Saturday, August 13, 2011

കള്ളനോട്ട് കടത്താനും കാസര്‍കോട് കലാപം മറയാക്കി

മംഗളൂരു: മലബാറിലാകെ വര്‍ഗീയകലാപമുണ്ടാക്കി, പൊലീസിനെ നിഷ്ക്രിയമാക്കി കള്ളനോട്ടും കള്ളപ്പണവും കടത്താന്‍ കാസര്‍കോട് കലാപസമയത്ത് ഗൂഢാലോചന നടന്നതായി സൂചന. ഇതുസംബന്ധിച്ച് കാസര്‍കോട് വെടിവയ്പ് അന്വേഷിച്ച പൊലീസിനും ക്രൈംബ്രാഞ്ചിനും വ്യക്തമായ തെളിവു ലഭിച്ചു. ഇക്കാര്യവും ജുഡീഷ്യല്‍ കമീഷനിലൂടെ വെളിവാകുമെന്നു ഭയന്നാണ് അന്വേഷണ കമീഷനെ ഇല്ലാതാക്കിയത്. അതോടൊപ്പം ചില തീവ്രവാദക്കേസിലെ പൊലീസിന്റെ അന്വേഷണം മരവിപ്പിക്കുക എന്ന ഉദ്ദേശ്യവും കലാപകാരികള്‍ക്ക് ഉണ്ടായിരുന്നു. പൊലീസിനെ മലബാറിലാകെ ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു തളിപ്പറമ്പിലും നാദാപുരത്തും കാസര്‍കോട്ടും പൊലീസിനു നേരെ ഒരേപോലെ അക്രമം നടത്തിയത്. എല്ലായിടത്തും അക്രമങ്ങള്‍ക്ക് സമാന സ്വഭാവമുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ കൈ അടിച്ചുപൊട്ടിക്കുക, പൊലീസ് വാഹനം ആക്രമിച്ച് ഗ്രനേഡ് പോലുള്ള പൊലീസ് സാമഗ്രികള്‍ കൊള്ളയടിക്കുക തുടങ്ങിയവ മുമ്പെങ്ങും ഇല്ലാത്ത രീതിയായിരുന്നു. തീവ്രവാദ, രാജ്യദ്രോഹ കുറ്റങ്ങള്‍ ഉള്‍പ്പെട്ട സംഭവമായതിനാല്‍ എന്‍ഐഎ പോലുള്ള ഏജന്‍സി അന്വേഷിക്കേണ്ട കേസാണ് കാസര്‍കോട് കലാപമെന്ന് മുതിര്‍ന്ന പൊലീസുദ്യോഗസ്ഥരും നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

2009 നവംബര്‍ 15നു കാസര്‍കോട്ട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ലീഗ് നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണത്തോട് അനുബന്ധിച്ചാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചായിരുന്നു കലാപത്തിനുള്ള പദ്ധതിയിട്ടത്. കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുസ്ലിംലീഗ് നേതാവിന്റെ സാന്നിധ്യത്തിലായിരുന്നു ഗൂഢാലോചനയെന്നും പൊലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. ഇവരുടെ നിര്‍ദേശപ്രകാരം കാഞ്ഞങ്ങാട്, പടന്ന, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളെ അക്രമത്തിനായി ഇറക്കി. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ഭാഗങ്ങളിലെ പുഴയില്‍ മാത്രം കാണുന്ന ഉരുളന്‍ കല്ലുകളാണ് കാസര്‍കോട്ട് ലീഗുകാര്‍ ഉപയോഗിച്ചത്. അക്രമം നടത്താന്‍ വന്‍തോതില്‍ പണം വന്നതിനൊപ്പം പൊലീസിനെ ആക്രമിക്കാനായി മാത്രം 15 ബൈക്കും ലഭ്യമാക്കിയിരുന്നു. അക്രമസമയത്ത് സ്ഥലത്തെത്തിയ ബദിയടുക്ക എസ്ഐ സിബിതോമസിനെ പുതിയ ബസ്സ്റ്റാന്‍ഡിലെ സിറ്റി ടവറിനു മുന്നില്‍ വളഞ്ഞിട്ടു മര്‍ദിക്കുകയും തലയില്‍ ചെങ്കല്ലിട്ട് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.

ഈ സമയം എആര്‍ ക്യാമ്പില്‍ നിന്ന് നഗരത്തിലേക്ക് വന്ന പൊലീസ് വാനിനുനേരെ മിലന്‍ തിയറ്റര്‍ പരിസരം മുതല്‍ പഴയ പ്രസ്ക്ലബ് ജങ്ഷന്‍ വരെയുള്ള ഭാഗത്തു നിന്ന് തുരുതുരാ കല്ലേറുമുണ്ടായി. ഈ സംഘര്‍ഷം നിയന്ത്രിക്കാന്‍ ജില്ലാ പൊലീസ് സൂപ്രണ്ട് രാംദാസ് പോത്തന്‍ എത്തിയപ്പോള്‍ വയ്ക്കടാ വെടിയെന്ന് ആക്രോശിച്ച് പടന്ന ഭാഗത്തുനിന്നു വന്ന ഏതാനും യുവാക്കള്‍ ചീറിയടുക്കുകയായിരുന്നു. അക്രമം അവസാനിച്ചശേഷം, മുസ്ലിം മതപുരോഹിതരെ പൊലീസ് വളഞ്ഞിട്ടു മര്‍ദിച്ചെന്നും വാഹനങ്ങള്‍ തകര്‍ത്തെന്നും വ്യാജ പ്രചാരണവും ചില കേന്ദ്രങ്ങള്‍ നടത്തി. രണ്ടുവര്‍ഷം മുമ്പ് പെരുന്നാള്‍ തലേന്നു രാത്രി കാസര്‍കോട്ടുണ്ടായ സംഭവങ്ങളുടെ വര്‍ഗീയമായ ദൃശ്യങ്ങളും യു ട്യൂബിലൂടെയും മൊബൈല്‍ഫോണിലൂടെയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
(അനീഷ് ബാലന്‍)

പൊലീസ് മൊഴി ഉന്നതരുടെ അറിവോടെ


കണ്ണൂര്‍ : മലബാറില്‍ വര്‍ഗീയകലാപം നടത്താന്‍ മുസ്ലിംലീഗ് ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ കമീഷന് മൊഴി നല്‍കിയത് ഉമ്മന്‍ചാണ്ടിയുടെ പൊലീസ്. കാസര്‍കോട് വെടിവയ്പ് അന്വേഷിക്കുന്ന കമീഷനുമുന്നില്‍ മുസ്ലിംലീഗിന്റെ ഗൂഢനീക്കം അനാവരണം ചെയ്തത് പൊലീസിലെ ഉന്നതാധികാരികളുടെയും ആഭ്യന്തരവകുപ്പിന്റെയും അറിവോടെയാണെന്ന് വ്യക്തമായി. ജൂണ്‍ 22ന് നടത്തിയ സിറ്റിങ്ങിലാണ് നാല് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയത്. കണ്ണൂര്‍ പൊലീസ് സൂപ്രണ്ട് ദേബേഷ്കുമാര്‍ ബെഹ്റ, കാസര്‍കോട് പൊലീസ് സൂപ്രണ്ടിനുവേണ്ടി ഡിവൈഎസ്പി കെ വി രഘുരാമന്‍ , സംഭവസമയത്തെ കാസര്‍കോട് എസ്പി രാംദാസ് പോത്തന്‍ , സംഭവം അന്വേഷിച്ച സിബിസിഐഡി ഡിവൈഎസ്പി കെ പ്രകാശ് എന്നിവരാണിവര്‍ . കണ്ണൂര്‍ പൊലീസ് സൂപ്രണ്ട് മൊഴി 22ന് എഴുതിത്തയ്യാറാക്കി ഒപ്പിട്ടു നല്‍കി. മറ്റു മൂന്നുപേര്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ച് എഴുതിത്തയ്യാറാക്കിയ മൊഴിപിന്നീടാണ് സമര്‍പ്പിച്ചത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിയമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയിലും തെളിവായി സമര്‍പ്പിച്ച ഫോട്ടോകളിലും കലാപഗൂഢാലോചനയുടെ സംസാരിക്കുന്ന ചിത്രങ്ങളാണുള്ളത്. 2009 നവംബര്‍ 15നാണ് ലീഗ് നേതാക്കള്‍ക്ക് കാസര്‍കോട്ട് നല്‍കിയ സ്വീകരണം അക്രമാസക്തമായി രണ്ടുപേര്‍ കൊല്ലപ്പെട്ടത്.വെടിവയ്പിലെത്തിയ സാഹചര്യം അന്വേഷിക്കുന്നതിനാണ് റിട്ട. ജില്ലാ ജഡ്ജി എം എ നിസാര്‍ കമീഷനെ സര്‍ക്കാര്‍ നിയമിച്ചത്. പൊലീസിന്റെ തെളിവുസഹിതമുളള മൊഴി ലീഗ് നേതാക്കളെ പ്രതിക്കൂട്ടിലാക്കുമെന്ന് വന്നപ്പോഴാണ് സമ്മര്‍ദത്തിനു വഴങ്ങി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമീഷനെ പിരിച്ചുവിട്ടത്.

കാസര്‍കോട് നഗരത്തിലെ സംഘര്‍ഷത്തിന് സാധ്യതയില്ലാത്ത പതിനാലോളം പ്രദേശങ്ങളിലും തളിപ്പറമ്പ്, നാദാപുരം എന്നിവിടങ്ങളിലും ഒരേസമയം സംഘര്‍ഷമുണ്ടായത് ഗൂഢാലോചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പുതിയ ബസ്സ്റ്റാന്‍ഡിനരികിലെ പട്ടികവിഭാഗക്കാര്‍ താമസിക്കുന്ന അമേയ് കോളനിയില്‍ കല്ലെറിഞ്ഞതും അയ്യപ്പഭജനമന്ദിരം കേടുവരുത്തിയതും ഇതിന്റെ ഭാഗമാണ്. മുസ്ലിംലീഗ് സ്വീകരണ പരിപാടിക്കിടെ പട്ടികവിഭാഗക്കാരുടെ ഭജനമന്ദിരം ആക്രമിക്കേണ്ട ആവശ്യമില്ല. അതിനുള്ള സാഹചര്യവുമുണ്ടായിരുന്നില്ല. അക്രമം വ്യാപിപ്പിക്കുകയായിരുന്നു ലക്ഷ്യം. അക്രമികളുടെ ഫോട്ടോകളും വീഡിയോ ചിത്രങ്ങളും തെളിവായി പൊലീസ് കമീഷനു സമര്‍പ്പിച്ചിട്ടുണ്ട്. ഈ തെളിവുകള്‍ പരിശോധിച്ച് പൊലീസ് സഹായത്തോടെ അക്രമികളെ കണ്ടെത്തിയാല്‍ ലീഗ് ഉന്നതനേതാക്കളുടെ പങ്ക് വ്യക്തമാകുമെന്നുറപ്പ്. ഇതാണ് കമീഷന്‍ പിരിച്ചുവിടുന്നതിനുള്ള സമ്മര്‍ദ്ദം ചെലുത്താന്‍ ലീഗ് നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നതും വെളിപ്പെടുകയാണ്. സംഭവം നടന്നതിന്റെ തലേന്ന് കാസര്‍കോട്ടെ ലോഡ്ജുകളില്‍ നിരവധി അപരിചതരെ കണ്ടിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുസംബന്ധിച്ചു തെളിവ് നല്‍കാന്‍ ചില മാധ്യമപ്രവര്‍ത്തകരും കമീഷനു മുമ്പാകെ രഹസ്യമായി എത്തിയിരുന്നു.
(ജയകൃഷ്ണന്‍ നരിക്കുട്ടി)

മൊഴി ചോര്‍ത്തിയെന്ന വാദം അസംബന്ധം: എം എ നിസാര്‍

കണ്ണൂര്‍ : ലീഗുകാര്‍ കാസര്‍കോട്ട് നടത്തിയ അക്രമം സംബന്ധിച്ച പൊലീസ് മൊഴി പുറത്തുവന്നതുമായി തനിക്ക് ബന്ധമില്ലെന്ന് അന്വേഷണ കമീഷന്‍ എം എ നിസാര്‍ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണകമീഷന്‍ കോടതിക്ക് തുല്യമാണ്. മൊഴി ചോര്‍ന്നുവെന്നും ചോര്‍ത്തിയെന്നും പറയുന്നതിന് അടിസ്ഥാനമില്ല. കമീഷന്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനാണ് രഹസ്യസ്വഭാവം. മൊഴി രഹസ്യരേഖയല്ല. പൊതുവായി ശേഖരിക്കുന്ന വിവരങ്ങളാണ്. ഇത് ആര്‍ക്കും സംഘടിപ്പിക്കാവുന്നതേയുള്ളൂ. പൊതുപ്രവര്‍ത്തകരോ മറ്റോ വിവരാവകാശനിയമപ്രകാരമോ കോടതി മുഖാന്തരമോ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ ബാധ്യസ്ഥമാണ്. കോടതികളില്‍നിന്ന് അഭിഭാഷകര്‍ എതിര്‍ഭാഗത്തിന്റെ മൊഴി കേള്‍ക്കുന്നതും ശേഖരിക്കുന്നതും സാധാരണം. അതുകൊണ്ട് മൊഴി പുറത്തായി എന്നുപറയുന്നത് ശരിയല്ല.

കാസര്‍കോട് കലാപവും വെടിവയ്പും അന്വേഷിക്കാന്‍ താന്‍ ചെയര്‍മാനായി നിശ്ചയിച്ച ജുഡീഷ്യല്‍ കമീഷനെ പിരിച്ചുവിട്ട ത് വാര്‍ത്തകളിലൂടെ അറിഞ്ഞതല്ലാതെ നേരിട്ട് അറിയിപ്പ് ലഭിച്ചില്ല. സര്‍ക്കാരില്‍നിന്ന് അറിയിപ്പ് ലഭിക്കുന്നതുവരെ തുടരും. ജൂലൈ 26 ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ കമീഷന്‍ പിരിച്ചുവിടാന്‍ തീരുമാനിച്ചുവെന്നാണ്് മാധ്യമങ്ങളിലൂടെ അറിഞ്ഞത്. അതിനാലാണ് 28ന് നിശ്ചയിച്ച സിറ്റിങ് മാറ്റിയത്. കമീഷനെ ബഹിഷ്കരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നത് നിയമത്തെക്കുറിച്ചു വിവരമില്ലാത്തതിനാലാണ്. ആരെങ്കിലും അദ്ദേഹത്തിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെങ്കില്‍ വിളിച്ചുവരുത്തി വിവരം ശേഖരിക്കാന്‍ കമീഷന് അധികാരമുണ്ട്. കേരളത്തില്‍ ആദ്യമായാണ് ജഡ്ജിയുടെ വീട് ആക്രമിച്ച സംഭവം. തങ്ങള്‍ക്ക് അനുകൂലമല്ലാത്തത് പുറത്തുവരുമ്പോള്‍ ജഡ്ജിമാരുടെ വീട് ആക്രമിക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും നിസാര്‍ പറഞ്ഞു.

deshabhimani 130811

2 comments:

  1. മലബാറിലാകെ വര്‍ഗീയകലാപമുണ്ടാക്കി, പൊലീസിനെ നിഷ്ക്രിയമാക്കി കള്ളനോട്ടും കള്ളപ്പണവും കടത്താന്‍ കാസര്‍കോട് കലാപസമയത്ത് ഗൂഢാലോചന നടന്നതായി സൂചന. ഇതുസംബന്ധിച്ച് കാസര്‍കോട് വെടിവയ്പ് അന്വേഷിച്ച പൊലീസിനും ക്രൈംബ്രാഞ്ചിനും വ്യക്തമായ തെളിവു ലഭിച്ചു. ഇക്കാര്യവും ജുഡീഷ്യല്‍ കമീഷനിലൂടെ വെളിവാകുമെന്നു ഭയന്നാണ് അന്വേഷണ കമീഷനെ ഇല്ലാതാക്കിയത്.

    ReplyDelete
  2. മലബാറില്‍ വര്‍ഗീയ കലാപത്തിന് ലക്ഷ്യമിട്ട് കാസര്‍കോട്ട് അക്രമം നടത്തിയ ലീഗ് പ്രവര്‍ത്തകര്‍ പൊലീസ് വാഹനം കൊള്ളയടിച്ച് ഗ്രനേഡ് തട്ടിയെടുത്തെന്ന് വെളിപ്പെടുത്തല്‍ . വെടിവയ്പ് അന്വേഷിച്ച എം എ നിസാര്‍ കമീഷന് സംഘടിത കുറ്റകൃത്യ അന്വേഷണ വിഭാഗം ഡിവൈഎസ്പി എം ജെ സോജന്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. അഞ്ഞൂറോളം ലീഗ് പ്രവര്‍ത്തകര്‍ അക്രമത്തിന് പിന്നിലുണ്ടായിരുന്നെന്നും ഹിന്ദുക്ഷേത്രം ആക്രമിച്ച് വര്‍ഗീയ കലാപം ആളിപ്പടര്‍ത്താന്‍ ഇവര്‍ ശ്രമിച്ചതായും മൊഴിയിലുണ്ട്. സംഭവ സമയത്തെ കാസര്‍കോട് എസ്പി രാംദാസ് പോത്തനും ഡിവൈഎസ്പി കെ വി രഘുരാമനും കമീഷന്‍ മുമ്പാകെ നല്‍കിയ റിപ്പോര്‍ട്ട് സാധൂകരിക്കുന്നതാണ് സോജന്റെ മൊഴി. ലീഗ് സംസ്ഥാന പ്രസിഡന്റിന് 2009 നവംബര്‍ 15ന് നല്‍കിയ സ്വീകരണമാണ് അക്രമത്തിലും വെടിവയ്പിലും എത്തിയത്. വെടിവയ്പില്‍ ഒരാളും കത്തിക്കുത്തില്‍ മറ്റൊരാളും കൊല്ലപ്പെട്ടു. കലാപകാരികള്‍ പൊലീസ് വാഹനം കൊള്ളയടിച്ച് ഗ്രനേഡ് പിടിച്ചെടുത്തു. ആക്രമണത്തിലെ ഒന്നാം പ്രതിയും വെടിവയ്പ് കേസിലെ ഒന്നാം സാക്ഷിയുമായ ആളിന്റെ മൊഴിയിലെ സൂചനയില്‍നിന്ന് ഗ്രനേഡ് കണ്ടെടുത്തുവെന്നും സോജന്റെ മൊഴിയിലുണ്ട്. സാക്ഷി മൊഴികള്‍ കലാപത്തിനുപിന്നിലെ ലീഗ് പങ്കാളിത്തം വ്യക്തമാകുന്നുവെന്നും വെളിപ്പെടുത്തി. കല്ലേറില്‍ തുടങ്ങിയ അക്രമം പിന്നീട് കടകള്‍ കൊള്ളയടിക്കുന്നതിലേക്കു മാറി. നഗരത്തിലെ അമേയ് കോളനിയിലേക്ക് കടന്ന അക്രമികള്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് കല്ലെറിഞ്ഞു. പൊലീസിനെ ആക്രമിച്ചതോടൊപ്പം സ്ഥലത്തെത്തിയ എസ്പി രാംദാസ് പോത്തന്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ജീവനുകൂടി കുഴപ്പമുണ്ടാകുമെന്ന് വന്നതോടെയാണ് വെടിവച്ചതെന്നും ഡിവൈഎസ്പി മൊഴി നല്‍കി.

    ReplyDelete