Monday, August 8, 2011

അതിവേഗ റയില്‍ യാത്രയ്ക്ക് ഇന്ത്യ ഇനിയും കാത്തിരിക്കണം

ഇന്ത്യന്‍ യാത്രികര്‍ക്ക് അതിവേഗ റയില്‍യാത്രയ്ക്ക് ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും. 2000 ഡിസംബര്‍ 19ന് അന്നത്തെ റയില്‍ മന്ത്രി മമതാബാനര്‍ജി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ധവളപത്രം വിഭാവനം ചെയ്യുന്ന ആറ് അതിവേഗ റയില്‍ ഇടനാഴി സംബന്ധിച്ച സാധ്യതാ പഠനം ഇനിയും ആരംഭിച്ചിട്ടില്ല. 2020 വരെ ഇന്ത്യന്‍ റയില്‍വേ വിഭാവനം ചെയ്യുന്ന വികസന കാഴ്ചപ്പാടാണ് ധവളപത്രത്തില്‍ അടങ്ങിയിട്ടുള്ളത്. ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ നിര്‍ദിഷ്ട പാതകളില്‍ യാത്രാവേഗത മണിക്കൂറില്‍ 250 മുതല്‍ 350 കിലോമീറ്റര്‍ വരെ ആയിരിക്കും.

അതായത്, ഡല്‍ഹി-പട്‌ന യാത്ര സമയം മൂന്ന് മണിക്കൂര്‍ മാത്രം. അമൃത്സറില്‍ നിന്നും ഡല്‍ഹിയിലെത്താന്‍ കേവലം ഒന്നര മണിക്കൂര്‍. തിരഞ്ഞെടുക്കപ്പെട്ട അതിവേഗ പാതകളില്‍ ചെന്നൈ-ബംഗളൂരു-കോയമ്പത്തൂര്‍-എറണാകുളവും (649 കിലോമീറ്റര്‍) ഉള്‍പ്പെടുന്നു. ഡല്‍ഹി-ഛണ്ഡീഗഡ്-അമൃത്‌സര്‍ (450 കിലോമീറ്റര്‍), പൂണൈ-മുംബൈ-അഹമ്മദാബാദ് (650 കിലോമീറ്റര്‍), ഹൈദ്രാബാദ്-ദൊര്‍ണക്കല്‍-വിജയവാഡ-ചെന്നൈ (664 കിലോമീറ്റര്‍), ഹൗറ-ഹാല്‍ദിയ (135 കിലോമീറ്റര്‍), ഡല്‍ഹി-ആഗ്ര-ലക്‌നൗ-വാരണാസി-പട്‌ന (991 കിലോമീറ്റര്‍) എന്നിവയാണ് മറ്റ് നിര്‍ദിഷ്ട പാതകള്‍. പാത നിര്‍മാണ ചെലവിന്റെ പകുതി വീതം കേന്ദ്രവും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പങ്കിടും.

ഹൗറ-ഹാല്‍ദിയ അതിവേഗ ഇടനാഴി സംബന്ധിച്ച് സാധ്യതാ പഠനം പൂര്‍ത്തിയാക്കിയ ബ്രിട്ടീഷ് കമ്പനി മേട്ട് മക്‌സൊണാള്‍ഡ് അതു സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് കേന്ദ്ര റയില്‍ മന്ത്രാലയത്തിനു സമര്‍പ്പിച്ചിട്ടുണ്ട്. പൂണൈ-മുംബൈ-അഹമ്മദാബാദ് ഇടനാഴിയുടെ സാധ്യതാ പഠനത്തിനും ഇതേ കമ്പനിയെ തന്നെയാണ് നിയോഗിച്ചിട്ടുള്ളത്. പദ്ധതി നിര്‍വഹണ ചുമതല ദേശീയ അതിവേഗ റയില്‍ അതോറിറ്റിയില്‍ (എന്‍ എച്ച് എസ് ആര്‍) നിക്ഷിപ്തമായിരിക്കും. ഇത് റയില്‍ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായിരിക്കും. സാധ്യതാ പഠനത്തിലേര്‍പ്പെട്ടിട്ടുള്ള ഏജന്‍സികളില്‍ ഒന്നായ റയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് എന്‍ജിനീയറിംഗ് സര്‍വീസസ് (റിറ്റ്‌സ്) ഒരു കിലോമീറ്റര്‍ അതിവേഗ പാതയ്ക്ക് 44 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

എന്നാല്‍, ഇത് 70 മുതല്‍ 100 കോടി വരെ ഉയരുമെന്ന് അഭിജ്ഞ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതായത്, മുംബൈ-അഹമ്മദാബാദ് പാതയ്ക്കുമാത്രം (500 കിലോമീറ്റര്‍) ചെലവ് 37,000 കോടി രൂപ. ഈ നിരക്കില്‍ പാത നിര്‍മിച്ചാല്‍ 450 കിലോമീറ്റര്‍, അമൃത്‌സര്‍-ഡല്‍ഹി പാതയില്‍ കിലോമീറ്ററിന് അഞ്ച് രൂപ നിരക്കില്‍ യാത്രക്കൂലി രണ്ടായിരം രൂപയോളം വരും.
ബിസിനസ്, വിനോദസഞ്ചാരം, തീര്‍ഥാടനം എന്നീ മേഖലകളില്‍ വന്‍ വളര്‍ച്ചയ്ക്ക് അതിവേഗ റയില്‍ കുതിപ്പുപകരും. ജപ്പാന്‍ ഈ രംഗത്തെ തുടക്കക്കാരാണ്. വൈകി എത്തിയ ചൈന അതിവേഗ റയില്‍ രംഗത്ത് വന്‍കുതിച്ചുചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ക്ക് ഇപ്പോള്‍ തന്നെ 9,676 കിലോമീറ്റര്‍ അതിവേഗ പാത നിലവിലുണ്ട്. ഇക്കൊല്ലം അവസാനത്തോടെ പാതാ ദൈര്‍ഘ്യം 13,074 കിലോമീറ്ററും 2015 ല്‍ 25,000 കിലോമീറ്ററും ആയി ഉയരും. 2007 ല്‍ അതിവേഗ റയില്‍ യാത്രികരുടെ എണ്ണം 2,37,000 ആയിരുന്നത് 2010 ല്‍ 7,96,000 ആയി വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2012 ആവുമ്പോഴേക്കും ലോകത്തെ മറ്റെല്ലാ രാജ്യങ്ങളുടെയും അതിവേഗ പാതകളെല്ലാം ഒരുമിച്ചു ചേരുന്നതില്‍ അധികം ദൈര്‍ഘ്യം ചൈനയ്ക്ക് സ്വന്തമായി ഉണ്ടായിരിക്കും.

janayugom 080811

1 comment:

  1. ഇന്ത്യന്‍ യാത്രികര്‍ക്ക് അതിവേഗ റയില്‍യാത്രയ്ക്ക് ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും. 2000 ഡിസംബര്‍ 19ന് അന്നത്തെ റയില്‍ മന്ത്രി മമതാബാനര്‍ജി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ധവളപത്രം വിഭാവനം ചെയ്യുന്ന ആറ് അതിവേഗ റയില്‍ ഇടനാഴി സംബന്ധിച്ച സാധ്യതാ പഠനം ഇനിയും ആരംഭിച്ചിട്ടില്ല. 2020 വരെ ഇന്ത്യന്‍ റയില്‍വേ വിഭാവനം ചെയ്യുന്ന വികസന കാഴ്ചപ്പാടാണ് ധവളപത്രത്തില്‍ അടങ്ങിയിട്ടുള്ളത്. ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ നിര്‍ദിഷ്ട പാതകളില്‍ യാത്രാവേഗത മണിക്കൂറില്‍ 250 മുതല്‍ 350 കിലോമീറ്റര്‍ വരെ ആയിരിക്കും.

    ReplyDelete