Sunday, September 16, 2012

സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി: പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഭീഷണി


സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള നിയന്ത്രണങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി വിധി പൊതുവിദ്യാഭ്യാസമേഖലയ്ക്ക് കനത്ത ആഘാതമേല്‍പ്പിക്കും. ഐസിഎസ്ഇ/സിബിഎസ്ഇ വ്യവസ്ഥകള്‍ പാലിക്കുന്ന മുഴുവന്‍ സ്കൂളിന അംഗീകാരത്തിനുള്ള എന്‍ഒസി നല്‍കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവാണ് മലയാളഭാഷാ സംരക്ഷണത്തിനും പൊതുവിദ്യാഭ്യാസമേഖലയുടെ മുന്നേറ്റത്തിനും തിരിച്ചടിയായത്. മാനേജ്മെന്റ്-സര്‍ക്കാര്‍ ഒത്തുകളിയാണ് സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക് അനുകൂല വിധി നേടിക്കൊടുത്തത്.
കേന്ദ്ര സിലബസ് സ്കൂള്‍ തുടങ്ങാന്‍ കുറഞ്ഞത് 300 കുട്ടികളും മൂന്നേക്കര്‍ സ്ഥലവും വേണമെന്ന നിബന്ധന റദ്ദാക്കിയതോടെ അടിസ്ഥാനസൗകര്യങ്ങള്‍ കൂടാതെ എവിടെയും സ്കൂളുകള്‍ ആരംഭിക്കാം. കേന്ദ്ര സിലബസ് പഠിപ്പിക്കാന്‍ യോഗ്യതയുള്ള അധ്യാപകരല്ല അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ക്ലാസ് കൈകാര്യം ചെയ്യുന്നത്. ശമ്പളം, അധ്യാപക യോഗ്യത, ഫീസ് എന്നിവയുടെ കാര്യത്തിലും ഇവിടെ നടക്കുന്നത് നിയമലംഘനമാണ്. സംസ്ഥാനത്ത് രണ്ടായിരത്തിലേറെ സ്കൂള്‍ കോടതി ഉത്തരവിന്റെ ബലത്തില്‍ പുതുതായി അംഗീകാരം നേടും. അപേക്ഷിക്കുന്നവര്‍ക്കെല്ലാം എന്‍ഒസിയെന്ന മന്ത്രി അബ്ദുറബ്ബിന്റെ പ്രഖ്യാപനമാണ് ഫലത്തില്‍ കോടതി ശരിവച്ചത്. അണ്‍ എയ്ഡഡ് സ്കൂളുകളുടെ കുറഞ്ഞ ഗുണനിലവാരം സംബന്ധിച്ച് കോടതിയില്‍ ശക്തമായ വാദങ്ങള്‍ സര്‍ക്കാരും ഉയര്‍ത്തിയില്ല. എന്തുകൊണ്ടാണ് രക്ഷിതാക്കള്‍ കുട്ടികളെ സിബിഎസ്ഇ സ്കൂളുകളിലേക്ക് അയക്കുന്നതെന്ന് കോടതി ചോദിച്ചപ്പോള്‍ ഉയര്‍ന്ന നിലവാരമാണ് കാരണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിലൂടെ ആയിരക്കണക്കിന് സര്‍ക്കാര്‍ സ്കൂളുകള്‍ നിലവാരമില്ലാത്തവയാണെന്ന് സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

കുറേവര്‍ഷമായി സംസ്ഥാനത്തെ സര്‍ക്കാര്‍- എയ്ഡഡ് ഹൈസ്കൂള്‍ ക്ലാസുകളില്‍ സിബിഎസ്ഇ സ്കൂളുകളില്‍ നിന്ന് വിട്ടുവരുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നു. ഹയര്‍ സെക്കന്‍ഡറി എത്തുമ്പോഴേക്കുമുള്ള കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കിന്റെ തിക്തഫലം ഇത്തവണ സംസ്ഥാനത്തെ പ്ലസ്വണ്‍ പ്രവേശന സമയത്ത് അനുഭവിച്ചു. ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അണ്‍എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ സിബിഎസ്ഇ അംഗീകാരത്തിനുള്ള എന്‍ഒസി നേടിയെടുക്കാന്‍ സുപ്രീംകോടതിയെവരെ സമീപിച്ചിരുന്നു. പൊതുവിദ്യാഭ്യാസവും ഗുണപരമായ വിദ്യാഭ്യാസവും സംരക്ഷിക്കാനുള്ള ശക്തമായ നിലപാടാണ് അന്ന് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനാവശ്യമായ തെളിവുകള്‍ കോടതിയുടെ മുന്നിലെത്തിച്ചതോടെ സ്കൂള്‍ മാനേജ്മെന്റുകളുടെ നീക്കം പരാജയപ്പെടുകയായിരുന്നു.

മാനേജ്മെന്റും കോടതിയും ഒത്തുകളിച്ചു: എസ്എഫ്ഐ

സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകള്‍ക്ക് ഒരു മാനദണ്ഡവും നോക്കാതെ പ്രവര്‍ത്തനാനുമതി നല്‍കാമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സ്വകാര്യ-സ്വാശ്രയ സ്കൂള്‍ മാനേജ്മെന്റുകളും കോടതിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 300 കുട്ടികളും രണ്ടര ഏക്കര്‍ ഭൂമിയും വേണമെന്ന മാനദണ്ഡം നോക്കാതെ അപേക്ഷിച്ച എല്ലാവര്‍ക്കും എന്‍ഒസി നല്‍കാമെന്ന കോടതി ഉത്തരവ് പൊതുവിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന രണ്ടായിരത്തോളം സ്കൂളുകളെ അംഗീകാരം നല്‍കി നിയമവിധേയമാക്കാനാണ് കോടതി ശ്രമിക്കുന്നത്. നിലവില്‍ സര്‍ക്കാര്‍ സ്കൂളുകളുള്ള സ്ഥലത്തു തന്നെ കേന്ദ്ര സിലബസ് സ്കൂളുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാമെന്ന കോടതിയുടെ ഉത്തരവുമൂലം കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല പൂര്‍ണമായും തകരുന്നതിന് കാരണമാകും. പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന ഈ നീക്കം ജനങ്ങള്‍ തിരിച്ചറിയണമെന്നും സെക്രട്ടറിയറ്റ് പറഞ്ഞു.

deshabhimani 160912

1 comment:

  1. സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള നിയന്ത്രണങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി വിധി പൊതുവിദ്യാഭ്യാസമേഖലയ്ക്ക് കനത്ത ആഘാതമേല്‍പ്പിക്കും. ഐസിഎസ്ഇ/സിബിഎസ്ഇ വ്യവസ്ഥകള്‍ പാലിക്കുന്ന മുഴുവന്‍ സ്കൂളിന അംഗീകാരത്തിനുള്ള എന്‍ഒസി നല്‍കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവാണ് മലയാളഭാഷാ സംരക്ഷണത്തിനും പൊതുവിദ്യാഭ്യാസമേഖലയുടെ മുന്നേറ്റത്തിനും തിരിച്ചടിയായത്. മാനേജ്മെന്റ്-സര്‍ക്കാര്‍ ഒത്തുകളിയാണ് സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക് അനുകൂല വിധി നേടിക്കൊടുത്തത്.

    ReplyDelete