ടില്‍കുളത്ത് സിപിഐ എം ഇടപെട്ടതിനാല്‍ തെരഞ്ഞെടുപ്പ് നടന്നു. എന്നാല്‍ , ലേലംകൊണ്ട ആള്‍തന്നെയാണ് വിജയിച്ചത്.
(ഇ എന്‍ അജയകുമാര്‍)

ദേശാഭിമാനി 250611

2 comments:

  1. "പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം 20ലക്ഷം രൂപയ്ക്ക് ലേലംകൊണ്ടിരിക്കുന്നു. ആര്‍ക്കെങ്കിലും കൂടുതല്‍ തുകയ്ക്ക് വിളിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മുന്നോട്ടുവരാം. ആരുമില്ലെന്നു കരുതുന്നു... ഒരുതരം..., രണ്ടുതരം..., മൂന്നുതരം... ലേലം ഉറപ്പിച്ചിരിക്കുന്നു."

    ReplyDelete
  2. a shame for indian democracy,dravidian tradition
    and Iam doubtful about silence of the leaders of different political parties

    ReplyDelete