Wednesday, August 10, 2011

ഏകാധ്യാപക വിദ്യാലയം നിലംപൊത്തി ആദിവാസി കുട്ടികളുടെ പഠനം അനിശ്ചിതത്വത്തില്‍

തിരുനെല്ലി: വിദ്യാലയം തകര്‍ന്നുവീണതോടെ ആദിവാസി കുട്ടികള്‍ ദുരിതത്തിലായി. മീന്‍കൊല്ലിയിലെ ആദിവാസികോളനിയിലെ ഏകാധ്യാപക വിദ്യാലയമാണ് ശക്തമായ കാറ്റില്‍ നിലംപൊത്തിയത്. ഇതോടെ ഇവരുടെ പഠനം ആശങ്കയിലായിരിക്കുകയാണ്. പഞ്ചായത്തിലെ പത്താംവാര്‍ഡിലാണ് 24 കുട്ടികള്‍ പഠിക്കുന്ന ഏകാധ്യാപക വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.15 പെണ്‍കുട്ടികളും ഒമ്പത് ആണ്‍കുട്ടികളുമാണ്. ഇവരെല്ലാം തന്നെ അടിയ, പണിയ വിഭാഗത്തില്‍പ്പെടുന്നവരാണ്. രണ്ടാഴ്ച മുമ്പാണ് ഷീറ്റുപയോഗിച്ച് മേഞ്ഞ വിദ്യാലയം കാറ്റില്‍ നിലംപൊത്തിയത്. ഏഴ് വര്‍ഷം മുമ്പാണ് മീന്‍കൊല്ലിയില്‍ വിദ്യാലയം ആരംഭിച്ചത്. തകര്‍ന്നുവീണ കെട്ടിടം നിര്‍മിച്ചിട്ട് അഞ്ച് വര്‍ഷമായി. ഒരു വര്‍ഷം മുമ്പുവരെ എസ്എസ്എ ഗ്രാന്റ് അനുവദിച്ചിരുന്നു. ഇതുപയോഗിച്ചാണ് വിദ്യാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. എന്നാല്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ നീക്കം ആരംഭിച്ചതോടെ ഈ സഹായവും ഇല്ലാതായി. പ്രദേശവാസികളായ ആദിവാസികള്‍ക്കാകട്ടെ ഇതിനുള്ള ശേഷിയുമില്ല.

മീന്‍കൊല്ലി കോളനിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ബാവലിയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ കോളനിയില്‍ നിന്നും കുട്ടികള്‍ ബാവലിയില്‍ പോയി പഠിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാറില്ല. അധ്യായനവര്‍ഷം ആരംഭത്തില്‍ പോകുമെങ്കിലും ഇടക്ക് വെച്ച് പഠനം നിര്‍ത്താറാണ് പതിവ്. കോളനിയില്‍ തന്നെ ഏകാധ്യാപക വിദ്യാലയം ആരംഭിച്ചതോടെയാണ് സ്ഥിരമായ വിദ്യാഭ്യാസം ഇവര്‍ക്ക് ലഭിച്ചുപോന്നത്. ഇവിടെ പഠനം പൂര്‍ത്തിയാക്കിയ പല വിദ്യാര്‍ഥികളും യുപി- ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി ജില്ലയിലും തിരുവനന്തപുരത്തുമുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പഠനം തുടരുന്നുണ്ട്. വിദ്യാലയം തകര്‍ന്നതോടെ കോളനിയില്‍ തന്നെയുള്ള ഒരു ചെറിയവീട്ടിലാണ് പഠനം തുടരുന്നത്. ഏകാധ്യാപക വിദ്യാലയങ്ങളെ ഇല്ലാതാക്കുന്ന നയം തുടര്‍ന്നാല്‍ ഇവിടെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായും കൊട്ടിയടക്കപ്പെടുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍ .

deshabhimani 100811

1 comment:

  1. വിദ്യാലയം തകര്‍ന്നുവീണതോടെ ആദിവാസി കുട്ടികള്‍ ദുരിതത്തിലായി. മീന്‍കൊല്ലിയിലെ ആദിവാസികോളനിയിലെ ഏകാധ്യാപക വിദ്യാലയമാണ് ശക്തമായ കാറ്റില്‍ നിലംപൊത്തിയത്. ഇതോടെ ഇവരുടെ പഠനം ആശങ്കയിലായിരിക്കുകയാണ്. പഞ്ചായത്തിലെ പത്താംവാര്‍ഡിലാണ് 24 കുട്ടികള്‍ പഠിക്കുന്ന ഏകാധ്യാപക വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.15 പെണ്‍കുട്ടികളും ഒമ്പത് ആണ്‍കുട്ടികളുമാണ്. ഇവരെല്ലാം തന്നെ അടിയ, പണിയ വിഭാഗത്തില്‍പ്പെടുന്നവരാണ്. രണ്ടാഴ്ച മുമ്പാണ് ഷീറ്റുപയോഗിച്ച് മേഞ്ഞ വിദ്യാലയം കാറ്റില്‍ നിലംപൊത്തിയത്.

    ReplyDelete