Friday, August 5, 2011

പ്രധാനമന്ത്രി പരിധിക്കു പുറത്ത് ലോക്പാല്‍ ലോക്സഭയില്‍

പ്രധാനമന്ത്രിയെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താത്ത ലോക്പാല്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. പ്രധാനമന്ത്രിയെ ഒഴിവാക്കുന്നതിനെതിരെ രാജ്യമെമ്പാടുമുയര്‍ന്ന പ്രതിഷേധം വകവയ്ക്കാതെയാണ് പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി നാരായണസ്വാമി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുമെന്ന് അദ്ദേഹം പറഞ്ഞു. അധികാരമൊഴിഞ്ഞശേഷമാകും പ്രധാനമന്ത്രി ലോക്പാല്‍ പരിധിയില്‍ വരിക. അഴിമതി നടന്ന് ഏഴുവര്‍ഷത്തിനുള്ളില്‍ പരാതി രൂപത്തില്‍ ലോക്പാലിനു മുമ്പാകെ വന്നാലേ അന്വേഷണം പരിഗണിക്കൂ. ഏഴുവര്‍ഷ പരിധി പ്രധാനമന്ത്രിമാരെ രക്ഷപ്പെടുത്താനാണെന്നു വ്യക്തം. സ്പെക്ട്രം കേസിലടക്കം രക്ഷപ്പെടല്‍ സാധ്യമാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് വ്യവസ്ഥകള്‍ .

ലോക്പാലില്‍ വന്നാലും പരാതി കോടതിയുടെയോ പാര്‍ലമെന്ററി കമ്മിറ്റികളുടെയോ പരിഗണനയിലുണ്ടെങ്കില്‍ അവയുടെ നടപടിക്ക് തടസ്സമുണ്ടാകില്ല. മന്ത്രിമാര്‍ , എംപിമാര്‍ , അണ്ടര്‍ സെക്രട്ടറിക്കു മുകളിലുള്ള ഉദ്യോഗസ്ഥര്‍}എന്നിവരാണ് ലോക്പാല്‍ പരിധിയില്‍ വരിക. നിത്യേന അഴിമതിയാരോപണം ഉയരുകയും ബഹുഭൂരിപക്ഷം ജനങ്ങളും ബന്ധപ്പെടുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ , സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്ന സ്ഥാപനങ്ങള്‍ , ട്രസ്റ്റുകള്‍ , സര്‍ക്കാര്‍ പണം വാങ്ങുന്ന എന്‍ജിഒകള്‍ തുടങ്ങിയവയൊക്കെ ലോക്പാല്‍ പരിധിയിലുണ്ടാകും. എംപിമാരുടെ പാര്‍ലമെന്റിനുള്ളിലെ നടപടി ലോക്പാലിന് പരിശോധിക്കാനാകില്ല. വ്യാജപരാതികള്‍ വന്നാല്‍ നടപടിക്ക് ബില്ലില്‍ വ്യവസ്ഥയുണ്ട്.

അധികാരത്തിലുള്ള സര്‍ക്കാരിന് സ്വാധീനമുള്ള ലോക്പാല്‍ രൂപീകരിക്കാനാകും. പ്രധാനമന്ത്രി തലവനായ ഒമ്പതംഗ സമിതിയാണ് ലോക്പാല്‍ അധ്യക്ഷനെയും അംഗങ്ങളെയും തെരഞ്ഞെടുക്കുക. ലോക്പാല്‍ അന്വേഷിച്ച് നല്‍കുന്ന പരാതി പരിഗണിക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കും. ലോക്പാലിന് സ്വന്തമായി അന്വേഷണവിഭാഗവുമുണ്ടാകും. ലോക്പാല്‍ കോടതിയില്‍ കേസ് വന്നാല്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പുണ്ടാക്കണം. ഇല്ലാത്തപക്ഷം ലോക്പാലിനെ കാരണം ബോധ്യപ്പെടുത്തി നിശ്ചിത സമയത്തിനുള്ളില്‍ തീര്‍പ്പാക്കണം. ലോക്സഭയില്‍ വിലക്കയറ്റചര്‍ച്ചയ്ക്ക് നുശേഷമാണ് മന്ത്രി നാരായണസ്വാമി ലോക്പാല്‍ ബില്‍ അവതരണത്തിന് എഴുന്നേറ്റത്.
(ദിനേശ്വര്‍മ)

deshabhimani 050811

1 comment:

  1. പ്രധാനമന്ത്രിയെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താത്ത ലോക്പാല്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. പ്രധാനമന്ത്രിയെ ഒഴിവാക്കുന്നതിനെതിരെ രാജ്യമെമ്പാടുമുയര്‍ന്ന പ്രതിഷേധം വകവയ്ക്കാതെയാണ് പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി നാരായണസ്വാമി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്

    ReplyDelete