Saturday, August 6, 2011

ബാങ്കിങ്ങ് മേഖലയിലെ പ്രക്ഷോഭം വന്‍ വിജയം

രാജ്യത്തെ ബാങ്കിങ് മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാരും ഓഫീസര്‍മാരും സംയുക്തമായി നടത്തിയ പ്രക്ഷോഭം പൂര്‍ണമായി. രാജ്യമൊട്ടുക്കുമുള്ള ശാഖകള്‍ അടഞ്ഞുകിടന്നു. പലയിടത്തും എടിഎം സര്‍വീസും നിലച്ചു. പൊതുമേഖലാബാങ്കുകള്‍ക്കൊപ്പം സ്വകാര്യബാങ്കുകളുടെ പ്രവര്‍ത്തനവും സ്തംഭിച്ചു. പണിമുടക്കിയ ജീവനക്കാരും ഓഫീസര്‍മാരും ബാങ്കുകള്‍ക്ക് മുമ്പില്‍ ധര്‍ണയും നഗരങ്ങളില്‍ പ്രകടനവും നടത്തി. പണിമുടക്കിന് പിന്തുണയേകി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇടതുപക്ഷ എംപിമാര്‍ വിഷയം അവതരിപ്പിച്ചു. ജീവനക്കാരുടെ അഞ്ചുസംഘടനകളും ഓഫീസര്‍മാരുടെ നാലുസംഘടനകളും ചേര്‍ന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക് നടന്നത്. പത്തുലക്ഷത്തോളം ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തതായി യുഎഫ്ബിയു കണ്‍വീനര്‍ സി എച്ച് വെങ്കടാചലം പറഞ്ഞു. ആഗസ്ത് പത്തിന് ബംഗളൂരുവില്‍ ഐക്യസമരസമിതി യോഗം ചേര്‍ന്ന് ഭാവി സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ബെഫി പ്രസിഡന്റ് എ കെ രമേശ് അറിയിച്ചു.

ബാങ്കിങ് മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന ബാങ്കിങ് ഭേദഗതി നിയമം പിന്‍വലിക്കുക, ബാങ്കുകളുടെ ലയനം ഒഴിവാക്കുക, പുറംതൊഴില്‍ കരാര്‍സമ്പ്രദായം അവസാനിപ്പിക്കുക, ഖണ്ഡേല്‍വാള്‍സമിതിയുടെ തൊഴിലാളിവിരുദ്ധ നടപടികള്‍ തള്ളുക, കോര്‍പറേറ്റുകള്‍ക്ക് സ്വന്തം ബാങ്ക് തുടങ്ങാന്‍ ലൈസന്‍സ് നല്‍കാതിരിക്കുക തുടങ്ങി 21 ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

ഡല്‍ഹിയില്‍ സമരം പൂര്‍ണമായിരുന്നു. ഒരു ചെക്ക്പോലും മാറാനായില്ല. ജീവനക്കാര്‍ പാര്‍ലമെന്റ് സ്ട്രീറ്റിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കുമുമ്പില്‍ നടത്തിയ ധര്‍ണയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മുംബൈയില്‍ പണിമുടക്കിയ പതിനായിരത്തോളം ജീവനക്കാരും ഓഫീസമാരും പ്രകടനം നടത്തി. കൊല്‍ക്കത്തയില്‍ എണ്ണായിരത്തിലധികം പേര്‍ പ്രകടനം നടത്തി. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലും ബാങ്കുകള്‍ സ്തംഭിച്ചു. ഹൈദരാബാദിലെ കോട്ടിയില്‍ വന്‍ പ്രതിഷേധപ്രകടനം നടന്നു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും ഇന്‍ഷുറന്‍സ് ജീവനക്കാരും പലയിടത്തും ബാങ്ക് ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനം നടത്തി.

ബാങ്ക് സ്വകാര്യവല്‍ക്കരണ നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പാര്‍ലമെന്റിലും ആവശ്യം ഉയര്‍ന്നു. രാജ്യസഭയില്‍ തപന്‍സെന്നും(സിപിഐ എം), ഡി രാജയും(സിപിഐ), ലോക്സഭയില്‍ രാമചന്ദ്ര ഡോമു(സിപിഐ എം)മാണ് പ്രശ്നം ഉന്നയിച്ചത്. പണിമുടക്കിനെക്കുറിച്ച് പ്രതികരിക്കാന്‍ തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. പണിമുടക്ക് വന്‍ വിജയമാക്കിയ ഐക്യസമരസമിതിയെ സിഐടിയു അഭിനന്ദിച്ചു. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ബാങ്ക് ജീവനക്കാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്നും പിന്തുണക്കുമെന്ന് സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. പണിമുടക്കില്‍ കേരളത്തിലെ ബാങ്കിങ് മേഖല പൂര്‍ണമായി സ്തംഭിച്ചു. റിസര്‍വ് ബാങ്ക് ഒഴികെ സംസ്ഥാനത്ത് ഒരു ബാങ്കും തുറന്നില്ല.
(വി ബി പരമേശ്വരന്‍)

deshabhimani 060811

1 comment:

  1. രാജ്യത്തെ ബാങ്കിങ് മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാരും ഓഫീസര്‍മാരും സംയുക്തമായി നടത്തിയ പ്രക്ഷോഭം പൂര്‍ണമായി. രാജ്യമൊട്ടുക്കുമുള്ള ശാഖകള്‍ അടഞ്ഞുകിടന്നു. പലയിടത്തും എടിഎം സര്‍വീസും നിലച്ചു. പൊതുമേഖലാബാങ്കുകള്‍ക്കൊപ്പം സ്വകാര്യബാങ്കുകളുടെ പ്രവര്‍ത്തനവും സ്തംഭിച്ചു. പണിമുടക്കിയ ജീവനക്കാരും ഓഫീസര്‍മാരും ബാങ്കുകള്‍ക്ക് മുമ്പില്‍ ധര്‍ണയും നഗരങ്ങളില്‍ പ്രകടനവും നടത്തി. പണിമുടക്കിന് പിന്തുണയേകി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇടതുപക്ഷ എംപിമാര്‍ വിഷയം അവതരിപ്പിച്ചു. ജീവനക്കാരുടെ അഞ്ചുസംഘടനകളും ഓഫീസര്‍മാരുടെ നാലുസംഘടനകളും ചേര്‍ന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക് നടന്നത്. പത്തുലക്ഷത്തോളം ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തതായി യുഎഫ്ബിയു കണ്‍വീനര്‍ സി എച്ച് വെങ്കടാചലം പറഞ്ഞു. ആഗസ്ത് പത്തിന് ബംഗളൂരുവില്‍ ഐക്യസമരസമിതി യോഗം ചേര്‍ന്ന് ഭാവി സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ബെഫി പ്രസിഡന്റ് എ കെ രമേശ് അറിയിച്ചു.

    ReplyDelete