Tuesday, June 28, 2011

"ഗദ്ദാമമാര്‍" പറയുന്നത്...

എന്നും അതിരാവിലെ വീട്ടുജോലിക്കിറങ്ങിത്തിരിക്കുന്ന ഫറോക്കിലെ ശ്യാമളക്ക് അറുപതാം വയസ്സിലും ജീവിതപ്രാരബ്ധം തീരുന്നില്ല. രാത്രിയേറെ വൈകും വീടെത്തുമ്പോള്‍ . സ്വന്തം വീട്ടിലെ പണിയും കഴിഞ്ഞ് പാതിരാത്രിയാകും നടുചായ്ക്കാന്‍ .20 വര്‍ഷത്തിലേറെയായി ശ്യാമളയുടെ പതിവിതാണ്. ഇനി എത്രനാള്‍ ജോലിക്ക് പോകാന്‍ കഴിയുമെന്ന് ഉറപ്പില്ല. ആരോഗ്യം ക്ഷയിച്ചു...

നൂറുകണക്കിന് വീട്ടുജോലിക്കാരുടെ ദുരവസ്ഥയാണ് ശ്യാമളയും പങ്കുവയ്ക്കുന്നത്. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ 15000 ലേറെ വീട്ടുജോലിക്കാരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഫ്ളാറ്റുകള്‍ , വന്‍കിട വീടുകള്‍ , ഉയര്‍ന്ന സര്‍ക്കാര്‍ ജീവനക്കാരുടെ വീടുകള്‍ എന്നിവിടങ്ങളിലാണ് ഇത്രയും പേര്‍ ജോലി ചെയ്യുന്നത്. വിധവകള്‍ , കിടപ്പിലായവരുടെ ഭാര്യമാര്‍ , അവിവാഹിതകള്‍ എന്നിവരാണ് വീട്ടുജോലിക്കാരില്‍ ഏറെയും. അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികളും വീട്ടുജോലിയെടുക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. സംഘടിതരല്ലെന്ന കാരണത്താല്‍ എപ്പോള്‍ വേണമെങ്കിലും ഇവരെ ഒഴിവാക്കാം. കൂലിയായി ലഭിക്കുന്നത് തുച്ഛമായ തുക. മാസശമ്പളമാണെങ്കില്‍ 1500-2000 രൂപ. ദിവസ വേതനമാണെങ്കില്‍ 50-90 രൂപ വരെ. പണിയെടുത്താലേ കൂലി ഉള്ളൂ. പണിക്കിടയില്‍ അപകടം സംഭവിച്ചാല്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. 30-40 വയസ് പിന്നിട്ടവരാണ് ഈ മേഖലയില്‍ എത്തുന്നത്. വീട്ടുജോലിക്കാരായ പുരുഷന്‍മാരും ശമ്പളത്തില്‍ പിന്നോക്കക്കാരാണ്.

കഴിഞ്ഞ 13 വര്‍ഷമായി കുണ്ടുങ്ങല്‍ സ്വദേശി വത്സലയുടെ വരുമാനമാര്‍ഗം വീട്ടുജോലിയാണ്. ടൈല്‍സ് കോണ്‍ട്രാക്ടറായ ഭര്‍ത്താവ് പ്രമേഹം ബാധിച്ച് മരിച്ചതോടെയാണ് വത്സല കുട്ടികളെ വളര്‍ത്താന്‍ തൊഴിലെടുക്കുന്നതിന് നിര്‍ബന്ധിതയായത്. രണ്ടു ആണ്‍മക്കളും ഇപ്പോള്‍ കൂലിപ്പണി ചെയ്യുകയാണ്. ജീവിത നിലവാരത്തിന് കാര്യമായ മാറ്റമുണ്ടായില്ല. ദിവസവേതനമായി 80 രൂപ ലഭിക്കും. 10 രൂപ ബസ് കൂലിയായും നല്‍കും. ഇതല്ലാതെ വേറൊരു പണി കണ്ടെത്താന്‍ ഈ പ്രായത്തില്‍ കഴിയില്ലല്ലോ..ഇതു തന്നെയാണ് മറ്റുള്ളവര്‍ക്കും പറയാനുള്ളത്. വീട്ടുകാരുടെ അതിക്രമത്തിന് ഇരയാകുന്നവരും കുറവല്ല. പലപ്പോഴും അന്യജില്ലക്കാരാണ് അതിക്രമത്തിന് ഇരയാകുന്നവരെന്ന് വീട്ടുജോലിക്കാരുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ ശ്രമിച്ച വെസ്റ്റ്ഹില്ലിലെ അരവിന്ദാക്ഷന്‍ പറഞ്ഞു. അച്ഛനുമമ്മയും നഷ്ടപ്പെട്ടവരും ആദിവാസികളും ലൈംഗിക ചൂഷണത്തിന് വിധേയരാവുന്ന സംഭവങ്ങളുണ്ട്. വീട്ടില്‍ താമസിച്ച് ജോലിചെയ്യുന്നവര്‍ക്കാണ് ഇത്തരം അനുഭവങ്ങളുണ്ടാകുന്നത്. ഇങ്ങനെയുള്ളവരുടെ ശമ്പളം ബന്ധുക്കളായിരിക്കും വന്ന് വാങ്ങുന്നത്-അരവിന്ദാക്ഷന്‍ പറഞ്ഞു.

വീട്ടുവേലക്കാരോടുള്ള അരവിന്ദാക്ഷന്റെ ആഭിമുഖ്യത്തിന് ഒരു കാരണം കൂടിയുണ്ട്. ഇദ്ദേഹത്തിന്റെ അമ്മ വീട്ടുജോലിക്ക് പോയാണ് അരവിന്ദാക്ഷനെ വളര്‍ത്തിയത്. കോളേജ് പഠനം വരെ അമ്മ വീട്ടുജോലിക്ക് പോയി ലഭിച്ച പണം ഉപയോഗിച്ചാണ് പഠിച്ചത്. കുടുംബത്തിന്റെ ജീവിതം ഒരുവിധത്തില്‍ അമ്മ മുന്നോട്ടുകൊണ്ടുപോയതും വീട്ടുജോലിക്കുപോയാണ്. വീട്ടുജോലിക്കുപോയി കിട്ടുന്ന കാശുകൊണ്ട് പഠിക്കുന്നവരും ജില്ലയില്‍ ധാരാളമുണ്ട്. ഗള്‍ഫില്‍ വീട്ടുജോലിക്ക് പോകുന്നവരുടെ സ്ഥിതി കഷ്ടമാണെന്ന് അരവിന്ദാക്ഷന്‍ പറയുന്നു. ജീവിത പ്രതീക്ഷയോടെ ഗള്‍ഫിലെത്തുന്ന എത്രയോ മലയാളി വീട്ടുജോലിക്കാരുടെ കഥയാണ് കമലിന്റെ "ഗദ്ദാമ" എന്ന സിനിമ പറഞ്ഞത്. മലയാളിയുടെ തന്നെ ഗള്‍ഫിലെ വീട്ടില്‍ വേലയ്ക്കുനിന്ന ഇരിങ്ങല്ലൂരുകാരി ബേബിക്ക് അനുഭവിക്കേണ്ടിവന്ന ദുരിതവും നമുക്ക് മറക്കാറായിട്ടില്ല.

നിരന്തമായ ആവശ്യത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വീട്ടുജോലിക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് പദ്ധതി നടപ്പാക്കാമെന്നാണ് പറയുന്നത്. ക്ഷേമനിധിയും ഏര്‍പ്പെടുത്തണമെന്നാണ് വീട്ടുജോലിക്കാരുടെ ആവശ്യം. 60 വയസുകഴിയുമ്പോള്‍ പെന്‍ഷന്‍ ലഭിക്കുന്ന സ്ഥിതിയുണ്ടായാല്‍ ഇവരുടെ ആശ്വാസം ഇരട്ടിക്കും. മലയാളിക്ക് വായിച്ചു രസിക്കാന്‍ സാഹിത്യത്തില്‍ ഒരുപാട് വീട്ടുജോലിക്കാരുടെ കഥയുണ്ട്. എന്നാല്‍ യഥാര്‍ഥ ജീവിതം ഇവര്‍ക്ക് അത്ര സുഖമുള്ള കാര്യമല്ല.

എ സുനീഷ് deshabhimani 

ഐ.എല്‍.ഒ തീരുമാനം ഇവിടെ

1 comment:

  1. എന്നും അതിരാവിലെ വീട്ടുജോലിക്കിറങ്ങിത്തിരിക്കുന്ന ഫറോക്കിലെ ശ്യാമളക്ക് അറുപതാം വയസ്സിലും ജീവിതപ്രാരബ്ധം തീരുന്നില്ല. രാത്രിയേറെ വൈകും വീടെത്തുമ്പോള്‍ . സ്വന്തം വീട്ടിലെ പണിയും കഴിഞ്ഞ് പാതിരാത്രിയാകും നടുചായ്ക്കാന്‍ .20 വര്‍ഷത്തിലേറെയായി ശ്യാമളയുടെ പതിവിതാണ്. ഇനി എത്രനാള്‍ ജോലിക്ക് പോകാന്‍ കഴിയുമെന്ന് ഉറപ്പില്ല. ആരോഗ്യം ക്ഷയിച്ചു...

    ReplyDelete