Saturday, August 6, 2011

എല്‍ഡിഎഫ് സര്‍ക്കാര്‍ തുറന്ന ലാറ്റക്സ് ഫാക്ടറിക്ക് വീണ്ടും ഉദ്ഘാടനം

കൊടുമണ്‍ : എല്‍ഡിഎഫ് സര്‍ക്കാര്‍ കോടികള്‍ മുടക്കി പണിപൂര്‍ത്തീകരിച്ച് ഉദ്ഘാടനംചെയ്ത ലാറ്റക്സ് ഫാക്ടറി യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി വീണ്ടും ഉദ്ഘാടനം ചെയ്യാന്‍ നീക്കം. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കോരുവിളയിലെ കുളവയലില്‍ നിര്‍മിച്ച പുതിയ ലാറ്റക്സ് ഫാക്ടറിയാണ് മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് വീണ്ടും ഉദ്ഘാടനം നടത്താന്‍ നീക്കം നടക്കുന്നത്.

സിപിഐ നേതാവ് ടി ജെ ആഞ്ചലോസ് ചെയര്‍മാനായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കഴിഞ്ഞ ബോര്‍ഡാണ് ആറ് കോടിയോളം രൂപ ചെലവഴിച്ച് പുതിയ ലാറ്റക്സ് ഫാക്ടറി പണികഴിപ്പിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെ അവസാന മാസത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് കൃഷി മന്ത്രി മുല്ലക്കര രത്നാകരനാണ് ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പുതുതായി അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരിന് ഫാക്ടറി നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു പങ്കും ഇല്ലാതിരിക്കെ വീണ്ടും ഉദ്ഘാടനം സംഘടിപ്പിക്കാനുള്ള നീക്കത്തില്‍ ജീവനക്കാരിലും തൊഴിലാളികളിലും ശക്തമായ പ്രതിഷേധമുണ്ട്.

സര്‍ക്കാരിന്റെ നേട്ടമായി കൊട്ടിഘോഷിച്ചാല്‍ അപഹാസ്യരാകുമെന്ന് അറിഞ്ഞിരുന്നിട്ടും ഉദ്ഘാടന മാമാങ്കം സംഘടിപ്പിക്കുന്നത് കോര്‍പ്പറേഷനിലെ ചില ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ വേണ്ടിയാണെന്ന് ആരോപണം ഉണ്ട്. ഉദ്ഘാടനത്തിന്റെ മറവില്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കപ്പെടാന്‍ ഇടയുണ്ട്. ഇതിന്റെ ഒരു ഭാഗം ഉദ്യോഗസ്ഥരുടെ കീശയിലേക്ക് ഒഴുകാനാണ് സാധ്യത. കൊച്ചുകല്‍ ജങ്ഷന് സമീപം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ലാറ്റക്സ് ഫാക്ടറി ജനങ്ങള്‍ നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ജനവാസ കേന്ദ്രത്തില്‍നിന്ന് മാറ്റിസ്ഥാപിച്ചത്.

കെഎംഎംഎല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച് മന്ത്രിക്ക് സ്വീകരണം

ചവറ: തൊഴില്‍ശാലയുടെ പ്രവര്‍ത്തനം ഒരുമണിക്കൂര്‍ സ്തംഭിപ്പിച്ച് തൊഴില്‍മന്ത്രിക്ക് സ്വീകരണം. തൊഴില്‍മന്ത്രി ഷിബു ബേബിജോണിന് കെഎംഎംഎല്ലിലെ യുഡിഎഫ് ട്രേഡ്യൂണിയനുകള്‍ നല്‍കിയ സ്വീകരണമാണ് ഒരുമണിക്കൂര്‍ കമ്പനിയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 8.30ന് ആരംഭിച്ച സ്വീകരണപരിപാടി 10നാണ് സമാപിച്ചത്. ഒമ്പത് മണിക്ക് കെഎംഎംഎല്ലിലെ ജനറല്‍ ഷിഫ്റ്റ് ആരംഭിക്കുന്നത്. അഡ്മിനിസ്ട്രറ്റീവ് വിഭാഗം ജീവനക്കാര്‍ , വിവിധ പ്ലാന്റുകളിലെ ജീവനക്കാര്‍ , കരാര്‍ തൊഴിലാളികള്‍ എന്നിവരെല്ലാം ജോലിക്ക് കയറുന്നത് ഈ ഷിഫ്റ്റിലാണ്. 10.03നാണ് ജീവനക്കാരും തൊഴിലാളികളും വ്യാഴാഴ്ച ജോലിക്ക് കയറിയത്. ഒരു മണിക്കൂര്‍ നേരത്തെ ശമ്പളം നഷ്ടപ്പെട്ടും പെരുംമഴയത്ത് ദേശീയപാതയോരത്ത് അഞ്ഞൂറോളം തൊഴിലാളികളാണ് കമ്പനിയില്‍ കയറാതെ നില്‍ക്കേണ്ടിവന്നത്. കരിമണല്‍ ലഭ്യതക്കുറവുമൂലം കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനം നിശ്ചലമാകുന്നുവെന്ന ആരോപണമുയരുന്ന സാഹചര്യത്തിലാണ് ഒരുമണിക്കൂര്‍ കമ്പനിയുടെ പ്രവര്‍ത്തനം നിശ്ചലമാക്കാന്‍ തൊഴില്‍മന്ത്രിയുടെ തന്നെ സ്വീകരണപരിപാടി വഴിയൊരുക്കിയത്.

deshabhimani

1 comment:

  1. എല്‍ഡിഎഫ് സര്‍ക്കാര്‍ കോടികള്‍ മുടക്കി പണിപൂര്‍ത്തീകരിച്ച് ഉദ്ഘാടനംചെയ്ത ലാറ്റക്സ് ഫാക്ടറി യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി വീണ്ടും ഉദ്ഘാടനം ചെയ്യാന്‍ നീക്കം. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കോരുവിളയിലെ കുളവയലില്‍ നിര്‍മിച്ച പുതിയ ലാറ്റക്സ് ഫാക്ടറിയാണ് മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് വീണ്ടും ഉദ്ഘാടനം നടത്താന്‍ നീക്കം നടക്കുന്നത്.

    ReplyDelete