Thursday, August 11, 2011

സര്‍വകലാശാലകളും സ്വയംഭരണാധികാരവും

യുഡിഎഫ് എപ്പോള്‍ അധികാരത്തില്‍ വന്നാലും സര്‍വകലാശാലകളുടെ സ്വയംഭരണാധികാരത്തെ തകര്‍ക്കാനുള്ള നീക്കം നടത്താറുണ്ട്. ഇത്തവണ അധികാരത്തില്‍ വന്ന് ചില മാസങ്ങള്‍ മാത്രമാകുന്ന ഘട്ടത്തില്‍ത്തന്നെ വിപല്‍ക്കരമായ ഈ നീക്കം ശക്തിപ്പെട്ടു. പുറത്തുനിന്ന് വിദഗ്ധരെ ഉള്‍പ്പെടുത്തി കേരളത്തിലെ സര്‍വകലാശാലകളുടെ സിന്‍ഡിക്കറ്റുകള്‍ പുനഃസംഘടിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം. സര്‍വകലാശാലകളുടെ ഭരണം വളഞ്ഞവഴിക്ക് കൈക്കലാക്കാനുള്ള കുതന്ത്രം എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമല്ല ഇത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബയോടെക്നോളജി എന്നീ രംഗങ്ങളില്‍നിന്നു രണ്ടുപേരെ വീതം നോമിനേറ്റ് ചെയ്യാനുള്ള വ്യവസ്ഥ ഇപ്പോള്‍ത്തന്നെയുണ്ട്. ഇപ്പോള്‍ , അതിനുപുറമെ കൂടുതല്‍പേരെ നോമിനേറ്റുചെയ്യാനാണ് നീക്കം. പുറമെ പറയുന്നത് "വൈദഗ്ധ്യം" ആണെങ്കിലും യഥാര്‍ഥത്തില്‍ മാനദണ്ഡമാകുക യുഡിഎഫ് രാഷ്ട്രീയമാകും എന്നത് തിരിച്ചറിയാന്‍ വിഷമമില്ല.

യുഡിഎഫ് മുമ്പ് ഭരിച്ചപ്പോള്‍ നടത്തിയ പ്രവൃത്തികള്‍ ഇതിനു തെളിവുതരുന്നുണ്ടുതാനും. ഇതിലെ ആപത്ത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസവും അധ്യാപക സംഘടനാനേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നതാണ്. എന്നാല്‍ , ഉന്നതവിദ്യാഭ്യാസരംഗത്തെ അഴിച്ചുപണി ഇപ്പോള്‍ പരിഗണനയിലില്ല എന്നായിരുന്നു മറുപടി. ആ വാക്കിന് ഒരു വിലയുമുണ്ടായിരുന്നില്ലെന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സ്. സര്‍വകലാശാലകളുടെ ഭരണപരമായ സ്വയംനിര്‍ണയാവകാശത്തെയും അക്കാദമിക് തലത്തിലുള്ള സ്വയംഭരണാവകാശത്തെയും തകര്‍ക്കുന്ന നടപടി ആ ഉന്നത വിദ്യാസ്ഥാപനങ്ങളെ നോക്കുകുത്തികളാക്കുകയേയുള്ളൂ. ഭരണരാഷ്ട്രീയത്തിന്റെ സ്വീകരണമുറിയായി സര്‍വകലാശാലകളെ മാറ്റുകയേയുള്ളൂ. ഇത് അനുവദിച്ചുകൂടാത്തതാണ്. യുഡിഎഫ് എന്നും അങ്ങനെയേ പെരുമാറിയിട്ടുള്ളൂ.

2005ല്‍ യുഡിഎഫ് കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ ഉള്ളടക്കം കേരളം മറന്നിട്ടില്ല. എയ്ഡഡ് കോളേജുകളിലെ അധ്യാപകരുടെ നിയമനം, ജോലിഭാരനിര്‍ണയം തുടങ്ങിയ കാര്യങ്ങളില്‍ യൂണിവേഴ്സിറ്റിക്കാണ് അധികാരം. യൂണിവേഴ്സിറ്റി നിയമമാണ് അക്കാര്യത്തിലുള്ള മാര്‍ഗനിര്‍ണയരേഖ. 2005ല്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ നിശ്ചയിച്ചത് സര്‍ക്കാരിന്റെ സമ്മതമില്ലാതെ എയ്ഡഡ് മാനേജ്മെന്റുകള്‍ നിയമനം നടത്തരുതെന്നാണ്. പ്രത്യക്ഷത്തില്‍ നല്ലതാണ് ഇതെന്നുതോന്നാം; പ്രത്യേകിച്ചും പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും അതില്‍ നിയമനം നടത്തുകയും ചെയ്യുന്ന കാര്യംവരുമ്പോള്‍ . എന്നാല്‍ , സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് അവിടെയായിരുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് സര്‍ക്കാര്‍ അനുവദിച്ച തസ്തികകളില്‍ റിട്ടയര്‍മെന്റിനെത്തുടര്‍ന്ന് നിയമനം നടത്തുന്നതിനായിരുന്നു നിയന്ത്രണം. ഇതേത്തുടര്‍ന്ന്, നൂറുകണക്കിന് അധ്യാപകര്‍ക്ക് ശമ്പളം നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. അധ്യാപകര്‍ക്ക് മാനേജ്മെന്റിന്റെ വിനീതദാസരായി കഴിയേണ്ട അവസ്ഥയുണ്ടായി. ശമ്പളം കിട്ടാതെവന്ന അധ്യാപകര്‍ കോടതിയില്‍ പോയി. യൂണിവേഴ്സിറ്റി അംഗീകാരമുള്ള തസ്തികകളിലാണെങ്കില്‍ ഇത്തരം നിയന്ത്രണങ്ങള്‍ പാടില്ലെന്ന് കോടതി പറഞ്ഞു.

അങ്ങനെ ചെയ്യുന്നത് യൂണിവേഴ്സിറ്റിയുടെ അധികാരത്തിലുള്ള കടന്നുകയറലാകുമെന്ന് കോടതി പറഞ്ഞു. തസ്തിക നിലവിലുണ്ടോ, അതില്‍തന്നെയാണോ നിയമനം, യോഗ്യതയുണ്ടോ, നിയമനം ശരിയായ വിധത്തിലാണോ എന്നൊക്കെ നോക്കാന്‍ യൂണിവേഴ്സിറ്റി നിയമപ്രകാരം യൂണിവേഴ്സിറ്റിക്കാണ് അധികാരം. അതിലേക്ക് കടന്നുകയറുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് കോടതി അന്ന് ചൂണ്ടിക്കാട്ടി. യൂണിവേഴ്സിറ്റിയുടെ അധികാരം സര്‍ക്കാര്‍ കൈയാളേണ്ട കാര്യമില്ല എന്നാണ് ചീഫ് സെക്രട്ടറിയോട് കോടതി അന്ന് കല്‍പ്പിച്ചത്. അതില്‍നിന്നൊന്നും യുഡിഎഫ് ഒരു പാഠവും പഠിച്ചില്ല. ഉമ്മന്‍ചാണ്ടി മന്ത്രിസഭ ഇക്കുറി അധികാരത്തില്‍ വന്നപ്പോള്‍ കോഴിക്കോട്ട് യൂണിവേഴ്സിറ്റിയുടെ ചുമതലകൂടി മൈക്കിള്‍ തരകനായിരുന്നു. സര്‍ക്കാര്‍ അത് കണ്ണൂരില്‍ മാത്രമായി ചുരുക്കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസിന് കോഴിക്കോടിന്റെ ചുമതല കൊടുത്തു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഉപകരണമാക്കിക്കൊണ്ട്, അവിടെ നടക്കേണ്ടിയിരുന്ന സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി. എയ്ഡഡ് കോളേജുകളില്‍ അണ്‍എയ്ഡഡ് കോഴ്സുകളാരംഭിച്ചു. റെഗുലര്‍ കോളേജിലെ അധ്യാപകരെക്കൊണ്ടുതന്നെ എയ്ഡഡ് കോഴ്സുകള്‍ കൈകാര്യംചെയ്യിച്ചു. എയ്ഡഡ് കോഴ്സുകളുടെ കച്ചവടം പൊടിപാറി. റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗകര്യങ്ങള്‍ ഇല്ലായ്മചെയ്തുകൊണ്ട് കോളേജുകളെ ഇങ്ങനെ വെട്ടിമുറിച്ച് എയ്ഡഡ് കോഴ്സ് നടത്തുന്നതു ശരിയല്ലെന്ന് സിന്‍ഡിക്കറ്റ് തീരുമാനിച്ചിരുന്നു. ആ തീരുമാനം റദ്ദാക്കി. എത്ര കോഴ്സും കൊടുക്കാമെന്നായി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെക്കൊണ്ട് സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സലിനെ ഏകപക്ഷീയമായി മാറ്റിച്ചു. സിന്‍ഡിക്കറ്റിനെ നോക്കുകുത്തിയാക്കുന്ന പ്രക്രിയ ശക്തമാക്കി. ആ പ്രക്രിയ ഇനിയും ശക്തിപ്പെടുത്താനാണ് നോമിനേറ്റഡ് അംഗങ്ങളെ കൊണ്ടുവന്ന് യൂണിവേഴ്സിറ്റിയുടെ ഭരണം പിടിക്കാന്‍ നോക്കുന്നത്. ഇതിനായി സര്‍വകലാശാലാ ചട്ടം ഓര്‍ഡിനന്‍സിലൂടെ ഭേദഗതിചെയ്യുകയാണ്. ഇതുതന്നെ ജനാധിപത്യവിരുദ്ധമായ വളഞ്ഞവഴിയാണ്. ഇതില്‍ രഹസ്യമൊന്നുമില്ലായിരുന്നെങ്കില്‍ സര്‍ക്കാരിന് ബില്ലായി നിയമസഭാസമ്മേളനത്തില്‍ കൊണ്ടുവരാമായിരുന്നു.

ഒളിക്കാന്‍ ഏറെയുള്ളതുകൊണ്ടാണ് നിയമസഭാ സമ്മേളനങ്ങള്‍ക്കിടയിലുള്ള ഘട്ടത്തെ ഉപയോഗിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. സര്‍വകലാശാലകളുടെ സ്വയംഭരണവും ജനാധിപത്യസ്വഭാവവും ഇല്ലായ്മചെയ്യുന്നത് പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് യോജിച്ച നടപടിയല്ല. യൂണിവേഴ്സിറ്റികളെ രാഷ്ട്രീയമായി ഇങ്ങനെ കൈകാര്യംചെയ്യുമ്പോള്‍ നഷ്ടമുണ്ടാകുന്നത് അവിടങ്ങളിലെ പഠനനിലവാരത്തിനും സ്ഥാപനങ്ങളുടെ അന്തസ്സിനുംകൂടിയാണ്. ഈ ആപത്ത് തിരിച്ചറിഞ്ഞ് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഈ ഓര്‍ഡിനന്‍സ് രാജിനും അതിലൂടെ സര്‍വകലാശാലകള്‍ക്കുമേല്‍ പിടിമുറുക്കുന്ന യുഡിഎഫ് രാഷ്ട്രീയത്തിനുമെതിരെ രംഗത്തുവരേണ്ടതാണ്.

deshabhimani editorial 110811

1 comment:

  1. യുഡിഎഫ് എപ്പോള്‍ അധികാരത്തില്‍ വന്നാലും സര്‍വകലാശാലകളുടെ സ്വയംഭരണാധികാരത്തെ തകര്‍ക്കാനുള്ള നീക്കം നടത്താറുണ്ട്. ഇത്തവണ അധികാരത്തില്‍ വന്ന് ചില മാസങ്ങള്‍ മാത്രമാകുന്ന ഘട്ടത്തില്‍ത്തന്നെ വിപല്‍ക്കരമായ ഈ നീക്കം ശക്തിപ്പെട്ടു. പുറത്തുനിന്ന് വിദഗ്ധരെ ഉള്‍പ്പെടുത്തി കേരളത്തിലെ സര്‍വകലാശാലകളുടെ സിന്‍ഡിക്കറ്റുകള്‍ പുനഃസംഘടിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം. സര്‍വകലാശാലകളുടെ ഭരണം വളഞ്ഞവഴിക്ക് കൈക്കലാക്കാനുള്ള കുതന്ത്രം എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമല്ല ഇത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബയോടെക്നോളജി എന്നീ രംഗങ്ങളില്‍നിന്നു രണ്ടുപേരെ വീതം നോമിനേറ്റ് ചെയ്യാനുള്ള വ്യവസ്ഥ ഇപ്പോള്‍ത്തന്നെയുണ്ട്. ഇപ്പോള്‍ , അതിനുപുറമെ കൂടുതല്‍പേരെ നോമിനേറ്റുചെയ്യാനാണ് നീക്കം. പുറമെ പറയുന്നത് "വൈദഗ്ധ്യം" ആണെങ്കിലും യഥാര്‍ഥത്തില്‍ മാനദണ്ഡമാകുക യുഡിഎഫ് രാഷ്ട്രീയമാകും എന്നത് തിരിച്ചറിയാന്‍ വിഷമമില്ല.

    ReplyDelete