Wednesday, August 10, 2011

ഉമ്മന്‍ചാണ്ടിയെ നാലാംപ്രതിയാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുക്കി


പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ നാലാം പ്രതിയാക്കി ആദ്യം തയ്യാറാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാതെ വിജിലന്‍സ് ആസ്ഥാനത്ത് മുക്കിയ വിവരം പുറത്തുവന്നു. 14 പേജുള്ള ആദ്യ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരുന്നത്. ഉമ്മന്‍ചാണ്ടിയെയും അന്നത്തെ ധനവകുപ്പു സെക്രട്ടറി എന്‍ വി മാധവനെയും പ്രതിചേര്‍ക്കുന്നത് സംബന്ധിച്ച് അന്വേഷണസംഘം വിജിലന്‍സ് നിയമോപദേഷ്ടാവുമായി ചര്‍ച്ച നടത്തിയിരുന്നതായും സൂചനയുണ്ട്. ഭരണമാറ്റം മുന്നില്‍ കണ്ട്, വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ട് തയ്യാറാക്കിയ ഒമ്പതു പേജുള്ള രണ്ടാമത്തെ റിപ്പോര്‍ട്ടിലാണ് മറ്റാര്‍ക്കും അഴിമതിയില്‍ പങ്കില്ലെന്ന് ചേര്‍ത്തത്. ഈ റിപ്പോര്‍ട്ടിന് ബലംനല്‍കാന്‍ കേസ് ഡയറിയിലും തിരിമറി നടത്തി. ആദ്യം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നാലാം പ്രതിസ്ഥാനത്ത് ചേര്‍ത്ത ഉമ്മന്‍ചാണ്ടിയെ അവസാനഘട്ടത്തിലാണ് ഒഴിവാക്കിയത്.

പാമൊലിന്‍ ഇറക്കുമതി ചെയ്യുന്നതിന് അന്നത്തെ ചീഫ് സെക്രട്ടറിയും മൂന്നാം പ്രതിയുമായ എസ് പത്മകുമാര്‍ , അഡീഷണല്‍ ചീഫ് സെക്രട്ടറിയും നാലാം പ്രതിയുമായ സഖറിയാ മാത്യൂ എന്നിവരുമായി ചേര്‍ന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി, ധന സെക്രട്ടറിയായിരുന്ന എന്‍ വി മാധവന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഉമ്മന്‍ചാണ്ടിക്കും എന്‍ വി മാധവനുമെതിരെയുള്ള തെളിവുകളും റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിരുന്നു. ആദ്യറിപ്പോര്‍ട്ടിലെ ഈ ഭാഗം നീക്കിയ ശേഷമാണ് രണ്ടാമത്തെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

തുടരന്വേഷണത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലഭിച്ച തെളിവുകള്‍ സംബന്ധിച്ചാണ് വിജിലന്‍സ് ലീഗല്‍ അഡ്വസൈര്‍ ആര്‍എസ് ജ്യോതി, സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി എ അഹമ്മദ് എന്നിവരുമായി അന്വേഷണ ഉദ്യോഗസ്ഥനായ വി എന്‍ ശശിധരന്‍ ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍ ഡസ്മണ്ട് നെറ്റോക്ക് റിപ്പോര്‍ട്ടുനല്‍കി. വോട്ടെണ്ണല്‍ കഴിയുംവരെ പിടിച്ചുവച്ച ശേഷമാണ് റിപ്പോര്‍ട്ട് മാറ്റിമറിച്ചത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം കിട്ടിയെന്ന് ഉറപ്പായ ശേഷമായിരുന്നു ഇത്. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ ഏഴു പേരെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുകയും രണ്ടു രേഖകള്‍ കൂടി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അന്നത്തെ ധനവകുപ്പ് സെക്രട്ടറി എന്‍ വി മാധവന്‍ , ഭക്ഷ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ജി സോമരാജന്‍ , ധനവകുപ്പ് അണ്ടര്‍ സെക്രട്ടറി കെ വി തോമസ്, ടി എച്ച് മുസ്തഫ എന്നിവരെയാണ് വീണ്ടും ചോദ്യംചെയ്തത്. ഇക്കാര്യം തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ മൂന്നാം പേജില്‍ പറഞ്ഞിട്ടുണ്ട്. മുന്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍ , അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാമാത്യൂ, അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ഒരേതരത്തില്‍ നല്‍കിയ മൊഴിയാണ് ഗൂഢാലോചനയ്ക്ക് തെളിവായി വിജിലന്‍സ് കണ്ടെത്തിയത്. പാമൊലിന്‍ ഇറക്കുമതി ചെയ്യേണ്ട അടിയന്തര സാഹചര്യമായിരുന്നുവെന്നാണ് മൂന്നുപേരും ചോദ്യംചെയ്യലില്‍ പറഞ്ഞത്. എന്നാല്‍ , അത്തരമൊരു സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി.

ഇറക്കുമതി പ്രശ്നം മന്ത്രിസഭായോഗത്തില്‍ വരുന്നതിനുമുമ്പ് സഖറിയാ മാത്യൂ തയ്യാറാക്കിയ കുറിപ്പ് ഉമ്മന്‍ചാണ്ടി അംഗീകരിച്ചതിനും തെളിവുണ്ട്. ഇറക്കുമതി ചെയ്യാനുള്ള തീരുമാനം അംഗീകരിച്ച് ഉമ്മന്‍ചാണ്ടി ഒപ്പുവച്ചിട്ടുണ്ട്. 1991 നവംബര്‍ 27ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഇനം 0/8-4 ആയാണ് ഇക്കാര്യം പരിഗണിച്ചത്. "വെരി അര്‍ജന്റ് മാറ്റര്‍" എന്ന കുറിപ്പോടെ എത്തിയ ഫയലില്‍ "ക്യാബിനറ്റില്‍ കൊണ്ടുവരിക" എന്ന് ഭക്ഷ്യമന്ത്രി രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് തൊട്ടുതാഴെയാണ് ഉമ്മന്‍ചാണ്ടി അംഗീകരിച്ച് ഒപ്പിട്ടത്. തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ പരിഗണനാ വേളയിലാണ് കേസ് ഡയറി കോടതി കസ്റ്റഡിയിലെടുത്തത്. ഇതിലെ നിരവധി പേജുകള്‍ മാറ്റം വരുത്തിയതായി സൂചനയുണ്ട്. ചില പേജുകളില്‍ വെട്ടിത്തിരുത്തല്‍ വരുത്തിയതിനും തെളിവുണ്ട്.
(കെ ശ്രീകണ്ഠന്‍)

കുരുക്ക് മുറുകി

മുഖ്യമന്ത്രിപദവി നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പിന്റെ ചുമതല ഒഴിഞ്ഞു. പകരം തന്റെ വിശ്വസ്തനും ഗ്രൂപ്പുകാരനുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വകുപ്പ് ഏല്‍പ്പിച്ചു. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് വകുപ്പ് ഒഴിഞ്ഞത്. പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെങ്കിലും കരുക്ക് കൂടുതല്‍ മുറുകുകയാണ്. വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെട്ടുവെന്നോ ഉദ്യോഗസ്ഥരെ സ്വാധീനിച്ചുവെന്നോ ആക്ഷേപം വരാതിരിക്കാനാണ് വകുപ്പ് ഒഴിഞ്ഞതെന്നാണ് വിശദീകരണം. എന്നാല്‍ , മുഖ്യമന്ത്രിക്ക് ഏത് അന്വേഷണത്തിലും ഇടപെടാനും ഏത് ഉദ്യോഗസ്ഥനെ സ്വാധീനിക്കാനും കഴിയും. വിജിലന്‍സ് മന്ത്രിക്ക് തന്നെ മുഖ്യമന്ത്രിക്ക് വിധേയനായേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. അതിനാല്‍ വകുപ്പ് കൈമാറ്റം വെറും കണ്ണില്‍പൊടിയിടലാണെന്ന് ഭരണപക്ഷത്തുള്ളവരും സമ്മതിക്കുന്നു.

മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞതുകൊണ്ടു മാത്രം പ്രശ്നം അവസാനിക്കുന്നില്ലെന്ന് നിയമവിദഗ്ധരും വിലയിരുത്തുന്നു. വിജിലന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ പൂര്‍ണമായും ആഭ്യന്തര വകുപ്പിന്റെ ഭാഗമാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞിട്ടില്ല. വിജിലന്‍സ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരാവട്ടെ പൊതുഭരണവകുപ്പിന് കീഴിലും. ഈ വകുപ്പും ഉമ്മന്‍ചാണ്ടിയുടെ കയ്യിലാണ്. കോടതിവിധി അത്യന്തം ഗൗരവമുള്ളതാണെന്ന പ്രതിപക്ഷ നിലപാട് സാധൂകരിക്കുന്നതാണ് വിജിലന്‍സ് വകുപ്പ് പെട്ടെന്ന് ഒഴിയാനുള്ള തീരുമാനം. മുഖ്യമന്ത്രി പദത്തില്‍ തുടരുന്നതിനെ ന്യായീകരിക്കാന്‍ ഇതുവരെ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടുമില്ല. രാജിവയ്ക്കാത്തതിന് പറയുന്ന ഏക കാരണം, തുടരാന്‍ ആന്റണി നിര്‍ദേശിച്ചിട്ടുണ്ടെന്നാണ്. എ കെ ആന്റണി നിര്‍ദേശിക്കുന്നതുകൊണ്ട് മാത്രം, ഈ കേസിലെ നിയമപരവും ധാര്‍മികവുമായ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് എത്രനാള്‍ തുടരാനാവുമെന്ന സംശയം കോണ്‍ഗ്രസ്-യുഡിഎഫ് വൃത്തങ്ങളിലുമുണ്ട്.

വിജിലിന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട് കോടതിയില്‍ എത്തി അന്തസ്സ് നഷ്ടപ്പെടുംവരെ രാജി നീട്ടിക്കൊണ്ടുപോകണോ എന്നതാണ് ചോദ്യം. നീതിപീഠത്തോട് പൂര്‍ണ ബഹുമാനമാണെന്ന് വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞ ഉടനെ മാധ്യമപ്രവര്‍ത്തകരോട് ഉമ്മന്‍ചാണ്ടി പറഞ്ഞു. അനുകൂല വിധി വരുമ്പോള്‍ നല്ലതെന്നും എതിരാകുമ്പോള്‍ മോശമെന്നും പറയാനാകില്ലെന്നും വിജിലന്‍സ് കോടതിക്കെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇതിനിടെ, വിജിലന്‍സിന്റെ ചുമതല തിരുവഞ്ചൂരിന് കൈമാറുന്ന കത്ത് ഗവര്‍ണര്‍ ആര്‍ എസ് ഗവായിക്ക് നല്‍കി. ദൗത്യം പൂര്‍ണ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. വിജിലന്‍സ് കോടതി ഉത്തരവിനെ വിമര്‍ശിച്ച അദ്ദേഹം, മുന്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്തെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തിയില്ലെന്ന് അവകാശപ്പെട്ടു. തിരുവഞ്ചൂര്‍ വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്താല്‍ അന്വേഷണം ഏതു രൂപത്തിലാകുമെന്ന് സൂചിപ്പിക്കുന്നതാണ് ഈ പ്രതികരണം.
(എം രഘുനാഥ്)

deshabhimani 100811

1 comment:

  1. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ നാലാം പ്രതിയാക്കി ആദ്യം തയ്യാറാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാതെ വിജിലന്‍സ് ആസ്ഥാനത്ത് മുക്കിയ വിവരം പുറത്തുവന്നു. 14 പേജുള്ള ആദ്യ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരുന്നത്. ഉമ്മന്‍ചാണ്ടിയെയും അന്നത്തെ ധനവകുപ്പു സെക്രട്ടറി എന്‍ വി മാധവനെയും പ്രതിചേര്‍ക്കുന്നത് സംബന്ധിച്ച് അന്വേഷണസംഘം വിജിലന്‍സ് നിയമോപദേഷ്ടാവുമായി ചര്‍ച്ച നടത്തിയിരുന്നതായും സൂചനയുണ്ട്. ഭരണമാറ്റം മുന്നില്‍ കണ്ട്, വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ട് തയ്യാറാക്കിയ ഒമ്പതു പേജുള്ള രണ്ടാമത്തെ റിപ്പോര്‍ട്ടിലാണ് മറ്റാര്‍ക്കും അഴിമതിയില്‍ പങ്കില്ലെന്ന് ചേര്‍ത്തത്. ഈ റിപ്പോര്‍ട്ടിന് ബലംനല്‍കാന്‍ കേസ് ഡയറിയിലും തിരിമറി നടത്തി. ആദ്യം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നാലാം പ്രതിസ്ഥാനത്ത് ചേര്‍ത്ത ഉമ്മന്‍ചാണ്ടിയെ അവസാനഘട്ടത്തിലാണ് ഒഴിവാക്കിയത്.

    ReplyDelete