Monday, August 8, 2011

ഇന്ത്യയുടെ 1,83,000 കോടി നിക്ഷേപം ആശങ്കയില്‍

സാമ്പത്തികലോകം നെട്ടോട്ടത്തില്‍

വാഷിങ്ടണ്‍/ലണ്ടന്‍ : ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയുടെ വായ്പാ ക്ഷമത കുറച്ചതും യൂറോപ്പിനെ പിടികൂടിയ വായ്പാ പ്രതിസന്ധി രൂക്ഷമാകുന്നതും ലോക രാജ്യങ്ങളെ ഭീതിയിലാക്കി. ഇരട്ടപ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളില്‍നിന്നു രക്ഷതേടി ഭരണനേതൃത്വങ്ങള്‍ നെട്ടോട്ടം തുടങ്ങി. തിങ്കളാഴ്ച ആഗോളവിപണികള്‍ ഉണരുംമുമ്പ് പ്രതിവിധി കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ കൂട്ടായ്മകളായ ജിഏഴും ജി20ഉം അടിയന്തര കൂടിയാലോചനകള്‍ നടത്തി. മറ്റൊരു സാമ്പത്തിക പ്രതിസന്ധി ലോകത്തെ തുറിച്ചുനോക്കുന്നെന്ന സൂചനയാണ് അമേരിക്കക്കുണ്ടായ തിരിച്ചടിക്കുശേഷം വിപണി നല്‍കുന്നത്. ഇരട്ടപ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ലോകവിപണികളിലുണ്ടായ ഇടിവ്, നിക്ഷേപകരുടെ സമ്പാദ്യത്തില്‍നിന്നു 112 ലക്ഷം കോടി രൂപയിലേറെ ചോര്‍ത്തി. ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ 2008നു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ പതനമാണിത്. കഴിഞ്ഞ നാലു വിപണി ദിനത്തിലായി ഇന്ത്യന്‍ ഓഹരിവിപണിയില്‍ നാലുലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. വെള്ളിയാഴ്ച മാത്രം 1.3 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ഉണ്ടായത്. വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായി തുടരാനിടയുള്ള ഈ വീഴ്ചയ്ക്ക് തടയിടാന്‍ വഴിതേടി ഊര്‍ജിത ചര്‍ച്ചകളാണെങ്ങും.

അവധി ദിവസമായ ഞായറാഴ്ചയും ആഗോള സാമ്പത്തികനേതൃത്വം തലപുകഞ്ഞ ആലോചനയിലായിരുന്നു. ജി20 ധന സഹ മന്ത്രിമാര്‍ ടെലികോണ്‍ഫറന്‍സ് വഴി ബന്ധപ്പെട്ടു. അമേരിക്കയുടെ വായ്പാ ക്ഷമത കുറച്ചതും യൂറോപ്പിന്റെ കടക്കെണിയും ഇവര്‍ ഗൗരവമായി ചര്‍ച്ച ചെയ്തു. ലോകത്തെ മുന്‍നിര സാമ്പത്തികശക്തികളുടെ കൂട്ടായ്മയായ ജിഏഴിലെ ധനമന്ത്രിമാരും കേന്ദ്രബാങ്ക് അധികൃതരും കോണ്‍ഫറന്‍സ് കോളിലൂടെ ബന്ധപ്പെട്ടു. സാമ്പത്തികരംഗത്തെ വീഴ്ചയുടെ ആഘാതം കുറയ്ക്കാനുള്ള നിര്‍ദേശങ്ങളടങ്ങുന്ന സംയുക്ത പ്രസ്താവന കൂട്ടായ്മ ഉടന്‍ പുറത്തിറക്കുമെന്ന് ജപ്പാന്‍ അറിയിച്ചു. ജിഏഴ്, ജി20 കൂട്ടായ്മകളുടെ അധ്യക്ഷ സ്ഥാനത്തുള്ള ഫ്രഞ്ച് പ്രസിഡന്റ് നികോളാസ് സര്‍കോസി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണുമായി പ്രത്യേക ടെലിഫോണ്‍ ചര്‍ച്ച നടത്തി. ഈ പ്രതിസന്ധിയില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ഇരുവരും ആഹ്വാനം ചെയ്തു.

അമേരിക്കയുടെ ദയനീയാവസ്ഥ യൂറോപ്പിനെ അതിസങ്കീര്‍ണമായ സാമ്പത്തിക അസ്ഥിരതയിലേക്കു നയിക്കുമെന്ന് ഉറപ്പാണ്. യൂറോ മേഖലയിലെ പ്രധാന രാജ്യങ്ങളായ ഇറ്റലിയും സ്പെയിനും വന്‍ കടക്കെണിയിലായത് യൂറോപ്പിനെ അലട്ടുന്നതിനിടെയാണ് ഈ പ്രഹരം. രാഷ്ട്രീയ പ്രതിസന്ധിയും ചെലവുചുരുക്കലും കാരണം ഈ രാജ്യങ്ങളുടെ കടം കഴിഞ്ഞ 14 വര്‍ഷത്തിനിടയിലെ ഏറ്റവുമുയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുകയാണ്. പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ യൂറോപ്യന്‍ കേന്ദ്രബാങ്കിന്റെ വലിയ ധനസഹായം ഇവര്‍ക്ക് ആവശ്യമാണ്.
യൂറോപ്പിലെ പ്രധാന സാമ്പത്തികശക്തിയായ ജര്‍മനിയും കടക്കെണിയിലേക്കാണെന്നാണ് റിപ്പോര്‍ട്ട്. കടക്കെണിയിലായ ഗ്രീസ്, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നേരത്തെ സാമ്പത്തിക പക്കേജ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ വായ്പാ ക്ഷമത കുറച്ച നടപടിക്കെതിരെ ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ വ്യക്തമായ പ്രതികരണത്തിനു തയ്യാറായിട്ടില്ല. അമേരിക്ക വായ്പാ ആസക്തി കുറയ്ക്കണമെന്ന് ചൈന തുറന്നടിച്ചിരുന്നു. എന്നാല്‍ , അമേരിക്കയില്‍ തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ഏഷ്യയിലെ അവരുടെ പ്രധാന സുഹൃത്തുക്കളായ ജപ്പാനും ദക്ഷിണ കൊറിയയും പ്രതികരിച്ചത്. ഓസ്ട്രേലിയക്കും സമാന പ്രതികരണമായിരുന്നു. ഈ പ്രശ്നം തങ്ങളെ ബാധിക്കില്ലെന്ന് റഷ്യയും ഫ്രാന്‍സും പറഞ്ഞു.

ഇന്ത്യയുടെ 1,83,000 കോടി നിക്ഷേപം ആശങ്കയില്‍


ന്യൂഡല്‍ഹി: പ്രധാന അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേര്‍സ് അമേരിക്കയുടെ വായ്പാക്ഷമത താഴ്ത്തിയതോടെ അവിടെ 4100 കോടി ഡോളര്‍ (1,83,000 കോടി രൂപ) നിക്ഷേപമുള്ള ഇന്ത്യ കടുത്ത ആശങ്കയില്‍ . അമേരിക്കന്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ ഇന്ത്യന്‍ നിക്ഷേപത്തില്‍ മുന്തിയ പങ്കും റിസര്‍വ് ബാങ്കിന്റേതാണ്. മറ്റു ചില ബാങ്കുകളും നിക്ഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ വിദേശവായ്പാ ദാതാക്കളില്‍ 14-ാം സ്ഥാനമാണ് ഇന്ത്യക്ക്. അമേരിക്കയുടെ വായ്പാ ക്ഷമത നിലവാരം ഏറ്റവുമുയര്‍ന്ന "എഎഎ"യില്‍ നിന്ന് "എഎപ്ലസ്" ആയി താഴ്ത്തിയതിനെ തുടര്‍ന്ന് അടിയന്തര നടപടിക്ക് റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമായേക്കുമെന്നാണ് ധനവൃത്തങ്ങള്‍ പറയുന്നത്. ട്രിപ്പിള്‍എ (എഎഎ) റേറ്റിങ്ങുള്ള രാജ്യങ്ങളുടെ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാനാണ് റിസര്‍വ് ബാങ്ക് സാധാരണ അനുവദിക്കാറ്.

അമേരിക്കന്‍ വായ്പാ പ്രതിസന്ധി ഒരുവര്‍ഷമായി വഷളായിവരികയായിരുന്നെങ്കിലും ഇക്കാലത്ത് യുഎസ് ട്രഷറി കടപ്പത്രങ്ങളില്‍ റിസര്‍വ് ബാങ്ക് വന്‍തോതില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം അമേരിക്കന്‍ കടപ്പത്രങ്ങളില്‍ ഇന്ത്യ 1000 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് യുഎസ് ധനവകുപ്പിന്റെ കണക്കുകള്‍ കാണിക്കുന്നത്. ഇന്ത്യക്ക് അവിടെയുള്ള മൊത്തം നിക്ഷേപത്തിന്റെ നാലിലൊന്നും ഈ പ്രതിസന്ധിക്കാലത്താണെന്നത് വിദഗ്ധരെ അത്ഭുതപ്പെടുത്തുകയാണ്. അമേരിക്കന്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളാണ് ഏറ്റവും വിശ്വാസ്യതയുള്ള നിക്ഷേപമാര്‍ഗമെന്ന പേരിലാണ് ഇന്ത്യ ഇക്കാലയളവില്‍ അവിടെ പണം ചൊരിഞ്ഞത്. അമേരിക്കന്‍ കടപ്പത്രങ്ങളിലുള്ള ഇന്ത്യന്‍ നിക്ഷേപം 15 ലക്ഷം കോടി ഡോളറോളം വരുന്ന അമേരിക്കയുടെ മൊത്തം കടത്തിന്റെ 0.3 ശതമാനം മാത്രമാണ്. നാലരലക്ഷം ഡോളര്‍ വരുന്ന അമേരിക്കന്‍ വിദേശകടത്തിന്റെ ഒരു ശതമാനമാണ് ഇന്ത്യയുടെ വിഹിതം. എന്നാല്‍ , 1,83,000 കോടി രൂപ ഇന്ത്യയെ സംബന്ധിച്ച് ഭീമമായ സംഖ്യയാണെന്ന് പിടിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ മൊത്തം വിദേശകടം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 50,000 കോടി ഡോളര്‍ വര്‍ധിച്ചിട്ടുണ്ട്.

deshabhimani 080811

1 comment:

  1. പ്രധാന അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേര്‍സ് അമേരിക്കയുടെ വായ്പാക്ഷമത താഴ്ത്തിയതോടെ അവിടെ 4100 കോടി ഡോളര്‍ (1,83,000 കോടി രൂപ) നിക്ഷേപമുള്ള ഇന്ത്യ കടുത്ത ആശങ്കയില്‍ . അമേരിക്കന്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ ഇന്ത്യന്‍ നിക്ഷേപത്തില്‍ മുന്തിയ പങ്കും റിസര്‍വ് ബാങ്കിന്റേതാണ്. മറ്റു ചില ബാങ്കുകളും നിക്ഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ വിദേശവായ്പാ ദാതാക്കളില്‍ 14-ാം സ്ഥാനമാണ് ഇന്ത്യക്ക്. അമേരിക്കയുടെ വായ്പാ ക്ഷമത നിലവാരം ഏറ്റവുമുയര്‍ന്ന "എഎഎ"യില്‍ നിന്ന് "എഎപ്ലസ്" ആയി താഴ്ത്തിയതിനെ തുടര്‍ന്ന് അടിയന്തര നടപടിക്ക് റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമായേക്കുമെന്നാണ് ധനവൃത്തങ്ങള്‍ പറയുന്നത്. ട്രിപ്പിള്‍എ (എഎഎ) റേറ്റിങ്ങുള്ള രാജ്യങ്ങളുടെ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാനാണ് റിസര്‍വ് ബാങ്ക് സാധാരണ അനുവദിക്കാറ്.

    ReplyDelete