Wednesday, June 29, 2011

ജനവിരുദ്ധനയങ്ങളെ ചെറുക്കാന്‍ യോജിച്ച പ്രക്ഷോഭം: എന്‍ജിഒ യൂണിയന്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങളെ പ്രതിരോധിക്കാനും സിവില്‍സര്‍വീസും ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളും കാത്തുസൂക്ഷിക്കാനും യോജിച്ച പ്രക്ഷോഭം അനിവാര്യമാണെന്ന് എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനം ജീവനക്കാരെ ഓര്‍മിപ്പിച്ചു. കേരളം കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറി ടി സി മാത്തുക്കുട്ടി അവതരിപ്പിച്ച പ്രമേയത്തില്‍ ആഹ്വാനംചെയ്തു.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ട ജനവിരുദ്ധനയങ്ങള്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ നിര്‍ബാധം നടപ്പാക്കുകയാണ്. പൊതുമേഖലാ ഓഹരിവില്‍പ്പന, ബാങ്ക്-ഇന്‍ഷുറന്‍സ് സ്വകാര്യവല്‍ക്കരണം, ചില്ലറവ്യാപാര മേഖലയിലെ വിദേശനിക്ഷേപം, തപാല്‍ സ്വകാര്യവല്‍ക്കരണം തുടങ്ങിയവ നിര്‍ബാധം തുടരുന്നു. സബ്സിഡി വെട്ടിക്കുറച്ചതും ഇറക്കുമതി ഉദാരവല്‍ക്കരണവും കാര്‍ഷിക പ്രതിസന്ധി രൂക്ഷമാക്കി. പാവപ്പെട്ടവരെ കൂട്ടത്തോടെ ദാരിദ്ര്യരേഖയ്ക്ക് മുകളിലാക്കുന്നതാണ് പുതിയ ബിപിഎല്‍ സര്‍വേ. പൊതുവിതരണം ദുര്‍ബലപ്പെടുത്തുകയും ഭക്ഷ്യസബ്സിഡി വെട്ടിക്കുറയ്ക്കുകയും അവധിവ്യാപാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രനയങ്ങളാണ് രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കിയത്. വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതിനെത്തുടര്‍ന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അടിക്കടിയുള്ള വിലവര്‍ധന സ്ഥിതി രൂക്ഷമാക്കി. ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ശക്തിപ്പെടുന്ന യോജിച്ച പ്രക്ഷോഭങ്ങളില്‍ അണിചേരാന്‍ മുഴുവന്‍ ജീവനക്കാരോടും സമ്മേളനം അഭ്യര്‍ഥിച്ചു.

സാമൂഹ്യനീതിയും മെറിറ്റും അട്ടിമറിച്ച് വിദ്യാഭ്യാസക്കച്ചവടത്തിന് അവസരമൊരുക്കുന്ന നയങ്ങളില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയുക, ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, പഞ്ചായത്ത് ജീവനക്കാരുടെ അടിയന്തരാവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക, ആശുപത്രി ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 17 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ജീവനക്കാരുടെ സംഘശക്തിയില്‍ തലസ്ഥാന നഗരം ചുവന്നു

സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും വലിയ സംഘനടയായ കേരള എന്‍ജിഒ യൂണിയന്റെ 48-ാം സംസ്ഥാന സമ്മേളനത്തിന് ഉജ്വലസമാപനം. സമ്മേളനത്തിന് പരിസമാപ്തികുറിച്ച് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. നിരവധി സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വംനല്‍കിയ പ്രസ്ഥാനത്തിന്റെ കരുത്തും സംഘടനാശേഷിയും വിളിച്ചോതിയ പടുകൂറ്റന്‍ പ്രകടനത്തിനാണ് മഹാനഗരം സാക്ഷ്യംവഹിച്ചത്. കേരള പഞ്ചായത്ത് എംപ്ലോയീസ് അസോസിയേഷനും കേരള ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂണിയനും എന്‍ജിഒ യൂണിയനില്‍ ലയിച്ചശേഷമുള്ള ആദ്യസമ്മേളനമായിരുന്നു മൂന്നുദിവസങ്ങളിലായി തലസ്ഥാനത്ത് നടന്നത്.

ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിച്ച പ്രകടനം നാലരയോടെയാണ് പൊതുസമ്മേളന നഗരിയായ ഇ കെ നായനാര്‍ പാര്‍ക്കില്‍ (പുത്തരിക്കണ്ടം മൈതാനി) സമാപിച്ചത്. കിലോമീറ്ററുകള്‍ നീണ്ട പ്രകടനം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സമ്മേളന നഗരിയില്‍ ഒഴുകിയെത്തിയപ്പോള്‍ ജനസമുദ്രമായിമാറി. കേരളീയ വസ്ത്രം ധരിച്ച് മുത്തുക്കുടകളേന്തി അണിനിരന്ന വനിതകളും തെയ്യംകാലാരൂപങ്ങളും പ്രകടനത്തിന് വര്‍ണപ്പകിട്ടേകി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെയുള്ള മുദ്രാവാക്യങ്ങള്‍ പ്രകടനത്തില്‍ അലയടിച്ചു.

പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എച്ച് എം ഇസ്മയില്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ , ദേശാഭിമാനി യൂണിറ്റ് മാനേജര്‍ കെ വരദരാജന്‍ , സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ ചന്ദ്രന്‍ , എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, എ എ അസീസ്, എ കെ ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ വി ശിവന്‍കുട്ടി എംഎല്‍എ സ്വാഗതവും കണ്‍വീനര്‍ എസ് രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. യൂണിയന്‍ സംസ്ഥാനപ്രസിഡന്റ് പി എച്ച് എം ഇസ്മയില്‍ , ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍ , ട്രഷറര്‍ എസ് ശ്രീകണ്ഠേശന്‍ , ആര്‍ ഗീതാഗോപാല്‍ , കെ കെ രാജന്‍ , ടി സി മാത്തുക്കുട്ടി, പി എന്‍ രാമന്‍ , പി പ്രേംകുമാര്‍ , കെ ശശീന്ദ്രന്‍ , അജയന്‍ കെ മേനോന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

deshabhimani 290611

1 comment:

  1. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങളെ പ്രതിരോധിക്കാനും സിവില്‍സര്‍വീസും ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളും കാത്തുസൂക്ഷിക്കാനും യോജിച്ച പ്രക്ഷോഭം അനിവാര്യമാണെന്ന് എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനം ജീവനക്കാരെ ഓര്‍മിപ്പിച്ചു. കേരളം കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറി ടി സി മാത്തുക്കുട്ടി അവതരിപ്പിച്ച പ്രമേയത്തില്‍ ആഹ്വാനംചെയ്തു.

    ReplyDelete