Wednesday, June 29, 2011

അഴിമതിക്കാരെ കൂടെയിരുത്തി ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം

അഴിമതിക്കെതിരെ സംസാരിക്കാനുള്ള ധാര്‍മിക അവകാശം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനില്ലെന്ന് എസ് ശര്‍മ നിയമസഭയില്‍ പറഞ്ഞു. അഴിമതിക്കേസില്‍പ്പെട്ട മന്ത്രിമാരെ ചുറ്റുമിരുത്തി ഉമ്മന്‍ചാണ്ടി നടത്തുന്ന പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നും നന്ദിപ്രമേയത്തെ എതിര്‍ത്തുക്കൊണ്ട് അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ പ്രുമുഖ നേതാവായ ബാലകൃഷ്ണപിള്ള അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. യുപിഎ സര്‍ക്കാരില്‍ മന്ത്രിമാരായ പലരും ഇപ്പോള്‍ ജയിലില്‍ കഴിയുന്നു. ഇത്തരം പാരമ്പര്യമുള്ളവരുടെ കൂടാരമാണ് യുഡിഎഫ്.

വിലക്കയറ്റം രൂക്ഷമാണെന്ന് നയപ്രഖ്യാപനത്തില്‍ പറഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വിലക്കയറ്റം രൂക്ഷമാക്കുന്ന കേന്ദ്രനയം തെറ്റാണെന്നു പറയാന്‍ തയ്യാറല്ല. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അടിക്കടിയുണ്ടാകുന്ന വിലവര്‍ധനയെ ന്യായീകരിക്കുന്ന ഉമ്മന്‍ചാണ്ടിയും കൂട്ടരും ജനങ്ങളെ വെല്ലുവിളിക്കുകയാണ്.

മൂലംപള്ളിയില്‍ കുടിയൊഴിപ്പിച്ച 326 പേരില്‍ 307 പേര്‍ക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടയം നല്‍കിയിരുന്നു. ബാക്കിയുള്ള 19 പേരില്‍ 17 പേരുടെ വിഷയം കോടതിയിലായിരുന്നു. രണ്ടു പേര്‍ക്കുള്ള പട്ടയം വിതരണനടപടികള്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് തടസ്സപ്പെട്ടത്. ഐടി സെസ് മള്‍ട്ടി സര്‍വീസസ് സെസ് ആക്കുന്നതിന് ടീകോമിന് അനുമതി നല്‍കിയോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് എസ് ശര്‍മ ആവശ്യപ്പെട്ടു.

യുഡിഎഫ് നയപ്രഖ്യാപനം മാക്ബത്തിലെ പിശാചിനെപ്പോലെ: ജി സുധാകരന്‍

നല്ലതിനെ ചീത്തയെന്നും ചീത്തയെ നല്ലതെന്നും വിളിക്കുന്ന മാക്ബത്ത് നാടകത്തിലെ പിശാചിനെയാണ് യുഡിഎഫ് നയപ്രഖ്യാപനം അനുസ്മരിപ്പിക്കുന്നതെന്ന് ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ എല്ലാ ക്ഷേമ, വികസന പദ്ധതികളെയും തള്ളിപ്പറയുകയും ആക്ഷേപം ഉന്നയിക്കുകയും മാത്രമാണ് നയപ്രഖ്യാപനത്തിലുടനീളം. യുഡിഎഫ് സര്‍ക്കാരിന് വ്യക്തമായ നയമോ ലക്ഷ്യമോ ഇല്ലെന്ന് നയപ്രഖ്യാപനപ്രസംഗം വ്യക്തമാക്കുന്നതായും നന്ദിപ്രമേയത്തെ എതിര്‍ത്തുകൊണ്ട് സുധാകരന്‍ പറഞ്ഞു. ഗവര്‍ണറുടെ പ്രസംഗം ഭരണഘടനയുടെ അന്തസത്തയ്ക്കു നിരക്കുന്നതല്ല. നാലുമാസംമുമ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന്റെ സുവര്‍ണകാലമെന്നാണ് ഭരണത്തെ ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ , അതേ ഗവര്‍ണര്‍ കേരളത്തില്‍ ക്രമസമാധാനനില അക്കാലത്ത് തകര്‍ന്നെന്ന് ഇപ്പോള്‍ പറയുന്നു. മുഖ്യമന്ത്രിയുടെ അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യത്തിന്റെ ലക്ഷ്യം അവ്യക്തമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവാണിത്. സര്‍ക്കാരിന്റെ സ്വാശ്രയനയത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താമെന്ന് ഉമ്മന്‍ചാണ്ടി ധരിക്കരുതെന്ന് ജി സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിസ്സഹായാവസ്ഥ: എം എ ബേബി

സ്വാശ്രയ മാനേജ്മെന്റുകളുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍ അതിന്റെ നിസ്സഹായാവസ്ഥയാണ് പ്രകടമാവുന്നതെന്ന് എം എ ബേബി. ഈ കൊള്ളയ്ക്കെതിരെ സമരം നടത്തുന്ന വിദ്യാര്‍ഥികളെ പൊലീസ് നിഷ്ഠുരമായി കടന്നാക്രമിക്കുകയാണെന്നും നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ ബേബി പറഞ്ഞു. സ്വാശ്രയപ്രശ്നം പരിഹരിക്കാന്‍ അലാവുദീന്റെ അത്ഭുതവിളക്കില്ലെന്നാണ് മന്ത്രി മാണി പറഞ്ഞത്. എന്നാല്‍ , കുട്ടികളുടെ തല അടിച്ചുതകര്‍ക്കുന്ന മാന്ത്രികവടി സര്‍ക്കാരിന്റെ കൈയിലുണ്ടെന്ന് വ്യക്തമായി. തിരുവനന്തപുരത്തും കോട്ടയത്തും കൊടുങ്ങല്ലൂരിലും ആലപ്പുഴയിലും വിദ്യാര്‍ഥികളെ പൊലീസ് വേട്ടയാടി. ആലപ്പുഴയില്‍ ലോക്കപ്പില്‍ പൊലീസിന്റെ ഭീകര മര്‍ദനത്തിനിരയായ മൂന്ന് വിദ്യാര്‍ഥികള്‍ ഗുരുതരാവസ്ഥയിലാണ്. സ്വാശ്രയ വിദ്യാഭ്യാസമേഖലയിലെ പ്രശ്നം സമൂഹത്തിന്റെ പ്രശ്നമായി കാണണം. മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കിയുള്ള പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ സന്നദ്ധമായാല്‍ പൂര്‍ണ പിന്തുണ നല്‍കും. ഇപ്പോള്‍ പ്രശ്നം പരിഹരിക്കാന്‍ സമയമില്ലെന്ന് പറയുന്ന സര്‍ക്കാര്‍ 2006ല്‍ ഇതേ സമയപരിധിക്കുള്ളിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രശ്നം പരിഹരിച്ചതെന്ന് മറക്കരുത്.

2006ല്‍ മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍ (12,500 രൂപ) പ്രവേശനം നല്‍കി. എന്നാല്‍ , 2002ല്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വാശ്രയ കോളേജ് തുടങ്ങിയ കാലംതൊട്ട് അവരുടെ ഭരണം അവസാനിക്കുന്നതുവരെ ഇതു നടപ്പാക്കാനായോ. മാനേജ്മെന്റ് ഫീസിലാണ് ഈ കുട്ടികള്‍ പഠിച്ചത്. 50 ശതമാനം സീറ്റ് സര്‍ക്കാരിന് കിട്ടിയിരുന്നുവെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി ഫീസിന്റെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. 2007 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ഒഴിച്ചുള്ള കോളേജുകള്‍ മെറിറ്റും സാമൂഹ്യനീതിയും കുറഞ്ഞ ഫീസും ഉറപ്പുവരുത്തിക്കൊണ്ട് 50 ശതമാനം സീറ്റില്‍ പ്രവേശനം നല്‍കി. ഈ സര്‍ക്കാര്‍ വന്ന ഉടന്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്ക് പിന്തുണ നല്‍കിയതോടെ മറ്റ് മാനേജ്മെന്റുകളും അതേ പാത പിന്തുടര്‍ന്നു. അമ്പത് ശതമാനം പി ജി സീറ്റില്‍ പ്രവേശനം നടത്തുന്നതിലും സര്‍ക്കാര്‍ കടുത്ത വീഴ്ച വരുത്തി. മെയ് 31ന് തീയതി കഴിയുന്നതിന് മുമ്പ് പ്രവേശനം നടത്താതിരുന്നതിന് സര്‍ക്കാര്‍ പറയുന്ന ന്യായീകരണം ബോധ്യപ്പെടുന്നതല്ല- ബേബി പറഞ്ഞു.

ചര്‍ച്ച ഒഴിവാക്കാന്‍ ചോദ്യം മാറ്റിമറിച്ചു: സഭ പ്രതിഷേധത്തില്‍ മുങ്ങി

അഴിമതിക്കേസുകള്‍ ചര്‍ച്ചചെയ്യുന്നത് ഒഴിവാക്കാന്‍ ചോദ്യങ്ങള്‍ മാറ്റിമറിച്ച സംഭവത്തില്‍ നിയമസഭ പ്രക്ഷുബ്ധമായി. ചോദ്യോത്തരവേള പൂര്‍ണമായും പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. പാമൊലിന്‍ കേസും വിവിധ മന്ത്രിമാര്‍ക്കെതിരായ അഴിമതിക്കേസുകളും ചര്‍ച്ചചെയ്യുന്നത് ഒഴിവാക്കാനാണ് നറുക്കെടുപ്പില്‍ ആദ്യസ്ഥാനത്തെത്തിയ അംഗങ്ങളുടെ ചോദ്യങ്ങള്‍ നക്ഷത്രചിഹ്നമിടാത്തവയുടെ പട്ടികയിലേക്ക് മാറ്റിയത്. പാമൊലിന്‍ അഴിമതിക്കേസ്, മന്ത്രിമാര്‍ക്കെതിരായ അന്വേഷണം, അഡ്വക്കറ്റ് ജനറല്‍ -അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ നിയമനം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ നക്ഷത്രചിഹ്നമിടാത്തവയുടെ പട്ടികയില്‍പ്പെടുത്തിയത് സംബന്ധിച്ച് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ക്രമപ്രശ്നം ഉന്നയിച്ചത്. അംഗങ്ങളുടെ അവകാശം നിഷേധിക്കുന്ന നടപടി ചട്ടം 303 പ്രകാരം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ചോദ്യോത്തരവേള തുടങ്ങിയ ഉടനെ കോടിയേരി ആവശ്യപ്പെട്ടു. ചോദ്യങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്നും ചോദ്യോത്തരവേളയായതിനാല്‍ റൂളിങ് നല്‍കാന്‍ കഴിയില്ലെന്നുമുള്ള നിലപാടില്‍ സ്പീക്കര്‍ ഉറച്ചുനിന്നതോടെ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നാകെ പ്രതിഷേധവുമായി ഇരിപ്പിടം വിട്ടിറങ്ങി.

മുഖ്യമന്ത്രിയും സര്‍ക്കാരും ചോദ്യം ഭയപ്പെടുകയാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. ചോദ്യങ്ങള്‍ക്കുള്ള അവസരം നിശ്ചയിക്കുന്നതിനുള്ള അധികാരം സ്പീക്കറില്‍നിന്ന് മുഖ്യമന്ത്രി കവര്‍ന്നെടുക്കുകയാണെന്നും ആക്ഷേപമുയര്‍ന്നു. ചോദ്യകര്‍ത്താക്കളെ നിശ്ചയിക്കുന്ന ചുമതല കൃത്യതയോടെ നിര്‍വഹിക്കുന്നെന്ന് സ്പീക്കര്‍ ഉറപ്പുവരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സ്പീക്കറുടെ ഓഫീസിലാണ് കുഴപ്പമുണ്ടായത്. അംഗങ്ങള്‍ക്ക് ചോദ്യം ഉന്നയിക്കാനുള്ള ന്യായമായ അവസരം എങ്ങനെ നഷ്ടപ്പെട്ടെന്ന് സ്പീക്കര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സ്പീക്കര്‍ നിലപാട് മാറ്റാന്‍ തയ്യാറാകാത്തതിനാല്‍ ചോദ്യോത്തര വേള തീരുന്നതുവരെ പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു.
കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളായതിനാലാണ് ചോദ്യങ്ങള്‍ സഭാതലത്തില്‍നിന്ന് ഒഴിവാക്കിയതെന്നായിരുന്നു പിന്നീട് സ്പീക്കറുടെ മറുപടി. മുഖ്യമന്ത്രി ഉത്തരം പറയാനായി, എം എ ബേബിയും എം ഹംസയും നല്‍കിയ ചോദ്യങ്ങളാണ് നറുക്കെടുപ്പില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയിട്ടും നക്ഷത്രചിഹ്നമില്ലാത്തവയുടെ പട്ടികയില്‍പ്പെടുത്തിയത്. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്കു മാത്രമേ സഭയില്‍ നേരിട്ട് മറുപടി പറയേണ്ടതുള്ളൂ. അല്ലാത്തവയുടെ മറുപടി രേഖാമൂലം നല്‍കുകയേയുള്ളൂ. ഈ മറുപടി നല്‍കുന്നത് പലപ്പോഴും സഭ തീര്‍ന്നശേഷവുമായിരിക്കും.

ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയത് തെളിവില്ലാത്തതിനാലെന്ന്

തെളിവില്ലാത്തതിനാലാണ് മുമ്പ് ധനമന്ത്രിയായിരുന്ന തന്നെ പാമൊലിന്‍കേസില്‍നിന്ന് ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. പ്രത്യേക കോടതിയുടെ നിര്‍ദേശപ്രകാരം കേസില്‍ തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ പ്രതികളായ ടി എച്ച് മുസ്തഫ, സക്കറിയ മാത്യു, ജിജി തോംസണ്‍ എന്നിവര്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഡിസ്ചാര്‍ജ് പെറ്റീഷനിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവ് നല്‍കിയത്. മുന്നുമാസ സമയപരിധി കോടതി നിശ്ചയിച്ചു. ഇതിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് കോടതിയുടെ പരിഗണനയിലാണ്. സി കെ സദാശിവന്‍ , പ്രൊഫ. സി രവീന്ദ്രനാഥ്, ടി വി രാജേഷ്, എം ഹംസ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പ്രതികളായ കേസുകളുടെ വിവരങ്ങള്‍ ആരാഞ്ഞ് പ്രതിപക്ഷാംഗങ്ങള്‍ കൊണ്ടുവന്ന ചോദ്യത്തിന് സഭയില്‍ മറുപടി പറയുന്നത് ഒഴിവാക്കാന്‍ നക്ഷത്ര ചിഹ്നമിടാത്തവയുടെ പട്ടികയില്‍പ്പെടുത്തിയത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.

deshabhimani 290611

1 comment:

  1. അഴിമതിക്കെതിരെ സംസാരിക്കാനുള്ള ധാര്‍മിക അവകാശം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനില്ലെന്ന് എസ് ശര്‍മ നിയമസഭയില്‍ പറഞ്ഞു. അഴിമതിക്കേസില്‍പ്പെട്ട മന്ത്രിമാരെ ചുറ്റുമിരുത്തി ഉമ്മന്‍ചാണ്ടി നടത്തുന്ന പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നും നന്ദിപ്രമേയത്തെ എതിര്‍ത്തുക്കൊണ്ട് അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ പ്രുമുഖ നേതാവായ ബാലകൃഷ്ണപിള്ള അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. യുപിഎ സര്‍ക്കാരില്‍ മന്ത്രിമാരായ പലരും ഇപ്പോള്‍ ജയിലില്‍ കഴിയുന്നു. ഇത്തരം പാരമ്പര്യമുള്ളവരുടെ കൂടാരമാണ് യുഡിഎഫ്.

    ReplyDelete