Sunday, September 16, 2012

ജനസമ്പര്‍ക്ക പരിപാടിയിലെ 20,000 അപേക്ഷ തിരിച്ചയച്ചു


പാവങ്ങള്‍ക്ക് വീടുവയ്ക്കാന്‍ ഭൂമി നികത്തല്‍ പദ്ധതിക്കായി ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് സ്വീകരിച്ച 20000ത്തോളം അപേക്ഷ കുട്ടനാട് പ്രൊജക്ട് ഓഫീസ് നിരസിച്ചു. ഭൂമി മണ്ണിട്ട് നികത്തുന്നതിനുള്ള പദ്ധതി കുട്ടനാട് പാക്കേജില്‍ ഇല്ലാത്തതിനാല്‍ അപേക്ഷ പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്ന് കാട്ടിയാണ് തപാലില്‍ തിരിച്ചയച്ചത്. ജനസമ്പര്‍ക്ക പരിപാടിയുടെ ഒരു തട്ടിപ്പ് കൂടി ഇതോടെ വെളിച്ചത്തായി.

പാടശേഖരത്തിന് സമീപം താമസിക്കുന്ന കര്‍ഷകത്തൊഴിലാളികളടക്കമുള്ള പാവപ്പെട്ടവര്‍ക്ക് അഞ്ചുസെന്റ് വരെയുള്ള ഭൂമി മണ്ണിട്ട് ഉയര്‍ത്തുന്നതിന് 50,000 രൂപ നല്‍കുമെന്ന് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനുള്ള അപേക്ഷ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ സ്വീകരിക്കുമെന്നും പ്രചാരണമുണ്ടായി. പ്രദേശിക കോണ്‍ഗ്രസ് നേതൃത്വമായിരുന്നു അപേക്ഷ സ്വീകരിക്കാന്‍ മുന്‍പന്തിയില്‍. അപേക്ഷകരെ കൊണ്ട് ഭൂമിയുടെ കൈവശാവകാശ രേഖ, കരം അടച്ച രസീത്, പഞ്ചായത്തില്‍നിന്നുള്ള സ്ഥിരതാമസ സാക്ഷിപത്രം എന്നിയും വാങ്ങിപ്പിച്ചു. ഇതിനു പുറമെ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ വഴിച്ചെലവിനായി അപേക്ഷകരില്‍നിന്നും 300 മുതല്‍ 500 രൂപ വരെ വാങ്ങുകയും ചെയ്തു. ആലപ്പുഴയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷകള്‍ മുഖ്യമന്ത്രി നേരിട്ടാണ് വാങ്ങിയത്. സര്‍ക്കാരിന്റെയും ഭരണകക്ഷി നേതാക്കളുടെയും വാക്കു വിശ്വസിച്ച് ധനസഹായം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അറിയിപ്പു സഹിതം അപേക്ഷ തിരിച്ചു വന്നത്. സര്‍ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച ബുദ്ധിമുട്ടിന് പുറമെ കൈയിലിരുന്ന കാശുംപോയ സങ്കടത്തിലാണ് ഇവര്‍. കുട്ടനാടില്‍നിന്ന് മാത്രം 8000 അപേക്ഷയാണ് കിട്ടിയത്. ജില്ലയില്‍നിന്നാകെ 20000ത്തോളം അപേക്ഷയും. വഴിച്ചെലവ് വാങ്ങിയ പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ അപേക്ഷകരെ പേടിച്ച് മുങ്ങി നടക്കുകയാണ്.
(ഡി ദിലീപ്)

deshabhimani 160912

1 comment:

  1. പാവങ്ങള്‍ക്ക് വീടുവയ്ക്കാന്‍ ഭൂമി നികത്തല്‍ പദ്ധതിക്കായി ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് സ്വീകരിച്ച 20000ത്തോളം അപേക്ഷ കുട്ടനാട് പ്രൊജക്ട് ഓഫീസ് നിരസിച്ചു. ഭൂമി മണ്ണിട്ട് നികത്തുന്നതിനുള്ള പദ്ധതി കുട്ടനാട് പാക്കേജില്‍ ഇല്ലാത്തതിനാല്‍ അപേക്ഷ പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്ന് കാട്ടിയാണ് തപാലില്‍ തിരിച്ചയച്ചത്. ജനസമ്പര്‍ക്ക പരിപാടിയുടെ ഒരു തട്ടിപ്പ് കൂടി ഇതോടെ വെളിച്ചത്തായി.

    ReplyDelete