Saturday, August 13, 2011

സിപിഐ എം സംസ്ഥാനസമ്മേളനം തിരുവനന്തപുരത്ത്

കണ്ണൂര്‍ : സിപിഐ എം സംസ്ഥാനസമ്മേളനം ഫെബ്രുവരി 7 മുതല്‍ 10 വരെ തിരുവനന്തപുരത്ത് ചേരാന്‍ തീരുമാനിച്ചതായി സംസ്ഥാനസെക്രട്ടറി പിണറായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാസമ്മേളനതീയതികളും കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനകമ്മറ്റി നിശ്ചയിച്ചു. കേന്ദ്രകമ്മറ്റി നിര്‍ദേശപ്രകാരം ബംഗാളിലെ തൃണമൂല്‍ അക്രമത്തിനെതിരായി ആഗസ്ത് 25 ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തും. തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്‍കും. ദേശീയജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കുക. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പരിഷ്കരിക്കുക. പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിക്കൊണ്ട് ലോക്പാല്‍ബില്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സെപ്റ്റംബര്‍ രണ്ടിന് ഡല്‍ഹിയില്‍ പാര്‍ട്ടി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.

പാമോലിന്‍ കേസില്‍ വിജിലന്‍സ്കോടതിയുടെ മുന്നില്‍ വന്ന ഹര്‍ജിയെ അടിസ്ഥാനപ്പെടുത്തി അന്വേഷണം നടത്തുകയല്ല ഇപ്പോള്‍ ചെയ്തിട്ടുള്ളത്. കോടതിയില്‍ വിചാരണയാരംഭിച്ചപ്പോള്‍ ടിഎച്ച് മുസ്തഫ കൊടുത്ത ഹരജിയിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നത്. തനിക്കും ഉമ്മന്‍ചാണ്ടിക്കും ഒരേ ഉത്തരവാദിത്വമാണുള്ളതെന്നാണ് മുസ്തഫ പറഞ്ഞത്. അപ്പോള്‍ ധനകാര്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് പുറത്തു വരുന്ന സാഹചര്യമുണ്ടായി.വിജിലന്‍സ് എസ്പിയുടെ റിപ്പോര്‍ട്ടും കേസ് ഡയറിയും അക്കമിട്ടു നിരത്തിയാണ് കോടതി ഉമ്മന്‍ചാണ്ടിയുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെടുന്നത്. ഉമ്മന്‍ചാണ്ടിയും അത് അംഗീകരിക്കുന്നതുകൊണ്ടാണ് വിജിലന്‍സ് വകുപ്പ് ഒഴിയുന്നത്. നിയമവ്യവസ്ഥ അംഗീകരിക്കുന്നുവെങ്കില്‍ പൊതുഭരണവകുപ്പിന്റെയും ആഭ്യന്തരവകുപ്പിന്റെയും ചുമതലയുള്ള മുഖ്യമന്ത്രി രാജിവെക്കണം. ഇനിയും മുഖ്യമന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി നില്‍ക്കുന്നത് അപമാനകരമാണ്. രാജിവെക്കുന്നില്ലെങ്കില്‍ കൂടുതല്‍ ജനകീയപ്രക്ഷോഭമുണ്ടാവും. ഇതിന്റെ ഭാഗമായി എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള സെക്രട്ടറിയറ്റ് മാര്‍ച്ചും ജില്ലാകേന്ദ്രങ്ങളിലെ കലക്ട്രേറ്റ് മാര്‍ച്ചും വിജയിപ്പിക്കും.

കാസര്‍ഗോഡ് വെടിവെപ്പില്‍ വര്‍ഗീയകലാപമുണ്ടാക്കാനുള്ള ലീഗിന്റെ ഉദ്ദ്യേശമാണ് പുറത്തുവന്നിരിക്കുന്നത്. ഉത്തരവാദിത്വമുള്ള പൊലീസുദ്ദ്യോഗസ്ഥര്‍ കൊടുത്ത മൊഴി ഗൗരവതരമായി കാണേണ്ടതാണെന്നും പിണറായി പറഞ്ഞു.

സിപിഐഎം ജില്ലാസമ്മേളനങ്ങള്‍ ഡിസംബറില്‍ തുടങ്ങും

കണ്ണൂര്‍ : സിപിഐഎം ജില്ലാസമ്മേളനങ്ങള്‍ക്ക് ഡിസംബറില്‍ തുടക്കമാവും. ഡിസംബര്‍ 15 നു തുടങ്ങുന്ന കോഴിക്കോട് സമ്മേളനത്തോടെയാണ് സമ്മേളനങ്ങള്‍ക്ക് തുടക്കമാവുന്നത്. 2012 ജനുവരി 15 ന് തീരുന്ന ആലപ്പുഴ ജില്ലാസമ്മേളനത്തോടെ പൂര്‍ത്തിയാവും. ഒരുമാസം കൊണ്ട് ജില്ലാസമ്മേളങ്ങള്‍ പൂര്‍ത്തിയാവുമെന്ന് സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 15,16,17തീയതികളില്‍ കോഴിക്കോട് സമ്മേളനം ചേരും. 19,20,21 (കാസര്‍ഗോഡ് ) 29,30,31 (വയനാട്) 26,27,28 (മലപ്പുറം) 26,27,28 (ഇടുക്കി)29,30,31 (കോട്ടയം)15,16,17 (തിരുവനന്തപുരം)19,20,21 (പത്തനംതിട്ട) ജനുവരി 2,3,4 (തൃശൂര്‍)2,3,4 (കൊല്ലം)6,7,8(പാലക്കാട്)6,7,8(എറണാകുളം)10,11,12 (കണ്ണൂര്‍)13,14,15 (ആലപ്പുഴ) എന്നിങ്ങനെയാണ് സമ്മേളനതീയതികള്‍ ക്രമീകരിച്ചിട്ടുള്ളത്. അതിനു മുന്‍പായി ബ്രാഞ്ചുമുതല്‍ ഏരിയാതലം വരെയുള്ള സമ്മേളനനടപടികള്‍ പൂര്‍ത്തിയാക്കും.

തരുണ്‍ദാസ് കോര്‍പറേറ്റുകളുടെ വക്താവ് പിണറായി

കണ്ണൂര്‍ : കോര്‍പറേറ്റുകളുടെ തനതായ വക്താവായ തരുണ്‍ദാസിനെ കേരളത്തില്‍ കൊണ്ടു വന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തരുണ്‍ദാസ് ജലമൂറ്റുന്ന കൊക്കോകോളയുടെ വക്താവുമാണ്. സ്പെക്ട്രം കേസില്‍ നീരാറാഡിയയെപ്പോലുള്ളവരുമായി നേരിട്ടു ബന്ധമുള്ള തരുണ്‍ദാസിനെ കേരളം പോലുള്ള സംസ്ഥാനത്തെ ആസൂത്രണബോര്‍ഡില്‍ ഇരുത്താന്‍ കഴിയുമോ എന്നാലോചിക്കണം. അതിന് യോജിച്ച ആളല്ല തരുണ്‍ദാസ്. കോര്‍പറേറ്റുവല്‍ക്കരണത്തിനാണ് അദ്ദേഹം തുനിയുന്നത്. കേന്ദ്രത്തില്‍ ആരുമന്ത്രിയാകണമെന്ന് കോര്‍പറേറ്റുകള്‍ക്കുവേണ്ടി തീരുമാനിച്ചയാളാണ് അദ്ദേഹം. അവരുടെ പ്രതിനിധിയായ ഒരാള്‍ ആസൂത്രണസമിതിയല്‍ വരുന്നത് കേരളം പോലുള്ള സംസ്ഥാനത്തിന് ഗുണമല്ല. അദ്ദേഹം മുന്‍പ് എന്തായിരുന്നുവെന്ന് ഇപ്പോള്‍ ആലോചിക്കേണ്ടതില്ല. തൊട്ടുമുന്‍പ് എന്തായിരുന്നുവെന്നാണ് നോക്കേണ്ടത്.കേരളത്തില്‍ സാധാരണക്കാര്‍ക്കുള്ള ക്ഷേമനടപടികളെല്ലാം എതിര്‍ക്കപ്പെടും.

ബസ്ചാര്‍ജില്‍ കടുത്തവര്‍ധനയാണ് സര്‍ക്കാര്‍ വരുത്തിയത്. എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത നടപടികളില്‍ നിന്നും പുറകോട്ടുപോയിരിക്കുന്നു. മനുഷ്യത്വരഹിതമായ നടപടി സ്വീകരിക്കണം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസും ബിജെപിയും പറയുന്നത്.പാര്‍ട്ടിക്കമ്മറ്റികളില്‍ ചര്‍ച്ചചെയ്യുന്നതായി ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വരുമ്പോള്‍ കൂടുതല്‍ ഊഹങ്ങളാണ് പ്രചരിപ്പിക്കുന്നത്. വാര്‍ത്തകള്‍ പുറത്തുപോവുന്നത് പാര്‍ട്ടിക്ക് ഗുണമല്ല. ലേഖകരുടെ മിടുക്ക് കൊണ്ടല്ല വാര്‍ത്ത കിട്ടുന്നത്.എങ്ങനെ സംഭവിക്കുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല.കേന്ദ്രകമ്മറ്റി ചര്‍ച്ചകളായി മാധ്യമപ്രവര്‍ത്തകരുടെ ഭാവന വാര്‍ത്തയായി വരുന്നത് കണ്ട് വേവലാതിപ്പെടാറില്ല.ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറയുന്നതു കേട്ട് പാര്‍ട്ടിക്ക് ഭയമില്ല. തനിക്കെതിരെയുള്ള എതിര്‍പ്പിനെ പാര്‍ട്ടിക്കെതിരായുള്ള എതിര്‍പ്പായാണ് കാണുന്നത്.വ്യക്തിപരമായ ആരോപണം പാര്‍ട്ടിക്കെതിരായുള്ള ആരോപണമായാണ് കാണുന്നത്. ശാരീരികമായ ആക്രമണം വരെ നേരിട്ടിട്ടുണ്ട്. ഇതെല്ലാം വ്യക്തിപരമായുള്ളതല്ല പാര്‍ട്ടിയെ തകര്‍ക്കാനുള്ളതാണെന്ന തിരിച്ചറിവുണ്ടെന്നും പിണറായി പറഞ്ഞു.

deshabhimani news

1 comment:

  1. സിപിഐ എം സംസ്ഥാനസമ്മേളനം ഫെബ്രുവരി 7 മുതല്‍ 10 വരെ തിരുവനന്തപുരത്ത് ചേരാന്‍ തീരുമാനിച്ചതായി സംസ്ഥാനസെക്രട്ടറി പിണറായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാസമ്മേളനതീയതികളും കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനകമ്മറ്റി നിശ്ചയിച്ചു.

    ReplyDelete