Saturday, September 15, 2012

ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുക: സിപിഐ എം

ഡീസല്‍ വില വര്‍ധിപ്പിക്കുകയും പാചകവാതക സിലിണ്ടര്‍ വര്‍ഷത്തില്‍ ആറായി പരിമിതപ്പെടുത്തുകയുംചെയ്ത യുപിഎ സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ എല്ലാ ഘടകങ്ങളോടും അഭ്യര്‍ഥിച്ചു. ഒരു ന്യായീകരണവുമില്ലാത്ത ജനദ്രോഹ നടപടി പിന്‍വലിപ്പിക്കാന്‍ രണ്ടാം യുപിഎ സര്‍ക്കാരിനെതിരെയോജിച്ച പ്രക്ഷോഭത്തിനു തയ്യാറാകാന്‍ എല്ലാ മതനിരപേക്ഷ കക്ഷികളോടും പിബി അഭ്യര്‍ഥിച്ചു.

കടുത്ത സാമ്പത്തികഭാരം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ് യുപിഎ സര്‍ക്കാരിന്റെ തീരുമാനമെന്നും പിബി വിലയിരുത്തി. ഡീസല്‍ വിലവര്‍ധന അവശ്യവസ്തുക്കളുടെ വിലവര്‍ധനയ്ക്ക് കാരണമാകും. വിലക്കയറ്റംകൊണ്ട് കഷ്ടപ്പെടുന്ന ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. കാര്‍ഷികമേഖലയും കര്‍ഷകരും ഈ വിലവര്‍ധന മൂലം കഷ്ടപ്പെടും. പാചകവാതക സിലിണ്ടര്‍ പരിമിതപ്പെടുത്തിയത് കോടിക്കണക്കിന് വരുന്ന കുടുംബങ്ങളെ ദോഷകരമായി ബാധിക്കും.

എണ്ണക്കമ്പനികളുടെ നഷ്ടം കാരണമാണ് വിലവര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായതെന്ന സര്‍ക്കാരിന്റെ വാദം പച്ചക്കള്ളമാണ്. ഏറ്റവും വലിയ എണ്ണ-വാതക കമ്പനിയായ ഒഎന്‍ജിസി യുടെ 2011-12 വര്‍ഷത്തെ ലാഭം 25123 കോടി രൂപയാണ്. ഈ വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച മൂന്ന് മാസത്തിനിടയില്‍ ഈ ലാഭം 48.4 ശതമാനമായി വര്‍ധിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ലാഭം 4265.27 കോടി രൂപയാണ്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ലാഭം 911 കോടിയും. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ എച്ച്പിസിഎല്ലിന്റെ ലാഭം 312 ശതമാനമായി ഉയര്‍ന്നു. ഭാരത് പെട്രോളിയം കോര്‍പറേഷനാകട്ടെ 1546.68 കോടി രൂപലാഭമുണ്ടാക്കി. എന്നിട്ടും എണ്ണക്കമ്പനികളുടെ നഷ്ടക്കണക്ക് പറയുന്നത് കബളിപ്പിക്കലാണെന്ന് പിബി പറഞ്ഞു.

ഡീസല്‍ വിലവര്‍ധനയും പാചകവാതക സിലിണ്ടര്‍ പരിമിതപ്പെടുത്തലും നീതികരിക്കാനാവില്ലെന്നും ഉടന്‍ പിന്‍വലിക്കണമെന്നും അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഭക്ഷ്യസാധന വില, യാത്ര, വൈദ്യുതിനിരക്ക് തുടങ്ങിയവ വര്‍ധിക്കാന്‍ വിലവര്‍ധന കാരണമാകുമെന്നും പാചകവാതക സിലിണ്ടര്‍ പരിമിതപ്പെടുത്തിയത് കരിഞ്ചന്തയ്ക്ക് കാരണമാകുമെന്നും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധാസുന്ദര്‍രാമനും പ്രസിഡണ്ട് ശ്യാമിലി ഗുപ്തയും പ്രസ്താവനയില്‍ പറഞ്ഞു.വിലവര്‍ധനയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ സിപിഐ ദേശീയ സെക്രട്ടറി എസ് സുധാകര്‍റെഡ്ഡി ആഹ്വാനം ചെയ്തു. ഡീസല്‍ വിലവര്‍ധന ഭക്ഷ്യവസ്തുക്കളുടെ വിലയും യാത്രാച്ചെലവും വര്‍ധിപ്പിക്കും. പാചകവാത സിലിണ്ടര്‍ വര്‍ഷത്തില്‍ ആറായി പരിമിതപ്പെടുത്തിയ നടപടി ജനകീയപ്രശ്നങ്ങളോടുള്ള അസഹിഷ്ണുതയാണെന്നും അദ്ദേഹം പറഞ്ഞു.


ചില്ലറ വില്‍പ്പനയിലെ വിദേശനിക്ഷേപം ജനജീവിതം തകര്‍ക്കും: സിപിഐ എം

ചില്ലറവില്‍പ്പന മേഖലയിലെ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചത് ജനങ്ങളുടെ തൊഴിലും ജീവിതമാര്‍ഗവും തകര്‍ക്കുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഇടതുപാര്‍ടികള്‍ ഈ നീക്കത്തെ ശക്തിയായി എതിര്‍ത്തതാണ്. ചില്ലറവില്‍പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച രാജ്യങ്ങളുടെ അനുഭവം വ്യക്തമാക്കുന്നത്, അത് ജനജീവിതത്തില്‍ പ്രതികൂല ഫലങ്ങളുണ്ടാക്കുമെന്നാണ്. അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഈ തീരുമാനം. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്നും വൃന്ദ അഭ്യര്‍ഥിച്ചു.

പ്രതിപക്ഷ പാര്‍ടികളും യുപിഎ സഖ്യകക്ഷികളും ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്ന് സിപിഐ നേതാവ് ഡി രാജ പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്കെതിരാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായി പ്രതികരിക്കുമെന്ന് ബിജെപി വക്താവ് ബല്‍ബീര്‍ പൂഞ്ച് വ്യക്തമാക്കി. കല്‍ക്കരി അഴിമതിയില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും പുഞ്ച് പറഞ്ഞു. തീരുമാനം പിന്‍വലിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തങ്ങള്‍ വിദേശനിക്ഷേപത്തിനെതിരാണെന്ന് റയില്‍വേ മന്ത്രി മുകുള്‍ റോയ് പറഞ്ഞു. വിദേശ നിക്ഷേപ തീരുമാനം പിന്‍വലിക്കണമെന്ന് യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സമാജ്വാദി പാര്‍ടിയും ബിഎസ്പിയും ആവശ്യപ്പെട്ടു. എഐഎഡിഎംകെയും കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്തു.

ഒറ്റക്കെട്ടായ പ്രക്ഷോഭത്തിന് രംഗത്തിറങ്ങുക: സിഐടിയു

ഡീസല്‍ വിലവര്‍ധനയിലും പാചകവാതക സബ്സിഡി പരിമിതപ്പെടുത്തിയതിലും പ്രതിഷേധിച്ച് ഐക്യത്തോടെ പ്രക്ഷോഭത്തിനിറങ്ങാന്‍ സിഐടിയു കേന്ദ്രസെക്രട്ടറിയറ്റ് എല്ലാ ട്രേഡ് യൂണിയനുകളോടും തൊഴിലാളികളോടും അഭ്യര്‍ഥിച്ചു.

ഡീസലിന് അഞ്ച് രൂപ വര്‍ധിപ്പിച്ചതില്‍ സിഐടിയു ശക്തമായി പ്രതിഷേധിച്ചു. പാചകവാതക സിലിണ്ടര്‍ പരിമിതപ്പെടുത്താനുള്ള തീരുമാനവും അപലപനീയമാണ്. ഡീസല്‍ വിലവര്‍ധന എല്ലാ സാധനങ്ങളുടെയും വില വര്‍ധിപ്പിക്കും. ഇത് രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ ബാധിക്കും. വില വര്‍ധിപ്പിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ നിരത്തുന്ന കാരണങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ളതാണ്. ഡീസല്‍ വില വര്‍ധന പിന്‍വലിക്കണം. സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്നും സിഐടിയു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


deshabhimani 150912

No comments:

Post a Comment