Saturday, August 13, 2011

ഉപാധിരഹിത പട്ടയത്തിനുള്ള നടപടി സംസ്ഥാന ഗവണ്‍മെന്റ് അട്ടിമറിച്ചു

ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട ഉപാധിരഹിത പട്ടയനടപടി യുഡിഎഫ് ഗവണ്‍മെന്റ് അട്ടിമറിച്ചു. 2010 നവംബര്‍ 16 ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് പാസാക്കിയത് പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് ഉപാധിരഹിതപട്ടയം നല്‍കാനാണ്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ പുതുക്കാത്തതിനാല്‍ ഓര്‍ഡിനന്‍സ് റദ്ദാകുകയും എല്‍ഡിഎഫ് തുടങ്ങിവച്ച പട്ടയവിതരണനടപടികള്‍ അവതാളത്തിലാവുകയും ചെയ്തു.

1977 ജനുവരി ഒന്നിനുമുമ്പ് കുടിയേറിയ പട്ടയമില്ലാത്ത 25,883 കൃഷിക്കാര്‍ക്കും ശേഷം കുടിയേറിയവര്‍ക്കും പട്ടയം നല്‍കാനായിരുന്നു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. 1993ലെ കേരള ഭൂമിപതിവ് പ്രത്യേക ഉത്തരവ് പ്രകാരം 77 ന് മുമ്പുള്ള വനഭൂമി കുടിയേറ്റ ക്രമീകരണനിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് പാസാക്കിയത്. 14,790 ലധികം പേര്‍ക്ക് പട്ടയം വിതരണം ചെയ്തു. കൈവശക്കാരന് പൂര്‍ണ അവകാശത്തോടെ കൈവശം വയ്ക്കാനും ക്രയവിക്രയം ചെയ്യാനുമുളള അനുമതിയും നല്‍കിയിരുന്നു. അവശേഷിക്കുന്നവര്‍ക്കുകൂടി പട്ടയംനല്‍കാന്‍ സര്‍വെ ഉള്‍പ്പെടെ ജോലികള്‍ നടക്കുമ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുതുക്കാന്‍ തയ്യാറാകാതെ കര്‍ഷകരുടെ സ്വപ്നം തകര്‍ത്തെറിഞ്ഞത്. സുപ്രീം കോടതിയിലുണ്ടായിരുന്ന പട്ടയക്കേസില്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് ഫലപ്രദമായ സത്യവാങ്മൂലം നല്‍കി കൃഷിക്കാര്‍ക്കനുകൂലമായി വിധി സമ്പാദിച്ചതോടെയാണ് പുതിയ പട്ടയം നല്‍കാന്‍ സാഹചര്യമൊരുങ്ങിയത്.

1993 ല്‍ കെ എം മാണിയാണ് ലാന്‍ഡ് അസൈന്‍മെന്റ് നിയമത്തില്‍ മാറ്റംവരുത്തിയത്. ഇതനുസരിച്ച് പട്ടയഭൂമി 25 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ കൊണ്ടുവന്നു. കൈമാറ്റം അനന്തരാവകാശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഇത് പട്ടയ രേഖയിലെ ഒമ്പതാം ഇനമായി എഴുതിച്ചേര്‍ത്തു. 2005 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഒരാള്‍ക്ക് നാലേക്കര്‍ ഭൂമിക്ക് പട്ടയം നല്‍കാമെന്ന വ്യവസ്ഥ മാറ്റി ഒരേക്കര്‍ എന്നായി ചുരുക്കി. ഈ സാഹചര്യത്തിലാണ് ലാന്‍ഡ് അസൈന്‍മെന്റ് ആക്ട് ചട്ടം ഭേദഗതി ചെയ്ത് പൂര്‍ണാധികാര പട്ടയം നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയാരംഭിച്ചത്.
(കെ ടി രാജീവ്)

deshabhimani 130811

1 comment:

  1. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട ഉപാധിരഹിത പട്ടയനടപടി യുഡിഎഫ് ഗവണ്‍മെന്റ് അട്ടിമറിച്ചു. 2010 നവംബര്‍ 16 ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് പാസാക്കിയത് പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് ഉപാധിരഹിതപട്ടയം നല്‍കാനാണ്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ പുതുക്കാത്തതിനാല്‍ ഓര്‍ഡിനന്‍സ് റദ്ദാകുകയും എല്‍ഡിഎഫ് തുടങ്ങിവച്ച പട്ടയവിതരണനടപടികള്‍ അവതാളത്തിലാവുകയും ചെയ്തു.

    ReplyDelete