Sunday, September 16, 2012

മഴക്കുറവ്: കാപ്പി ഉല്‍പാദനം 40 ശതമാനം വരെ കുറയും


മഴക്കുറവും കാലാവസ്ഥാ വ്യതിയാനവും മൂലം ജില്ലയില്‍ ഇത്തവണ കാപ്പി ഉല്‍പാദനം നാല്‍പത് ശതമാനത്തോളം കുറയുമെന്ന് കണക്ക്. രണ്ട് ഹെക്ടറില്‍ താഴെ കാപ്പി കൃഷി ചെയ്യുന്നവര്‍ മൊത്തം കാപ്പി കര്‍ഷകരുടെ അറുപത്തിയഞ്ച് ശതമാനത്തോളം വരും. ഇവരുടെ തോട്ടങ്ങളിലാണ് കാപ്പി ഉല്‍പാദനത്തില്‍ വന്‍ കുറവുണ്ടാവുക. മുന്‍മഴ, പിന്‍മഴ, തുടര്‍മഴ എന്നിവ കാപ്പികൃഷിയില്‍ അതിപ്രധാനമാണ്. വിളവെടുപ്പുകഴിഞ്ഞ തോട്ടങ്ങളില്‍ കാപ്പിച്ചെടികള്‍ പുഷ്പിക്കുന്നതിനു സഹായിക്കുന്നതാണ് മുന്‍മഴ. പൂക്കള്‍ വിരിഞ്ഞ് ഒരാഴ്ചയ്ക്കുശേഷവും ഒരു മാസം തികയുന്നതിനു മുന്‍പും ലഭിക്കേണ്ടതാണ് പിന്‍മഴ. കാപ്പിച്ചെടികളില്‍ കായ്കളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുന്നതാണ് തുടര്‍മഴ. ഇത്തവണ ഫെബ്രുവരി 10,11 തീയതികളില്‍ പിന്‍മഴ ലഭിച്ചതിനു പിന്നാലെയാണ് വയനാട്ടില്‍ കാപ്പിച്ചെടികള്‍ പൂവിട്ടത്. ഇതിനുശേഷം ജില്ലയിലെ കാപ്പി ഉല്‍പാദന മേഖലകളില്‍ രണ്ട് മാസത്തോളം മഴ ലഭിച്ചില്ല. കുംഭച്ചൂടിന്റെ തീവ്രതയില്‍ കാപ്പിച്ചെടികളില്‍ പൂക്കള്‍ കരിഞ്ഞുണങ്ങി. ജൂണില്‍ മഴ പേരിന് മാത്രമായിരുന്നു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും കാര്യമായി മഴ പെയ്തില്ല. ഇതിനിടെ ആദ്യത്തെ മഴയില്‍ ചെടിയില്‍പിടിച്ച കായ്കളിലേറെയും ഇരട്ടപ്പരിപ്പിന് പകരം ഒറ്റപ്പരിപ്പായാണ് കാണപ്പെട്ടത്. ഇതുതന്നെ ഉല്‍പാദനം പകുതിയായി കുറയ്ക്കുന്നതാണ്.

കോഫി ബോര്‍ഡിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ 77,210 കാപ്പി കര്‍ഷകരില്‍ 59621 പേരും വയനാട്ടിലാണ്. തിരുവതാംകൂറില്‍ 17035-ഉം പാലക്കാട് 554-ഉം കാപ്പി കര്‍ഷകരാണ് ഉള്ളത്. വയനാട്ടില്‍ 67,366 ഹെക്ടറിലാണ് കാപ്പി കൃഷി. തിരുവതാംകൂറിലും പാലക്കാടും ഇത് യഥാക്രമം 12,680-ഉം 4650-ഉം ഹെക്ടറാണ്. വയനാട്ടില്‍ റോബസറ്റ, അറബിക്ക എന്നീ ഇനം കാപ്പികളാണ് പ്രധാനമായും വിളയിക്കുന്നത്. അനൂകൂല കാലാവസ്ഥയില്‍ ശരാശരി 58,000 ടണ്‍ ആയിരുന്നു ജില്ലയില്‍ കാപ്പി ഉല്‍പാദനം. കഴിഞ്ഞ വിളവെടുപ്പ് സീസണ്‍ മുതല്‍ കാപ്പിക്ക് സമാന്യം ഭേദപ്പെട്ട വില കര്‍ഷകര്‍ക്ക് ലഭിച്ചതാണ്. മൊത്തം ഉല്‍പാദനത്തില്‍ കാലാവസ്ഥാ വ്യതിയാനം മൂലം നാല്‍പത് ശതമാനത്തോളം കുറവു വരുന്നത് ഏറ്റവും പ്രതികൂലമായി ബാധിക്കുക ചെറുകിട കര്‍ഷകരെയാണ്. അടുത്ത ജനുവരി മുതല്‍ അഞ്ചാറ് മാസത്തേക്ക് വയനാട് കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമെന്ന കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ് കൂടിയാവുമ്പോള്‍ വരും വര്‍ഷത്തിലും കാപ്പി ഉല്‍പാദനം കുറയുമെന്നാണ് കണക്കാക്കേണ്ടത്.

deshabhimani 160912

1 comment:

  1. മഴക്കുറവും കാലാവസ്ഥാ വ്യതിയാനവും മൂലം ജില്ലയില്‍ ഇത്തവണ കാപ്പി ഉല്‍പാദനം നാല്‍പത് ശതമാനത്തോളം കുറയുമെന്ന് കണക്ക്. രണ്ട് ഹെക്ടറില്‍ താഴെ കാപ്പി കൃഷി ചെയ്യുന്നവര്‍ മൊത്തം കാപ്പി കര്‍ഷകരുടെ അറുപത്തിയഞ്ച് ശതമാനത്തോളം വരും. ഇവരുടെ തോട്ടങ്ങളിലാണ് കാപ്പി ഉല്‍പാദനത്തില്‍ വന്‍ കുറവുണ്ടാവുക.

    ReplyDelete