Sunday, August 7, 2011

വിദേശ വാര്‍ത്തകള്‍ - ജപ്പാന്‍, സോമാലിയ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക

ആണവോര്‍ജത്തിന്റെ ഉപഭോഗം കുറയ്ക്കുമെന്ന് ജപ്പാന്‍

ടോക്കിയോ: ആണവോര്‍ജത്തിന്റെ ഉപഭോഗത്തില്‍ വ്യക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി നവോട്ടാ കാന്‍. പടിപടിയായി ആണവോര്‍ജ്ജത്തിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ ജപ്പാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കാന്‍ പറഞ്ഞു. മനുഷ്യരാശിയെ ഞെട്ടിച്ച ഹിരോഷിമയിലെ അണുബോംബാക്രമണത്തിന്റെ 66ാം വാര്‍ഷികത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കാന്‍.

രണ്ടാം ലോകമഹായുദ്ധകാലത്ത്  അമേരിക്കന്‍ സാമ്രാജ്യത്വം 1945ല്‍ ഹിരോഷിമയില്‍ നടത്തിയ നിഷ്ഠൂരമായ ആക്രമണത്തില്‍ 140,000 പേരാണ് മരിച്ചത്. ലോക ചരിത്രത്തിലെ കറുത്ത ദിനത്തിന്റെ സ്മരണ പുതുക്കാന്‍ പതിനായിരങ്ങളാണ് ഹിരോഷിമയില്‍ തടിച്ചുകൂടിയത്. 1945 ഓഗസ്റ്റ് ആറ് 8.15നാണ് അമേരിക്ക ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചത്. ഈ സമയം രാജ്യമെമ്പാടും ഒരു മിനിട്ട് മൗനം ആചരിച്ചു. ഹിരോഷിമയിലെ പീസ് മെമ്മോറിയല്‍ പാര്‍ക്കിലാണ്  പ്രധാന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. പ്രധാനമന്ത്രി നവോട്ടോ കാന്‍ ഉള്‍പ്പെടെയുളള പ്രധാന നേതാക്കള്‍ ഇവിടത്തെ അനുസ്മരണചടങ്ങില്‍ പങ്കെടുത്തു. മഞ്ഞ പൂക്കളര്‍പ്പിച്ചും  സമാധാനത്തിന്റെ സന്ദേശവാഹകരായി വെളളരി പ്രാവുകളെ പറത്തിയാണ് ചടങ്ങ് അവസാനിപ്പിച്ചത്.

അടുത്തിടെ സുനാമിയെത്തുടര്‍ന്ന് ഫുക്കുഷിമ ആണവനിലയത്തില്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്നുണ്ടായ ആശങ്കകളുടേയും വിവാദങ്ങളുടേയും പശ്ചാത്തലത്തിലായിരുന്നു ഈ വര്‍ഷത്തെ ഹിരോഷിമാ ദിനം. ആണവോര്‍ജം സുരക്ഷിതമാണെന്ന വാദം എതിര്‍ക്കപ്പെടേണ്ടതാണെന്ന് കാന്‍ അഭിപ്രായപ്പെട്ടു.

ഹിരോഷിമയ്ക്കു പുറമേ ഓഗസ്റ്റ് 9ന് നാഗസാക്കിയിലും അമേരിക്ക നടത്തിയ അണുബോംബാക്രമണത്തില്‍ പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാനെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നതിനായിരുന്നു അമേരിക്കയുടെ ഈ കിരാത നടപടി.

സൊമാലിയയില്‍ അല്‍ ഷബാബിന് തിരിച്ചടി

മൊഗാദിഷു: സൊമാലിയയില്‍ സമാന്തരഭരണം നടത്തിയിരുന്ന അല്‍ഷബാബ് ഇസ്‌ലാമിക തീവ്രവാദികള്‍ക്ക് ശക്തമായ തിരിച്ചടി. സര്‍ക്കാര്‍ സൈനിക നടപടികള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് തലസ്ഥാനമായ മൊഗാദിഷു ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ നിന്നും അല്‍ ഷബാബ് പിന്‍മാറി.

സര്‍ക്കാര്‍ സേനയോട് ഏറ്റുമുട്ടി പരാജയപ്പെട്ട വിമതര്‍ അര്‍ധരാത്രിയോടെ വിവിധ നഗരങ്ങളില്‍ നിന്നും പിന്‍വാങ്ങിയതായി പ്രസിഡന്റ് ഷെയ്ഖ് ഷെരീഫ് അഹമ്മദ് അറിയിച്ചു. പിന്‍മാറ്റം സ്ഥിരീകരിച്ച അല്‍ഷബാബ് വക്താവ് ഇത് കീഴടങ്ങലല്ലെന്നും തന്ത്രപരമായ സൈനിക നീക്കത്തിന്റെ ഭാഗമാണെന്നും അവകാശപ്പെട്ടു.

അല്‍ ഷബാബും സര്‍ക്കാര്‍ സൈന്യവും തമ്മിലുളള ഏറ്റുമുട്ടല്‍ കൊടുംപട്ടിണിയിലായ സൊമാലിയയില്‍ ദുരിതാശ്വാസമെത്തിക്കുന്നതിന് തടസ്സമായിത്തീര്‍ന്നിരുന്നു. അതോടൊപ്പം തന്നെ അമുസ്‌ലിങ്ങള്‍ രാജ്യത്ത് സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കില്ലെന്ന അല്‍ഷബാബിന്റെ  നിലപാടും സന്നദ്ധസംഘടനകളെ സൊമാലിയയില്‍ നിന്നും അകറ്റിയിരുന്നു. കഴിഞ്ഞ 60 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയുടെ പിടിയിലാണ് സൊമാലിയ. പോഷകാഹാരത്തിന്റെ ദൗര്‍ലഭ്യം മൂലം കുരുന്നുകള്‍ മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 90 ദിവസത്തിനിടെ അഞ്ചുവയസില്‍ താഴെയുളള 29,000 കുട്ടികളാണ് മരിച്ചത്. 3.2 ദശലക്ഷത്തോളം ജനങ്ങള്‍ മരണത്തിന്റെ വക്കിലാണെന്ന് ഐക്യരാഷ്ട്രസഭയും വിലയിരുത്തിയിരുന്നു.

ആഫ്രിക്കന്‍ യൂണിയന്‍ സമാധാന പാലനസേനയും സര്‍ക്കാര്‍ സൈന്യവും സഹകരിച്ചാണ് തീവ്രവാദികളെ തുരത്തിയതെന്ന് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് പറഞ്ഞു. മൊഗാദിഷുവില്‍ നിന്നു മാത്രമാണ് തങ്ങള്‍ പിന്‍വാങ്ങിയതെന്നും തെക്കന്‍ സൊമാലിയയുടെ മറ്റു പ്രദേശങ്ങളില്‍  തങ്ങള്‍ സജീവമായി തുടരുന്നുണ്ടെന്നും അല്‍ഷബാബ് വക്താവ് അലി മുഹമ്മദ് റേജ് പ്രാദേശിക റേഡിയോയിലൂടെ നടത്തിയ സംപ്രേഷണത്തില്‍ അവകാശപ്പെട്ടു. അല്‍ ഷബാബിന്റെ പിന്‍മാറ്റത്തെ ശ്രദ്ധയോടെ വീക്ഷിക്കണമെന്നും തിരിച്ചടിക്കുളള പഴുതുകള്‍ അടയ്ക്കണമെന്നും ആഫ്രിക്കന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.

ചില അറബ് രാജ്യങ്ങളില്‍ നിന്നും ലഭിച്ചിരുന്ന സാമ്പത്തിക സഹായം നിലച്ചതോടെ അല്‍ ഷബാബിന്റെ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെട്ടതായി നിരീക്ഷകര്‍ വിലയിരുത്തുന്നു.

മെക്‌സിക്കോയില്‍ പൊലീസുകാര്‍ ജോലി ഉപേക്ഷിക്കുന്നു

മെക്‌സിക്കോ സിറ്റി: മയക്കുമരുന്ന് മാഫിയകള്‍ സമാന്തര ഭരണം നടത്തുന്ന മെക്‌സിക്കോയില്‍ അവരുടെ കാട്ടുനീതിനടത്തിപ്പിനെ ഭയന്ന് പൊലീസ് ഉദ്യോഗം ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണം കൂടുന്നു. മെക്‌സിക്കോയിലെ ഒരു പട്ടണത്തില്‍ ഉന്നത പൊലീസ് മേധാവിയേയും അഞ്ച് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെയും അടുത്തടുത്ത ദിവസങ്ങളില്‍ മാഫിയകള്‍  വകവരുത്തിയിരുന്നു. പല ഉദ്യോഗസ്ഥരും മയക്കു മരുന്ന് മാഫിയകളുടെ ഭീഷണിയിലുമാണ്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ പൊലീസ് സേനയില്‍ നിന്ന് രാജിവച്ചൊഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുപതിലേറെ പൊലിസ് ഉദ്യോഗസ്ഥരാണ് ജോലി ഉപേക്ഷിച്ചത്.

തങ്ങള്‍ക്ക് സുരക്ഷയും സംരക്ഷണവും നല്‍കുന്നതില്‍ ഭരണകൂടം പരാജയപ്പെടുന്നതില്‍ ജനങ്ങള്‍ പ്രതിഷേധ പ്രകടനങ്ങളുമായി തെരുവുകളില്‍ ഇറങ്ങി തുടങ്ങി.
 പൊലീസ് സേനയെ അപ്പാടെ അഴിച്ചു പണിയണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. സേനയിലെ പലര്‍ക്കും മാഫിയകളുമായി ബന്ധമുള്ളതിനാലും ഭരണകൂടത്തിനുള്ളിലും മാഫിയകള്‍ക്ക് സ്വാധീനമുള്ളതുകൊണ്ടും നിയമ നിര്‍വഹണം മെക്‌സിക്കോയിലെ  അസാദ്ധ്യമായിരിക്കയാണ്.

മാഫിയകളുടെ സംഘങ്ങള്‍ ആള്‍ക്കാരെ തട്ടികൊണ്ടുപോയി വധിക്കുന്നതും ഇതിനെതിരെ അധികാരികള്‍ക്ക് ഒന്നും ചെയ്യാനാകാത്തതും ജനങ്ങളില്‍ വന്‍പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്.

സങ്കീര്‍ണ്ണമായ സാഹചര്യത്തെ നേരിടാന്‍ പുതിയ തന്ത്രങ്ങള്‍ മെനയാന്‍ ശ്രമിക്കുകയാണ്  പൊലീസ്. നഗരത്തിന്റെ മിക്കഭാഗങ്ങളിലും ടെലിസ്‌കോപ്പിക്ക് ക്യാമറകളും മറ്റും ഘടിപ്പിക്കുകയാണ് പൊലീസ്. അതുപോലെ അക്രമകാരികള്‍ നഗരത്തിന് വെളിയിലേക്ക് കടക്കുന്നത് ചെറുക്കുന്ന തരത്തില്‍ സുരക്ഷാ സംഘത്തെ പലകോണികളിലും വിന്യസിക്കുകയും ചെയ്യുന്നുണ്ട്.

ദക്ഷിണാഫ്രിക്ക: കമ്മ്യൂണിസ്റ്റ് എ എന്‍ സി സഖ്യം ശക്തമാക്കും

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയില്‍ ദേശീയ ജനാധിപത്യ വിപ്ലവത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രപരമായ സഖ്യം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ പ്രസ്താവിച്ചു.

ദക്ഷിണാഫ്രിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 90-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് കൂടിയായ ജേക്കബ് സുമ. കമ്യൂണിസ്റ്റ് പാര്‍ട്ടിയും എ എന്‍ സിയും ദക്ഷിണാഫ്രിക്കന്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷനും ചേര്‍ന്നുള്ള സഖ്യമാണ് സ്വാതന്ത്ര്യാനന്തരം ദക്ഷിണാഫ്രിക്കയില്‍ അധികാരത്തിലുള്ളത് 1921 ജൂലൈ 30 നാണ് ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിതമായത്.

ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 90-ാം വാര്‍ഷികാഘോഷങ്ങള്‍ രാജ്യത്തിനാകെ പ്രാധാന്യമുള്ള ഒന്നാണെന്ന് സുമ പറഞ്ഞു. സ്വാതന്ത്ര്യത്തിനും നീതിക്കും മാനവികതയ്ക്കും വേണ്ടിയുള്ള വീരോചിതമായ പോരാട്ടങ്ങളെ അനുസ്മരിപ്പിക്കുന്നതുകൂടിയാണ് വാര്‍ഷികാഘോഷങ്ങള്‍. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നിരോധിക്കപ്പെട്ടിരുന്ന വര്‍ഷങ്ങളില്‍, ഒളിപ്രവര്‍ത്തനങ്ങളില്‍ ഏറെ അനുഭവസമ്പത്തുള്ള ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സ്വാതന്ത്ര്യ പോരാട്ടത്തിന് കരുത്തു പകര്‍ന്നിരുന്നു. സ്വാന്തന്ത്ര്യാനന്തരം ദേശീയ ജനാധിപത്യവിപ്ലവത്തിന്റെ പ്രക്രിയ നടപ്പാക്കുന്നതിന് വ്യക്തമായ കാഴ്ചപ്പാടുള്ള ഒട്ടേറെ നേതാക്കളെ സംഭാവന ചെയ്തുവെന്നതും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും ലോകത്താകെയും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിനും അതിന്റെയടിസ്ഥാനത്തില്‍ രാജ്യത്തില്‍ കാര്യങ്ങള്‍ നടപ്പാക്കുന്നതിനും ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണ്. എ എന്‍ സിയും ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷനും തമ്മില്‍ നിലനില്‍ക്കുന്ന സഖ്യം കേവലം കടലാസിലോ വട്ടമേശ സമ്മേളനങ്ങളിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും പോരാട്ടങ്ങളിലൂടെ വളര്‍ന്ന ജീവനുള്ള ഒന്നാണെന്നും സുമ പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബ്ലാഡെ എന്‍സിമാന്റെ, ചെയര്‍മാന്‍ ഗ്വെദെമന്റാഷെ, ദക്ഷിണാഫ്രിക്കന്‍ ട്രേഡ് യൂണിയനുകളുടെ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് സിന്ധുമോ ഡാല്‍ഫിനി, ജനറല്‍ സെക്രട്ടറി സ്റ്റെലിന്‍സിമ വാവി എന്നിവരും ചടങ്ങില്‍ പ്രസംഗിച്ചു.

ജനയുഗം 070811

1 comment:

  1. ആണവോര്‍ജത്തിന്റെ ഉപഭോഗത്തില്‍ വ്യക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി നവോട്ടാ കാന്‍. പടിപടിയായി ആണവോര്‍ജ്ജത്തിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ ജപ്പാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കാന്‍ പറഞ്ഞു. മനുഷ്യരാശിയെ ഞെട്ടിച്ച ഹിരോഷിമയിലെ അണുബോംബാക്രമണത്തിന്റെ 66ാം വാര്‍ഷികത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കാന്‍.

    ReplyDelete