Sunday, September 16, 2012

ആര്‍എസ്എസ് മുന്‍ മേധാവി സുദര്‍ശന്‍ അന്തരിച്ചു


ആര്‍എസ്എസ് മുന്‍ മേധാവി കെ എസ് സുദര്‍ശന്‍ (81) ഹൃദയാഘാതത്തെതുടര്‍ന്ന് അന്തരിച്ചു. റായ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് ശനിയാഴ്ച രാവിലെ 6.50നായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് നാഗ്പുരില്‍. പ്രഭാതസവാരിക്കുശേഷം ആര്‍എസ്എസ് കാര്യാലയത്തില്‍ പ്രാണായാമം ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. മറവിരോഗം ബാധിച്ചെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാനായി രണ്ടു ദിവസംമുമ്പാണ് അദ്ദേഹം ഛത്തീസ്ഗഢിലെത്തിയത്. ആര്‍എസ്എസ് ദേശീയ ആസ്ഥാനമായ നാഗ്പുരിലേക്ക് കൊണ്ടുപോയ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു.

1931 ജൂണ്‍ 18ന് റായ്പുരില്‍ ജനിച്ച സുദര്‍ശന്‍ ടെലികമ്യൂണിക്കേഷനില്‍ എന്‍ജിനിയറിങ് ബിരുദം നേടിയിട്ടുണ്ട്. ആറു ദശകത്തോളം ആര്‍എസ്എസ് പ്രചാരക് ആയിരുന്നു. 2000ല്‍ ആര്‍എസ്എസിലെ പരമോന്നതപദവിയായ സര്‍സംഘ്ചാലക് ആയി. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് 2009ല്‍ സ്ഥാനമൊഴിഞ്ഞു. ബിജെപി നേതൃത്വത്തിനെതിരെ പരസ്യമായി അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ച് സുദര്‍ശന്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 2004ല്‍ ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അടല്‍ ബിഹാരി വാജ്പേയിയെയും എല്‍ കെ അദ്വാനിയെയുംപോലുള്ള വൃദ്ധന്മാര്‍ നേതൃത്വത്തില്‍നിന്ന് ഒഴിയണമെന്ന് സുദര്‍ശന്‍ ആവശ്യപ്പെട്ടത് സംഘപരിവാര്‍ സംഘടനകളില്‍ വന്‍ വിവാദത്തിന് തിരികൊളുത്തി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന കടുംപിടിത്തവും സുദര്‍ശനെ വിവാദനായകനാക്കി. ആഗസ്തില്‍ മൈസൂരുവില്‍വച്ച് പ്രഭാതസവാരിക്കിടെ സുദര്‍ശനെ കാണാതായിരുന്നു. അവിവാഹിതനാണ്. സഹോദരനും സഹോദരിയുമുണ്ട്.

deshabhimani 160912

No comments:

Post a Comment