Thursday, August 4, 2011

സത്യവാങ്മൂലത്തെ കേരളം എതിര്‍ക്കില്ല

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ തല്‍ക്കാലം നിരോധിക്കാനാകില്ലെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തെ കേരളസര്‍ക്കാര്‍ എതിര്‍ക്കില്ല. ആരോഗ്യമന്ത്രി അടൂര്‍പ്രകാശാണ് ഇക്കാര്യം സൂചിപ്പിച്ചത്. സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ടെന്നും അതുമാത്രമേ കേരളത്തില്‍ ചെയ്യാനാകൂവെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന്റെ ഫലംസംബന്ധിച്ച് ഇനിയും പഠനം നടത്തേണ്ടതുണ്ടെന്ന് മന്ത്രി ആവര്‍ത്തിച്ചു. വാസ്തവത്തില്‍ എന്‍ഡോസള്‍ഫാന്റെ ദുരുപയോഗമാണ് ദോഷംചെയ്യുന്നത്. ശബരിമലയിലേക്ക് 465 കോടി രൂപയുടെ ആരോഗ്യ പാക്കേജ് ഉള്‍പ്പെടെ ഒട്ടേറെ പദ്ധതികള്‍ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടെന്ന് നാലുദിവസമായി ഡല്‍ഹിയില്‍ തങ്ങുന്ന മന്ത്രി പറഞ്ഞു.

അടൂര്‍ പ്രകാശിന്റേത് ഔദ്യോഗിക നിലപാടാണോയെന്ന് വി എസ്

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പ്രകടിപ്പിച്ച അഭിപ്രായം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗികനിലപാടാണോയെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

സുപ്രീംകോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കണമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. കാസര്‍കോട്ടെ മരണങ്ങള്‍ എന്‍ഡോസള്‍ഫാന്‍ കാരണമാണോ എന്ന് ഉറപ്പില്ലെന്നും അക്കാര്യം പരിശോധിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിക്കുമെന്നുമാണ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞത്. വീണ്ടും പഠനസംഘങ്ങളെ അയച്ച് ദുരന്തബാധിതരെ പരീക്ഷണവസ്തുവാക്കുന്ന സമീപനത്തെ മുഖ്യമന്ത്രി പിന്തുണയ്ക്കുന്നുണ്ടോയെന്നും അടൂര്‍ പ്രകാശിന്റെ അഭിപ്രായം സര്‍ക്കാരിന്റേതാണോയെന്നും വ്യക്തമാക്കണം. സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന പ്രമേയത്തെ ഇന്ത്യ എതിര്‍ക്കരുതെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവായിരിക്കെ പ്രധാനമന്ത്രിയെ കണ്ടതാണ്. അന്നത്തെ കേരളസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ശരിയായ ചിത്രം ലോകത്തെ ബോധ്യപ്പെടുത്തി. അതിന്റെ ഫലമായി കേന്ദ്രസര്‍ക്കാര്‍ പ്രമേയത്തെ അനുകൂലിച്ചു. ഇപ്പോള്‍ സ്റ്റോക്ഹോം കണ്‍വന്‍ഷനു വിരുദ്ധമായി കേന്ദ്രം പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് അന്താരാഷ്ട്രസമൂഹത്തോടുള്ള വെല്ലുവിളിയാണ്.

എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നമുണ്ടാക്കില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം പൈശാചികമാണ്. കാസര്‍കോട്ടെ പ്ലാന്റേഷന്‍ മേഖലയില്‍ അറുനൂറോളം പേര്‍ ഇതിനകം മരിച്ചു. പതിനായിരത്തോളംപേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ചത് യഥാര്‍ഥ വസ്തുതയല്ലെന്ന് വ്യക്തമാക്കി കേരളത്തിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിക്കണം.-കത്തില്‍ പറഞ്ഞു.

deshabhimani 040811

1 comment:

  1. എന്‍ഡോസള്‍ഫാന്‍ തല്‍ക്കാലം നിരോധിക്കാനാകില്ലെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തെ കേരളസര്‍ക്കാര്‍ എതിര്‍ക്കില്ല. ആരോഗ്യമന്ത്രി അടൂര്‍പ്രകാശാണ് ഇക്കാര്യം സൂചിപ്പിച്ചത്. സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ടെന്നും അതുമാത്രമേ കേരളത്തില്‍ ചെയ്യാനാകൂവെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    ReplyDelete