Thursday, August 11, 2011

വോട്ടെടുപ്പ് മനഃപൂര്‍വം നീട്ടിയതായി തെളിഞ്ഞു

ഭരണകക്ഷി അംഗങ്ങള്‍ എത്താതിരുന്നതിനാല്‍ ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പ് മനഃപൂര്‍വം നീട്ടിക്കൊണ്ടുപോയതായി വീഡിയോ ദൃശ്യങ്ങളുടെ പരിശോധനയില്‍ തെളിഞ്ഞു. ധനമന്ത്രി കെ എം മാണിയോട് പ്രസംഗം നീട്ടാന്‍ സി എഫ് തോമസും പ്രതിപക്ഷത്തെ പ്രകോപിപ്പിക്കൂവെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പറയുന്നത് ദൃശ്യങ്ങളിലുണ്ട്. വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ കാണിച്ചില്ല. പകരം കംപ്യൂട്ടര്‍ ആരോമാര്‍ക്ക് കൊണ്ട് അടയാളപ്പെടുത്തി നിയമസഭാ സെക്രട്ടറി ഓരോരുത്തരുടെയും പേര് പറഞ്ഞ് 69 പേര്‍ ഹാജരുണ്ടായിരുന്നതായി അറിയിക്കുകയായിരുന്നു. വീഡിയോ പരിശോധന പ്രതിപക്ഷം ബഹിഷ്കരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ , മന്ത്രിമാരായ കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, ടി എം ജേക്കബ്, ചീഫ് വിപ്പ് പി സി ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

ധനവിനിയോഗ ബില്ലിന്റെ മൂന്നാംവായനയില്‍ ബില്‍ പാസാക്കിത്തരണമെന്ന പ്രമേയം മാണി അവതരിപ്പിച്ചശേഷമാണ് കാല്‍മണിക്കൂര്‍ വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോയതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കി. രണ്ടുമണി കഴിഞ്ഞ് ആറു മിനിറ്റ് ആയപ്പോഴാണ് മാണി പ്രമേയം അവതരിപ്പിച്ചത്. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ മാണിയുടെ അടുത്തെത്തിയ സി എഫ് തോമസ് പ്രസംഗം നീട്ടാന്‍ പറഞ്ഞു. 2.10ന് മന്ത്രി കുഞ്ഞാലിക്കുട്ടി "അവരെ (പ്രതിപക്ഷത്തെ) പ്രൊവോക്ക് (പ്രകോപിപ്പിക്കൂ)ചെയ്യൂ" എന്ന് മാണിയോടു പറഞ്ഞു. ഇതിനിടെ, എന്തെങ്കിലും പറയാനുണ്ടോയെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ആരാഞ്ഞു. മാണിയുടെ വൈറ്റ് പേപ്പര്‍ ബ്ലാക്ക് പേപ്പര്‍ ആയിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 2.16ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പോള്‍ ആവശ്യപ്പെട്ടെങ്കിലും മാണി പ്രസംഗം തുടര്‍ന്നു. 2.21നാണ് വോട്ടെടുപ്പിനുമുമ്പുള്ള മണിയടിക്കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചത്. ഇതിനകം ഭരണപക്ഷത്ത് ചില അംഗങ്ങള്‍കൂടി എത്തിയെന്ന് ദൃശ്യങ്ങള്‍ തെളിയിച്ചു.

വോട്ടെടുപ്പില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. വോട്ടിങ് കഴിഞ്ഞപ്പോള്‍ സ്പീക്കര്‍ ആദ്യം 68 എന്ന് അറിയിച്ചു. പിന്നീട് തിരുത്തി 67 പ്ലസ് രണ്ട് എന്നാക്കി. വീണ്ടും 67 പ്ലസ് ഒന്ന് അബ്സ്റ്റയിന്‍(വിട്ടുനില്‍ക്കുന്നു) എന്നു പറഞ്ഞു. ഏറ്റവുമൊടുവില്‍ 69 പേര്‍ അനുകൂലിച്ചതായി അറിയിച്ചു. ടി യു കുരുവിള, വര്‍ക്കല കഹാര്‍ , ഹൈബി ഈഡന്‍ എന്നിവര്‍ ഹാജരായിരുന്നില്ലെന്ന് സെക്രട്ടറി പറഞ്ഞു. ഭരണപക്ഷത്തെ മുന്‍നിരയിലുണ്ടായിരുന്നവരെ മാത്രമേ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ കഴിയുന്നുള്ളൂ. വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഒഴിവാക്കി. പിന്‍നിരയില്‍ ഇരിക്കുന്നവരെ നോക്കി നിയമസഭാ സെക്രട്ടറി പേര് വിളിക്കുകയായിരുന്നു. വോട്ടിങ് സമയത്ത് അവരൊക്കെയുണ്ടായിരുന്നോയെന്നു വ്യക്തമല്ല. ദൃശ്യങ്ങള്‍ പിന്നീട് എഡിറ്റ് ചെയ്ത് ചേര്‍ത്തതാണോയെന്നും വ്യക്തമല്ല. പ്രതിപക്ഷത്തെ കെ കെ ജയചന്ദ്രന്‍ വോട്ടിങ് യന്ത്രത്തില്‍ വിരലമര്‍ത്തുന്ന ദൃശ്യം സൂംചെയ്ത് കാണിച്ചു. പക്ഷേ, ഭരണപക്ഷ അംഗങ്ങളെ ഇതുപോലെ കാണിച്ചതുമില്ല. വീഡിയോ ദൃശ്യങ്ങള്‍ തങ്ങള്‍ നേരത്തെ കണ്ടിരുന്നതായി ചീഫ് വിപ്പ് പി സി ജോര്‍ജ് പിന്നീട് വാര്‍ത്താലേഖകരോടു പറഞ്ഞു. വീഡിയോ ദൃശ്യങ്ങളുടെ വിശദാംശങ്ങളടങ്ങിയ കുറിപ്പും അദ്ദേഹം നല്‍കി.

deshabhimani 110811

1 comment:

  1. ഭരണകക്ഷി അംഗങ്ങള്‍ എത്താതിരുന്നതിനാല്‍ ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പ് മനഃപൂര്‍വം നീട്ടിക്കൊണ്ടുപോയതായി വീഡിയോ ദൃശ്യങ്ങളുടെ പരിശോധനയില്‍ തെളിഞ്ഞു. ധനമന്ത്രി കെ എം മാണിയോട് പ്രസംഗം നീട്ടാന്‍ സി എഫ് തോമസും പ്രതിപക്ഷത്തെ പ്രകോപിപ്പിക്കൂവെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പറയുന്നത് ദൃശ്യങ്ങളിലുണ്ട്. വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ കാണിച്ചില്ല. പകരം കംപ്യൂട്ടര്‍ ആരോമാര്‍ക്ക് കൊണ്ട് അടയാളപ്പെടുത്തി നിയമസഭാ സെക്രട്ടറി ഓരോരുത്തരുടെയും പേര് പറഞ്ഞ് 69 പേര്‍ ഹാജരുണ്ടായിരുന്നതായി അറിയിക്കുകയായിരുന്നു. വീഡിയോ പരിശോധന പ്രതിപക്ഷം ബഹിഷ്കരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ , മന്ത്രിമാരായ കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, ടി എം ജേക്കബ്, ചീഫ് വിപ്പ് പി സി ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

    ReplyDelete