Saturday, August 6, 2011

ലീഗ് നേതാവിനെ ഒഴിവാക്കാന്‍ റിപ്പോര്‍ട്ട് വീണ്ടും തിരുത്തി

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത കേസില്‍ നഗരസഭാ വൈസ്ചെയര്‍മാന്‍ പി കെ കൊച്ചുകുഞ്ഞ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആദ്യ റിപ്പോര്‍ട്ട് തിരുത്തി അന്വേഷണഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതിപട്ടികയില്‍ നിന്നു കൊച്ചുകുഞ്ഞിനെ ഒഴിവാക്കിയാണ് വീണ്ടും റിപ്പോര്‍ട്ട് നല്‍കിയത്. നേരത്തെ കായംകുളം എസ്ഐ നിസാം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. കോടതി നിര്‍ദേശപ്രകാരം വീണ്ടും നടത്തിയ അന്വേഷണത്തിലാണ് കൊച്ചുകുഞ്ഞിനെ ഒഴിവാക്കി അന്വേഷണ ഉദ്യോഗസ്ഥനായ മുന്‍ ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പി രാധാകൃഷ്ണപിള്ള കായംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ജൂണ്‍ 24നാണ് കൊച്ചുകുഞ്ഞ് കേസില്‍ ഉള്‍പ്പെട്ടതായി വ്യക്തമാക്കി ഡിവൈഎസ്പി രാധാകൃഷ്ണപിള്ള ആദ്യം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. കൊച്ചുകുഞ്ഞിന്റെ മകന്‍ ബാബു, ബന്ധുവായ അരാഫത്ത് എന്നിവരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരുടെ പങ്കിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജൂലൈ 26ന് നല്‍കിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലാണ് കൊച്ചുകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികളെ ഒഴിവാക്കിയത്. കേസില്‍ കൊച്ചുകുഞ്ഞ് ഉള്‍പ്പെട്ടിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യറിപ്പോര്‍ട്ട് തിരുത്തി പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉടനെ ഡിവൈഎസ്പിയ്ക്ക് സ്ഥലംമാറ്റവും നല്‍കി. ഒന്നാം പ്രതിസ്ഥാനത്തുനിന്നും കൊച്ചുകുഞ്ഞിനെ മാറ്റി പുത്തന്‍കണ്ടത്തില്‍ കൊച്ചുമോനെയാണ് പൊലീസ് ഒന്നാം പ്രതിയാക്കിയത്. ഷാജി, ചിഞ്ചുകരിം, പക്കായി, പഴയ തെരുവു വീട്ടില്‍ കൊച്ചുമോന്‍ , ചിറയില്‍ ഷാന്‍ , പുത്തന്‍കണ്ടത്തില്‍ സാദിഖ്, പുത്തന്‍കണ്ടത്തില്‍വാഹിദ് എന്നിവരാണ് പട്ടികയിലെ മറ്റു പ്രതികള്‍ . കൊച്ചുകുഞ്ഞിന്റെ മകന്‍ ബാബു, ബന്ധുവായ അരാഫത്ത് എന്നിവരെ പ്രതിപട്ടികയില്‍ ഇനിയും ഉള്‍പ്പെടുത്തുമോയെന്നും വ്യക്തമല്ല.

ലീഗ് ജില്ലാനേതാവു കൂടിയായ കൊച്ചുകുഞ്ഞ് മന്ത്രിയും വിവാദനായകനുമായ ലീഗിന്റെ സംസ്ഥാന നേതാവിന്റെ അനുയായിയാണ്. കൊച്ചുകുഞ്ഞിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഇടപെട്ടുവെന്ന് ആരോപണം ഉണ്ടായിരുന്നു. മെയ് 22ന് രാത്രി 8.30ഓടെ അത്യാഹിതവിഭാഗത്തില്‍ രോഗിയെ പരിശോധിക്കുന്നതിനിടെയാണ് ഡോ. രേഖയെ കൊച്ചുകുഞ്ഞിന്റെ നേതൃത്വത്തില്‍ അസഭ്യം പറഞ്ഞു കൈയേറ്റം ചെയ്തത്. തന്നെ കൈയേറ്റം ചെയ്തതില്‍ പ്രധാനപ്രതി കൊച്ചുകുഞ്ഞാണെന്നു പൊലീസിന് ഡോ. രേഖ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചുകുഞ്ഞിനെ ഒന്നാംപ്രതിയാക്കി കായംകുളം പൊലീസ് കേസെടുത്തു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കായംകുളം എസ്ഐ നിസാം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രധാനപ്രതിയായ കൊച്ചുകുഞ്ഞിനെ ഒഴിവാക്കി. റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി എസ്ഐയെ വിളിച്ചുവരുത്തി ശാസിച്ചു. കൈയേറ്റത്തിന് ഇരയായ ഡോക്ടറുടെ മൊഴി പരിശോധിക്കാതെ നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. ഡോക്ടറുടെ മൊഴി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

തുടര്‍ന്ന് കേസിന്റെ അന്വേഷണം ആലപ്പുഴ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അബ്ദുള്‍റാഷിയെ ഏല്‍പ്പിച്ചു. പിന്നീട് അബ്ദുള്‍റാഷിയെയും ഒഴിവാക്കി ഡിസിആര്‍ബി ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയ്ക്കായിരുന്നു അന്വേഷണചുമതല. കേസില്‍ കൊച്ചുകുഞ്ഞിനെ ഒഴിവാക്കിയതിനെതിരെയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയും ആവശ്യപ്പെട്ട് കെജിഎംഒഎ നേതൃത്വത്തില്‍ ജൂണ്‍ 28ന് എസ്പി ഓഫീസിലേക്ക് മാര്‍ച്ചും ജൂലൈ ഏഴിന് ജില്ലയില്‍ പണിമുടക്കും നടന്നിരുന്നു.
(ടി വി വിനോദ്)

deshabhimani 060811

1 comment:

  1. കായംകുളം താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത കേസില്‍ നഗരസഭാ വൈസ്ചെയര്‍മാന്‍ പി കെ കൊച്ചുകുഞ്ഞ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആദ്യ റിപ്പോര്‍ട്ട് തിരുത്തി അന്വേഷണഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതിപട്ടികയില്‍ നിന്നു കൊച്ചുകുഞ്ഞിനെ ഒഴിവാക്കിയാണ് വീണ്ടും റിപ്പോര്‍ട്ട് നല്‍കിയത്. നേരത്തെ കായംകുളം എസ്ഐ നിസാം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. കോടതി നിര്‍ദേശപ്രകാരം വീണ്ടും നടത്തിയ അന്വേഷണത്തിലാണ് കൊച്ചുകുഞ്ഞിനെ ഒഴിവാക്കി അന്വേഷണ ഉദ്യോഗസ്ഥനായ മുന്‍ ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പി രാധാകൃഷ്ണപിള്ള കായംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

    ReplyDelete