Friday, September 25, 2020

ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട്‌ ചെയ്യും ; ഗവർണറുടെ അനുമതിക്കായി വിജിലൻസ്‌ ; കുറ്റപത്രം ഉടൻ

 പാലാരിവട്ടം പാലം അഴിമതിക്കേസിൽ കുറ്റപത്രം തയ്യാറാക്കാനുള്ള നടപടി വിജിലൻസ്‌ ആരംഭിച്ചു. ഇതിന്റെ ഭാഗമായി  പ്രതികളായ വി കെ ഇബ്രാഹിംകുഞ്ഞ്‌  ഉൾപ്പെടെയുള്ളവരെ പ്രോസിക്യൂട്ട്‌ ചെയ്യാൻ അനുമതി ആവശ്യപ്പെട്ട്‌ വിജിലൻസ്‌ അടുത്തദിവസം സർക്കാരിന്‌ കത്ത്‌ നൽകും. 

നിയമസഭാംഗമായതിനാൽ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട്‌ ചെയ്യാൻ   ഗവർണറുടെ അനുമതി വേണം. കേസിൽ  പ്രതിചേർക്കാൻ  ഗവർണർ നേരത്തേ അനുമതി നൽകിയിരുന്നു. കേസിൽ ഉന്നത ഉദ്യോഗസ്ഥരടക്കം 17 പ്രതികളാണുള്ളത്‌.  പ്രോസിക്യൂഷൻ അനുമതി  ആവശ്യപ്പെട്ട്‌ രണ്ടാഴ്‌ചയ്‌ക്കകം ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറിക്ക്‌ റിപ്പോർട്ട്‌ നൽകുമെന്ന്‌ വിജിലൻസ്‌ ഐജി എച്ച്‌ വെങ്കിടേഷ്‌ പറഞ്ഞു.  

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നിർമിച്ച പാലത്തിൽ വിള്ളൽ കണ്ടതോടെയാണ്‌ വിജിലൻസ്‌ അന്വേഷണം ആരംഭിച്ചത്‌. അഞ്ചാം പ്രതിയായ അന്നത്തെ പൊതുമരാമത്ത്‌ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ ക്രമക്കേട്‌ നടത്തിയതിന്‌ വിജിലൻസിന്‌ വ്യക്തമായ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. പൊതുമരാമത്ത്‌ സെക്രട്ടറിയായിരുന്ന ടി ഒ സൂരജ്‌,  കരാർ കമ്പനി ആർഡിഎസ്‌ പ്രോജക്ട്‌ എംഡി സുമിത്‌ ഗോയൽ, കിറ്റ്‌കോ ജനറൽ മാനേജർ ബെന്നിപോൾ, റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ ഡെവലപ്‌മെന്റ്‌  കോർപറേഷൻ കേരള (ആർബിഡിസികെ) അസി. ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവരും പ്രതികളാണ്‌.

പൊതുമരാമത്ത്‌, കിറ്റ്‌കോ, ആർബിഡിസികെ തുടങ്ങിയവയുടെ തലപ്പത്തുണ്ടായിരുന്ന ചില മുതിർന്ന ഉദ്യോഗസ്ഥർ കുറ്റപത്രത്തിൽ പ്രതിസ്ഥാനത്ത്‌ വരും. രൂപകൽപ്പന നടത്തിയ ബംഗളൂരുവിലെ നാഗേഷ്‌ കൺസൾട്ടൻസി  ഉദ്യോഗസ്ഥരും കേസിൽ പ്രതിയാണ്‌.

5 കോടി മുൻകൂർ നൽകി

മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്‌തത്‌ മൂന്നുതവണ.  ചട്ടവിരുദ്ധമായി കരാർ കമ്പനിക്ക്‌ 8.5 കോടിരൂപ മുൻകൂർ പണം നൽകിയതായും പലിശയിലും തിരിച്ചടവിലും ഇളവ്‌ നൽകിയതായും കണ്ടെത്തി. മന്ത്രിയുടെ നിർദേശപ്രകാരമാണ്‌ എല്ലാം ചെയ്‌തതെന്ന്‌  ടി ഒ സൂരജും മൊഴി നൽകി.

റഷീദ‌് ആനപ്പുറം

ഡിഎംആർസിയുടെ കൈയിലുള്ളത്‌ സർക്കാരിന്റെ പണംതന്നെ : ഇ ശ്രീധരൻ

കൊച്ചി മെട്രോയുടെ അനുബന്ധ നിർമാണങ്ങൾ നിശ്‌ചയിച്ചതിലും കുറഞ്ഞ തുകയ്‌ക്ക്‌ പൂർത്തിയാക്കിയപ്പോൾ മിച്ചംവന്ന പണമാണ്‌ ഡിഎംആർസിയുടെ കൈയിലുള്ളതെന്നും അത്‌ സർക്കാരിന്റെ പണം തന്നെയാണെന്നും ഇ ശ്രീധരൻ പറഞ്ഞു.

ആ പണം‌ ഡിഎംആർസിക്ക്‌ ഉപയോഗിക്കാനാകില്ല. നേരത്തെ ഇതിനുള്ള ചെക്ക്‌ സർക്കാരിന്‌ കൈമാറിയിരുന്നു. എന്നാൽ, സംസ്ഥാനത്തെ ഡിഎംആർസിയുടെ ചുമതലകളെല്ലാം പൂർത്തിയായശേഷം തന്നാൽ മതിയെന്നുപറഞ്ഞ്‌ തിരിച്ചേൽപ്പിക്കുകയായിരുന്നു. സാമ്പത്തികപ്രയാസം നേരിടുന്ന സർക്കാരിന്‌ പാലാരിവട്ടം പാലം പുനർനിർമാണത്തിന്റെ ബാധ്യത കുറയ്‌ക്കാൻ ഡിഎംആർസിയുടെ പക്കലുള്ള പണം ഉപയോഗിക്കാമെന്നും ഇ ശ്രീധരൻ പറഞ്ഞു.

എ എൽ ജേക്കബ്‌‌ പാലം, പച്ചാളം പാലം, നോർത്ത്‌ റെയിൽവേ മേൽപ്പാലം, ഇടപ്പള്ളി മേൽപ്പാലം എന്നിവയാണ്‌ മെട്രോ അനുബന്ധ നിർമാണമായി ഡിഎംആർസി പൂർത്തിയാക്കിയത്‌. പച്ചാളം പാലത്തിന്റെ നിർമാണം പൂർത്തിയായപ്പോൾ വകയിരുത്തിയതിലും 25 ശതമാനം കുറഞ്ഞ തുകയാണ്‌ ചെലവായത്‌‌. എൻജിനിയറിങ് ഇന്നവേഷനിലൂടെയാണിത്‌‌ സാധിച്ചത്‌. ഡിസൈൻ മുഴുവൻ മാറ്റിയാണ്‌ പച്ചാളം പാലം നിർമിച്ചത്‌. നോർത്ത്‌ പാലം നിർമാണത്തിനും വകയിരുത്തിയതിലും കുറഞ്ഞ തുകയേ‌ ചെലവായുള്ളൂ. എല്ലാറ്റിനുംകൂടി 17.4 കോടിരൂപ‌ മിച്ചംവന്നു.

ഇടപ്പള്ളി മേൽപ്പാലം നിർമാണത്തിലൂടെ 30 കോടി മിച്ചംവന്നു‌. എന്നാൽ, ആ പണം ഡിഎംആർസിയുടെ കൈവശമില്ല. റോഡ്‌ ഫണ്ട്‌ ബോർഡാണ്‌ പാലത്തിന്‌ പണമനുവദിക്കേണ്ടത്‌. അത്‌ വൈകിയപ്പോൾ കെഎംആർഎലിന്റെ പണമെടുത്താണ്‌ ഡിഎംആർസി പാലം നിർമിച്ചത്‌. റോഡ്‌ ഫണ്ട്‌ ബോർഡിൽനിന്ന്‌ കെഎംആർഎലിനാണ്‌ പണം ലഭിക്കുക. ചെലവായ തുകപോലും പൂർണമായി കെഎംആർഎലിന്‌ ഇപ്പോഴും കിട്ടിയിട്ടില്ലെന്നാണ്‌ അറിഞ്ഞത്‌.

മിച്ചംവന്ന പണം ഡിഎംആർസിയുടെ കൈവശമുള്ള കാര്യം പാലം പൊളിച്ചുപണിയാൻ തീരുമാനിച്ചപ്പോൾ മുഖ്യമന്ത്രിയെയും പൊതുമരാമത്ത്‌ മന്ത്രിയെയും അറിയിച്ചിരുന്നു. പുനർനിർമാണചുമതല ഡിഎംആർസിയെ ഏൽപ്പിച്ചപ്പോൾ അവർ ഇക്കാര്യം പറഞ്ഞതായും- ഇ ശ്രീധരൻ വ്യക്തമാക്കി.

പാലാരിവട്ടം പാലം : കോടതിയിൽ പോയവരിൽ‌ ഇബ്രാഹിംകുഞ്ഞിന്റെ ബിനാമിയും

പാലാരിവട്ടം പാലം പുതുക്കി പണിയുന്നത്‌ തടയാൻ പൊതുതാൽപ്പര്യത്തിന്റെ മറവിൽ കോടതിയെ സമീപിച്ചത്‌ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെയും കരാർ കമ്പനിയുടെയും ബിനാമികൾ. ലക്ഷങ്ങൾ പ്രതിഫലംപറ്റുന്ന മനു അഭിഷേക്‌ സിങ്‌‌വിയും വി ഗിരിയും ഉൾപ്പെടെ നാലു മുതിർന്ന അഭിഭാഷകരാണ്‌ ഇവർക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്‌.

പൊതുതാൽപ്പര്യത്തിന്റെ പേരിലായിരുന്നു ഹർജികളെങ്കിലും, പാലം നിർമാണത്തിന്റെ ഭാഗമായി നടന്ന വൻ അഴിമതി അന്വേഷിക്കണമെന്ന്‌ ഹർജിക്കാരാരും ആവശ്യപ്പെട്ടില്ലെന്നതും ശ്രദ്ധേയം. കോടതിവ്യവഹാരങ്ങളിൽ കുടുങ്ങി പാലം പുനർനിർമാണം അനിശ്‌ചിതത്വത്തിലായത്‌ ഒരുവർഷം.

കൊച്ചിയിലെ  സ്വകാര്യ എൻജിനീയറിങ്‌ സ്ഥാപനമാണ്‌ ആദ്യം ഹൈക്കോടതിയിൽ റിട്ട്‌ നൽകിയത്‌. പിന്നാലെവന്ന അഞ്ച്‌ പൊതുതാൽപ്പര്യഹർജികളിൽ ഒന്ന്‌ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ബിനാമിയാണ്‌  ഫയൽ ചെയ്‌തതെന്ന്‌ അറിയുന്നു‌.  മറ്റു നാല്‌ പൊതുതാൽപ്പര്യഹർജികളും നിർമാണ കരാറുകാരായ ആർഡിഎസ്‌ പ്രോജക്‌ട്‌സിനുവേണ്ടി മറ്റുള്ളവർ ഫയൽ ചെയ്‌തതാണ്‌. ഭാരപരിശോധന നടത്തണമെന്നും തകരാറിലായ പാലം പൊളിക്കരുതെന്നുമായിരുന്നു റിട്ടിലെയും പൊതുതാൽപ്പര്യഹർജികളിലെയും ആവശ്യം.

ആർഡിഎസിൽനിന്ന്‌ വിരമിച്ചവരോ അവരുടെ വിവിധ പ്രോജക്‌ടുകളിൽ പങ്കാളികളായിരുന്നവരോ ആണ്‌ റിട്ട്‌ ഹർജി നൽകിയ എൻജിനിയർമാരുടെ സ്ഥാപനത്തിന്റെ പ്രധാനികൾ. പൊതുമരാമത്തുവകുപ്പിലും കിറ്റ്‌കോപോലുള്ള സ്ഥാപനങ്ങളിലും സർവീസിലിരിക്കെ ആർഡിഎസിന്റെ സഹായം പറ്റിയവരും ഈ സ്ഥാപനത്തിലുണ്ട്‌. കൺസൾട്ടന്റായി പ്രവർത്തിച്ച അർധസർക്കാർ സ്ഥാപനമായ കിറ്റ്‌കോയെ ഇവർ ബോധപൂർവം കേസിൽ എതിർകക്ഷിയാക്കി.

ആർഡിഎസിനെ അനുകൂലിച്ചാണ്‌ കിറ്റ്‌കോ സത്യവാങ്മൂലം നൽകിയത്‌. അതും തെറ്റായ വിവരങ്ങളോടെ. പാലത്തിന്റെ ഗുണനിലവാര പരിശോധന സർക്കാർ തടയുന്നുവെന്നും കരാർവ്യവസ്ഥപ്രകാരം കരാറുകാരന്‌ അതിന്‌ അവകാശമുണ്ടെന്നുമായിരുന്നു വാദം. പാലം കമീഷൻ ചെയ്യുംമുമ്പാണ്‌ പരിശോധന നടത്തേണ്ടതെന്ന കരാർ വ്യവസ്ഥ കിറ്റ്‌കോ മറച്ചുവച്ചു. ഇത്‌ ഹൈക്കോടതി വിധി കരാറുകാരന്‌ അനുകൂലമാകാൻ പ്രധാന കാരണമായി.

ആർഡിഎസിനുവേണ്ടിയാണ്‌ സുപ്രീംകോടതിയിലെ ഏറ്റവും വിലപിടിപ്പുള്ള അഭിഭാഷകരിലൊരാളായ മനു അഭിഷേക്‌ സിങ്‌‌വി ഹാജരായത്‌. എൻജിനിയർമാരുടെ സ്ഥാപനത്തിനുവേണ്ടി ഹാജരായ വി ഗിരിയും കിറ്റ്‌കോയ്‌ക്കുവേണ്ടി ഹാജരായ ഗോപാൽ സുബ്രഹ്‌മണ്യവും വൻ പ്രതിഫലം വാങ്ങുന്നവരാണ്‌.

എം എസ്‌ അശോകൻ 

No comments:

Post a Comment