Sunday, September 16, 2012

സബ്സിഡികള്‍ വെട്ടിക്കുറയ്ക്കും: ആസൂത്രണകമീഷന്‍


സബ്സിഡി ഇനിയും വെട്ടിക്കുറയ്ക്കുമെന്നും സാമ്പത്തികപരിഷ്കരണം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും ആസൂത്രണ കമീഷന്‍. പന്ത്രണ്ടാം പദ്ധതിരേഖ അംഗീകരിക്കാന്‍ വിളിച്ചുചേര്‍ത്ത ആസൂത്രണ കമീഷന്റെ സമ്പൂര്‍ണയോഗത്തിനുശേഷം ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ബജറ്റില്‍ പെട്രോളിയം, രാസവളം സബ്സിഡി 31,126 കോടി രൂപ വെട്ടിക്കുറച്ചിരുന്നു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ വെട്ടിക്കുറയ്ക്കുമെന്നാണ് കമീഷന്‍ നല്‍കുന്ന സൂചന. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ രണ്ടര ശതമാനമാണ് ഇപ്പോള്‍ സബ്സിഡി. പന്ത്രണ്ടാം പദ്ധതിയുടെ ഒടുവില്‍ ഇത് ഒരു ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം.

സബ്സിഡി വെട്ടിക്കുറയ്ക്കുന്നത് സാധാരണ ജനങ്ങളെ ബാധിക്കുമെന്ന വാദം തെറ്റാണെന്ന് അലുവാലിയ അവകാശപ്പെട്ടു. സബ്സിഡി കുറച്ചാല്‍ സാമ്പത്തികവളര്‍ച്ച നേടാനാകും. പന്ത്രണ്ടാം പദ്ധതിക്കാലത്ത് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സഹായകമാകുംവിധം സാമ്പത്തികപരിഷ്കരണ നടപടികള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകും. 8.2 ശതമാനം സാമ്പത്തിക വളര്‍ച്ചാനിരക്കാണ് ലക്ഷ്യമിടുന്നത്. കാര്‍ഷികമേഖലയില്‍ നാല് ശതമാനം വളര്‍ച്ചാനിരക്ക് ലക്ഷ്യമിടുന്നു. ഇപ്പോഴുള്ള ഭഭക്ഷ്യ, ഇന്ധന, രാസവളം സബ്സിഡി പണമായി ഉപയോക്താക്കളുടെ അക്കൗണ്ടിലെത്തിക്കണമെന്ന ധനമന്ത്രിയുടെ നിര്‍ദേശത്തില്‍ ഉചിത നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. കേന്ദ്ര പദ്ധതികളിലൂടെയും ക്ഷേമപദ്ധതികളിലൂടെയും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ആധാര്‍ കാര്‍ഡ് വഴി നല്‍കണമെന്നും നിര്‍ദേശമുണ്ടായി. കേന്ദ്രാവിഷ്കൃതപദ്ധതികളുടെ മാനദണ്ഡങ്ങളില്‍ സംസ്ഥാനങ്ങളുടെ പ്രത്യേക സാഹചര്യമനുസരിച്ച് മാറ്റം വരുത്തണമെന്ന ചതുര്‍വേദി കമ്മിറ്റി നിര്‍ദേശം അംഗീകരിച്ചു. വലിയ പദ്ധതികള്‍ക്ക് നിക്ഷേപം സ്വരൂപിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ദേശീയ നിക്ഷേപ അതോറിറ്റി രൂപീകരിക്കും. ആരോഗ്യം, ജലവിതരണം, ശുചീകരണം, പോഷകാഹാരം എന്നീ മേഖലകളില്‍ പന്ത്രണ്ടാം പദ്ധതിക്കാലത്ത് പദ്ധതികളുണ്ടാകും. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികളും വിദേശനിക്ഷേപം ആകര്‍ഷിക്കാനുള്ള തീരുമാനവും നല്ല പ്രതികരണമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.
(വി ജയിന്‍)

deshabhimani 160912

1 comment:

  1. സബ്സിഡി ഇനിയും വെട്ടിക്കുറയ്ക്കുമെന്നും സാമ്പത്തികപരിഷ്കരണം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും ആസൂത്രണ കമീഷന്‍. പന്ത്രണ്ടാം പദ്ധതിരേഖ അംഗീകരിക്കാന്‍ വിളിച്ചുചേര്‍ത്ത ആസൂത്രണ കമീഷന്റെ സമ്പൂര്‍ണയോഗത്തിനുശേഷം ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ബജറ്റില്‍ പെട്രോളിയം, രാസവളം സബ്സിഡി 31,126 കോടി രൂപ വെട്ടിക്കുറച്ചിരുന്നു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ വെട്ടിക്കുറയ്ക്കുമെന്നാണ് കമീഷന്‍ നല്‍കുന്ന സൂചന. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ രണ്ടര ശതമാനമാണ് ഇപ്പോള്‍ സബ്സിഡി. പന്ത്രണ്ടാം പദ്ധതിയുടെ ഒടുവില്‍ ഇത് ഒരു ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം.

    ReplyDelete