Thursday, February 23, 2012

പിറവത്ത് ബി ജെ പി വോട്ടുകച്ചവടം ഉറപ്പിച്ചു കരുക്കള്‍ നീക്കിയത് കോണ്‍ഗ്രസ് മന്ത്രി

പിറവം മണ്ഡലത്തില്‍ യുഡിഎഫുമായി വോട്ടുകച്ചവടം ഉറപ്പിക്കാനുള്ള ഒരു വിഭാഗം നേതാക്കളുടെ സമ്മര്‍ദ്ദ തന്ത്രത്തിന് ബി ജെ പി സംസ്ഥാന നേതൃത്വം കീഴടങ്ങി. അറിയപ്പെടുന്ന നേതാക്കളെ മത്സരരംഗത്തിറക്കി പാര്‍ട്ടിയുടെ മുഴുവന്‍ ശേഷിയും സമാഹരിക്കണമെന്ന മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിന്റെ പോലും അഭിപ്രായം തള്ളിയാണ് യുഡിഎഫിനെ പരോക്ഷമായി പിന്താങ്ങുന്ന നിലപാട് ബിജെപി നേതൃത്വം കൈക്കൊണ്ടത്.

പിറവത്തെ ഇലക്ഷന്‍ തന്ത്രം രൂപപ്പെടുത്തുന്നതിനും സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിനുമാണ് ഇന്നലെ തിരുവനന്തപുരത്ത് ബി ജെ പി സംസ്ഥാന നേതൃയോഗം ചേര്‍ന്നത്. ഇരുവിഭാഗം നേതാക്കള്‍ തമ്മില്‍ ചൂടേറിയ വാഗ്വാദത്തോടെയാണ് യോഗം തുടങ്ങിയതുതന്നെ. പെരുമ്പാവൂര്‍ മേഖലയില്‍ മാത്രം അറിയപ്പെടുന്ന കെ ആര്‍ രാജഗോപാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുമുമ്പേ പിറവത്ത് പ്രചരണം തുടങ്ങിയതിനെക്കുറിച്ചാണ് ഒരു വിഭാഗം നേതാക്കള്‍ ചോദിച്ചത്.

മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ സി കെ പത്മനാഭന്‍, പി എസ് ശ്രീധരന്‍പിള്ള, പി കെ കൃഷ്ണദാസ്  എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നതും ഇതിനിടെ ചര്‍ച്ചയായി.
ഇലക്ഷന്‍ കമ്മറ്റിയും പാര്‍ലമെന്ററി ബോര്‍ഡും ചര്‍ച്ച ചെയ്ത് അംഗീകരിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥിയുടെ പേര് സംസ്ഥാനകമ്മറ്റി പരിഗണിക്കേണ്ടതെന്ന കീഴ്‌വഴക്കം രാജഗോപാല്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന് മറുപടിയുണ്ടായില്ല. വോട്ടുകച്ചവടത്തിന് അനുകൂലമായി നിലയുറപ്പിച്ചവര്‍ക്കുനേരെ രൂക്ഷമായ വിമര്‍ശമാണ് യോഗത്തിലുണ്ടായത്.

സംസ്ഥാന ജനറല്‍ സെക്രട്ടറിയും എറണാകുളം ജില്ലക്കാരനുമായ എ എന്‍ രാധാകൃഷ്ണന്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭാസുരേന്ദ്രന്‍ എന്നിവരില്‍ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കി പരമാവധി വോട്ടുകള്‍ സമാഹരിക്കണമെന്നായിരുന്നു ബിജെപിയുടെ ആദ്യ നിലപാട്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ എ എന്‍ രാധാകൃഷ്ണന്‍ സ്വയം പിന്‍മാറുകയും മറ്റൊരു സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കുകയുമായിരുന്നു. പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കാതെയായിരുന്നു ഈ നീക്കങ്ങള്‍. ഇതിനു പിന്നിലെ കുതന്ത്രം മനസ്സിലാക്കിയ ശോഭാ സുരേന്ദ്രന്‍ ഇന്നലെ യോഗത്തില്‍പോലും പങ്കെടുക്കാനെത്തിയില്ല.

എന്തുവിലകൊടുത്തും പിറവത്ത് യുഡിഎഫിനെ തറപറ്റിക്കുമെന്ന് വീരവാദം മുഴക്കി നടന്ന ബി ജെ പി നേതാക്കള്‍ പൊടുന്നനെ കളം മാറ്റി ചവിട്ടിയതിനുപിന്നില്‍ ഒരു കോണ്‍ഗ്രസ് മന്ത്രിയുടെ സ്വാധീനമുള്ളതായി പറയപ്പെടുന്നു. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ എം മധുവിന് 4800 വോട്ടാണ് പിറവത്ത് കിട്ടിയത്. ശക്തമായ മല്‍സരം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞാല്‍ ഇത് 6000 വരെയാക്കാന്‍ കഴിയുമെന്നാണ് ബി ജെ പി സംസ്ഥാന നേതൃത്വം കണക്കുകൂട്ടിയിരുന്നത്. ഇതിനു പിന്നിലെ അപകടം മണത്തറിഞ്ഞ യുഡിഎഫ് നേതൃത്വം കോണ്‍ഗ്രസ് മന്ത്രിയെ രംഗത്തിറക്കി ബി ജെ പി നേതാക്കളുമായി കച്ചവടം ഉറപ്പിക്കുകയായിരുന്നു. ബി ജെ പി സ്ഥാനാര്‍ത്ഥി പരമാവധി ദുര്‍ബലനാവണമെന്ന യുഡിഎഫിന്റെ ആഗ്രഹമാണ് ബി ജെ പി ഇന്നലെ നിറവേറ്റിയത്.

മൂവാറ്റുപുഴയില്‍ പ്രഫസറുടെ കൈവെട്ടിയ കേസിലെ പ്രതികളില്‍ ചിലരെ ജാമ്യത്തിലിറക്കാന്‍ അഭിഭാഷകനെന്ന നിലയില്‍ സഹായം ചെയ്തയാളാണ് നിയുക്ത സ്ഥാനാര്‍ത്ഥിയെന് സംഘപരിവാറിന് ആക്ഷേപമുണ്ട്. ഇക്കാര്യവും ഇന്നലെ ചിലര്‍ ഉന്നയിച്ചെങ്കിലും പിറവം മണ്ഡലത്തിലുടനീളം ഫഌക്‌സ് ബോര്‍ഡുകള്‍ വച്ചും മറ്റും രാജഗോപാല്‍ പ്രചാരണം തുടങ്ങികഴിഞ്ഞെന്ന എതിര്‍വാദം ഒടുവില്‍ നിവൃത്തിയില്ലാതെ അംഗീകരിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തെ നോക്കുകുത്തിയാക്കി ഒരു വിഭാഗം രൂപപ്പെടുത്തിയ വോട്ടുകച്ചവട ധാരണ പാര്‍ട്ടി തീരുമാനമായി പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കേണ്ട ഗതികേടാണ് സംസ്ഥാന പ്രസിഡന്റിനുണ്ടായത്.
(ജി. ബാബുരാജ്)

janayugom 230212

1 comment:

  1. പിറവം മണ്ഡലത്തില്‍ യുഡിഎഫുമായി വോട്ടുകച്ചവടം ഉറപ്പിക്കാനുള്ള ഒരു വിഭാഗം നേതാക്കളുടെ സമ്മര്‍ദ്ദ തന്ത്രത്തിന് ബി ജെ പി സംസ്ഥാന നേതൃത്വം കീഴടങ്ങി. അറിയപ്പെടുന്ന നേതാക്കളെ മത്സരരംഗത്തിറക്കി പാര്‍ട്ടിയുടെ മുഴുവന്‍ ശേഷിയും സമാഹരിക്കണമെന്ന മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിന്റെ പോലും അഭിപ്രായം തള്ളിയാണ് യുഡിഎഫിനെ പരോക്ഷമായി പിന്താങ്ങുന്ന നിലപാട് ബിജെപി നേതൃത്വം കൈക്കൊണ്ടത്.

    ReplyDelete