Saturday, August 6, 2011

പട്ടണം ഗവേഷണത്തെ വര്‍ഗീയവല്‍ക്കരിച്ച് ആര്‍എസ്എസ് അനുകൂല സംഘടന

കൊച്ചി: മുസിരിസ് പദ്ധതിയുടെ വിമര്‍ശനാവലോകനമെന്ന പേരില്‍ പട്ടണം ചരിത്രഗവേഷണത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ആര്‍എസ്എസ് അനുകൂല സംഘടന രംഗത്ത്. ഒരുവിഭാഗം പുരാവസ്തു ഗവേഷകരെ അണിനിരത്തി മുസിരിസ് ഹെറിറ്റേജ് പ്രിസര്‍വേഷന്‍ ഫോറം എന്ന സംഘടന കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാര്‍ കേരള ചരിത്രഗവേഷണ കൗണ്‍സിലി (കെസിഎച്ച്ആര്‍)നെ പര്യവേക്ഷണചുമതലയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ടു. പര്യവേക്ഷണത്തിന്റെ കണ്ടെത്തലുകള്‍ സംബന്ധിച്ച അഞ്ചാംപാദ റിപ്പോര്‍ട്ടിലെ തീര്‍പ്പുകള്‍ അശാസ്ത്രീയവും വേണ്ടത്ര പഠനമില്ലാത്തതുമാണെന്ന് സെമിനാറില്‍ സംസാരിച്ചവര്‍ പറഞ്ഞു. പട്ടണം പര്യവേക്ഷണത്തിന് നേതൃത്വംനല്‍കുന്ന ഡോ. പി ജെ ചെറിയാനെ ഒറ്റതിരിച്ച് ആക്രമിക്കാനും ശ്രമമുണ്ടായി. പഴയ മുസിരിസ് പറവൂരിലെ പട്ടണമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുയര്‍ന്നു. പ്രമുഖ ചരിത്രകാരന്മാരൊന്നും പട്ടണത്തെ അത്തരത്തില്‍ അംഗീകരിച്ചിട്ടില്ല. പദ്ധതിയില്‍നിന്ന് പ്രമുഖരെല്ലാം ഇടക്കാലത്ത് പിന്മാറി. ഇറക്കുമതിചെയ്ത പണ്ഡിതരാണ് ഇപ്പോള്‍ പദ്ധതിയില്‍ സഹകരിക്കുന്നത്. പി ജെ ചെറിയാന് പുരാവസ്തു ഗവേഷകനുവേണ്ട യോഗ്യതയില്ല. പദ്ധതിയുമായി സഹകരിക്കുന്ന ചരിത്രഗവേഷകര്‍ പുരാവസ്തുഗവേഷണത്തില്‍ അറിവില്ലാത്ത ആധുനികരാണ്. മുസിരിസ് ഗവേഷണം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സര്‍വകലാശാലകളുമായി ചേര്‍ന്നു നടത്തണം. എന്നിങ്ങനെയാണ് പ്രസ്താവന.

എന്നാല്‍ , സെന്റ് തോമസിന്റെ വരവിന് ചരിത്രപിന്തുണ കൊടുക്കാന്‍ പട്ടണത്ത് ശ്രമം നടക്കുന്നുവെന്ന ആക്ഷേപമാണ് സെമിനാറില്‍ പ്രധാനമായി ഉയര്‍ന്നത്. പട്ടണം പര്യവേക്ഷണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആരെയും സെമിനാറിലേക്കു ക്ഷണിച്ചിരുന്നില്ല. വേലായുധന്‍ പണിക്കശേരി, ഡോ. സി ഐ ഐസക് എന്നിവരാണ് പ്രസ്താവന നല്‍കിയത്. കുഴിച്ചെടുത്ത ചരിത്രശേഷിപ്പുകള്‍ രാജ്യത്തെ ചരിത്ര ഗവേഷണങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത കാഞ്ചിപുരം സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ. ആര്‍ രംഗസ്വാമി പറഞ്ഞു. എന്നാല്‍ , ചരിത്രത്തില്‍ തെളിവുകളുടെ പിന്‍ബലമില്ലാത്ത സെന്റ് തോമസിന്റെ ആഗമനത്തെ പട്ടണവുമായി ചേര്‍ക്കാന്‍ ശ്രമിക്കുന്നു. പട്ടണമാണ് മുസിരിസെന്ന കാര്യത്തില്‍ തെളിവുകളില്ല. കൊടുങ്ങല്ലൂരിനെക്കൂടി ഉള്‍പ്പെടുത്തിവേണം പര്യവേക്ഷണമെന്ന് അദ്ദേഹം പറഞ്ഞു. കണ്ടെത്തിയ ശേഷിപ്പുകള്‍ ശാസ്ത്രീയമായി പരിശോധിക്കാതെ തീര്‍പ്പിലെത്തരുതെന്ന് കേരള പുരാവസ്തുവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. ടി സത്യമൂര്‍ത്തി പറഞ്ഞു. ഇതുവരെ നടന്ന പര്യവേക്ഷണപദ്ധതികളുമായി അതിനെ ബന്ധിപ്പിക്കണം. ആര്‍ക്കിയോളജിസ്റ്റ് പുരാവസ്തു പര്യവേക്ഷണം നടത്തിയാല്‍മതി. ചരിത്രമെഴുത്ത് ചരിത്രകാരന്മാര്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്നു സംസാരിച്ച വേലായുധന്‍ പണിക്കശേരി, ഡോ. എം ജി ശശിഭൂഷണ്‍ , പി രാജന്‍ , പി കെ ഗോപി, അരവിന്ദന്‍ നീലകണ്ഠന്‍ എന്നിവരും പട്ടണം പര്യവേക്ഷണത്തെ രൂക്ഷമായി വിമര്‍ശിച്ചു. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായിരുന്നു സെമിനാറിന്റെ സംഘാടകര്‍ .

deshabhimani 060811

1 comment:

  1. മുസിരിസ് പദ്ധതിയുടെ വിമര്‍ശനാവലോകനമെന്ന പേരില്‍ പട്ടണം ചരിത്രഗവേഷണത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ആര്‍എസ്എസ് അനുകൂല സംഘടന രംഗത്ത്. ഒരുവിഭാഗം പുരാവസ്തു ഗവേഷകരെ അണിനിരത്തി മുസിരിസ് ഹെറിറ്റേജ് പ്രിസര്‍വേഷന്‍ ഫോറം എന്ന സംഘടന കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാര്‍ കേരള ചരിത്രഗവേഷണ കൗണ്‍സിലി (കെസിഎച്ച്ആര്‍)നെ പര്യവേക്ഷണചുമതലയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ടു.

    ReplyDelete