Friday, August 5, 2011

റിയല്‍ എസ്റ്റേറ്റ് കച്ചവടം ലക്ഷ്യമിട്ട് ഐടി കരട് നയം

ഐടി പാര്‍ക്കുകളുടെ മറവില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം കൊഴുപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഐടിനയം കരടിന് വ്യവസായവകുപ്പ് രൂപം നല്‍കി. സര്‍ക്കാര്‍മേഖലയിലും സ്വകാര്യമേഖലയിലും വരുന്ന ഐടി പാര്‍ക്കുകളെല്ലാം പ്രത്യേക സാമ്പത്തികമേഖലയിലാകുമെന്ന് നയം പറയുന്നു. പ്രത്യേക സാമ്പത്തികമേഖല സംബന്ധിച്ച കേന്ദ്രനയം അനുസരിച്ച് ഏറ്റെടുത്തു നല്‍കുന്ന ഭൂമിയില്‍ 50 ശതമാനം ഐടി ഇതര കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. കൂടാതെ ഏറ്റെടുത്തു നല്‍കുന്ന ഭൂമിയില്‍ പണിയാന്‍ കഴിയുന്ന കെട്ടിടത്തിന്റെ തറവിസ്തീര്‍ണ അനുപാതം ഇരട്ടിയായും വര്‍ധിപ്പിച്ചു. നേരത്തെ മൂന്നായിരുന്ന തറവിസ്തീര്‍ണ അനുപാത യൂണിറ്റ് അഞ്ചായിരിക്കുമെന്ന് കരട് നിര്‍ദേശിക്കുന്നു. ഈ നിര്‍ദേശങ്ങള്‍ ഐടിപാര്‍ക്കുകളെ റിയല്‍എസ്റ്റേറ്റ് കച്ചവടമേഖലയാക്കുമെന്ന് ഐടി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായങ്ങള്‍ക്ക് ഏറ്റെടുത്തു നല്‍കുന്ന ഭൂമിയില്‍ 70 ശതമാനവും അതതു വ്യവസായത്തിനുതന്നെ ഉപയോഗിക്കണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു. അതിപ്പോള്‍ 50:50 ആക്കി. അതായത്, നേരത്തെ 100 ഏക്കര്‍ ഏറ്റെടുത്തു നല്‍കിയാല്‍ 70 ഏക്കറും വ്യവസായത്തിന് ഉപയോഗിക്കണമെങ്കില്‍ ഇന്ന് 50 ഏക്കര്‍ ഉപയോഗിച്ചാല്‍ മതി. 20 ഏക്കര്‍ സംരംഭകര്‍ക്ക് സ്വന്തമായി ഉപയോഗിക്കാം. തറവിസ്തീര്‍ണ അനുപാതം കൂട്ടിയതിലൂടെ നേരത്തെ ഒരേക്കറില്‍ ബഹുനിലകളിലായി 1.2 ലക്ഷം ചതുരശ്ര അടി കെട്ടിടം പണിയാവുന്ന സ്ഥാനത്ത് ഇന്ന് രണ്ടു ലക്ഷം ചതുരശ്രഅടി കെട്ടിടം പണിയാം. നേരത്തെ 100 ഏക്കര്‍ നല്‍കിയാല്‍ 30 ഏക്കറില്‍ 36 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണം മാത്രമേ ഐടി ഇതര കാര്യങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്നുള്ളൂ. ഇന്ന് 50 ഏക്കറില്‍ ഒരുകോടി ചതുരശ്രഅടി വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മിച്ച് മറ്റു കാര്യങ്ങള്‍ക്ക് നല്‍കാന്‍ കഴിയും. സര്‍ക്കാര്‍ നല്‍കുന്ന ഭൂമിയില്‍ ഐടിവ്യവസായത്തിന്റെ പേരില്‍ പാര്‍ക്ക് സ്ഥാപിച്ച് അനുബന്ധ കാര്യങ്ങള്‍ക്ക് വിനിയോഗിക്കുകയായിരിക്കും ഫലം.

ഇതു കൂടാതെ ഐടി കമ്പനികളിലെയും ഐടി സാമ്പത്തികമേഖലയിലെയും തൊഴില്‍നിയമം ലഘൂകരിക്കുമെന്നും കരട് റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോള്‍ത്തന്നെ ഐടി കമ്പനികളില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നു പരാതിയുണ്ട്. ഒരുവിധ തൊഴില്‍ സുരക്ഷയും ഇവിടെയില്ല. എന്നാല്‍ , പ്രത്യേക സാമ്പത്തികമേഖലയിലടക്കം തൊഴില്‍നിയമങ്ങള്‍ നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ച സ്ഥാനത്താണ് നിയമം ലഘൂകരിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ തൊഴില്‍സുരക്ഷയെയും തൊഴിലവകാശങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഐടിരംഗത്തെ വിദഗ്ധര്‍ പറയുന്നു.

ഇന്‍ഫോപാര്‍ക്ക്, ടെക്നോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിങ്ങനെയുള്ള മുദ്രമാറ്റി കേരള ഐടി ബ്രാന്‍ഡ് എന്ന ഒറ്റപ്പേരില്‍ കേരളത്തിന്റെ ഐടിരംഗം വിദേശത്ത് മാര്‍ക്കറ്റ് ചെയ്യാനും നിര്‍ദേശമുണ്ട്. ഐടി ഹബ്ബുകള്‍ക്ക് ചുറ്റുമായി ഉപഗ്രഹ ഐടിപാര്‍ക്കുകള്‍ എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആശയം തുടരുമെന്നും കരട് നയം പറയുന്നു. കൂടാതെ, ഗ്രാമപ്രദേശങ്ങളിലുള്ള തൊഴില്‍ശേഷി വിനിയോഗിക്കാന്‍ ബിപിഒ കേന്ദ്രങ്ങള്‍ ആരംഭിക്കാനും നിര്‍ദേശമുണ്ട്.

deshabhimani 050811

1 comment:

  1. ഐടി പാര്‍ക്കുകളുടെ മറവില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം കൊഴുപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഐടിനയം കരടിന് വ്യവസായവകുപ്പ് രൂപം നല്‍കി. സര്‍ക്കാര്‍മേഖലയിലും സ്വകാര്യമേഖലയിലും വരുന്ന ഐടി പാര്‍ക്കുകളെല്ലാം പ്രത്യേക സാമ്പത്തികമേഖലയിലാകുമെന്ന് നയം പറയുന്നു. പ്രത്യേക സാമ്പത്തികമേഖല സംബന്ധിച്ച കേന്ദ്രനയം അനുസരിച്ച് ഏറ്റെടുത്തു നല്‍കുന്ന ഭൂമിയില്‍ 50 ശതമാനം ഐടി ഇതര കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. കൂടാതെ ഏറ്റെടുത്തു നല്‍കുന്ന ഭൂമിയില്‍ പണിയാന്‍ കഴിയുന്ന കെട്ടിടത്തിന്റെ തറവിസ്തീര്‍ണ അനുപാതം ഇരട്ടിയായും വര്‍ധിപ്പിച്ചു. നേരത്തെ മൂന്നായിരുന്ന തറവിസ്തീര്‍ണ അനുപാത യൂണിറ്റ് അഞ്ചായിരിക്കുമെന്ന് കരട് നിര്‍ദേശിക്കുന്നു. ഈ നിര്‍ദേശങ്ങള്‍ ഐടിപാര്‍ക്കുകളെ റിയല്‍എസ്റ്റേറ്റ് കച്ചവടമേഖലയാക്കുമെന്ന് ഐടി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

    ReplyDelete