Saturday, June 25, 2011

പാചകവാതകം 50, ഡീസല്‍ 3, മണ്ണെണ്ണ 2 രൂപ കൂട്ടി

ഡീസല്‍ , പാചകവാതക, മണ്ണെണ്ണ വില കേന്ദ്രസര്‍ക്കാര്‍ വീണ്ടും കുത്തനെ കൂട്ടി. ഡീസലിന് ലിറ്ററിന് മൂന്നു രൂപയും പാചകവാതകം സിലിണ്ടറിന് 50 രൂപയും മണ്ണെണ്ണ ലിറ്ററിന് രണ്ടു രൂപയും വര്‍ധിപ്പിച്ചു. വിലവര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ നിലവില്‍വന്നു. ക്രൂഡോയിലിന്റെയും പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെയും അഞ്ച് ശതമാനം കസ്റ്റംസ് തീരുവ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഡീസലിന്റെ എക്സൈസ് തീരുവ ലിറ്ററിന് 4.60 ആയിരുന്നത് രണ്ടു രൂപയായി കുറയ്ക്കാനും തീരുമാനമുണ്ട്. സംസ്ഥാനങ്ങള്‍ ആനുപാതികമായി നികുതി കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് പെട്രോളിയംമന്ത്രി ജയ്പാല്‍ റെഡ്ഡി പറഞ്ഞു.

അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍വില ഗണ്യമായി കുറയുന്ന ഘട്ടത്തിലാണ് ആഭ്യന്തരവിലകളില്‍ കേന്ദ്രം വലിയ വര്‍ധന വരുത്തിയതെന്ന വിരോധാഭാസമുണ്ട്. അന്താരാഷ്ട്രവിപണിയില്‍ വിലകുറഞ്ഞത് കണക്കിലെടുത്ത് പാകിസ്ഥാന്‍പോലുള്ള രാജ്യങ്ങള്‍ ജൂലൈ ആദ്യം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാനിരിക്കെയാണ്, യുപിഎ സര്‍ക്കാരിന്റെ വിപരീതനീക്കം. ഭക്ഷ്യ പണപ്പെരുപ്പം കഴിഞ്ഞ മൂന്നുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 9.13ല്‍ എത്തിനില്‍ക്കെ, ഡീസല്‍വിലയും മറ്റും കൂട്ടാനുള്ള കേന്ദ്രതീരുമാനം വിലക്കയറ്റത്തിന് വീണ്ടും ആക്കംകൂട്ടും.

കഴിഞ്ഞ ജൂണില്‍ ഡീസലിന് രണ്ടു രൂപയും എല്‍പിജിക്ക് 35 രൂപയും മണ്ണെണ്ണയ്ക്ക് മൂന്നു രൂപയും വര്‍ധിപ്പിച്ചിരുന്നു. ഈ മെയ് ആദ്യം പെട്രോള്‍വില ലിറ്ററിന് അഞ്ചു രൂപ കൂട്ടിയിരുന്നു. ഇത്തവണ എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ട പരമാവധി വിലതന്നെ കേന്ദ്രം അംഗീകരിച്ചു. ഡീസല്‍വിലയില്‍ ലിറ്ററിന് 13.72 രൂപയും എല്‍പിജിക്ക് സിലിണ്ടറിന് 381 രൂപയും മണ്ണെണ്ണ ലിറ്ററിന് 26.16 രൂപയും നഷ്ടമുണ്ടെന്നാണ് എണ്ണക്കമ്പനികളുടെ വാദം. പ്രതിവര്‍ഷം ഈ നഷ്ടം 1,70,000 കോടി വരുമെന്ന് പെട്രോളിയം മന്ത്രാലയം പറയുന്നു. യഥാര്‍ഥത്തില്‍ അന്താരാഷ്ട്രവിപണിയില്‍നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സംസ്കരിച്ച് ഇറക്കുമതിചെയ്യുമ്പോഴുള്ള വിലയും ആഭ്യന്തരവിലയും തമ്മിലുള്ള അന്തരമാണ് എണ്ണക്കമ്പനികള്‍ പറയുന്ന നഷ്ടം. ഇത് വരുമാനനഷ്ടമായി ചിത്രീകരിച്ച് വിലവര്‍ധനയ്ക്ക് ഒത്താശ ചെയ്തിരിക്കയാണ് കേന്ദ്രം. കസ്റ്റംസ് തീരുവ വേണ്ടെന്നുവയ്ക്കുന്നതിലൂടെ 26,000 കോടിയും ഡീസലിന്റെ എക്സൈസ് തീരുവ കുറയ്ക്കുന്നതിലൂടെ 23,000 കോടിയും സര്‍ക്കാരിന് നടപ്പുവര്‍ഷം നഷ്ടമുണ്ടാകുമെന്ന് മന്ത്രി ജയ്പാല്‍ റെഡ്ഡി പറഞ്ഞു. നികുതി ഒഴിവാക്കല്‍വഴി ആകെ 49,000 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടാകുമ്പോള്‍ , വിലകൂട്ടല്‍ തീരുമാനത്തിലൂടെ എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുക 21,000 കോടിമാത്രമാണെന്നും മന്ത്രി വിശദീകരിച്ചു. നികുതി നിലനിര്‍ത്തി വിലവര്‍ധന ഒഴിവാക്കിക്കൂടേ എന്ന ചോദ്യത്തോട് മന്ത്രി പ്രതികരിച്ചില്ല.

കസ്റ്റംസ് തീരുവ ഒഴിവാക്കുന്നതിലൂടെ ഇറക്കുമതിചെയ്യുന്ന ഓരോ ലിറ്റര്‍ ക്രൂഡോയിലിനും ശരാശരി ഒരു രൂപമാത്രമാണ് സര്‍ക്കാരിന് നഷ്ടംവരിക. ആകെ നികുതിവരുമാനത്തിന്റെ സിംഹഭാഗവും നിലനില്‍ക്കും. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും ജയ്പാല്‍ റെഡ്ഡി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വൈകിട്ട് പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ പ്രത്യേക മന്ത്രിസമിതി ചേര്‍ന്നാണ് വിലകൂട്ടലിന് പച്ചക്കൊടി കാട്ടിയത്. വെള്ളിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയും വിലവര്‍ധനയ്ക്ക് അംഗീകാരം നല്‍കി. ഡീസല്‍വില കൂട്ടിയതിനുപുറമെ അടുത്തമാസം ആദ്യം എണ്ണക്കമ്പനികള്‍ പെട്രോള്‍വില കൂട്ടുമെന്ന സൂചനയുമുണ്ട്. എണ്ണ ഉല്‍പ്പന്നങ്ങളുടെ മൊത്തത്തിലുള്ള വിലവര്‍ധന അവശ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമാക്കും. ചരക്ക്-യാത്ര നിരക്കുകള്‍ വര്‍ധിക്കും. വിലവര്‍ധന അനാവശ്യമെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ പാര്‍ടികള്‍ പ്രക്ഷോഭവുമായി രംഗത്തുവരുമെന്ന് മുന്നറിയിപ്പ് നല്‍കി.
(എം പ്രശാന്ത്)

ദേശാഭിമാനി 250611

1 comment:

  1. ഡീസല്‍ , പാചകവാതക, മണ്ണെണ്ണ വില കേന്ദ്രസര്‍ക്കാര്‍ വീണ്ടും കുത്തനെ കൂട്ടി. ഡീസലിന് ലിറ്ററിന് മൂന്നു രൂപയും പാചകവാതകം സിലിണ്ടറിന് 50 രൂപയും മണ്ണെണ്ണ ലിറ്ററിന് രണ്ടു രൂപയും വര്‍ധിപ്പിച്ചു. വിലവര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ നിലവില്‍വന്നു. ക്രൂഡോയിലിന്റെയും പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെയും അഞ്ച് ശതമാനം കസ്റ്റംസ് തീരുവ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഡീസലിന്റെ എക്സൈസ് തീരുവ ലിറ്ററിന് 4.60 ആയിരുന്നത് രണ്ടു രൂപയായി കുറയ്ക്കാനും തീരുമാനമുണ്ട്. സംസ്ഥാനങ്ങള്‍ ആനുപാതികമായി നികുതി കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് പെട്രോളിയംമന്ത്രി ജയ്പാല്‍ റെഡ്ഡി പറഞ്ഞു.

    ReplyDelete