Friday, August 5, 2011

ഐസിഎംആറും കീടനാശിനി ലോബിയുടെ വലയില്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കേണ്ടതില്ലെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) റിപ്പോര്‍ട്ടിനു പിന്നില്‍ കീടനാശിനി ലോബിയുടെ സമ്മര്‍ദ്ദം. എന്‍ഡോസള്‍ഫാന്‍ കേരളത്തിലും കര്‍ണാടകയിലും നിരോധിച്ചാല്‍ മതിയെന്ന അഭിപ്രായമാണ് റിപ്പോര്‍ട്ടിലുള്ളത്. എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ടോയെന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഐസിഎംആറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നായിരുന്നു കോടതി നിര്‍ദേശം. കേന്ദ്രത്തിന്റെയും കീടനാശിനി ഉല്‍പ്പാദകരുടെയും സമ്മര്‍ദമാണ് ഐസിഎംആറിന്റെ എന്‍ഡോസള്‍ഫാന്‍ അനുകൂല ശുപാര്‍ശക്കു പിന്നിലെന്ന ആരോപണം ഒരിക്കല്‍കൂടി തെളിയുകയാണ്.

കാസര്‍കോട് ജില്ലയിലും ദക്ഷിണ കര്‍ണാടകത്തിന്റെ ചില ഭാഗങ്ങളിലും കണ്ടെത്തിയ ഗുരുതര രോഗങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനാണെന്ന് ഐസിഎംആറിന്റ പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നിട്ടും, ജനങ്ങളുടെ ജീവന് കടുത്ത ഭീഷണിയായ വിഷം മറ്റിടങ്ങളില്‍ നിരോധിക്കേണ്ടെന്ന ശുപാര്‍ശ ഗൂഢാലോചനയുടെ ഫലമാണെന്നാണ് വീണ്ടും ആക്ഷേപം ഉയരുന്നത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണോ വേണ്ടയോ എന്നു പറയാന്‍ ഐസിഎംആറിന് അധികാരമില്ലെങ്കിലും രണ്ടു സംസ്ഥാനത്ത് മാത്രം നിരോധിച്ചാല്‍ മതിയെന്ന് റിപ്പോര്‍ട്ടില്‍ ചേര്‍ത്തത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തെ പിന്തുടണക്കാനാണെന്ന് വ്യക്തം. എന്‍ഡോസള്‍ഫാന്‍ ആകാശമാര്‍ഗം തളിച്ചതാണ് രോഗകാരണമായതെന്ന സൂചനയും കീടനാശിനിലോബിയെ സഹായിക്കാനാണ്. ആകാശമാര്‍ഗം തളിക്കാത്തിടങ്ങളിലും എന്‍ഡോസള്‍ഫാന്‍മൂലം രോഗമുണ്ടായതായി മധ്യപ്രദേശ്, ഹരിയാന, ഒറീസ, അസം, പഞ്ചാബ് എന്നിവിടങ്ങളില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഐസിഎംആര്‍ മറച്ചുവച്ച ഇക്കാര്യങ്ങള്‍ കോടതിയില്‍ ശക്തമായി ഉന്നയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡിവൈഎഫ്ഐയുടെ അഭിഭാഷകര്‍ .

ഐസിഎംആര്‍ റിപ്പോര്‍ട്ടിലൂടെ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് ഉറപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍കൂട്ടി സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന ആക്ഷേപത്തിലും വസ്തുതയുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധസംഘം നടത്തിയ പഠനത്തിന്റെ ആധികാരികത ഐസിഎംആര്‍ സംഘത്തിന് ബോധ്യമായിരുന്നു. പത്തുവര്‍ഷംമുമ്പ് തങ്ങള്‍ നടത്തിയ പഠനത്തില്‍നിന്ന് വ്യത്യസ്തമല്ല ഇതെന്ന് മനസ്സിലാക്കിയ ഐസിഎംആര്‍ മറ്റു പഠനം ആവശ്യമില്ലെന്ന നിഗമനത്തിലായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനുവഴങ്ങി ദുരന്തമേഖല സന്ദര്‍ശിച്ചതോടെ കെടുതിയുടെ ആഴം അവര്‍ക്ക് കൂടുതല്‍ ബോധ്യപ്പെട്ടതുമാണ്. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ അനുകൂല റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അവരില്‍ കീടനാശിനി ലോബി സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.

deshabhimani 050811

No comments:

Post a Comment