കണ്ണൂര്‍ :മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിയാണെന്ന് സംശയരഹിതമായി കോടതി വ്യക്തമാക്കിയിരിക്കയാണെന്ന് മുന്‍ നിയമവകുപ്പ് സെക്രട്ടറി എം എ നിസാര്‍ പറഞ്ഞു. 1988-ലെ അഴിമതി നിരോധനനിയമ ഭേദഗതിയനുസരിച്ച് കൈക്കൂലി വാങ്ങിയെന്നതിന് തെളിവ് ആവശ്യമില്ല. പൊതുതാല്‍പര്യത്തിന് വിരുദ്ധമായി തീരുമാനമെടുക്കുകയും ആ തീരുമാനം വഴി സര്‍ക്കാരിന് നഷ്ടമുണ്ടാവുകയും മറ്റുള്ളവര്‍ക്ക് അന്യായ ലാഭമുണ്ടായി എന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ അത് അഴിമതിക്കുറ്റമാണ്. ഈ നിയമപ്രകാരം ഉമ്മന്‍ചാണ്ടി കുറ്റക്കാരനാണെന്നാണ് വിജിലന്‍സ് പ്രത്യേക കോടതി പറഞ്ഞത്. കീഴ്കോടതി വിധി തെറ്റാണെങ്കല്‍ അപ്പീല്‍ പോവുകയാണ് വേണ്ടത്. എന്തുകൊണ്ട് ഉമ്മന്‍ചാണ്ടി അപ്പീല്‍പോകാന്‍ തയ്യാറാവുന്നില്ല.
ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കുന്നതിന് മൂന്ന് തെളിവുകള്‍ കോടതി നിരത്തിയിട്ടുണ്ട്.
ഒന്ന്: തീരുമാനമെടുക്കുന്നതിനായി ഫയല്‍ ധനമന്ത്രിയുടെ മുന്നില്‍ എത്തിയാല്‍ ഒപ്പിടുന്നതിനുമുമ്പ് ഫിനാന്‍സ് സെക്രട്ടറിക്ക് അയക്കുന്നത് സാധാരണ നിയമനടപടിയാണ്. 15 ദിവസം ഉമ്മന്‍ചാണ്ടി ഫയല്‍ സൂക്ഷിച്ചുവെങ്കിലും ഫിനാന്‍സ് സെക്രട്ടറിയുടെ അഭിപ്രായം തേടാന്‍ തയ്യാറായില്ല.
രണ്ട്: മന്ത്രിസഭയുടെ അംഗികാരത്തിനായി ധനവകുപ്പില്‍നിന്ന് ഫയല്‍ അയക്കുമ്പോഴും ഫിനാന്‍സ് സെക്രട്ടറിയുടെ അഭിപ്രായം തേടണം. അതിന് തയ്യാറാകാതെ ഫയല്‍ ലഭിച്ച ദിവസംതന്നെ ഉമ്മന്‍ചാണ്ടി ഒപ്പിട്ടു നല്‍കി.
മൂന്ന്: പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോഴും ധനമന്ത്രിക്ക് ഇടപെടാന്‍ അവസരമുണ്ടായിരുന്നു. അതും വിനിയോഗിച്ചില്ല.
പാമൊലിന്‍ ഇറക്കുമതിയില്‍ ധനമന്ത്രിക്ക് മറ്റുചില താല്‍പര്യങ്ങളുണ്ടെന്നതിന് തെളിവായാണ് ഈ കണ്ടെത്തല്‍ കോടതി ചൂണ്ടിക്കാണിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നും കേസില്‍ പ്രതിയാണെന്നും കോടതി പറയാനാവുന്ന രീതിയില്‍ പറയുന്നു. അതിനുള്ള തെളിവുകളും കോടതിക്ക് മുന്നിലുണ്ടെന്നാണ് വ്യക്തമാക്കിയത്. അനുബന്ധമായ മറ്റു രേഖകള്‍ ഉണ്ടെങ്കില്‍ വിചാരണക്കുമുമ്പ് അന്വേഷിച്ചു കണ്ടെത്തുകയാണ് ഇനി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചെയ്യാനുള്ളത്. ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ കേസില്‍ പ്രതിയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയും പ്രതിയാണ്. ഭക്ഷ്യമന്ത്രിയേക്കാള്‍ കൂടുതല്‍ പങ്ക് ധനമന്ത്രിയായ ഉമ്മന്‍ചാണ്ടിക്കാണ്. കാരണം, പാമൊലിന്‍ ഇറക്കുമതി ചെയ്യണമെന്ന തീരുമാനത്തില്‍ ഭക്ഷ്യമന്ത്രി ഒപ്പിടുന്നതിനുമുമ്പ് സിവില്‍ സപ്ലൈസ് ഡയറക്ടറുടെയും ഭക്ഷ്യവകുപ്പ് സെക്രട്ടറിയുടെയും ആവശ്യം പരിഗണിച്ചിരുന്നുവെന്നതിനും തെളിവുണ്ട്. ഫിനാന്‍സ് സെക്രട്ടറിയുടെ അഭിപ്രായം തേടാത്തതിനാല്‍ ഈ ആനുകൂല്യംപോലും കോടതിയില്‍നിന്ന് ഉമ്മന്‍ചാണ്ടിക്ക് ലഭിക്കില്ല. മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്തി വിജിലന്‍സ് വകുപ്പ് മാത്രം ഒഴിയാനുള്ള ഉമ്മന്‍ചാണ്ടിയുടെ തീരുമാനം ധാര്‍മികതയ്ക്ക് യോജിച്ചതല്ല. പൊതുഭരണവും ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിജിലന്‍സ് മാത്രം ഒഴിഞ്ഞാല്‍ അന്വേഷണം സ്വതന്ത്രമാകുമെന്ന് കരുതാന്‍ സാധ്യമല്ല. ഏതുസമയവും അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും നിസാര്‍ ചോദിച്ചു. }(മുന്‍ ജില്ലാജഡ്ജിയും ഗുണ്ടാ ആക്ട് ഉപദേശകസമിതി അംഗവും പൊലീസ് പരാതിപരിഹാര അതോറിറ്റി ചെയര്‍മാനുമായിരുന്നു എം എ നിസാര്‍)
(ജയകൃഷ്ണന്‍ നരിക്കുട്ടി )
മുസ്തഫയുടെ തലയില്‍ കുറ്റം ചാരി ഹസ്സന്‍
പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്നു സ്ഥാപിക്കാന്‍ കെപിസിസി വക്താവ് എം എം ഹസ്സന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പഴി മുഴുവന്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫയ്ക്കും. എം എം ഹസ്സന്‍ ചെയര്‍മാനായിരുന്ന നിയമസഭയുടെ പബ്ലിക് അണ്ടര്‍ടേക്കിങ് കമ്മിറ്റി പാമൊലിന്‍ ഇടപാടില്‍ ക്രമക്കേട് നടന്നിരുന്നെന്ന് അന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് ഉള്ളതിനാല്‍ പാമൊലിന്‍ കേസിനെ പൂര്‍ണമായും തള്ളാന്‍ കഴിയാത്ത ഹസ്സന് ഉമ്മന്‍ചാണ്ടിയെ വെള്ളപൂശാന്‍ വേറെ വഴിയുണ്ടായിരുന്നില്ല. സെക്രട്ടറിയറ്റിലെ നടപടികളെക്കുറിച്ച് അറിയുന്ന ആരും പാമൊലിന്‍ കേസില്‍ ഇപ്പോഴത്തെ നിഗമനത്തില്‍ എത്തില്ലെന്നും കോടതി നിഗമനം തെറ്റാണെന്നും ഹസ്സന്‍ പറഞ്ഞു. ധനവകുപ്പിന്റെ അംഗീകാരമില്ലാതെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അന്നത്തെ ഭക്ഷ്യമന്ത്രി ഔട്ട് ഓഫ് അജന്‍ഡ ആയാണ് പാമൊലിന്‍ ഇറക്കുമതിചെയ്യാനുള്ള ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് കൊണ്ടുവന്നത്. അങ്ങനെ കൊണ്ടുവന്ന ഫയലില്‍ അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഒപ്പിട്ടിട്ടുണ്ടെങ്കിലും അത് സാങ്കേതികംമാത്രമാണെന്നും ഹസ്സന്‍ അവകാശപ്പെട്ടു.
അന്വേഷണം അട്ടിമറിക്കാന്‍ പഴുതുകളേറെ
വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സാങ്കേതികമായി പറയാമെങ്കിലും ആഭ്യന്തരം, പൊതുഭരണം എന്നീ വകുപ്പുകള്‍ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ പഴുതുകളേറെ. കോണ്‍സ്റ്റബിള്‍മുതല്‍ ഡയറക്ടര്‍വരെയുള്ള വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിയന്ത്രണം ആഭ്യന്തരവകുപ്പിന്റെ ചുമതലവഹിക്കുന്ന മുഖ്യമന്ത്രിക്കാണ്. പൊലീസില്‍നിന്ന് ഡെപ്യൂട്ടേഷനിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. വിജിലന്‍സ് എസ്പിമാര്‍ ഉള്‍പ്പെടെയുള്ള ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണവും ഇവരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് കൈകാര്യംചെയ്യാനുള്ള അധികാരവും മുഖ്യമന്ത്രിക്കാണ്. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ഇതെല്ലാം വഴിയൊരുക്കും. വിജിലന്‍സിന്റെ ചുമതല നല്‍കിയതാകട്ടെ മുഖ്യമന്ത്രിയുടെ കീഴിലുള്ള മന്ത്രിക്ക്. ഈ മന്ത്രിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരവുമുണ്ട്. ഈ സാഹചര്യത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം അസാധ്യമാകുമെന്ന് വ്യക്തം.
വിജിലന്‍സിലെ നയപരമായ കാര്യങ്ങളിലൊന്നും തീരുമാനമെടുക്കാന്‍ മന്ത്രിക്ക് കഴിയില്ല. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വിജിലന്‍സ് തലപ്പത്ത്. വിജിലന്‍സ് അന്വേഷിക്കുന്ന കേസുകളുടെ പുരോഗതി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വരുത്തി ചര്‍ച്ച ചെയ്യാന്‍ ഡയറക്ടര്‍ക്ക് അധികാരമുണ്ട്. ഡയറക്ടറോട് അന്വേഷണകാര്യം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിക്കും കഴിയും. തനിക്കെതിരെ അന്വേഷണം നടക്കുമ്പോള്‍ തലപ്പത്ത് താനിരിക്കുന്നതില്‍ അനൗചിത്യമുണ്ടെന്ന് പറഞ്ഞാണ് ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് വിട്ടത്. എന്നാല്‍ , പാമൊലിന്‍ കേസിലെ അന്വേഷണപുരോഗതിയെക്കുറിച്ച് വിജിലന്‍സ് ഡയറക്ടറുമായും അന്വേഷണ ഉദ്യോഗസ്ഥരുമായും ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിക്ക് തടസ്സമില്ല. ഫലത്തില്‍ അന്വേഷണത്തെ പലവഴിക്കും സ്വാധീനിക്കാന്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നയാളിന് കഴിയും.
വിജിലന്‍സ്വകുപ്പിലെ പാര്‍ട്ടൈം ജീവനക്കാരുടെ ഫയല്‍പോലും തീര്‍പ്പാക്കാന്‍ വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രിക്ക് അധികാരമില്ലെന്ന് ചുരുക്കം. വിജിലന്‍സിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെ മാറ്റേണ്ടതുണ്ടെങ്കില്‍ ആഭ്യന്തരവകുപ്പാണ് അന്തിമതീരുമാനം എടുക്കേണ്ടത്. പകരം ഉദ്യോഗസ്ഥനെ തീരുമാനിക്കാനുള്ള അധികാരവും ആഭ്യന്തരവകുപ്പില്‍ നിക്ഷിപ്തമാണ്. ആഭ്യന്തരവകുപ്പും വിജിലന്‍സും പരസ്പരം കെട്ടുപിണഞ്ഞ സാഹചര്യത്തില്‍ അന്വേഷണത്തില്‍ ഇടപെടലുണ്ടാകില്ലെന്ന് കരുതാനാകില്ല.
ജഡ്ജിക്കെതിരെ യുഡിഎഫ് നേതാക്കളുടെ വെല്ലുവിളി
പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഉത്തരവിട്ട വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ യുഡിഎഫ് നേതാക്കളുടെ രൂക്ഷ വിമര്‍ശം. കോടതി ഉത്തരവ് ശരിയായില്ലെന്നു പറഞ്ഞ നിയമമന്ത്രി കെ എം മാണി ജഡ്ജിക്ക് നിയമവശങ്ങള്‍ അറിയില്ലെന്ന് പ്രതികരിച്ചു. ജഡ്ജിയുടെ വ്യക്തിപരമായ ബന്ധങ്ങള്‍ പരാമര്‍ശിച്ച് മന്ത്രി കെ സി ജോസഫും ചീഫ് വിപ്പ് പി സി ജോര്‍ജും രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് മുഖപത്രം വീക്ഷണവും ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളാണ് നടത്തിയത്. കെപിസിസി വക്താവ് എം എം ഹസ്സന്‍ പറഞ്ഞത് സെക്രട്ടറിയറ്റിലെ ബിസിനസ് അറിയുന്ന ഒരാളും ഇങ്ങനെ ഉത്തരവ് പുറപ്പെടുവിക്കില്ലെന്നായിരുന്നു. പ്രശ്നത്തെ രാഷ്ട്രീയമായി നേരിടില്ലെന്ന് ആവര്‍ത്തിച്ചു പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുയായികളാണ് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ജഡ്ജിയെ അധിക്ഷേപിക്കുന്നത്.
രാഹുലിന്റെ വരവ് കാത്ത് കോണ്‍ഗ്രസ്
ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് കൈമാറിയെങ്കിലും പാമോലിന്‍ കോടതിവിധി യുഡിഎഫിന്റെ ഉറക്കംകെടുത്തുന്നു. ഈ പ്രശ്നം ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേരയും കൊണ്ടേ പോകൂവെന്ന നിലയിലേക്ക് തുടര്‍ചലനങ്ങള്‍ വളരുന്നു. നേതൃമാറ്റം ഔദ്യോഗികമായി യുഡിഎഫില്‍ ചര്‍ച്ചയായില്ലെങ്കിലും അനൗപചാരിക ചര്‍ച്ചകള്‍ ആ വഴിക്കാണ്. എല്ലാവരും രാഹുല്‍ഗാന്ധിയുടെ അമേരിക്കയില്‍നിന്നുള്ള വരവിനായി കാക്കുകയാണ്. അഴിമതിക്കേസായതുകൊണ്ടുതന്നെ നിയമപരമായി അധികദിവസം പിടിച്ചുനില്‍ക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയില്ലെന്ന് ചില അഭ്യുദയകാംക്ഷികള്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. അതിന്റെകൂടി അടിസ്ഥാനത്തിലാണ് രാജിക്കാര്യത്തില്‍ വൈകാതെ തീരുമാനം അറിയിക്കാമെന്ന് ചൊവ്വാഴ്ച രാവിലെ നിയമസഭാ സബ്ജറ്റ് കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്.
പാമോലിന്‍ കേസ് കാരണം ചീഫ് വിജലന്‍സ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് പി ജെ തോമസിന് ഇറങ്ങിപോകേണ്ടി വന്നു. കോടതിയുടെ ദയയ്ക്ക് കാത്തുനിന്നാല്‍ തോമസിനെപോലെ അപമാനിതനായി പുറത്തുപോകേണ്ടിവരുമോ എന്ന ആശങ്ക ഉമ്മന്‍ചാണ്ടിക്കുണ്ട്. മുഖ്യമന്ത്രിയായി തുടരണമെന്ന താല്‍പ്പര്യം മറുഭാഗത്തും. രാജി വേണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അനന്തര നടപടികളെപ്പറ്റി ആലോചിക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ബുധനാഴ്ച ചേരുകയുമാണ്. യുവാക്കള്‍ പ്രക്ഷോഭത്തിന് ഇറങ്ങി തുടങ്ങി. അഴിമതിക്കെതിരെ ദേശവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി കേരളത്തില്‍ പ്രക്ഷോഭം വളര്‍ന്നാല്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വം നിലപാട് എടുക്കാന്‍ നിര്‍ബന്ധിതമാകും. ഉമ്മന്‍ചാണ്ടി മാറിയാല്‍ ആരെന്നത് കോണ്‍ഗ്രസിലും മുന്നണിയിലും തര്‍ക്കത്തിന് കാരണമായേക്കും. ഇന്നത്തെ സ്ഥിതിയില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പേരിനാണ് കൂടുതല്‍ സാധ്യത. പക്ഷേ, ചെന്നിത്തല മുഖ്യമന്ത്രിയാകുന്നതിനോട് കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗത്തിന് യോജിപ്പില്ല. മുന്നണിയിലെ സീനിയര്‍ നേതാവായ കെ എം മാണി ഉള്‍പ്പെടെയുള്ളവരുടെ നിലപാട് അനുകൂലമാകില്ലെന്ന ആശങ്ക കോണ്‍ഗ്രസിലുണ്ട്. ഉമ്മന്‍ചാണ്ടിക്ക് പകരക്കാരനെ തേടിയാല്‍ രാഹുലിന്റെ പിന്തുണ രമേശിന് കിട്ടിയേക്കും.
രാഷ്ട്രീയ-നിയമ സംഭവഗതികള്‍ നോക്കി നേതൃമാറ്റത്തിനായി ഉചിതസമയത്ത് രംഗത്ത് വരാനാണ് ചെന്നിത്തലയുടെയും വിശാല ഐ ഗ്രൂപ്പിന്റെയും തീരുമാനം. സ്ഥിതിഗതി ചര്‍ച്ചചെയ്യാന്‍ ഉമ്മന്‍ചാണ്ടി, ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ എന്നിവരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചൊവ്വാഴ്ച സന്ധ്യക്ക് ഇന്ദിരാഭവനില്‍ ചേര്‍ന്നു. വിജിലന്‍സ് കോടതി ഉത്തരവിന് എതിരെ തിരുത്തല്‍ ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കണമെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സ്വീകരിക്കണമോയെന്ന കാര്യം ചര്‍ച്ച ചെയ്തു. സ്ഥിതി വഷളാകുംവിധം അധികാരത്തില്‍ തുടരാന്‍ തനിക്കാഗ്രഹമില്ലെന്ന് ഉമ്മന്‍ചാണ്ടി ചര്‍ച്ചക്കിടയില്‍ പറഞ്ഞതായി അറിയുന്നു. എന്നാല്‍ , രാജി പാടില്ലെന്ന എ കെ ആന്റണിയുടെയും കോര്‍കമ്മിറ്റിയുടെയും നിര്‍ദ്ദേശം ഇപ്പോള്‍ നടപ്പാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു. രണ്ടു മണിക്കൂര്‍ ചര്‍ച്ച നീണ്ടു. ഇതിനിടെ ഉമ്മന്‍ചാണ്ടി നേതൃസ്ഥാനം ഒഴിയരുതെന്ന വാശി മുസ്ലിംലീഗിനുണ്ട്. ഉമ്മന്‍ചാണ്ടി മാറിയാല്‍ യുഡിഎഫ് ഭരണം വേഗം അസ്ഥിരമാകുമെന്ന ഭയമാണ് കുഞ്ഞാലിക്കുട്ടിക്കും കൂട്ടര്‍ക്കും. അതിനായി കുഞ്ഞാലിക്കുട്ടി സമ്മര്‍ദ്ദം ചെലുത്തുകയാണ്. ബോര്‍ഡ്-കോര്‍പ്പറേഷന്‍ വിഭജനത്തെപ്പറ്റിയുള്ള ഉഭയകക്ഷി ചര്‍ച്ചക്കുവേണ്ടി ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ ചൊവ്വാഴ്ച സന്ധ്യക്ക് ഒത്തുകൂടാന്‍ തീരുമാനിച്ചിരുന്നു. പാമോലിന്‍ വിഷയം ചൂടുപിടിച്ചതിനാല്‍ ബോര്‍ഡ് പങ്കുവെപ്പ് ചര്‍ച്ച മാറ്റി.
(ആര്‍ എസ് ബാബു)
deshabhimani 100811
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിയാണെന്ന് സംശയരഹിതമായി കോടതി വ്യക്തമാക്കിയിരിക്കയാണെന്ന് മുന്‍ നിയമവകുപ്പ് സെക്രട്ടറി എം എ നിസാര്‍ പറഞ്ഞു. 1988-ലെ അഴിമതി നിരോധനനിയമ ഭേദഗതിയനുസരിച്ച് കൈക്കൂലി വാങ്ങിയെന്നതിന് തെളിവ് ആവശ്യമില്ല. പൊതുതാല്‍പര്യത്തിന് വിരുദ്ധമായി തീരുമാനമെടുക്കുകയും ആ തീരുമാനം വഴി സര്‍ക്കാരിന് നഷ്ടമുണ്ടാവുകയും മറ്റുള്ളവര്‍ക്ക് അന്യായ ലാഭമുണ്ടായി എന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ അത് അഴിമതിക്കുറ്റമാണ്. ഈ നിയമപ്രകാരം ഉമ്മന്‍ചാണ്ടി കുറ്റക്കാരനാണെന്നാണ് വിജിലന്‍സ് പ്രത്യേക കോടതി പറഞ്ഞത്. കീഴ്കോടതി വിധി തെറ്റാണെങ്കല്‍ അപ്പീല്‍ പോവുകയാണ് വേണ്ടത്. എന്തുകൊണ്ട് ഉമ്മന്‍ചാണ്ടി അപ്പീല്‍പോകാന്‍ തയ്യാറാവുന്നില്ല
ReplyDelete