നീതിന്യായവ്യവസ്ഥയോട് അല്‍പ്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി ഉടന്‍ രാജിവയ്ക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തിരുന്നാല്‍ പാമൊലിന്‍ കേസില്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായ തുടരന്വേഷണം ഉണ്ടാകില്ല. വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞത് പ്രശ്നത്തിന് പരിഹാരമല്ല. കോടതിവിധിയുടെ ഗൗരവവും പ്രാധാന്യവും മുഖ്യമന്ത്രിക്ക് നിരാകരിക്കാനാകില്ല എന്നതിന് തെളിവാണ് വിജിലന്‍സ് കൈവിടാനുള്ള തീരുമാനം. പക്ഷേ, മുഖ്യമന്ത്രിസ്ഥാനത്ത് ഉമ്മന്‍ചാണ്ടി തുടര്‍ന്നാല്‍ അന്വേഷണം പ്രഹസനമാകും.
പാമൊലിന്‍ ഇടപാടില്‍ അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുറ്റകരമായ പങ്ക് അക്കമിട്ടുനിരത്തിയാണ് വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. എല്ലാ വകുപ്പിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്ന പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലാണ്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ആഭ്യന്തരവകുപ്പില്‍നിന്നുള്ളവരുമാണ്. ആഭ്യന്തരവും മുഖ്യമന്ത്രിയുടെ കൈയിലാണ്. അതിനാല്‍ വിജിലന്‍സ് മന്ത്രിസഭയിലെ തന്റെ വിശ്വസ്തനെ ഏല്‍പ്പിച്ചതുകൊണ്ടുമാത്രം അന്വേഷണത്തില്‍ മുഖ്യമന്ത്രിക്ക് ഇടപെടാനുള്ള അവസരം ഇല്ലാതാകുന്നില്ല. മുഖ്യമന്ത്രിക്ക് ഏതുവകുപ്പിലെയും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ നിയമപരമായ അധികാരവുമുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് അന്വേഷണം നേരിടാനുള്ള തീരുമാനം സ്വതന്ത്ര അന്വേഷണം അട്ടിമറിക്കാനുള്ള തന്ത്രമാണ്.
സംസ്ഥാനചരിത്രത്തില്‍ അഴിമതിക്കേസില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിക്കെതിരെയും കോടതിയുടെ പ്രതികൂലപരാമര്‍ശം ഉണ്ടായിട്ടില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ ഉത്തരവിടുന്നതിന് പത്ത് കാരണം കോടതി നിരത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനുതുല്യമാണിത്. സ്വതന്ത്രവും നീതിപൂര്‍വവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പുവരുത്താന്‍ ഉമ്മന്‍ചാണ്ടി ഒഴിഞ്ഞേ മതിയാകൂ. നിയമപരവും ധാര്‍മികവും രാഷ്ട്രീയപരവുമായ അന്തസ്സുണ്ടെങ്കില്‍ വകുപ്പ് ഒഴിഞ്ഞുള്ള ചെപ്പടിവിദ്യയിലൂടെ അധികാരത്തില്‍ കടിച്ചുതൂങ്ങാതെ രാജിവയ്ക്കണം. ജനാധിപത്യകേരളം ആവശ്യപ്പെടുന്നതും അതുതന്നെയാണ്. ജനാധിപത്യത്തോട് കൂറുള്ള എല്ലാവരും ഇതിനുവേണ്ടി ശക്തമായി ശബ്ദമുയര്‍ത്തണമെന്ന് സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
രാജിക്കായി ജനശബ്ദം ഉയരണം: പിണറായി
പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ കുറ്റകരമായ പങ്ക് വിജിലന്‍സ് കോടതി കണ്ടെത്തിയതിനാല്‍ ജനാധിപത്യത്തോട് കൂറുള്ള എല്ലാവരും ഭരണ- പ്രതിപക്ഷ വ്യത്യാസമെന്യേ അദ്ദേഹത്തിന്റെ രാജിക്കായി ശബ്ദമുയര്‍ത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു കേസ് കോടതി പരിഗണിക്കുന്നതിനിടെ പറഞ്ഞുപോകുന്ന ചില പരാമര്‍ശങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ കേസില്‍ പാമൊലിന്‍ ഇടപാടിലെ ഉമ്മന്‍ചാണ്ടിയുടെ കുറ്റകരമായ പങ്ക് കാരണങ്ങള്‍ അക്കമിട്ട്നിരത്തി കോടതി ചൂണ്ടിക്കാണിക്കുന്നു.
വിധിക്കെതിരെ ഉത്തരവാദപ്പെട്ട ഭരണകക്ഷിനേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയെ അവഹേളിക്കുന്നതാണ്. ഇത് നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതും കോടതിയലക്ഷ്യവുമാണ്. നിയമവശങ്ങള്‍ പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിച്ച കോടതിയോടുള്ള അമര്‍ഷമാണ് ചില ഭരണപക്ഷനേതാക്കളുടെ പ്രതികരണങ്ങളില്‍ തെളിഞ്ഞത്. ഉമ്മന്‍ചാണ്ടിയുടെ രാജിസംബന്ധിച്ച് വി എസും കോടിയേരി ബാലകൃഷ്ണനും രണ്ടുതട്ടിലാണോയെന്ന് ലേഖകര്‍ ചോദിച്ചപ്പോള്‍ , നിങ്ങള്‍ അങ്ങനെ ഭിന്നത കാണേണ്ടെന്ന് പിണറായി മറുപടി നല്‍കി. വിജിലന്‍സ്വകുപ്പ് ഒഴിയണമെന്ന് കോടിയേരി ആവശ്യപ്പെട്ടത് കോടതി ഉത്തരവിന് തൊട്ടുപിന്നാലെയാണ്. രാജിസംബന്ധിച്ച നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അപ്പോള്‍ത്തന്നെ കോടിയേരി ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ രാജിയില്‍ കുറഞ്ഞൊരു പരിഹാരവുമില്ലെന്ന് പിണറായി വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടി തുടരുന്നത് അന്വേഷണത്തെ സ്വാധീനിക്കാന്‍ : വിഎസ്
ആലപ്പുഴ: പാമൊലിന്‍ കേസില്‍ പുനരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രാജിയല്ലാതെ പോംവഴിയില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പാമൊലിന്‍ ഇടപാട് നടന്ന കാലത്ത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഇതിന് പിന്നില്‍ നടന്ന അഴിമതിയില്‍ വ്യക്തമായ പങ്കുണ്ടെന്ന് ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയായി തുടരുന്നത് കേസന്വേഷണത്തെ സ്വാധീനിക്കാന്‍ സാഹചര്യം ഒരുക്കുമെന്ന് വി എസ് പറഞ്ഞു. സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റിയംഗവും കെഎസ്കെടിയു നേതാവുമായിരുന്ന എം എം ആന്റണിയുടെ പേരില്‍ കുട്ടനാട് മങ്കൊമ്പില്‍ പണിതീര്‍ത്ത സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.
വിജിലന്‍സ് വകുപ്പ് കൈമാറി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. വിജിലന്‍സ് വകുപ്പ് ഏത് മന്ത്രിയെ ഏല്‍പ്പിച്ചാലും മുഖ്യമന്ത്രി എന്ന നിലയില്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ കഴിയും. അതിനാലാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദം ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന ഉറച്ച നിലപാടാണ് സിപിഐ എമ്മിനും എല്‍ഡിഎഫിനുമുള്ളത്. സിപിഐ എം നിലപാട് സംസ്ഥാനസെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. പാമൊലിന്‍കേസില്‍ തന്റെ പങ്ക് പുറത്തുവന്നാല്‍ മുഖ്യമന്ത്രിപദം ഒഴിയുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഉമ്മന്‍ചാണ്ടി നേരത്തെ ഉറപ്പുനല്‍കിയിരുന്നു. ഈ ഉറപ്പ് അദ്ദേഹം പാലിക്കണം.
ഉമ്മന്‍ചാണ്ടിയുടെ പങ്ക് തുറന്നുപറഞ്ഞത് പാമൊലിന്‍ ഇടപാട് നടന്നകാലത്ത് ഭക്ഷ്യ മന്ത്രിയായിരുന്ന ടി എച്ച് മുസ്തഫയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാ മാത്യുവുമാണ്. കുറ്റം ചെയ്തവര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവായി സാക്ഷികളാകുകയും കുറ്റം ചെയ്യാത്ത തങ്ങളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയുമായിരുന്നെന്നാണ് ഇരുവരും വെളിപ്പെടുത്തിയത്. ഇടപാട് സംബന്ധിച്ച് തനിക്ക് എല്ലാം അറിയാമായിരുന്നെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ തുറന്ന് സമ്മതിച്ചതുമാണ്. ഈ സാഹചര്യത്തില്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടി വേണ്ടതുപോലെ ഇടപെട്ടുവെന്നും ഇടപാട് സംബന്ധിച്ച ഫയല്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ മാസങ്ങളോളം ഉണ്ടായിരുന്നെന്നുമാണ് വിജിലന്‍സ് കോടതിയുടെ കണ്ടെത്തല്‍ . ഉമ്മന്‍ചാണ്ടി രാജിവെച്ചതിന് ശേഷം നിരപരാധിത്വം തെളിയിക്കാന്‍ കോടതിമുഖേന അദ്ദേഹത്തിന് ശ്രമിക്കാമെന്നും വി എസ് പറഞ്ഞു.
രാജി: വൈകാതെ തീരുമാനം-ഉമ്മന്‍ചാണ്ടി
രാജി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വൈകാതെ തീരുമാനമെടുക്കുമെന്ന് ആഭ്യന്തരവകുപ്പിന്റെ നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. യോഗത്തില്‍ പ്രതിപക്ഷ നേതാക്കളുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിജിലന്‍സുമായി ബന്ധപ്പെട്ട ഫയല്‍ മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. അതെന്തിനെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചപ്പോള്‍ , വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറിയെന്നുമായിരുന്നു മറുപടി. വിജിലന്‍സുമാത്രം ഒഴിഞ്ഞതുകൊണ്ട് കാര്യങ്ങള്‍ പൂര്‍ണമാകില്ലെന്ന് കോടിയേരി പ്രതികരിച്ചു. ആഭ്യന്തരവകുപ്പിനു കീഴിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ . വിജിലന്‍സ് മേധാവി ഉള്‍പ്പെടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്നത് പൊതുഭരണവകുപ്പാണ്. മന്ത്രിസഭയുടെ തലവന്‍ എന്ന നിലയില്‍ വിജിലന്‍സ് മന്ത്രിയെ നിയന്ത്രിക്കുന്നതും മുഖ്യമന്ത്രിയാണ്. അതിനാല്‍ , മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കക്ഷിനേതാക്കളായ സി ദിവാകരനും മാത്യു ടി തോമസും ഇതേ ആവശ്യം ഉന്നയിച്ചു. പ്രതിപക്ഷ അഭിപ്രായം ഗൗരവത്തോടെ കാണുന്നുവെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. വൈകാതെ തീരുമാനമുണ്ടാകും. ചില കേന്ദ്രങ്ങളുമായി ആലോചിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
deshabhimani 100811
നീതിന്യായവ്യവസ്ഥയോട് അല്‍പ്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി ഉടന്‍ രാജിവയ്ക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തിരുന്നാല്‍ പാമൊലിന്‍ കേസില്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായ തുടരന്വേഷണം ഉണ്ടാകില്ല. വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞത് പ്രശ്നത്തിന് പരിഹാരമല്ല. കോടതിവിധിയുടെ ഗൗരവവും പ്രാധാന്യവും മുഖ്യമന്ത്രിക്ക് നിരാകരിക്കാനാകില്ല എന്നതിന് തെളിവാണ് വിജിലന്‍സ് കൈവിടാനുള്ള തീരുമാനം. പക്ഷേ, മുഖ്യമന്ത്രിസ്ഥാനത്ത് ഉമ്മന്‍ചാണ്ടി തുടര്‍ന്നാല്‍ അന്വേഷണം പ്രഹസനമാകും.
ReplyDelete