Saturday, August 6, 2011

പശ്ചിമ ബംഗാളില്‍ സിപിഐ എമ്മിനെ തകര്‍ക്കാനാകില്ല: കാരാട്ട്

ജനാധിപത്യസംരക്ഷണ പോരാട്ടം ശക്തമാക്കും: ബിമന്‍ ബസു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ജനാധിപത്യവും മനുഷ്യാവകാശവും ചവിട്ടിമെതിക്കുന്ന മമത ബാനര്‍ജി സര്‍ക്കാരിനെതിരെ ശക്തമായ ജനകീയ പ്രതിരോധനിര സൃഷ്ടിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു പറഞ്ഞു. രണ്ടരമാസത്തെ തൃണമൂല്‍ -കോണ്‍ഗ്രസ് ഭരണത്തില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക അക്രമമാണ് നടന്നത്. ഇതിനകം 30 ഇടതുമുന്നണി പ്രവര്‍ത്തകരെ തൃണമൂല്‍ അക്രമികള്‍ കൊലപ്പെടുത്തി. 75 വയസ്സുള്ള വൃദ്ധനും 18കാരനും കൊല്ലപ്പെട്ടവരിലുണ്ട്. ആക്രമണങ്ങളില്‍ നാലായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. നാല്‍പ്പതിനായിരത്തിലധികം പേര്‍ ആക്രമണം ഭയന്ന് വീടുവിട്ടു കഴിയുന്നു. ആയിരക്കണക്കിന് കര്‍ഷകരുടെ ഭൂമി കവര്‍ന്നെടുത്തു. കൊല്ലപ്പെട്ടവരില്‍ മൂന്ന് സ്ത്രീകളും മൂന്ന് ആദിവാസികളും ന്യൂനപക്ഷവിഭാഗങ്ങളില്‍പ്പെട്ട പത്ത് പേരുമുണ്ട്. കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടും കുറ്റവാളികള്‍ക്കെതിരെ കേസെടുക്കുന്നില്ല. പലയിടത്തും പൊലീസ് സംവിധാനം കൊലയാളികളെ സഹായിക്കുന്നു.

ജനപ്രതിനിധികള്‍ക്കെതിരെയും വ്യാപക അക്രമം നടക്കുന്നു. പഞ്ചായത്ത്രാജ് സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ തീരുമാനംനടപ്പാക്കാന്‍ അനുവദിക്കുന്നില്ല. പ്രതിപക്ഷ പാര്‍ടികള്‍ ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഇവരുടെ നിര്‍ദേശം അനുസരിക്കാത്ത പഞ്ചായത്ത്രാജ് സ്ഥാപനങ്ങള്‍ പൂട്ടിയിടുകയാണ്. ജനാധിപത്യസമൂഹത്തില്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് ലഭിക്കേണ്ട പ്രവര്‍ത്തനസ്വാതന്ത്ര്യം കവര്‍ന്നെടുത്തു. സിപിഐ എം ഓഫീസുകള്‍ നിര്‍ബന്ധമായി പൂട്ടിക്കുന്നു. നൂറുകണക്കിന് സിപിഐ എം ഓഫീസുകള്‍ തകര്‍ത്തു.

ഇടതുമുന്നണിയിലെ പാര്‍ടികളിലെ പ്രവര്‍ത്തകര്‍ക്കും വര്‍ഗ-ബഹുജന സംഘടനാ പ്രവര്‍ത്തകര്‍ക്കുമെതിരെ കള്ളക്കേസുകള്‍ ചുമത്തി അറസ്റ്റുചെയ്യുന്നു. 701 പേരെ ഇങ്ങനെ അറസ്റ്റുചെയ്തു. പ്രതിപക്ഷ പാര്‍ടികളിലെ പ്രവര്‍ത്തകരെ ആക്രമിച്ചും നാട്ടിലെങ്ങും അരക്ഷിതാവസ്ഥ വളര്‍ത്തിയും വികസനം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. കഴിഞ്ഞ രണ്ടരമാസമായി സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ-ആശ്വാസപദ്ധതികള്‍ നിലച്ചിരിക്കയാണ്. വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റൈപെന്‍ഡും സ്കോളര്‍ഷിപ്പും നല്‍കുന്നില്ല. ഇടതുമുന്നണി ഭരണകാലത്ത് ഇത് കൃത്യമായി നല്‍കിക്കൊണ്ടിരുന്നതാണ്. തൃണമൂല്‍ ആക്രമണത്തിനും മമത സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികളിലും പ്രതിഷേധിച്ച് ആഗസ്ത് 12ന് നിയമസഭാ മാര്‍ച്ചും 25ന് പാര്‍ലമെന്റ് മാര്‍ച്ചും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരെ കുടിയിറക്കുന്നത് ഭൂമാഫിയയെ സഹായിക്കാന്‍

കൊല്‍ക്കത്ത: വ്യവസായവല്‍ക്കരണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരം നയിച്ച മമത അധികാരത്തിലെത്തിയപ്പോള്‍ ബംഗാളില്‍ ഭൂമി നഷ്ടപ്പെട്ടത് പതിനേഴായിരത്തിലധികം കര്‍ഷകര്‍ക്ക്. രാജ്യത്തിനാകെ മാതൃകയായ ഭൂപരിഷ്കരണമാണ് മമത തകര്‍ത്തെറിയുന്നത്. കര്‍ഷകരെ ആട്ടിപ്പായിച്ച തൃണമൂല്‍ കോണ്‍ഗ്രസ്, പഴയ ജന്മിമാരുടെ കുടുംബങ്ങള്‍ക്ക് ഭൂമി തിരിച്ചുകൊടുക്കുകയാണ്. ഏഴായിരത്തില്‍പരം ഏക്കര്‍ ഭൂമിയാണ് കര്‍ഷകരില്‍നിന്ന് തൃണമൂല്‍ അക്രമികള്‍ തട്ടിയെടുത്തത്. ബംഗാള്‍ വീണ്ടും ഭൂസമരങ്ങളുടെ കേന്ദ്രമാകുകയാണ്. നിയമപ്രകാരം ലഭിച്ച ഭൂമി സംരക്ഷിക്കാനുള്ള മഹത്തായ പോരാട്ടത്തിന് കര്‍ഷകര്‍ തുടക്കംകുറിച്ചു. ദ ക്ഷിണ 24 പര്‍ഗാനാസ് ജില്ലയില്‍ തൃണമൂല്‍ അക്രമികള്‍ കര്‍ഷകരില്‍നിന്ന് പിടിച്ചെടുത്ത ഭൂമി തിരിച്ചുപിടിക്കാന്‍ മുന്‍ ഭൂപരിഷ്കരണ മന്ത്രിയും എണ്‍പത് പിന്നിട്ട സിപിഐ എം നേതാവുമായ അബ്ദുറസാഖ് മൊള്ളയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ സമരരംഗത്തിറങ്ങി. നിരവധി സ്ഥലങ്ങളില്‍ ഭൂമി കര്‍ഷകര്‍ തിരിച്ചുപിടിച്ചു. അബ്ദുറസാഖ് മൊള്ളയെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ചാണ് തൃണമൂലുകാര്‍ പ്രതികാരം ചെയ്തത്.

ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ ഭൂമി വീണ്ടെടുക്കല്‍ സമരത്തിന്റെ ആവേശം മറ്റ് ജില്ലകളിലേക്കും വ്യാപിച്ചു. ബര്‍ധമാന്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പിടിച്ചെടുത്ത ഭൂമിയില്‍ കര്‍ഷകര്‍ സംഘടിതമായി പ്രവേശിച്ച് കൃഷിയിറക്കി. ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ഹഡോയയിലാണ് പൊലീസിന്റെ പിന്‍ബലത്തോടെ വലിയ കുടിയൊഴിപ്പിക്കല്‍ നടത്തിയത്. പതിനായിരത്തോളം കര്‍ഷകരെ അവരുടെ ഭൂമിയില്‍നിന്ന് അടിച്ചിറക്കി. വീടും കൃഷിഭൂമിയുമില്ലാതെ കര്‍ഷകര്‍ വിവിധ ക്യാമ്പുകളില്‍ കഴിയുകയാണ്.

പശ്ചിമ മേദിനിപ്പുരിലെ ഖെജുരി രണ്ട് ബ്ലോക്ക്, നന്ദിഗ്രാം, റോയ്പാഡ, ഭഗവന്‍പുര്‍ , പതാശ്പുര്‍ , എഗര എന്നീ മേഖലകളിലായി 430 കര്‍ഷകരില്‍നിന്ന് ഭൂമി തട്ടിയെടുത്തു. ബീര്‍ഭും ജില്ലയിലെ നാനൂര്‍ , ബോല്‍പുര്‍ , ലാഭ്പുര്‍ മേഖലകളിലായി 1394 കര്‍ഷകരുടെ 1198 ഏക്കര്‍ ഭൂമിയാണ് ബലമായി തിരിച്ചെടുത്തത്. പശ്ചിമ മേദിനിപ്പുരില്‍ മെയ് 13ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കര്‍ഷകര്‍ക്കെതിരായ ആക്രമണം തുടങ്ങി. സാല്‍ബണി, ഗോല്‍തോറ, മേദിനിപ്പുര്‍ സദര്‍ , കേശ്പുര്‍ , ജാര്‍ഗ്രാം, ഘട്ടല്‍ , ചന്ദ്രകന, ദാസ്പുര്‍ മേഖലകളിലായി മൂവായിരത്തിലേറെ കര്‍ഷകര്‍ക്ക് ഭൂമി നഷ്ടമായി. 1800 ഏക്കറിലധികം ഭൂമിയാണ് കര്‍ഷകര്‍ക്ക് നഷ്ടമായത്. വലിയ ഭൂസമരങ്ങള്‍ നടന്ന മേഖലയാണ് ബര്‍ദ്ധമാന്‍ ജില്ലയിലെ മേമാറി. ഇവിടെയും ജില്ലയിലെ മംഗള്‍കോട്ട്, കേതുഗ്രാം, ബര്‍ദ്ധമാന്‍ സദര്‍ , റായ്ന മേഖലകളിലായി 2219 പേര്‍ക്ക് പേര്‍ക്ക് ഭൂമി നഷ്ടപ്പെട്ടു.

1977ല്‍ അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാര്‍ ഭൂപരിഷ്കരണ നടപടികളിലൂടെ 30 ലക്ഷം കര്‍ഷകര്‍ക്കാണ് സൗജന്യമായി ഭൂമി കിട്ടിയത്. 11.30 ലക്ഷം ഏക്കര്‍ ഭൂമിയാണ് ഇങ്ങനെ വിതരണം ചെയ്തത്. ഈ ഭൂമിക്ക് പട്ടയം നല്‍കിയിട്ടുണ്ട്. 15.13 ലക്ഷം പങ്കുകൃഷിക്കാരെ ഓപ്പറേഷന്‍ ബര്‍ഗ പദ്ധതിയിലൂടെ രജിസ്റ്റര്‍ചെയ്യുകയും അവര്‍ കൃഷിചെയ്യുന്ന ഭൂമിയില്‍ സ്ഥിരമായി കൃഷി ചെയ്യാനുള്ള അവകാശം നല്‍കുകയുംചെയ്തു. 11.15 ലക്ഷം ഏക്കര്‍ ഭൂമിയാണ് ഇങ്ങനെ പങ്കുകൃഷിക്കാര്‍ക്ക് ലഭിച്ചത്.

പശ്ചിമ ബംഗാളില്‍ സിപിഐ എമ്മിനെ തകര്‍ക്കാനാകില്ല: കാരാട്ട്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിപിഐ എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും ഇല്ലാതാക്കാമെന്നത് വ്യാമോഹമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പശ്ചിമബംഗാളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവായ മുസഫര്‍ അഹമ്മദിന്റെ 123-ാം ജന്മവാര്‍ഷികദിനത്തില്‍ സിപിഐ എം സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് വിരുദ്ധശക്തികള്‍ സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ഒറ്റപ്പെടുത്താനും ദുര്‍ബലമാക്കാനും നോക്കുകയാണ്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേരെ കടുത്ത ആക്രമണം തുടരുകയാണ്. 30 പ്രവര്‍ത്തകരെ കൊന്നു. സ്ത്രീകളെ അപമാനിച്ചു. പാര്‍ടി ഓഫീസുകള്‍ തകര്‍ക്കുകയും പിടിച്ചെടുക്കുകയുമാണ്. ട്രേഡ് യൂണിയന്‍ ഓഫീസുകളും വിദ്യാര്‍ഥി സംഘടനകളുടെയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി യൂണിയനുകളുടെയും ഓഫീസുകളും പിടിച്ചെടുക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. 40,000 പേര്‍ സ്വന്തം വീടുവിട്ട് ക്യാമ്പുകളിലാണ്. ഇതിനേക്കാള്‍ കടുത്ത ആക്രമണവും അടിച്ചമര്‍ത്തലുമാണ് മുസഫര്‍ അഹമ്മദിനെപ്പോലുള്ള നേതാക്കള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാലത്ത് നേരിട്ടത്. ബ്രിട്ടീഷ് ഭരണാധികാരികള്‍ ബംഗാളിലെ വിപ്ലവകാരികളെ കടുത്ത ശിക്ഷയ്ക്ക് വിധിക്കുകയും കിരാതമായ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തു. മുസഫര്‍ അഹമ്മദ് മീററ്റ് ഗൂഢാലോചന കേസിലെ മൂന്നു വര്‍ഷത്തെ ശിക്ഷയുള്‍പ്പെടെ 20 വര്‍ഷമാണ് ജയിലില്‍ കിടന്നത്. ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ വിവരണാതീതമായ ക്ലേശങ്ങള്‍ സഹിച്ചുകൊണ്ടാണ് പശ്ചിമബംഗാളിലെ ഏറ്റവും വലിയ ജനകീയപ്രസ്ഥാനമായി കമ്യൂണിസ്റ്റ് പ്രസ്ഥാനം മാറിയത്.

കേരളത്തില്‍ 1957ല്‍ കമ്യൂണിസ്റ്റ് പാര്‍ടി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയപ്പോള്‍ എല്ലാ കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളും ചേര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വിമോചനസമരം ആരംഭിച്ചു. ജനാധിപത്യമൂല്യങ്ങള്‍ ചവിട്ടിമെതിച്ചു നടന്ന ആ സമരാഭാസത്തിനൊടുവില്‍ നെഹ്റു സര്‍ക്കാര്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. പക്ഷേ, പ്രസ്ഥാനത്തെ കേരളത്തില്‍ തകര്‍ക്കാനായില്ല. കൂടുതല്‍ കരുത്തോടെ പാര്‍ടി ശക്തിപ്പെട്ടു.

പശ്ചിമബംഗാളില്‍ 34 വര്‍ഷം തുടര്‍ച്ചയായി ജയിച്ച ഇടതുമുന്നണി ഇത്തവണ തെരഞ്ഞെടുപ്പില്‍ തോറ്റു. ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കണമെന്നതാണ് ജനവിധി. അത് മാനിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റെന്നു കരുതി ഇടതുപക്ഷം ഇല്ലാതായെന്ന് ആരും ധരിക്കരുത്. സിപിഐ എമ്മിനേക്കാള്‍ ജനാധിപത്യമുള്ളവരാണ് തൃണമൂലെന്നാണ് ചിലര്‍ പ്രചരിപ്പിച്ചത്. അധികാരത്തിലെത്തിയപ്പോള്‍ അവര്‍ ജനാധിപത്യ സ്ഥാപനങ്ങളെയെല്ലാം ആക്രമിക്കുന്നതാണ് കാണുന്നത്. ജനാധിപത്യമൂല്യങ്ങളെല്ലാം ചവിട്ടിമെതിക്കുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളെ പശ്ചിമബംഗാളില്‍ ഇല്ലാതാക്കാന്‍ കഴിയില്ല. ഇടതുമുന്നണിക്കും സിപിഐ എമ്മിനും സംഭവിച്ച പിഴവുകള്‍ തിരുത്തിയും ജനങ്ങളോട് കൂടുതല്‍ അടുത്തും ജനകീയപ്രശ്നങ്ങളുയര്‍ത്തി പോരാടിയും ഇടതുപക്ഷം കൂടുതല്‍ കരുത്ത് നേടുകതന്നെ ചെയ്യുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ബിനോയ് കോനാര്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു, പൊളിറ്റ് ബ്യൂറോ അംഗം ബുദ്ധദേവ് ഭട്ടാചാര്യ എന്നിവരും സംസാരിച്ചു. പൊളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. മുസഫര്‍ അഹമ്മദ് പുരസ്കാരം പ്രദോഷ് ബാഗ്ചിക്ക് ചടങ്ങില്‍ സമ്മാനിച്ചു.

deshabhimani 060811

1 comment:

  1. പശ്ചിമബംഗാളില്‍ സിപിഐ എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും ഇല്ലാതാക്കാമെന്നത് വ്യാമോഹമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പശ്ചിമബംഗാളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവായ മുസഫര്‍ അഹമ്മദിന്റെ 123-ാം ജന്മവാര്‍ഷികദിനത്തില്‍ സിപിഐ എം സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete