Saturday, June 25, 2011

സദാചാരപ്പോലീസ് ചമയുന്നവര്‍ സ്ത്രീകളെ ആക്രമിക്കുന്നതിനെ പു ക സ അപലപിക്കുന്നു

കേരളത്തില്‍ സദാചാരപ്പോലീസ് ചമയുന്നവര്‍ സ്ത്രീകളുടെ നേര്‍ക്കു നടത്തുന്ന ആക്രമണങ്ങള്‍ നമ്മുടെ പുരോഗമന സമൂഹത്തിന് അപമാനകരമാണ്. നവോത്ഥാന പുരോഗമന പാരമ്പര്യത്തില്‍ നിന്നുള്ള തിരിച്ചു നടക്കലാണിത്.

എറണാകുളത്ത് ഐ ടി സ്ഥാപനത്തിലെ ജീവനക്കാരി തസ്നി ബാനു ഒരു സുഹൃത്തിനൊപ്പം രാത്രി ജോലിക്കു പോകവേ ആക്രമിക്കപ്പെട്ടത് കണ്ണൂരില്‍ ഒരു വനിതാ പോലീസുദ്യോഗസ്ഥ ഹീനമായി ആക്രമിക്കപ്പെട്ട സംഭവത്തിനു തൊട്ടു പിന്നാലെയാണ്. ആള്‍ക്കൂട്ടം നിയമം നടപ്പാക്കുന്ന രീതി ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഇവ കേവലം വ്യക്തികളുടെ നേര്‍ക്കു നടന്ന വെറും അതിക്രമങ്ങളല്ല. പുരുഷാധിപത്യം അടിച്ചുറപ്പിക്കാനുള്ള രാഷ്ട്രീയ നടപടി ആണ്. അതുകൊണ്ടാണിതിനെ പൊതുസമൂഹം എതിര്‍ക്കേണ്ടത്.

പൊലീസ് ഇത്തരം സംഭവങ്ങളില്‍ ഉറച്ച നിലപാട് സ്വീകരിക്കുകയും സ്ത്രീകള്‍ക്കെതിരായ ആക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുകയും വേണം. സമൂഹത്തെ ഇക്കാര്യത്തില്‍ ബോധവല്ക്കരിക്കുന്നതിന് എല്ലാ പുരോഗമന വാദികളും മുന്നിട്ടിറങ്ങണം.

സ്ത്രീത്വത്തെ  അടിച്ചമര്‍ത്തുന്നതിന് ബലാത്സംഗം പോലുള്ള ഒരു രാഷ്ട്രീയ ഉപകരണമാണ് പൊതുഇടങ്ങള്‍ നിഷേധിക്കലും. സ്വന്തം പിതാവോ ഭര്‍ത്താവോ മകനോ അല്ലാത്ത ഒരു പുരുഷനുമായി രാത്രി  പൊതു സ്ഥലത്ത് പോയാല്‍ ആക്രമിക്കപ്പെടും എന്നത് സ്ത്രീകളെ പൊതു സ്ഥലങ്ങളില്‍ നിന്ന് ആട്ടിപ്പായിക്കാനുള്ള ഒരു രാഷ്ട്രീയ ആയുധമാണ്. മനുഷ്യ തുല്യതയുടെ അടിസ്ഥാന സങ്കല്പങ്ങളെ ഇത് ചോദ്യം ചെയ്യുന്നു. ഇതിനെതിരെ ഒരു പുരോഗമന സമൂഹം സദാ ജാഗരൂകമാകേണ്ടതാണ്. സ്ത്രീ പുരുഷന്മാര്‍ക്ക് സ്വതന്ത്രമായും നിയമവിധേയമായും ഇടപെടാനുള്ള അവകാശം ഭരണഘടനാപരമായി അനുവദനീയമാണ്.

ആള്‍ക്കൂട്ടം നീതി നടപ്പാക്കി സ്ത്രീകളെ അടിച്ചമര്‍ത്തി വയ്ക്കുന്ന സമ്പ്രദായം പ്രാചീനവും പ്രാകൃതവുമാണ്. കേരളത്തിലും ഇതു സാര്‍വത്രികമായിരുന്നു. അധീശ ആശയങ്ങളുടെ ധാരണയ്ക്ക് വിരുദ്ധമായി പുറത്തിറങ്ങുന്ന സ്ത്രീ പണ്ടും ആക്രമിക്കപ്പെടുമായിരുന്നു.  ഇന്നും ഉത്തരേന്ത്യയിലും മറ്റും നടക്കുന്ന “വിച്ച് ഹണ്ടിംഗ്” പോലുള്ള അനാചാരങ്ങള്‍ ഇതിന്‍റെ ഭാഗമാണ്. നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്ന പുലപ്പേടി, മണ്ണാപ്പേടി, സ്മാര്‍ത്ത വിചാരം തുടങ്ങിയവയും ഇത്തരം സമ്പ്രദായങ്ങളുടെ ഭാഗമായിരുന്നു. അധീശ വ്യവസ്ഥയ്ക്ക് പൂര്‍ണമായി വഴങ്ങാത്ത സ്ത്രീ പുരുഷന്മാരെ സദാചാര ഭ്രംശം ആരോപിച്ച് ആള്‍ക്കൂട്ടം കല്ലെറിയുന്ന സമ്പ്രദായം എല്ലാ സമൂഹങ്ങളിലും ഉണ്ടായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സമരങ്ങളിലൂടെയാണ് നമ്മുടെ സമൂഹം അവിടെ നിന്നൊക്കെ മുന്നോട്ടു പോയത്. പഴയ കാലത്തിന്‍റെ ശക്തികളെ തിരികെ കൊണ്ടു വരാനുള്ള ശ്രമങ്ങളെ പുരോഗമന കലാസാഹിത്യ സംഘം ശക്തമായി അപലപിക്കുന്നു.


വി എന്‍ മുരളി
ജനറല്‍ സെക്രട്ടറി
പുരോഗമന കലാസാഹിത്യ സംഘം
തിരുവനന്തപുരം.

1 comment:

  1. കേരളത്തില്‍ സദാചാരപ്പോലീസ് ചമയുന്നവര്‍ സ്ത്രീകളുടെ നേര്‍ക്കു നടത്തുന്ന ആക്രമണങ്ങള്‍ നമ്മുടെ പുരോഗമന സമൂഹത്തിന് അപമാനകരമാണ്. നവോത്ഥാന പുരോഗമന പാരമ്പര്യത്തില്‍ നിന്നുള്ള തിരിച്ചു നടക്കലാണിത്.

    എറണാകുളത്ത് ഐ ടി സ്ഥാപനത്തിലെ ജീവനക്കാരി തസ്നി ബാനു ഒരു സുഹൃത്തിനൊപ്പം രാത്രി ജോലിക്കു പോകവേ ആക്രമിക്കപ്പെട്ടത് കണ്ണൂരില്‍ ഒരു വനിതാ പോലീസുദ്യോഗസ്ഥ ഹീനമായി ആക്രമിക്കപ്പെട്ട സംഭവത്തിനു തൊട്ടു പിന്നാലെയാണ്. ആള്‍ക്കൂട്ടം നിയമം നടപ്പാക്കുന്ന രീതി ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഇവ കേവലം വ്യക്തികളുടെ നേര്‍ക്കു നടന്ന വെറും അതിക്രമങ്ങളല്ല. പുരുഷാധിപത്യം അടിച്ചുറപ്പിക്കാനുള്ള രാഷ്ട്രീയ നടപടി ആണ്. അതുകൊണ്ടാണിതിനെ പൊതുസമൂഹം എതിര്‍ക്കേണ്ടത്.

    ReplyDelete