Saturday, September 15, 2012

ഹര്‍ത്താല്‍ പൂർണം, 20ന് ദേശീയ പ്രതിഷേധ ദിനം ആചരിക്കും


ഡീസല്‍വില വര്‍ധിപ്പിച്ചതിലും ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചതിലും പ്രതിഷേധിച്ച് ഇടതു പാര്‍ടികളും ബിജെപിയിതര പ്രതിപക്ഷ പാര്‍ടികളും സംയുക്തമായി സെപ്തംബര്‍ 20ന് ദേശീയ പ്രതിഷേധദിനമായി ആചരിക്കും.

ഹര്‍ത്താല്‍, പിക്കറ്റിങ്, പ്രകടനം, അറസ്റ്റുവരിക്കല്‍ എന്നീ പരിപാടികള്‍ നടത്തി പ്രതിഷേധദിനം വിജയിപ്പിക്കാന്‍ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഡല്‍ഹിയില്‍ ശനിയാഴ്ച ചേര്‍ന്ന ഇടതു പാര്‍ടികളുടെയും സമാജ്വാദി പാര്‍ടി, തെലുഗുദേശം, ബിജു ജനതാദള്‍, ജനതാദള്‍(സെക്കുലര്‍) എന്നീ പാര്‍ടികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്.

ഡീസലിന് അഞ്ച് രൂപ വര്‍ധിപ്പിച്ച നടപടി വിലക്കയറ്റം അതിരൂക്ഷമാക്കുകയും കര്‍ഷകര്‍ക്ക് വലിയ ഭാരം വരുത്തിവെക്കുകയും ചെയ്യും. സബ്സിഡിയോടെയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറായി പരിമിതപ്പെടുത്തിയതും ബാക്കിയുള്ള സിലിണ്ടറുകള്‍ക്ക് ഇരട്ടിയിലധികം വില കൊടുക്കേണ്ടിവരികയും ചെയ്യുന്നത് ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കും. ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചത് നാല് കോടി ചെറുകിട കച്ചവടക്കാരുടെ ജീവിതമാര്‍ഗം ഇല്ലാതാക്കുകയും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ബാധ്യത വരുത്തിവെക്കുകയും ചെയ്യും. നാല്‍കോ, ഓയില്‍ ഇന്ത്യ പോലുള്ള നവരത്ന കമ്പനികളുടേതടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതും ദേശീയതാല്‍പര്യത്തിനെതിരാണ്. ഈ ജനവിരുദ്ധ നടപടികളില്‍ ശക്തിയായി പ്രതിഷേധിക്കാന്‍ രംഗത്തെത്തണമെന്ന് നേതാക്കള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

കര്‍ഷകര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, യുവജനങ്ങള്‍ എന്നിവര്‍ പ്രതിഷേധദിനത്തില്‍ പങ്കാളികളാകണം. മോട്ടോര്‍ വ്യവസായമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വ്യാപാരികള്‍, വ്യാപാര മേഖലയിലെ തൊഴിലാളികള്‍ എന്നിവരും പ്രക്ഷോഭത്തില്‍ അണിചേരണം. ദേശാഭിമാനികളായ എല്ലാ വിഭാഗം ജനങ്ങളും ഈ പ്രതിഷേധ പരിപാടിയില്‍ അണിചേരണം. ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന നടപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ എല്ലാവരും ഒന്നിക്കണം. സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ് യാദവ്, ജനതാദള്‍(എസ്) നേതാവ് എച്ച് ഡി ദേവഗൗഡ, സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, ബിജെഡി നേതാവ് നവീന്‍ പട്നായിക്, തെലുഗുദേശം അധ്യക്ഷന്‍ ചന്ദ്രബാബുനായിഡു, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആര്‍എസ് പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ എന്നിവരാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.

പ്രതിഷേധം ശക്തം, ഹര്‍ത്താല്‍ പൂർണം

തിരു/ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധിപ്പിച്ചതിലും പാചകവാതക സിലിണ്ടര്‍ വെട്ടിക്കുറച്ചതിനുമെതിരെ കേരളത്തില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വിവിധ ട്രേഡ് യൂണിയനുകളും ബഹുജനസംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. ബസ് ഓപ്പറേറ്റര്‍മാരുടെ സംഘടനകളും മോട്ടോര്‍തൊഴിലാളികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനങ്ങളുണ്ട്.

ജനങ്ങള്‍ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യമാകെ അതിശക്തമായ പ്രതിഷേധം അലയടിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ മുഴുവന്‍ സംസ്ഥാനങ്ങളിലും ജനം തെരുവിലിറങ്ങി. രാഷ്ട്രീയ പാര്‍ടികളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും വെള്ളിയാഴ്ചതന്നെ വിവിധ രൂപത്തില്‍ പ്രതിഷേധം അരങ്ങേറി. എല്‍ഡിഎഫ് ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ ശനിയാഴ്ച കേരളം നിശ്ചലമാകും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പത്രം, കുടിവെള്ളം തുടങ്ങിയവയെ ഒഴിവാക്കി. വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം വമ്പിച്ച പ്രതിഷേധപരിപാടികള്‍ നടന്നു. എല്‍ഡിഎഫ് നേതൃത്വത്തില്‍ എല്ലാ പ്രധാന കേന്ദ്രങ്ങളിലും പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. പ്രതിഷേധമാര്‍ച്ചുകളിലും യോഗങ്ങളിലും ആയിരങ്ങളാണ് അണിനിരക്കുന്നത്. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടന്നു.

ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്ക് നടന്ന സംയുക്തമാര്‍ച്ചില്‍ ആയിരത്തോളംപേര്‍ പങ്കെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ കോലംകത്തിച്ചു. മോട്ടോര്‍തൊഴിലാളികള്‍ വാഹനം വടംകെട്ടി വലിച്ച് പ്രതിഷേധിച്ചു. ഏജീസ് ഓഫീസിനുമുമ്പിലേക്ക് സെക്രട്ടറിയറ്റ് ജീവനക്കാര്‍ മാര്‍ച്ച് നടത്തി. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തി പ്രധാനമന്ത്രിയുടെ കോലംകത്തിച്ചു. ഡീസല്‍വില വര്‍ധിപ്പിച്ചതിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് അവശ്യസാധനങ്ങളുടേതടക്കം വില വീണ്ടും കുതിച്ചുയര്‍ന്നു. യുപിഎ ഘടകകക്ഷിളടക്കമുള്ള പാര്‍ടികള്‍ സര്‍ക്കാര്‍ തീരുമാനത്തോട് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

യുപിഎ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അഭ്യര്‍ഥിച്ചു. വിലവര്‍ധനയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ സിപിഐ ദേശീയ സെക്രട്ടറി എസ് സുധാകര്‍റെഡ്ഡി ആഹ്വാനം ചെയ്തു. ഡിഎംകെ നേതാവ് കരുണാനിധിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. കമ്പനികളുടെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ സാധാരണക്കാരനെ പിഴിയുകയാണെന്ന് ബിജെപി നേതാവ് സുഷമ സ്വരാജ് പറഞ്ഞു. വിലവര്‍ധനയും പാചകവാതക സിലിണ്ടര്‍ നിയന്ത്രണവും ഉടന്‍ പിന്‍വലിക്കണമെന്ന് യുപിഎയെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സമാജ്വാദി പാര്‍ടി ആവശ്യപ്പെട്ടു.

deshabhimani news

1 comment:

  1. ഡീസല്‍വില വര്‍ധിപ്പിച്ചതിലും ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചതിലും പ്രതിഷേധിച്ച് ഇടതു പാര്‍ടികളും ബിജെപിയിതര പ്രതിപക്ഷ പാര്‍ടികളും സംയുക്തമായി സെപ്തംബര്‍ 20ന് ദേശീയ പ്രതിഷേധദിനമായി ആചരിക്കും.

    ReplyDelete