Tuesday, August 9, 2011

ജൈവവൈവിധ്യ സംരക്ഷണം- കേരളം മാതൃക കാട്ടുന്നു

ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിനിടെ നിരവധി ക്രീയാത്മകമായ സംവിധാനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കഴിഞ്ഞതായി ജൈവ സാങ്കേതിക വിദഗ്ധര്‍ വിലയിരുത്തുന്നു.  സംസ്ഥാന വനം വകുപ്പും ഡല്‍ഹി സര്‍വകലാശാലയും സംയുക്തമായി സംഘടിപ്പിച്ച അഡ്വാന്‍സിംഗ് ഫ്രോണ്ടിയേഴ്‌സ് ഓഫ് ആംഫീബിയന്‍ കണ്‍സര്‍വേഷന്‍ എന്ന ശില്‍പ്പശാലയില്‍ പങ്കെടുത്ത വിദഗ്ധരാണ് ഈ വിലയിരുത്തല്‍ നടത്തിയത്.

ആഗോളതാപനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ  കേരള സര്‍ക്കാര്‍ നടപ്പാക്കിയ മരം വച്ച് പിടിപ്പിക്കല്‍ പദ്ധതി ഈ ദിശയില്‍ നടന്ന ഏറ്റവും കാര്യക്ഷമായ ഇടപെടലാണെന്ന് ഡല്‍ഹി
സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ ദിനേശ് സിംഗ് പറഞ്ഞു. ജൈവവൈവിധ്യങ്ങള്‍ സംബന്ധിച്ച പഠനങ്ങള്‍ നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കേരളം ഒരു കലവറയാണ്. . സ്‌കൂള്‍ കുട്ടികളെ മുതല്‍ പ്രായപൂര്‍ത്തിയായവരെ പദ്ധതിയുടെ ഭാഗമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇതൊക്കെയാണ് പ്രകൃതിയെ  ചൂഷണം ചെയ്യുന്ന പ്രവണതകള്‍ ലോകത്തെ ആകമാനം ഗ്രസിച്ച വര്‍ത്തമാനകാല സാഹചര്യത്തിലും കേരളം ഇതില്‍ നിന്നൊക്കെ വേറിട്ട് നില്‍ക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തെക്കുറിച്ചുള്ള വിശേഷണം ഈ സന്ദര്‍ഭത്തിലാണ് അന്വര്‍ഥമാകുന്നതെന്നും ദിനേശ് സിംഗ് പറഞ്ഞു.

ഉഭയജീവികളില്‍  അഥവാ ആംഫീബിയന്‍സില്‍ പരിസ്ഥിതി സംരക്ഷണത്തില്‍ മുഖ്യപങ്ക് വഹിക്കുന്നത് തവളകളാണ്.  തവളകളിലെ ഭൂരിഭാഗം വര്‍ഗങ്ങളും വംശനാശ ഭീഷണി നേരിടുകയാണ്. 32 വിഭാഗങ്ങള്‍ക്ക് ഇതിനകം തന്നെ വംശനാശം സംഭവിച്ച് കഴിഞ്ഞു. ജീവശാസ്ത്ര സ്ഥിതിവിവര കണക്കുകള്‍ പ്രകാരം ഓരോ 20 മിനിട്ടിലും ഒരു വര്‍ഗത്തിന് വംശനാശം സംഭവിക്കുന്നു. എന്നാല്‍ കേരളത്തില്‍ മാത്രമാണ് ഉഭജീവികളുടെ വംശനാശത്തിന്റെ തോത് കുറവുള്ളത്. പശ്ചിമ ഘട്ടത്തിലാണ് ഉഭയജീവികളുടെ സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമായി നടക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഗുരുതരകമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ലെന്നും ശില്‍പ്പശാലയില്‍ പങ്കെടുത്ത വിദഗ്ധര്‍ വിലയിരുത്തി.

സംസ്ഥാനത്തെ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യവും അതിന്റെ കാര്യക്ഷമമായ പഠനങ്ങള്‍ക്കും തുടക്കമിട്ടത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ്. കേരളം നടത്തിയ ഈ പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ടതായും വിദഗ്ധര്‍ വിലയിരുത്തി. കേരളത്തില്‍ ഇന്ന് കാണുന്ന ജൈവ സമ്പത്തിനെ സംരക്ഷിച്ചാല്‍ പോലും വരുന്ന 50 വര്‍ഷക്കാലത്ത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. സംസ്ഥാനത്തിന്റെ ജൈവസമ്പത്തിന്റെ ഈറ്റില്ലമായ പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം സംബന്ധിച്ച സമഗ്രമായ വിലയിരുത്തല്‍ ഇനിയും ഉണ്ടായിട്ടില്ല. പശ്ചിമ ഘട്ടത്തിലെ ജൈവ വൈവിധ്യം സംബന്ധിച്ച ശാസ്ത്രിയ ചര്‍ച്ചകള്‍ ഗൗരവമായി ആരംഭിച്ചതും മുന്ന് വര്‍ഷം മുമ്പ് മാത്രമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സാമൂഹ്യ വനവല്‍ക്കരണ പരിപാടികളും ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു. മറ്റുള്ള സംസ്ഥാനങ്ങള്‍ ഏകജാതിവനവല്‍ക്കരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഇതിന്റെ ഫലമായി പ്രകൃതി സംരക്ഷണം ഫലപ്രദമായി നടക്കാറില്ലെന്ന് അഡീഷണല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് എന്‍ വി ത്രിവേദി ബാബു പറഞ്ഞു. കേരളത്തില്‍ ബഹുജാതി വനങ്ങള്‍ വച്ചുപിടിപ്പിക്കാനാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ശ്രമിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്തെ ജൈവസമ്പത്തിനും ആവാസവ്യവസ്ഥക്കും ഗുരുതരമായ പ്രത്യഘാതങ്ങള്‍ ഉണ്ടാകാത്തതെന്നും അദ്ദേഹം പറഞ്ഞു.

വനം മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ടി എം മനോഹരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ എം കെ പ്രസാദ്, വനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അമ്പതോളം വിദഗ്ധര്‍ ശില്‍പ്പശാലയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

janayugom 090811

1 comment:

  1. ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിനിടെ നിരവധി ക്രീയാത്മകമായ സംവിധാനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കഴിഞ്ഞതായി ജൈവ സാങ്കേതിക വിദഗ്ധര്‍ വിലയിരുത്തുന്നു. സംസ്ഥാന വനം വകുപ്പും ഡല്‍ഹി സര്‍വകലാശാലയും സംയുക്തമായി സംഘടിപ്പിച്ച അഡ്വാന്‍സിംഗ് ഫ്രോണ്ടിയേഴ്‌സ് ഓഫ് ആംഫീബിയന്‍ കണ്‍സര്‍വേഷന്‍ എന്ന ശില്‍പ്പശാലയില്‍ പങ്കെടുത്ത വിദഗ്ധരാണ് ഈ വിലയിരുത്തല്‍ നടത്തിയത്.

    ReplyDelete