Wednesday, August 10, 2011

എന്ത് പഠിക്കണമെന്ന് തീരുമാനിക്കുന്നത് മുതലാളിമാര്‍ : കെ കെ എന്‍ കുറുപ്പ്

കോഴിക്കോട്: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ മോചനമാണ് വിദ്യാഭ്യാസമെന്ന് ചരിത്രകാരനും കലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ കെകെഎന്‍ കുറുപ്പ് പറഞ്ഞു. ടൗണ്‍ഹാളില്‍ ജനകീയ വിദ്യാഭ്യാസ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസത്തിലൂടെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് മോചനം ലഭിക്കണം. ഇന്ന് എന്ത് പഠിക്കണമെന്നും പഠിപ്പിക്കണമെന്നും തീരുമാനിക്കുന്നത് മുതലാളിമാരാണ്. കേരളത്തിന്റെ സാമൂഹ്യമുന്നേറ്റത്തിന് അടിത്തറ പാകിയത് ഭൂപരിഷ്കരണമാണ്. എന്നാല്‍ ഭൂപരിഷ്കരണം സാമൂഹ്യവിപ്ലവമല്ല എന്നു പഠിപ്പിക്കുന്നത് ചരിത്രനിഷേധമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനായി വിപുലമായ സമര-പ്രക്ഷോഭഭ പരിപാടികള്‍ നടത്തുന്നതിന്റെ ഭാഗമായാണ് ജനകീയ വിദ്യാഭ്യാസ കണ്‍വന്‍ഷന്‍ നടത്തിയത്.
തിരുവനന്തപുരത്ത് വിവിധ അധ്യാപക-വിദ്യാര്‍ഥി-യുവജന-സര്‍വീസ്-ട്രേഡ് യൂണിയന്‍ സംഘടനകളും വിദ്യാഭ്യാസ പ്രവര്‍ത്തകരും ചേര്‍ന്ന് കേരള വിദ്യാഭ്യാസ സമിതി രൂപീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡോ. കെകെഎന്‍ കുറുപ്പ്്, കെ കെ രഘുനാഥന്‍ , കെ കെ സുധാകരന്‍ എന്നിവര്‍ കണ്‍വീനര്‍മാരായി ജില്ലാ വിദ്യാഭ്യാസസമിതി രൂപീകരിച്ചു. കണ്‍വന്‍ഷനില്‍ ടി വി ബാലന്‍ അധ്യക്ഷനായി. പുരുഷന്‍ കടലുണ്ടി എംഎല്‍എ, എം ഭാസ്കരന്‍ , കെ ചന്ദ്രന്‍ , മുക്കം മുഹമ്മദ്, മാത്യു പാലത്തിങ്കല്‍ , കെ പി രാജന്‍ , കെ ലോഹ്യ, വി വസീഫ്, കെ ശശീന്ദ്രന്‍ , സി സത്യചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എ കെ ഉണ്ണികൃഷ്ണന്‍ സ്വാഗതവും കെ കെ രഘുനാഥന്‍ നന്ദിയും പറഞ്ഞു.

വിദ്യാഭ്യാസരംഗത്ത് തിന്മകള്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം: ജ. കെ ടി തോമസ്

കോട്ടയം: സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ ഇന്നു നടപ്പാക്കുന്ന പരിഷ്കാരം തുടരുകയാണെങ്കില്‍ 1950 കള്‍ക്ക് മുമ്പുണ്ടായിരുന്ന സാമൂഹ്യതിന്മകള്‍ പുനര്‍ജനിക്കാന്‍ ഇടയാക്കുമെന്ന് ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു. സ്വാശ്രയ മാനേജ്മെന്റുകള്‍ ഇന്ന് നടപ്പാക്കുന്നത് അധാര്‍മികവും സാമൂഹ്യനീതിയെ വെല്ലുവിളിക്കുന്നതുമായ കാര്യങ്ങളാണ്. കേരള വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ കെപിഎസ് മേനോന്‍ ഹാളില്‍ നടന്ന ജനകീയ വിദ്യാഭ്യാസസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ ദുര്‍ബലരുടെ പരിരക്ഷ ഉറപ്പാക്കുന്നതാകണം വിദ്യാഭ്യാസ സംവിധാനം. 1957 ലെ സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിനെതിരെ സമരം നടത്തിയതില്‍ പശ്ചാത്താപമുള്ളതായി അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ബില്ലിന്റെ മുഴുവന്‍ വസ്തുതകളും അറിയാതെയായിരുന്നു സമരത്തില്‍ പങ്കെടുത്തത്. സാമൂഹ്യനീതിയുടെ അടിസ്ഥാനത്തിലുള്ള നിയമമാണ് അന്ന് കൊണ്ടുവന്നതെന്ന് പിന്നീടാണ് മനസ്സിലാക്കാന്‍ സാധിച്ചത്. സര്‍ക്കാര്‍ ശമ്പളംനല്‍കുന്ന അധ്യാപകരെ സര്‍ക്കാരിന് നിയമിക്കാന്‍ സാധിക്കില്ലെന്ന് പറയുന്നത് നീതിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഡോ. ബി ഇക്ബാല്‍ അധ്യക്ഷനായി. എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സ് അധ്യാപകന്‍ പ്രൊഫ. പി പി രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം കാനം രാജേന്ദ്രനും സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസസമിതി കണ്‍വീനര്‍ കെ വി അനീഷ്ലാല്‍ സ്വാഗതവും കെ ബിനു നന്ദിയും പറഞ്ഞു.

deshabhimani 100811

1 comment:

  1. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ മോചനമാണ് വിദ്യാഭ്യാസമെന്ന് ചരിത്രകാരനും കലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ കെകെഎന്‍ കുറുപ്പ് പറഞ്ഞു. ടൗണ്‍ഹാളില്‍ ജനകീയ വിദ്യാഭ്യാസ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

    ReplyDelete