Sunday, August 7, 2011

സി എ ജി റിപ്പോര്‍ട്ട് നിശിത കുറ്റപത്രം

കഴിഞ്ഞ ദിവസം കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) പാര്‍ലമെന്റിനു സമര്‍പ്പിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും ഗെയിംസ് സംഘാടകസമിതിക്കുമെതിരെയുള്ള നിശിത കുറ്റപത്രം തന്നെയാണ്. രാജ്യത്തിന്റെ അന്തസും പ്രതിച്ഛായയും ലോകത്തിന്റെ മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ പര്യാപ്തമായ, ലോക ശ്രദ്ധ ആകര്‍ഷിക്കുമായിരുന്ന, ഒരു അന്താരാഷ്ട്ര കായികമേളയെ എങ്ങിനെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും അഴിമതിയിലൂന്നിയ ധനസമ്പാധനത്തിനുമുള്ള ഒരു വേദിയാക്കി മാറ്റാന്‍ കോണ്‍ഗ്രസിനും യു പി എ സഖ്യത്തിനും കേന്ദ്രഭരണ സംവിധാനത്തിനും നിര്‍ലജ്ജം ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നതിന്റെ സാക്ഷ്യപത്രമാണ് സി എ ജി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ അഴിമതിരഹിത പ്രതിഛായയുടെ മുഖപടം വലിച്ചുമാറ്റപ്പെട്ടിരിക്കുന്നു. പൊതുജീവിതത്തിന്റെ എല്ലാ ധാര്‍മികതകളെയും മാന്യതകളെയും ഉല്ലംഘിക്കുന്ന ഇടപെടലുകളും അഴിമതികളുമാണ് ഷീലാ ദീക്ഷിതും അവരുടെ ഗവണ്‍മെന്റും ഗെയിംസ് നടത്തിപ്പിന്റെ പേരില്‍ നടത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കായികമന്ത്രിയുടെ എതിര്‍പ്പുകളെപ്പോലും അവഗണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് സുരേഷ് കല്‍മാഡിയെ സംഘാടകസമിതി അധ്യക്ഷനായി നിയമിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനുമായി ഒപ്പുവെച്ച കരാര്‍ വ്യവസ്ഥകളെ മറികടന്നായിരുന്നു ആ നിയമനം. അതിനെ സാധൂകരിക്കാന്‍ ഹാജരാക്കിയ രേഖകള്‍പോലും കൃത്രിമമാണെന്നും വിലയിരുത്തപ്പെടുന്നു.

സംഘാടകസമിതിക്കെതിരെ ഉയര്‍ന്ന പരാതികള്‍ യഥാസമയം പരിശോധിക്കുന്നതിനോ അവ മുഖവിലക്കെടുക്കുന്നതിനോ പോലും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും തുനിഞ്ഞില്ലെന്നത് പ്രശ്‌നത്തിന്റെ ഗൗരവം ഇരട്ടിപ്പിക്കുന്നു. 2 ജി സ്‌പെക്ട്രം സംബന്ധിച്ച് നടക്കുന്ന കോടതി നടപടികളും ഇതിനോടകം വെളിവായിട്ടുള്ള വസ്തുതകളും കൂട്ടിവായിച്ചാല്‍ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും സംബന്ധിച്ച് നാളിതുവരെ പ്രചരിച്ചിരുന്ന പ്രതിച്ഛായ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് കരുതേണ്ടിവരും. ഗെയിംസ് നടത്തിപ്പ് സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയും അദ്ദേഹത്തിന്റെ ഓഫീസും കൈക്കൊണ്ട നടപടികളും സംശയത്തിന്റെ നിഴലില്‍ തന്നെയാണെന്നത് ശ്രദ്ധേയമാണ്. ഉദാരവല്‍ക്കണ സാമ്പത്തിക നയം വിശ്വസ്ഥതയോടെ പിന്തുടരുന്ന കോണ്‍ഗ്രസും ബി ജെ പിയും ഒരേ കപ്പലില്‍ തന്നെയാണെന്നത് ഈ വസ്തുതകള്‍ വ്യക്തമാക്കുന്നു.

ഗെയിംസിനെ വരവേല്‍ക്കാന്‍ ഡല്‍ഹി നഗരം അണിയിച്ചൊരുക്കുകയെന്ന ദൗത്യം ഷീലാദീക്ഷിതിനും അവരുടെ മന്ത്രിസഭക്കും മുന്നില്‍ തുറന്നിട്ട സ്വര്‍ണഖനിയായി മാറി. പദ്ധതി നിര്‍വഹണത്തില്‍ അക്ഷന്തവ്യമായ കാലതാമസം വരുത്തി വേണ്ടപ്പെട്ടവര്‍ക്ക് കരാര്‍ ഉറപ്പിച്ചു നല്‍കുകവഴി നൂറ് കണക്കിന് കോടി രൂപയാണ് പൊതുഖജനാവിന് നഷ്ടമായത്. ഇത്തരത്തില്‍ കരാര്‍ ഉറപ്പിക്കുന്നതിനു മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായി എന്നത് സി എ ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്ത് ദിനംപ്രതി പുറത്തുവരുന്ന അഴിമതിക്കഥകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരില്‍ ബന്ധമുണ്ടെന്ന് വ്യക്തമാക്കപ്പെട്ട ആദ്യത്തെതാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കഥകള്‍. രാജ്യത്തിന്റെ പരമോന്നത പദവിയുടെ അന്തസിനു തന്നെ ക്ഷതമേല്‍പ്പിക്കുന്ന കണ്ടെത്തലുകളാണ് സി എ ജി റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. നിര്‍ദിഷ്ട ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ നിന്നും പ്രധാനമന്ത്രിയെ ഒഴിവാക്കണമെന്ന കോണ്‍ഗ്രസിന്റെയും ഗവണ്‍മെന്റിന്റെയും വാദം ഇത്തരുണത്തില്‍ കൂട്ടിവായിക്കപ്പെടണം. രാജ്യത്തിന്റെ കെട്ടുറപ്പും ഭരണസംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസവും വീണ്ടെടുക്കാന്‍ ഈ റിപ്പോര്‍ട്ട് അവസരമൊരുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ജനയുഗം മുഖപ്രസംഗം 070811

1 comment:

  1. കഴിഞ്ഞ ദിവസം കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) പാര്‍ലമെന്റിനു സമര്‍പ്പിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും ഗെയിംസ് സംഘാടകസമിതിക്കുമെതിരെയുള്ള നിശിത കുറ്റപത്രം തന്നെയാണ്. രാജ്യത്തിന്റെ അന്തസും പ്രതിച്ഛായയും ലോകത്തിന്റെ മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ പര്യാപ്തമായ, ലോക ശ്രദ്ധ ആകര്‍ഷിക്കുമായിരുന്ന, ഒരു അന്താരാഷ്ട്ര കായികമേളയെ എങ്ങിനെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും അഴിമതിയിലൂന്നിയ ധനസമ്പാധനത്തിനുമുള്ള ഒരു വേദിയാക്കി മാറ്റാന്‍ കോണ്‍ഗ്രസിനും യു പി എ സഖ്യത്തിനും കേന്ദ്രഭരണ സംവിധാനത്തിനും നിര്‍ലജ്ജം ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നതിന്റെ സാക്ഷ്യപത്രമാണ് സി എ ജി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ അഴിമതിരഹിത പ്രതിഛായയുടെ മുഖപടം വലിച്ചുമാറ്റപ്പെട്ടിരിക്കുന്നു. പൊതുജീവിതത്തിന്റെ എല്ലാ ധാര്‍മികതകളെയും മാന്യതകളെയും ഉല്ലംഘിക്കുന്ന ഇടപെടലുകളും അഴിമതികളുമാണ് ഷീലാ ദീക്ഷിതും അവരുടെ ഗവണ്‍മെന്റും ഗെയിംസ് നടത്തിപ്പിന്റെ പേരില്‍ നടത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

    ReplyDelete