Thursday, August 4, 2011

വിദ്യാഭ്യാസവായ്പ വാര്‍ഡ്തലത്തില്‍ : ആശങ്കകളേറെ

കൊച്ചി: വിദ്യാഭ്യാസ വായ്പകള്‍ നല്‍കാനുള്ള ചുമതല സംസ്ഥാനത്തെ ബാങ്ക് ശാഖകള്‍ക്ക് വാര്‍ഡുതലത്തില്‍ വിഭജിച്ചുനല്‍കിയ തീരുമാനം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തി. ദേശസാല്‍കൃത ബാങ്കുകള്‍ക്കും സ്വകാര്യബാങ്കുകള്‍ക്കും പുറമെ പുതുതലമുറ ബാങ്കുകള്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. ഇത്തരം വായ്പകളോടു പുതുതലമുറ ബാങ്കുകള്‍ സ്വീകരിക്കുന്ന അവഗണനയും അമിതപലിശയും വിനയാകും. ദേശസാല്‍കൃത ബാങ്കുകളില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് 12.75 ശതമാനമാണ് പലിശയെങ്കില്‍ എച്ച്ഡിഎഫ്സി ഉള്‍പ്പെടെയുള്ള പുതുതലമുറ ബാങ്കില്‍ 14.5 ശതമാനമാണ് പലിശ. സംസ്ഥാനത്തെ 19,000ല്‍പരം പഞ്ചായത്ത് നഗരസഭാ വാര്‍ഡുകളിലുള്ളവര്‍ക്കു വായ്പ നല്‍കാനുള്ള ചുമതല 4573 ബാങ്ക് ശാഖകള്‍ക്കാണ്. വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നതില്‍ പുതുതലമുറ ബാങ്കുകള്‍ കാട്ടുന്ന വിമുഖത അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ തീരുമാനപ്രകാരമാണ് വിഭജനം.

സംസ്ഥാനത്ത് 92 ശാഖയുള്ള ഐസിഐസിഐ ബാങ്ക് കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ആകെ അനുവദിച്ചത് മൊത്തം ഒമ്പതുലക്ഷം രൂപയുടെ അഞ്ചു വിദ്യാഭ്യാസ വായ്പ മാത്രം. 17 ശാഖയുള്ള ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് കഴിഞ്ഞവര്‍ഷം വിദ്യാഭ്യാസ വായ്പ നല്‍കിയില്ല. അതേസമയം സംസ്ഥാനത്ത് 13 ശാഖ മാത്രമുള്ള ദേശസാല്‍കൃത ബാങ്കായ ദേനാബാങ്ക് 385 വായ്പകളിലായി 753 ലക്ഷം രൂപയും ഏഴ് ശാഖയുള്ള ദേശസാല്‍കൃത ബാങ്കായ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്‍ഡ്യ 61 വായ്പകളിലായി 234 ലക്ഷം രൂപയും നല്‍കി. മൂന്നു ശാഖകള്‍ മാത്രമുള്ള പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് 49 വായ്പകളിലായി 104.63 ലക്ഷം രൂപയും നല്‍കി.

വായ്പ നല്‍കല്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതില്‍നിന്ന് ഒഴിവാകാന്‍ പുതുതലമുറ ബാങ്കുകള്‍ക്ക് പഴുതുകള്‍ ഏറെയാണ്. അപേക്ഷ സ്വീകരിക്കുന്നത് വൈകിപ്പിച്ചും മറ്റു നിബന്ധനകള്‍ ഏര്‍പ്പെടുത്തിയും വിദ്യാര്‍ഥികളെ വലയ്ക്കുന്നതിനൊപ്പം അമിതപലിശയും ഈടാക്കാം. സേവന ചാര്‍ജായി അമിതതുക വേറെയും. ഉപഭോക്താക്കള്‍ക്ക് കാലങ്ങളായി ബന്ധവും അക്കൗണ്ടുമുള്ള ബാങ്ക് ശാഖവിട്ട് മറ്റൊരു പുതിയ ബാങ്ക് ശാഖയെ ആശ്രയിക്കേണ്ടി വരുന്നത് പ്രശ്നങ്ങള്‍സൃഷ്ടിക്കും. നാലരലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവരുടെ മക്കള്‍ക്ക് പലിശ സബ്സിഡിക്ക് അര്‍ഹതയുണ്ട്. എന്നാല്‍ , വായ്പാത്തുകയുടെയും ഈടിന്റേയും ജാമ്യത്തിന്റെയും കാര്യത്തില്‍ പുതുതലമുറകള്‍ പുലര്‍ത്തുന്ന കടുംപിടുത്തം തലവേദനയാകും.
(ഷഫീഖ് അമരാവതി)

deshabhimani 040811

1 comment:

  1. വിദ്യാഭ്യാസ വായ്പകള്‍ നല്‍കാനുള്ള ചുമതല സംസ്ഥാനത്തെ ബാങ്ക് ശാഖകള്‍ക്ക് വാര്‍ഡുതലത്തില്‍ വിഭജിച്ചുനല്‍കിയ തീരുമാനം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തി.

    ReplyDelete