Friday, August 5, 2011

നിര്‍ലജ്ജമായ കോണ്‍ -ബിജെപി സഖ്യം

വിലക്കയറ്റം സംബന്ധിച്ച് ഒന്നാം യുപിഎ സര്‍ക്കാര്‍ വന്നശേഷം ഇന്നുവരെ ഒരുഡസന്‍തവണ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. വഴിപാടിന് ചര്‍ച്ച നടത്തുക; പൊള്ളയായ ചില വാഗ്ദാനങ്ങള്‍ നല്‍കുക; പിന്നീട് അതെല്ലാം മറക്കുക-ഇതാണ് എന്നും യുപിഎ സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം. ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നങ്ങളിലൊന്ന് വിലക്കയറ്റംതന്നെയാണ്. അത് പരിഹരിക്കുന്നതിന് പകരം വിലക്കയറ്റത്തിന്റെ ഭാരം കൂടുതല്‍കൂടുതലായി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അന്യായമായ ഇന്ധന വിലവര്‍ധന അത്തരം നടപടികളില്‍ ഒന്നുമാത്രം. സര്‍ക്കാരിന് പാര്‍ലമെന്റിനോട് ഉത്തരവാദിത്തമുണ്ടാകണം. പാര്‍ലമെന്റിന് ജനങ്ങളോടും. ജനങ്ങള്‍ തെരഞ്ഞെടുത്തയക്കുന്നവരാണ് പാര്‍ലമെന്റിലുള്ളത്. ജനങ്ങളെ ബാധിക്കുന്ന സുപ്രധാന പ്രശ്നങ്ങള്‍ ഭരണാധികാരികളെക്കൊണ്ട് ചെയ്യിക്കുക എന്ന ഉത്തരവാദിത്തവും നിയമനിര്‍മാണത്തിനുപുറമെ പാര്‍ലമെന്റിനുണ്ട്.

വിലക്കയറ്റവിഷയത്തില്‍ വോട്ടെടുപ്പുള്ള ചര്‍ച്ച നടത്തുന്നതിലൂടെ ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിലേക്ക് പാര്‍ലമെന്റിനെ നയിക്കുന്നതിനാണ് ഇടതുപക്ഷം ശ്രമിച്ചത്. എന്നാല്‍ , ബിജെപിയുടെ പിന്തുണ ഇരന്നുവാങ്ങി ആ ശ്രമം യുപിഎ സര്‍ക്കാര്‍ അട്ടിമറിക്കുന്ന കാഴ്ചയാണ് പാര്‍ലമെന്റിലുണ്ടായത്. യുപിഎ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസും പ്രതിപക്ഷത്തിരിക്കുന്ന ബിജെപിയും ജനവിരുദ്ധനയങ്ങളില്‍ ഇരട്ട സഹോദരങ്ങളാണ്. സാമ്രാജ്യത്വാനുകൂല സമീപനത്തിലും കോര്‍പറേറ്റുകള്‍ക്കുവേണ്ടി നയങ്ങള്‍ രൂപീകരിക്കുന്നതിലും അഴിമതിയിലുമെല്ലാം ഈ സൗഹൃദം നേരത്തെ തെളിഞ്ഞുകണ്ടതാണ്. ശവപ്പെട്ടി കുംഭകോണം മുതല്‍ കര്‍ണാടകത്തിലെ ഖനി അഴിമതിവരെ ബിജെപിയുടെ പട്ടികയിലുണ്ട്.

2ജി സ്പെക്ട്രം അഴിമതിയിലെ മുഖ്യപ്രതിയായ കോണ്‍ഗ്രസിനോട് അക്കാര്യത്തില്‍ മത്സരം നടത്തുകയാണ് ഹിന്ദുത്വ പാര്‍ടി. ആ സാഹചര്യത്തില്‍ യുപിഎ സര്‍ക്കാരിന്റെ നിരുത്തരവാദനിലപാടിന് ലോക്സഭയില്‍ ബിജെപി പിന്തുണ നല്‍കിയതില്‍ അത്ഭുതപ്പെടാനില്ല. യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിന് തല്‍ക്കാലം ഭീഷണിയൊന്നും ഉയര്‍ന്നുവന്നിട്ടില്ല. സര്‍ക്കാരിനെ പരാജയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രമേയം വോട്ടെടുപ്പോടെയാകണമെന്ന് ഇടതുപക്ഷം അഭിപ്രായപ്പെട്ടതെന്ന് കോണ്‍ഗ്രസ് പോലും ആരോപിച്ചിട്ടുമില്ല. വിലക്കയറ്റം തടയുന്നതില്‍ യുപിഎ സര്‍ക്കാര്‍ പരിപൂര്‍ണമായി പരാജയപ്പെട്ടു എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അത് ഓര്‍മിപ്പിച്ച് ജനങ്ങള്‍ക്കുവേണ്ടി ഗൗരവത്തോടെ സര്‍ക്കാരിനെക്കൊണ്ട് എന്തെങ്കിലും ചെയ്യിക്കുക-ആ ഉദ്ദേശ്യത്തെയാണ് സഭയിലെ ഒത്തുകളിയിലൂടെ കോണ്‍ഗ്രസും ബിജെപിയും തുരങ്കംവച്ചത്. വിലക്കയറ്റത്തില്‍ "അഗാധമായ ഉല്‍ക്കണ്ഠ" രേഖപ്പെടുത്തുകയും സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുകയും മാത്രംചെയ്യുന്ന സമവായപ്രമേയം ബിജെപി-കോണ്‍ഗ്രസ് ഐക്യത്തില്‍ നിന്നാണുരുത്തിരിഞ്ഞത്. വിലക്കയറ്റം ആഗോളപ്രതിഭാസമാണെന്നുപറഞ്ഞ് സ്വന്തം കഴിവുകേട് ഇന്ദിര ഗാന്ധി മറച്ചുവെച്ചിരുന്നു. ഇപ്പോള്‍ മന്‍മോഹന്‍ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം പ്രണബ് മുഖര്‍ജി പറയുന്നു, ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരമാണ് വിലക്കയറ്റത്തിനുള്ള പ്രധാനകാരണമെന്ന്. സാമ്പത്തികശാസ്ത്രത്തിന്റെ ബാലപാഠം പഠിപ്പിക്കാനുള്ള വേദിയാണോ പാര്‍ലമെന്റ് എന്ന് കോണ്‍ഗ്രസ് വിശദീകരിക്കേണ്ടതുണ്ട്. വിലക്കയറ്റം തടയാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇടതുപക്ഷം മുന്നോട്ടുവച്ച ഭേദഗതികളിലുള്ള വോട്ടെടുപ്പിലാണ് ബിജെപിയും കോണ്‍ഗ്രസും പരസ്യമായി കൈകോര്‍ത്തത്. ഇതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ- മതേതര പാര്‍ടികള്‍ക്ക് സഭയില്‍നിന്ന് ഇറങ്ങിപ്പോകേണ്ടിവന്നു. ചര്‍ച്ചയ്ക്കുശേഷവും സര്‍ക്കാര്‍ വിലക്കയറ്റം തടയാനുള്ള മൂര്‍ത്തമായ ഒരു നടപടിയും പ്രഖ്യാപിച്ചില്ല. ജനാധിപത്യത്തെ അപഹസിക്കുന്ന നാടകമാണ് സഭയിലുണ്ടായത്. കോണ്‍ഗ്രസ്, ബിജെപി നേതൃത്വം കൂടിയാലോചിച്ച് തീരുമാനിച്ച പ്രമേയമാണ് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ ചട്ടം 184 പ്രകാരം അവതരിപ്പിച്ചത്. ദുര്‍ബലമായ പ്രമേയമാണിതെന്ന ഇടതുപക്ഷത്തിന്റെ വാദവും അതിന്റെ ഭാഗമായി അവതരിപ്പിച്ച ഭേദഗതികളുമാണ് യുപിഎ-എന്‍ഡിഎ സഖ്യം തള്ളിയത്.

എസ്പി, ബിഎസ്പി, ആര്‍ജെഡി പാര്‍ടികള്‍ സഭയില്‍നിന്ന് വിട്ടുനിന്നു. ഇടതുപക്ഷത്തിന്റെ ഭേദഗതികള്‍ വോട്ടിനെടുത്തപ്പോള്‍ ഇടതുപക്ഷ പാര്‍ടികള്‍ക്ക് പുറമെ മതേതര-ജനാധിപത്യ പാര്‍ടികളായ ബിജെഡി, തെലുങ്കുദേശം, എഐഎഡിഎംകെ, ജെഡിഎസ് എന്നീ പാര്‍ടികള്‍ പിന്തുണച്ചു. കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്താല്‍പോലും ആ സഖ്യത്തിന്റെ ദുര്‍നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷ-മതേതര-ജനാധിപത്യ പാര്‍ടികളുടെ ഒരു നിര ഉണ്ട് എന്നാണ് ഇതിലൂടെ വ്യക്തമായത്. ഭരണപക്ഷവും മുഖ്യപ്രതിപക്ഷവും ഒത്തുചേര്‍ന്നിട്ടും 320 വോട്ടുമാത്രമാണ് പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. നേരിട്ടും അല്ലാതെയും എതിര്‍പ്പുയര്‍ത്തുന്നവരുടെ ശക്തി ചെറുതല്ല. അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന കോണ്‍ഗ്രസിനും ബിജെപിക്കും പരസ്പരം സഹായിക്കാന്‍ ലജ്ജയില്ല എന്നതാണ് പാര്‍ലമെന്റ് നടപടികള്‍ നല്‍കുന്ന സന്ദേശം. ഈ നിര്‍ലജ്ജസഖ്യത്തെ തുറന്നുകാട്ടാനും ജനങ്ങളെ ദുരിതത്തിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കാനുമുള്ള സമരമാണ് ഇടതുപക്ഷനേതൃത്വത്തില്‍ പാര്‍ലമെന്റിലും പുറത്തും നടക്കുന്നത്. ആ സമരത്തെ ശക്തിപ്പെടുത്തുകയാണ് നമ്മുടെ രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുന്നതിനുള്ള മാര്‍ഗം.

deshabhimani editorial 050811

1 comment:

  1. വിലക്കയറ്റം സംബന്ധിച്ച് ഒന്നാം യുപിഎ സര്‍ക്കാര്‍ വന്നശേഷം ഇന്നുവരെ ഒരുഡസന്‍തവണ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. വഴിപാടിന് ചര്‍ച്ച നടത്തുക; പൊള്ളയായ ചില വാഗ്ദാനങ്ങള്‍ നല്‍കുക; പിന്നീട് അതെല്ലാം മറക്കുക-ഇതാണ് എന്നും യുപിഎ സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം. ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നങ്ങളിലൊന്ന് വിലക്കയറ്റംതന്നെയാണ്. അത് പരിഹരിക്കുന്നതിന് പകരം വിലക്കയറ്റത്തിന്റെ ഭാരം കൂടുതല്‍കൂടുതലായി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അന്യായമായ ഇന്ധന വിലവര്‍ധന അത്തരം നടപടികളില്‍ ഒന്നുമാത്രം. സര്‍ക്കാരിന് പാര്‍ലമെന്റിനോട് ഉത്തരവാദിത്തമുണ്ടാകണം. പാര്‍ലമെന്റിന് ജനങ്ങളോടും. ജനങ്ങള്‍ തെരഞ്ഞെടുത്തയക്കുന്നവരാണ് പാര്‍ലമെന്റിലുള്ളത്. ജനങ്ങളെ ബാധിക്കുന്ന സുപ്രധാന പ്രശ്നങ്ങള്‍ ഭരണാധികാരികളെക്കൊണ്ട് ചെയ്യിക്കുക എന്ന ഉത്തരവാദിത്തവും നിയമനിര്‍മാണത്തിനുപുറമെ പാര്‍ലമെന്റിനുണ്ട്.

    ReplyDelete