Wednesday, January 22, 2014

ട്രെയിന്‍ നിരക്ക് നിശ്ചയിക്കാന്‍ സ്വതന്ത്ര അതോറിറ്റി

ട്രെയിന്‍ നിരക്ക് നിരക്ക് പുനര്‍നിര്‍ണയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വതന്ത്ര അതോറിറ്റിയെ നിയോഗിച്ചു. റെയില്‍വേ യാത്രക്കൂലി നിശ്ചയിക്കാനുള്ള പൂര്‍ണാധികാരം ലഭിക്കും വിധത്തിലാണ് അതോറിറ്റി രൂപീകരണം. റെയില്‍വേയുടെമേല്‍ സര്‍ക്കാരിനുള്ള അധികാരം പൂര്‍ണമായും എടുത്തുകളയുന്നതിന്റെ ആദ്യപടിയായാണ് അതോറിറ്റിയെ നിയോഗിക്കാനുള്ള തീരുമാനം. ഇതോടെ യാത്രാനിരക്ക് ഇനി തോന്നുംപടി വര്‍ധിപ്പിക്കാം. വിപണിയിലും സാമ്പത്തിക സ്ഥിതിയിലും അതത് സമയത്ത് വരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി നിരക്ക് വര്‍ധന ശുപാര്‍ശചെയ്യാന്‍ സമിതിക്ക് അധികാരമുണ്ടാകും. ഇതോടെ സാധാരണക്കാരന്റെ യാത്ര മുടങ്ങും. നിലവില്‍ റെയില്‍വേ ബോര്‍ഡിനല്ലാതെ മറ്റ് ഏജന്‍സികള്‍ക്ക് നിരക്ക് വര്‍ധനയില്‍ ഇടപെടാന്‍ അധികാരമില്ല. അതോറിറ്റി വരുന്നതോടെ ഇതില്‍ മാറ്റം വരും. അതോറിറ്റിക്ക് പൂര്‍ണാധികാരം ലഭിക്കാന്‍ നിലവിലുള്ള നിയമത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. 1989ലെ റെയില്‍വേ നിയമപ്രകാരമാണ് ഇപ്പോള്‍ നിരക്ക് വര്‍ധന നിശ്ചയിക്കുന്നത്. പാര്‍ലമെന്റ് ചേര്‍ന്ന് ഈ ഭേദഗതി വരുത്തുന്നതോടെ സമിതിക്ക് പൂര്‍ണാധികാരം ലഭ്യമാകും.

എന്നാല്‍, ലോക്സഭയുടെ കാലാവധി പൂര്‍ത്തിയാകാനിരിക്കെ ഈ ഭേദഗതി അടുത്തമാസം ആദ്യം ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റ് സെഷനില്‍ ചര്‍ച്ചയ്ക്ക് വരാന്‍ സാധ്യതയില്ല. തെരഞ്ഞെടുപ്പിന് ശേഷം നിലവില്‍വരുന്ന ലോക്സഭ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. റെയില്‍വേക്ക് യാത്രക്കൂലിയിനത്തില്‍ മാത്രം 25,000കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്ക്. യാത്രക്കൂലി യഥാസമയം വര്‍ധിപ്പിക്കാത്തതാണ് കാരണമെന്നാണ് സര്‍ക്കാരിന്റെ വാദം. രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങിയാണ് നിരക്ക് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്ന് റെയില്‍വേ അധികൃതരും പറയുന്നു. അതോറിറ്റിയില്‍ ചെയര്‍മാന് പുറമെ നാല് അംഗങ്ങളും ഉണ്ടാകും. യാത്രക്കാരുടെ സേവനത്തിനും സുഗമമായ ചരക്ക് നീക്കത്തിനും വേണ്ടിയാണ് അതോറിറ്റി രൂപീകരിക്കുന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും നിരക്ക് വര്‍ധനയാകും ഇവരുടെ പ്രധാന ചുമതല.

deshabhimani

No comments:

Post a Comment