ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്ന ബോധ്യം രാജ്യത്തെ ജനങ്ങളില്‍ നല്ലൊരു പങ്കിനുമുണ്ടെന്ന് സര്‍വേ. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെയും അഴിമതിവിരുദ്ധ പ്രതിച്ഛായയെപ്പോലും, കേന്ദ്രസര്‍ക്കാരില്‍നിന്ന് നിരന്തരമായി പുറത്തുവരുന്ന അഴിമതിക്കഥകള്‍ ബാധിച്ചതായി സി എന്‍ എന്‍-ഐ ബി എന്നും സി എന്‍ ബി സി-ടി വി 18ഉം നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഈ ചാനലുകള്‍ക്കു വേണ്ടി സെന്റര്‍ഫോര്‍ ദ സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റീസ് ആണ് 19 സംസ്ഥാനങ്ങളിലെ 1300 പ്രദേശങ്ങളിലായി സര്‍വേ നടത്തിയത്.
കേന്ദ്രത്തില്‍ കൊടും അഴിമതിയോ ഒരളവുവരെ അഴിമതിയോ നടക്കുന്നതായാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരൊഴിച്ച് സംസ്ഥാനങ്ങളിലേക്കാള്‍ അഴിമതി കേന്ദ്രത്തില്‍ നടക്കുന്നുവെന്ന് വിശ്വസിക്കുന്നു. വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നാണ് ഭൂരിഭാഗവും ചൂണ്ടിക്കാട്ടിയത്. യു പി എ സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ പ്രചാരണം പൊള്ളയാണെന്ന് നല്ലൊരു പങ്കും അഭിപ്രായപ്പെട്ടു.
കേന്ദ്രത്തില്‍ കൊടും അഴിമതിയാണ് നടക്കുന്നതെന്ന് ബോധ്യമുള്ളവരാണ് സര്‍വേയില്‍ പങ്കെടുത്ത 28 ശതമാനം പേരും. ഒരളവുവരെ അഴിമതി നടക്കുന്നതായി 32 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. അത്രയ്ക്ക് അഴിമതിയൊന്നുമില്ലെന്ന് പറഞ്ഞവര്‍ 10 ശതമാനമാണ്. കേന്ദ്രം അഴിമതിവിരുദ്ധമാണെന്ന് വിശ്വസിക്കുന്നത് അഞ്ചു ശതമാനം പേര്‍ മാത്രമാണ്. നഗര, ഗ്രാമ ഭേദമില്ലാതെ എല്ലാവരും കേന്ദ്ര സര്‍ക്കാരിലെ അഴിമതിയെക്കുറിച്ച് ബോധ്യമുള്ളവരാണ്. കോളജ് തലത്തില്‍ വിദ്യാഭ്യാസം നേടിയ 38 ശതമാനം പേരും കേന്ദ്രസര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, സര്‍വേയില്‍ പങ്കെടുത്ത നിരക്ഷരരില്‍ 26 ശതമാനം പേര്‍ ഇതേ അഭിപ്രായം പങ്കുവച്ചു. അഴിമതിക്കെതിരായ പ്രവര്‍ത്തനത്തില്‍ കേന്ദ്രത്തിന് ആത്മാര്‍ഥതയില്ലെന്ന് ചൂണ്ടിക്കാട്ടിയത് 44 ശതമാനമാണ്. കോളജ് തലത്തില്‍ വിദ്യാഭ്യാസമുള്ളവരില്‍ 59 ശതമാനവും ഇതേ അഭിപ്രായക്കാരാണ്. 22 ശതമാനം പേര്‍ മാത്രമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ഥതയുള്ളതാണെന്നു കരുതുന്നത്. വിദേശബാങ്കുകളിലെ കള്ളപ്പണക്കാരെ സംരക്ഷിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്ന് 44 ശതമാനം പേരും അഭിപ്രായപ്പെട്ടു. 17 ശതമാനത്തിനു മാത്രമാണ് ഇതില്‍ എതിരഭിപ്രായമുള്ളത്.
സംസ്ഥാനങ്ങളിലേക്കാള്‍ കൂടുതല്‍ അഴിമതി കേന്ദ്രത്തില്‍ നടക്കുന്നുണ്ടെന്ന് ദേശീയതലത്തില്‍ 35 ശതമാനം പേര്‍ കരുതുന്നു. സംസ്ഥാനങ്ങളിലാണ് കൂടുതല്‍ അഴിമതിയെന്ന് അഭിപ്രായപ്പെട്ടത് 24 ശതമാനമാണ്. 23 ശതമാനം പേര്‍ തദ്ദേശ സ്ഥാപനങ്ങളിലാണ് അഴിമതി കൂടുതലെന്ന അഭിപ്രായക്കാരാണ്. പഞ്ചായത്ത്, താലൂക്ക് ഓഫീസ്, കോടതി, പൊലീസ് സ്റ്റേഷന്‍, ആശുപത്രി, റേഷന്‍ കട എന്നിവയില്‍ പൊലീസ് സ്റ്റേഷനിലാണ് കുടുതല്‍ അഴിമതി നടക്കുന്നതെന്ന് 25 ശതമാനം പേര്‍ പറയുന്നു.
അഴിമതിയെക്കുറിച്ച് വ്യാപകമായ പരാതിയുണ്ടെങ്കിലും ലോക്പാല്‍ ബില്ലിനെക്കുറിച്ച് കേട്ടിട്ടുള്ളത് 34 ശതമാനമാണ്. എന്താണ് ലോക്പാല്‍ എന്ന് അറിയാമെന്ന് സര്‍വേയില്‍ സമ്മതിച്ചത് 24 ശതമാനം പേരാണ്.
പൊതുവായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നടക്കുന്ന പ്രകടനങ്ങള്‍, സമരങ്ങള്‍ തുടങ്ങിയവയ്ക്ക് ജനങ്ങള്‍ക്കിടയില്‍ പിന്തുണ വര്‍ധിച്ചുവരികയാണെന്ന് സര്‍വേ പറയുന്നു. 1971ല്‍ സി എസ് ഡി എസ് നടത്തിയ സര്‍വേയില്‍ 26 ശതമാനം മാത്രമാണ് ഇത്തരം പ്രക്ഷോഭങ്ങളെ അനുകൂലിച്ചതെങ്കില്‍ ഇപ്പോഴത്തെ സര്‍വേയില് 39 ശതമാനവും ഇവയ്ക്ക് അനുകൂലമാണ്.
janayugom 100811
കേന്ദ്ര സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്ന ബോധ്യം രാജ്യത്തെ ജനങ്ങളില്‍ നല്ലൊരു പങ്കിനുമുണ്ടെന്ന് സര്‍വേ. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെയും അഴിമതിവിരുദ്ധ പ്രതിച്ഛായയെപ്പോലും, കേന്ദ്രസര്‍ക്കാരില്‍നിന്ന് നിരന്തരമായി പുറത്തുവരുന്ന അഴിമതിക്കഥകള്‍ ബാധിച്ചതായി സി എന്‍ എന്‍-ഐ ബി എന്നും സി എന്‍ ബി സി-ടി വി 18ഉം നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഈ ചാനലുകള്‍ക്കു വേണ്ടി സെന്റര്‍ഫോര്‍ ദ സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റീസ് ആണ് 19 സംസ്ഥാനങ്ങളിലെ 1300 പ്രദേശങ്ങളിലായി സര്‍വേ നടത്തിയത്.
ReplyDelete