Tuesday, August 9, 2011

മതനിയമ മിശ്രവിവാഹംഅസാധു

വിവാഹം എങ്ങനെയുമാകാം. പക്ഷേ, വിവാഹത്തിന് നിയമസാധുതവേണമെന്ന് ആഗ്രഹിക്കുന്നവര്‍ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടിവരും. സാധുതയില്ലാത്ത വിവാഹങ്ങള്‍ പലപ്പോഴും കുഴപ്പത്തിലാക്കുക സ്ത്രീകളെയായിരിക്കും. ഉപേക്ഷിക്കുന്ന ഭര്‍ത്താവില്‍നിന്ന് ജീവനാംശം നേടാനോ കുട്ടികളുടെ സംരക്ഷണം ആവശ്യപ്പെടാനോ വിവാഹത്തിന് നിയമപിന്‍ബലം വേണ്ടിവരും. മതേതര രാജ്യമെങ്കിലും വിവിധ സമുദായങ്ങള്‍ക്ക് വ്യത്യസ്ത വ്യക്തിനിയമങ്ങളുടെ പിന്‍ബലത്തില്‍ വ്യത്യസ്ത വിവാഹനിയമങ്ങളും ഇന്ത്യയില്‍ നിലനില്‍ക്കുന്നു. ഈ വിവാഹനിയമങ്ങള്‍ ആ മതവിഭാഗക്കാര്‍ക്കേ ബാധകമാകൂ. അതുകൊണ്ടുതന്നെ മിശ്രവിവാഹങ്ങള്‍ ഏതെങ്കിലും ഒരു മതനിയമപ്രകാരം നടത്തിയാല്‍ അതു പിന്നീട് നിയമത്തര്‍ക്കമായി മാറാം. സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ചാണ് ഇത്തരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ തര്‍ക്കം വരില്ല.

ഇത്തരത്തിലൊരു തര്‍ക്കം 2008ല്‍ സുപ്രീംകോടതിയിലെത്തി. "ഹിന്ദു വിവാഹനിയമ"പ്രകാരം ഒരു ക്രിസ്ത്യാനി ഹിന്ദുവിനെ വിവാഹം ചെയ്താല്‍ അതിന് നിയമപരമായ നിലനില്‍പ്പുണ്ടോ എന്നായിരുന്നു ചോദ്യം. നിയമനിര്‍വചനം സൂക്ഷ്മമായി പരിശോധിച്ച് കോടതി തീര്‍പ്പാക്കി: ഇത്തരം വിവാഹം നിയമപരമായി നിലനില്‍ക്കില്ല; അത് അസാധുവാണ്. ആന്ധ്രാ സ്വദേശികളുടെ വിവാഹമാണ് വിവാദമായത്. റോമന്‍ കത്തോലിക്കനാണ് വരന്‍ . വധു ഹിന്ദുവും. കല്യാണം അമ്പലത്തില്‍ നടത്തി. താലിയും കെട്ടി. വീട്ടുകാര്‍ സഹകരിച്ചില്ല. അതുകൊണ്ട് മറ്റു ചടങ്ങുകള്‍ ഉണ്ടായില്ല. വിവാഹം ഹിന്ദുനിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ എട്ടാം വകുപ്പനുസരിച്ചായിരുന്നു രജിസ്ട്രേഷന്‍ . ആദ്യം കോടതിയിലെത്തിയത് വധുവാണ്. വിവാഹം കഴിഞ്ഞ് അഞ്ചുമാസം തികയും മുമ്പാണിത്. കുടുംബകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിവാഹം അസാധുവായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. വരന്‍ അയാളുടെ സാമൂഹ്യപദവി തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയതെന്നായിരുന്നു മുഖ്യവാദം. കുടുംബകോടതി കേസ് തള്ളി. ഹൈക്കോടതിയില്‍ ഹര്‍ജിക്കാരി അപ്പീല്‍ നല്‍കി. വിവാഹം തുടക്കത്തിലേതന്നെ നിലനില്‍ക്കാത്തതാണെന്നായിരുന്നു ഹൈക്കോടതി വിധി. ഈ വിധിക്കുശേഷം സ്ത്രീ വേറെ വിവാഹവും കഴിച്ചു.

അഞ്ചാംവകുപ്പില്‍ പറയുന്നത് അവിടെ കൊടുത്തിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കപ്പെട്ടാല്‍ രണ്ടു ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹം ഈ നിയമപ്രകാരം നടത്തിക്കൊടുക്കാം എന്നാണ്. "നടത്തിക്കൊടുക്കാം"(may be solemnized) എന്നു പറയുന്നതിനാല്‍ അതില്‍ നിര്‍ബന്ധത്തിന്റെ അംശമില്ലെന്നും അതൊരു ഐച്ഛിക (optional) വ്യവസ്ഥയാണെന്നുമുള്ള വാദം കോടതി തള്ളി. ഇവിടെ നിയമം നിര്‍ബന്ധത്തിന്റെ ഭാഷതന്നെയാണ് ഉപയോഗിക്കുന്നത്. നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ നടത്തുന്ന വിവാഹം അസാധുവാണെന്നുതന്നെയാണ് പറയുന്നത്. നിയമത്തിന്റെ ഏഴാംവകുപ്പില്‍ പറയുന്നത് അഞ്ചാംവകുപ്പിലെ വ്യവസ്ഥകള്‍ പാലിച്ചുള്ള ഒരു വിവാഹം ഏഴാംവകുപ്പിലെ ചടങ്ങുകള്‍ പാലിച്ച് നടത്താമെന്നാണ്. തര്‍ക്കമായ വിവാഹം നടക്കുമ്പോള്‍ വരന്‍ ക്രിസ്ത്യാനിയായിരുന്നു. അതിനാല്‍ ഹിന്ദു ആചാരപ്രകാരം നടത്തിയ ആ വിവാഹം അസാധുവാണ്. ഹിന്ദു നിയമത്തിലെ എട്ടാംവകുപ്പനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തതും അസാധുവാണ് എന്ന് ജ. അല്‍തമാസ് കബീര്‍ , ജ. അഫ്ത്താബ് ആലം എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. പുനര്‍വിവാഹത്തിനെതിരെ ചില വാദങ്ങള്‍ പരാതിക്കാരന്‍ ഉന്നയിച്ചിരുന്നു. ഈ വാദങ്ങള്‍ അപ്രസക്തമാണെന്ന് വിധിയില്‍ പറഞ്ഞു. ആദ്യവിവാഹംതന്നെ അസാധുവാണ്. അതുകൊണ്ട് പുനര്‍വിവാഹത്തിന്റെ സാധുതയെപ്പറ്റി ചര്‍ച്ച വേണ്ട- 2008 ഡിസംബര്‍ നാലിന്റെ വിധിയില്‍ കോടതി വ്യക്തമാക്കി.
(അഡ്വ. കെ ആര്‍ ദീപ)

deshabhimani

2 comments:

  1. വിവാഹം എങ്ങനെയുമാകാം. പക്ഷേ, വിവാഹത്തിന് നിയമസാധുതവേണമെന്ന് ആഗ്രഹിക്കുന്നവര്‍ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടിവരും. സാധുതയില്ലാത്ത വിവാഹങ്ങള്‍ പലപ്പോഴും കുഴപ്പത്തിലാക്കുക സ്ത്രീകളെയായിരിക്കും. ഉപേക്ഷിക്കുന്ന ഭര്‍ത്താവില്‍നിന്ന് ജീവനാംശം നേടാനോ കുട്ടികളുടെ സംരക്ഷണം ആവശ്യപ്പെടാനോ വിവാഹത്തിന് നിയമപിന്‍ബലം വേണ്ടിവരും. മതേതര രാജ്യമെങ്കിലും വിവിധ സമുദായങ്ങള്‍ക്ക് വ്യത്യസ്ത വ്യക്തിനിയമങ്ങളുടെ പിന്‍ബലത്തില്‍ വ്യത്യസ്ത വിവാഹനിയമങ്ങളും ഇന്ത്യയില്‍ നിലനില്‍ക്കുന്നു. ഈ വിവാഹനിയമങ്ങള്‍ ആ മതവിഭാഗക്കാര്‍ക്കേ ബാധകമാകൂ. അതുകൊണ്ടുതന്നെ മിശ്രവിവാഹങ്ങള്‍ ഏതെങ്കിലും ഒരു മതനിയമപ്രകാരം നടത്തിയാല്‍ അതു പിന്നീട് നിയമത്തര്‍ക്കമായി മാറാം. സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ചാണ് ഇത്തരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ തര്‍ക്കം വരില്ല.

    ReplyDelete
  2. ഒരാള്‍ മറ്റേ ആളുടെ മതത്തിലേക്ക് മാറിയതിനു ശേഷം ആണ് വിവാഹം കഴിക്കുന്നത്‌ എങ്കിലോ ???

    ReplyDelete