Monday, August 8, 2011

മാധ്യമ മാനേജ്‌മെന്റുകള്‍ ലിംഗനയം പ്രഖ്യാപിക്കണം: ടി എന്‍ സീമ

തൃശൂര്‍: മാധ്യമ മാനേജ്‌മെന്റുകള്‍ തങ്ങളുടെ ലിംഗനയം പ്രഖ്യാപിക്കാനുള്ള ധൈര്യം കാട്ടണമെന്ന് ഡോ. ടി എന്‍ സീമ എംപി പറഞ്ഞു. കേരള പത്രപ്രവര്‍ത്തകയൂണിയന്റെ 49-ാം സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച സംസ്ഥാന വനിതാസെമിനാര്‍ ജോസഫ് മുണ്ടശ്ശേരി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ടി എന്‍ സീമ. '

മാധ്യമവും ലിംഗനീതിയും' എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. ലിംഗപരമായ വിവേചനമല്ല മറിച്ച് അനുഭാവമാണ് ഓരോ തൊഴിലാളിയും തങ്ങളുടെ സ്ഥാപനങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നത്.

സ്ത്രീകളുടെ പൊതു പ്രശ്‌നങ്ങളും സ്ഥാപനത്തിനകത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളും പരിഹരിക്കണമെങ്കില്‍ സ്ഥാപനങ്ങള്‍ ഈ ലിംഗനയം വ്യക്തമാക്കിയേ മതിയാകൂ. നിര്‍ണായക തീരുമാനമെടുക്കേണ്ട ഇടങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തണം.  പരമ്പരാഗത തൊഴില്‍ സങ്കല്‍പങ്ങളെയും കുടുംബത്തിലെ സ്ത്രീകളുടെ പദവിയെയുമെല്ലാം പുനര്‍വ്യഖാനം ചെയ്യുകയും അധ്വാനഭാരം പങ്കുവയ്ക്കുന്നതില്‍ പുനര്‍വിചിന്തനം ഉണ്ടാകുകയും വേണം. പൊതുസമൂഹത്തിന്റെ പുരുഷകേന്ദ്രീകൃത സ്വഭാവത്തിന്റെ കാഴ്ചപ്പാടില്‍നിന്നുകൊണ്ടു മാത്രം സ്ത്രീയെ കാണുന്ന സമീപനത്തിന് മാറ്റം വരണം. കമ്പോളതാല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ വില്‍പ്പനച്ചരക്കാക്കാനുള്ള ഇരകളായി മാത്രം സ്ത്രീയെ കാണുന്ന രീതി മാറണമെന്നും ടി എന്‍ സീമ പറഞ്ഞു.

അധികാരകേന്ദ്രങ്ങളില്‍ സ്ത്രീപുരുഷ അനുപാതത്തിലുള്ള അസന്തുലിതാവസ്ഥ മറ്റേതു രംഗത്തുമെന്നതുപോലെ മാധ്യമങ്ങളിലും സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതിന് കാരണമാകുന്നുണ്ടെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു. പൊതു തീരുമാനമെടുക്കുന്ന സമിതികളുടെ ഭാഗമാകാനുള്ള സാഹചര്യം സ്ത്രീകള്‍ക്കുണ്ടാകണമെന്നും അതിനുള്ള അവസരങ്ങള്‍ ലഭ്യമല്ലാത്തപ്പോള്‍ സംവരണത്തിലൂടെ അത് ഉറപ്പുവരുത്തുകയും വേണമെന്ന് അവര്‍ വ്യക്തമാക്കി.

ജനാധിപത്യത്തിന്റെ നെടുംതൂണ് എന്ന വിശേഷണത്തിനു പകരം അലങ്കാരം മാത്രമാക്കി മാധ്യമങ്ങളെ തരംതാഴ്ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ടെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. സ്ത്രീയുടെ സ്വത്വബോധത്തെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ലിംഗനീതിയ്ക്കായുള്ള പോരാട്ടം ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും ഈ പോരാട്ടത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

janayugom 080811

1 comment:

  1. മാധ്യമ മാനേജ്‌മെന്റുകള്‍ തങ്ങളുടെ ലിംഗനയം പ്രഖ്യാപിക്കാനുള്ള ധൈര്യം കാട്ടണമെന്ന് ഡോ. ടി എന്‍ സീമ എംപി പറഞ്ഞു. കേരള പത്രപ്രവര്‍ത്തകയൂണിയന്റെ 49-ാം സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച സംസ്ഥാന വനിതാസെമിനാര്‍ ജോസഫ് മുണ്ടശ്ശേരി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ടി എന്‍ സീമ. '

    ReplyDelete