Tuesday, August 9, 2011

മുനിയറകളും നന്നങ്ങാടികളും സംരക്ഷിക്കും; പുരാവസ്തു ഗവേഷകര്‍ ഇടുക്കിയിലേക്ക്

തൊടുപുഴ: ശിലായുഗ സംസ്‌കാരത്തിന്റെ ശേഷിപ്പുകളായ ഇടുക്കിയിലെ മുനിയറകളും നന്നങ്ങാടികളും മറ്റു ചരിത്രാവശിഷ്ടങ്ങളും സംരക്ഷിക്കാന്‍ പദ്ധതിയൊരുങ്ങുന്നു. ഇതിനായി ജില്ലാ ആസ്ഥാനമായ പൈനാവില്‍ സജ്ജമാക്കുന്ന മ്യൂസിയം അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാകും. പുരാവസ്തു വകുപ്പിന്റെ സാങ്കേതിക ഉപദേശങ്ങള്‍ സ്വീകരിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്താണ് നേതൃത്വം നല്‍കുന്നത്.

ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 5,000 വര്‍ഷത്തില്‍ ഏറെ പഴക്കമുള്ള മുനിയറകളും നന്നങ്ങാടികളും ശിലായുഗ ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. പല സ്ഥലങ്ങളില്‍ പല കാലങ്ങളിലായി കണ്ടെത്തിയിട്ടുള്ള ചരിത്രാവശിഷ്ടങ്ങളെ ക്രോഡീകരിക്കാനാണ് പദ്ധതി. ഇത് ടൂറിസം വികസനത്തിനും ഉപകരിക്കുന്ന വിധത്തില്‍ ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ തന്നെ മ്യൂസിയം ഉണ്ടാക്കാനാണ് ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് കോഴിമല പറഞ്ഞു.

ജില്ലയിലെ 53 പഞ്ചായത്തുകളിലും പുരാതന ചരിത്രാവശിഷ്ടങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ജില്ലയെ നാല് മേഖലകളായി തിരിച്ച് ഇവയെല്ലാം കണ്ടെത്തുന്നതിനാണ് ആദ്യശ്രമം. മറയൂര്‍, കൊച്ചറ, കമ്പിളികണ്ടം, തൊടുപുഴ, എന്നിങ്ങനെ മേഖലകളായി തിരിച്ചാണ് അന്വേഷണം നടത്തുന്നത്.  മറയൂരിലും കാന്തല്ലൂരിലും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന മുനിയറകള്‍ ചരിത്ര ശേഷിപ്പുകളുടെ ഭാഗമാണ്. ഇവയുടെ സംരക്ഷണത്തിനായി തയ്യാറാക്കുന്ന പദ്ധതിക്ക് പത്ത്  ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് നീക്കി വച്ചിട്ടുള്ളത്.
ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ പ്രാചീനശിലായുഗത്തിന്റെ ശേഷിപ്പുകളായി ഗുഹകളും ക്ഷേത്രങ്ങളും അക്കാലത്ത് ഉപയോഗിച്ചിട്ടുള്ള ആയുധങ്ങളും ഉണ്ട്.  പുരാതന കാലം മുതല്‍ ഗോത്ര ജീവിതത്തിന്റെ സംസ്‌കൃതി ഇടുക്കിയില്‍ ഉണ്ടായിരുന്നുവെന്നാണ് ചരിത്രാന്വേഷകര്‍ വിലയിരുത്തിയിട്ടുള്ളത്.

ഗോത്ര ജീവിതത്തിന്റെ ഭാഗമായിട്ടാണ് അയ്യപ്പന്‍കോവിലിലെ പഴയ ക്ഷേത്രം, മംഗളാദേവിക്ഷേത്രം എന്നിവ നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ശിലകള്‍ കൊണ്ട് പണികഴിപ്പിച്ചിട്ടുള്ള ഈ ക്ഷേത്രങ്ങള്‍ക്ക് തമിഴ്‌നാട്ടിലെ ശില്‍പ്പരീതികളാണ് ഉള്ളത്.

കുമളിയിലും മറയൂരിലും വന്‍തോതില്‍ പുരാതന ശിലായുഗത്തിന്റെ അവശിഷ്ടങ്ങളുണ്ട്. മറയൂരിലും മറ്റ് സ്ഥലങ്ങളിലുമുള്ള മുനിയറകളുടെ കല്‍പ്പാളികള്‍ നീക്കം ചെയ്യുന്ന തരത്തിലുള്ള ഭീഷണികളും നിലനില്‍ക്കുന്നുണ്ട്. കല്‍പ്പാളികളായതിനാല്‍ പലരും സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി ഇവ പൊളിച്ചെടുത്തുകൊണ്ടുപോകുന്ന നടപടികള്‍ തടയുക എന്നതും ജില്ലാ പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നു. ഗോത്രവര്‍ഗരീതിയില്‍ ജീവിച്ചിരുന്നവരാണ് പണ്ട് ഇവിടെയുണ്ടായിരുന്ന ജനവിഭാഗങ്ങളെന്ന് ചരിത്രപഠനങ്ങളും വെളിപ്പെടുത്തുന്നുണ്ട്. ഇടുക്കിയിലെ ചരിത്രാവശിഷ്ടങ്ങള്‍ തേടി പുരാവസ്തു ഗവേഷകരുടെ ഒരു സംഘം ഈ മാസം ജില്ലയിലെത്തും.
(ടി എന്‍ സുനില്‍)

janayugom 090811

No comments:

Post a Comment